Friday 03 July 2020 04:41 PM IST

കൊവിഡ് വൈറസ് മാറുമ്പോൾ സഞ്ചാരികൾക്കു താമസിക്കാൻ ‘അഡൽട്സ് ഓൺലി റിസോർട്ട്’

Baiju Govind

Sub Editor Manorama Traveller

Circa resort1

അമേരിക്കയിൽ വന്നിറങ്ങുന്ന സഞ്ചാരികളായ ചെറുപ്പക്കാരെ സ്വപ്നങ്ങളിൽ ആറാടിക്കാൻ ലാസ്‌വെഗാസ് നഗരം ഒരുങ്ങുന്നു. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യുന്ന സിർക്ക റിസോർട്ട് യുഎസ് വിനോദസഞ്ചാര മേഖലയിൽ അൽഭുതകരമായ മാറ്റം ഉണ്ടാക്കുമെന്നാണു റിപ്പോർട്ട്. ‘അഡൽട്സ് ഒൺലി റിസോർട്ട് ’ എന്ന വിശേഷണമാണ് സിർക്കയുടെ ആകർഷണം. ലാസ് വെഗാസ് നഗരം ഇനി പട്ടായ പോലെ തിളങ്ങുമെന്നു രാജ്യാന്തര ടൂർ ഏജൻസികൾ പ്രവചിച്ചു. ഇരുപത്തൊന്നു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള റിസോർട്ടിന്റെ രൂപകൽപന കാസിനോ മാതൃകയിലാണ്.

കൗതുകങ്ങൾക്കു നിറം പകരുന്ന സിർക്ക

ആഡംബര ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും നഗരമാണു വെഗാസ് എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ലാസ് വെഗാസ്. അംബരചുംബികളായ കെട്ടിടങ്ങൾ കാണാൻ മാത്രം വിനോദസഞ്ചാരികൾ വെഗാസ് സന്ദർശിക്കുന്നു. അവരുടെ കൗതുകങ്ങൾക്കു നിറം പകരുകയാണ് ഒന്നേകാൽ ലക്ഷം സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള സിർക്ക റിസോർട്ട്. സ്വിമ്മിങ് പൂൾ, ബിഗ് സ്ക്രീൻ, ബെറ്റിങ് ഷോപ്പ്, 777 സ്യൂട് റൂമുകൾ – ഇത്രയുമാണ് സിർക്ക. ‘കുട്ടികളുടെ കരച്ചിലും ബഹളവുമില്ലാതെ രാവുകൾ ആഘോഷിക്കൂ’ – ഹോട്ടലിന്റെ പരസ്യ വാചകം.

കൊവിഡ് 19 വൈറസിന്റെ ആഘാതത്തിൽ നിന്നു കഷ്ടിച്ച് തല പൊക്കുന്ന അമേരിക്കയുടെ ടൂറിസം മേഖലയിൽ ആദ്യത്തെ വലിയ പ്രൊജക്ടാണ് സിർക്ക റിസോർട്ട്. ഫ്രെമോണ്ട് സ്ട്രീറ്റിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ലാസ് വെഗാസിന്റെ ഡൗൺടൗൺ സ്ട്രീറ്റാണ് ഫ്രെമോണ്ട്.

Circa resort3

വിന്റേജ് കാലഘട്ടത്തിൽ ലാസ് വെഗാസ് നഗരത്തിൽ കിട്ടിയിരുന്നതെല്ലാം സിർക്കയിൽ എത്തുന്ന അതിഥികൾക്ക് ലഭിക്കും. ആധുനിക സാങ്കതിക വിദ്യ പ്രകാരം ലഭ്യമായതെല്ലാം റിസോർട്ടിലുണ്ട്. ഒരേസമയം നാലായിരം പേർക്ക് താമസിക്കാം. ആറ് സ്വിമ്മിങ് പൂളുകളാണ് ഹൈലൈറ്റ്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിങ് പൂൾ ‘പൂൾ ആംഫി തിയെറ്റർ’ സൗകര്യത്തോടെയാണ് നിർമിച്ചിരിക്കുന്നു. മൾട്ടിപ്ലക്സ് സിനിമ തിയെറ്ററിൽ ഉപയോഗിക്കുന്ന ബിഗ് സ്ക്രീനിലാണ് കൗതുകക്കാഴ്ചകൾ ദൃശ്യമാവുക. പൂളിന് അനുബന്ധമായി സ്പാ കേന്ദ്രങ്ങളുണ്ട്. ആവശ്യക്കാർക്ക് ‘പ്രൈവറ്റ് കബാന’ ബുക്ക് ചെയ്യാം. ഹോട്ടലിൽ ആകെ 30 കബാനകളുണ്ട്. 337 ലോഞ്ച് ചെയർ, പകൽ താമസക്കാർക്കു മാത്രമായി 38 ‘ഡേ ബെഡ്ഡു’കൾ. കാസിനോകൾ ആഡംബരത്തിന്റെ അവസാന വാക്കാണ്. ആയിരം പേർക്ക് ഒരേ സമയം വിനോദപരിപാടികളിൽ പങ്കെടുക്കാം. കായിക പ്രേമികൾക്കു ‘േസ്റ്റഡിയം ൈസ്റ്റൽ’ ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത് മൂന്നു നിലകളിലാണ്. ഇതെല്ലാം കണ്ടതിനു ശേഷം അമേരിക്കൻ എഴുത്തുകാരനും പോഡ്കാസ്റ്ററുമായ മൈക്കിൾ ട്രാഗർ കുറിച്ചു – ‘കട്ടിങ് എഡ്ജ് ടെക്നോളജി.’

പ്രതാപം തിരികെ പിടിക്കാൻ

വിന്റേജ് കാലഘട്ടത്തിൽ ലാസ് വെഗാസിന്റെ ലാൻഡ് മാർക്ക് ആയിരുന്നു സിർക്ക. ഇപ്പോൾ ലാസ് വെഗാസിൽ താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ‘നല്ല കാലത്ത്’ ഹരമേറിയ കൂട്ടായ്മകൾക്ക് സിർക്ക വേദിയായി. പുത്തൻ കെട്ടിടങ്ങൾ ഉയർന്നപ്പോൾ അവയ്ക്കിടയിൽ സിർക്കയുടെ പ്രതാപം പഴമയിലൊതുങ്ങി. ആ അവസ്ഥയിൽ നിന്ന് ഉയർത്തി കൊണ്ടുവരാൻ ഉടമ കണ്ടെത്തിയ ആശയമാണ് ‘അഡൽട്ട് ഒൺലി റിസോർട്ട്.’

Circa resort2

ആഘോഷരാവുകൾ സമൃദ്ധമാക്കാൻ ‘ഓൺ സൈറ്റ്’ റസ്റ്ററന്റുകളാണ് പ്രവർത്തിക്കുന്നത്. സ്റ്റീക്ക്, സീഫൂഡ് വിഭവങ്ങൾ തയാറാക്കുന്നത് അമേരിക്കയിലെ പ്രശസ്തനായ ഷെഫ് ബാരി എസ്. ദക്കാകെ. കരോലിന ബാർബിക്യൂ, വിക്ടറി ബർഗർ എന്നിവയാണ് സ്പെഷൽ മെനു.

നഗരമധ്യത്തിൽ ആയതിനാൽ അതിഥികളുടെ വാഹനപ്രവാഹം പ്രതീക്ഷിച്ചുകൊണ്ട് ഗരാഷ് മഹൽ തയാറാക്കിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാനായി ചിട്ടപ്പെടുത്തിയ ടെക്നോളജിയുടെ പേര് – റൈഡ് ഷെയർ ഹബ്ബ്. പാർക്കിങ് ഏരിയയിൽ നിന്ന് അതിഥികൾക്ക് ഹോട്ടലിൽ എത്തിച്ചേരാൻ എയർ കണ്ടീഷൻഡ‍് ബ്രിജ് കണടക്ടർ നിർമിച്ചിട്ടുണ്ട്.

‘‘തിളയ്ക്കുന്ന യൗവ്വനം ആഘോഷിച്ച ചെറുപ്പക്കാരുടെ നാടാണ് വെഗാസ്. യുവത്വത്തിനു മാത്രമായി ജീവിതം ആഘോഷിക്കാൻ പ്രത്യേക ഇടം വേണം. സിർക്ക റിസോർട്ട് അവരെ പഴയകാലത്തിലേക്കു നയിക്കും. കസ്റ്റമർ ആയാലും പങ്കാളിയായാലും ഇവിടെ എത്തുന്നവർ നിരാശപ്പെടില്ല. ആഡംബരം സമ്പൂർണമാവട്ടെ, എല്ലാം അതിഥികൾക്കായി തുറന്നിടുന്നു. ’’ ഹോട്ടൽ സിഇഒ ഡെറക് സ്റ്റീവൻസ് പറഞ്ഞു.

Tags:
  • World Escapes
  • Manorama Traveller
  • Hotels and Resorts