Monday 21 December 2020 01:11 PM IST

ക്രിസ്മസ് – ന്യൂഇയർ വിദേശയാത്രയ്ക്കു തിരിച്ചടി: വൈറസിനു പുതിയ രൂപം, ഇരട്ടി ശക്തി; വിമാനത്താവളങ്ങൾ അടയ്ക്കുന്നു

Baiju Govind

Sub Editor Manorama Traveller

ukb1

ക്രിസ്മസ് – പുതുവത്സര ദിനാഘോഷങ്ങൾക്ക് വിദേശ യാത്ര പദ്ധതിയിട്ടവർ ജാഗ്രത. യൂറോപ്പിൽ കൊറോണ വൈറസിനു ജനിതക മാറ്റം സംഭവിച്ചതായി റിപ്പോർട്. നിലവിലുള്ള കോവിഡിനേക്കാൾ എഴുപതു ശതമാനം ഹാനികരമാണു പുതിയ വൈറസെന്നു യൂറോപ്പിലെ ഗവേഷകർ വിലയിരുത്തി. ഇറ്റലിയിൽ തിരിച്ചെത്തിയ യുകെ പൗരന്മാരിൽ പുതിയ വൈറസ് ബാധിച്ചതായി കണ്ടെത്തി. യുകെയിലെ ലണ്ടൻ നഗരം പൂർണമായും അടച്ചു. യുകെയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും മറ്റു യൂറോപ്യൻ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. രണ്ടാഴ്ചത്തേക്ക് രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കിയെന്നു സൗദി അറേബ്യ പ്രഖ്യാപിച്ചു. യുകെ അതിർത്തി അടച്ചതായി ഫ്രാൻസ് അറിയിപ്പ് പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്നാണു ജർമനി പ്രഖ്യാപിച്ചത്. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മുൻകരുതൽ നടപടി ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചു.

അയർലൻഡ്, ഫ്രാൻസ്, ജർമനി, എൽസാൽവഡോർ, ബൾഗേറിയ, നെതർലാൻഡ്സ്, ഫിൻലാൻഡ്, ഡെൻമാർക്ക്, ടർക്കി, മൊറോക്കോ, കാനഡ, ബൽജിയം, ഓസ്ട്രിയ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതായി അറിയിപ്പ് പുറപ്പെടുവിച്ചു. ഇതിനെ തുടർന്നു ബ്രിട്ടിഷ് ഗവൺമെന്റ് അത്യാഹിത സാഹചര്യം നിയന്ത്രിക്കുന്ന ‘കോബ്ര കമ്മിറ്റി’ വിളിച്ചു ചേർത്തു. വൈറസിന്റെ ജനിതക മാറ്റം സൂക്ഷ്മപഠനത്തിനു വിധേയമാക്കുമെന്നും വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നു ബ്രിട്ടിഷ് ആരോഗ്യ വകുപ്പിന്റെ പ്രതികരണം. എന്നാൽ, വൈറസിന്റെ വ്യാപനം ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സ്ഥിരീകരിച്ചു. സ്ഥിതി ഗുരുതരമാണെന്നും ‌യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് കൂട്ടിചേർത്തു.

ക്രിസ്മസ് ആഘോഷത്തിനു നാലു ദിവസം കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്കു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ച ഇളവുകൾ പൊടുന്നനെ റദ്ദാക്കി. നഗരം അടയ്ക്കുന്നതിനു തൊട്ടു മുൻപ് മറ്റു സ്ഥലങ്ങളിലേക്കു ലണ്ടൻ നഗരവാസികൾ ‘കൂട്ട പലായനം’ നടത്തിയതു ഹീത്രോ വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.

ukb2

ക്രിസ്മസ് – ന്യൂഇയർ ദിനാഘോഷങ്ങൾക്കായി പോകുന്നവരുടെ തിരക്കാണിതെന്നു ബ്രിട്ടന്റെ വിദേശകാര്യ വിഭാഗം വിശദീകരിച്ചു. എന്നാൽ, വൈറസ് വ്യാപനം ഭയന്ന് ജനം ‘കൂട്ട പലായനം’ നടത്തുകയാണെന്നു ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഇതു ശരിവയ്ക്കുന്നതാണ് വിമാനത്താവളവും റെയിൽവേ േസ്റ്റഷനും സാക്ഷ്യം വഹിച്ച തിരക്ക്.

കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് എത്തിച്ചേരുന്ന ഘട്ടത്തിൽ വൈറസിനു ജനിതക മാറ്റം സംഭവിച്ച റിപ്പോർട് രാജ്യാന്തര യാത്രാമേഖല സ്തംഭിപ്പിച്ചു. വിദേശത്തു നിന്നു വരുന്നവർക്കു പതിനഞ്ചു ദിവസം നിർബന്ധിത ക്വാറന്റീൻ പ്രഖ്യാപിക്കാനാണു യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം. ലണ്ടനിൽ വ്യാപിച്ച പുതിയ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ച വിദേശ രാജ്യം ഇറ്റലി മാത്രമാണ്.

Tags:
  • World Escapes
  • Manorama Traveller