യാത്ര ചെയ്യുമ്പോൾ ഇനി ആപ്പിൾ കമ്പനി പുറത്തിറക്കിയ പുതിയ വാച്ച് ധരിക്കുക. കോവിഡ് വൈറസിനെ പ്രതിരോധിക്കാമെന്ന് ആപ്പിൾ വാച്ച് സീരീസ് 6ന്റെ അവകാശവാദം. രക്തത്തിലെ ഓക്സിജൻ ലെവൽ അളക്കാൻ കഴിവുള്ള സെൻസറാണ് ആറാം സീരിസിന്റെ സവിശേഷത. കോവിഡ് ബാധയുടെ പ്രാഥമിക ഘട്ടം തിരിച്ചറിയാൻ ശേഷിയുള്ളതാണത്രേ ഈ സെൻസർ. ഹൃദ്രോഗം ഉൾപ്പെടെ മറ്റു ഗുരുതരമായ രോഗങ്ങളുടെയും മുന്നറിയിപ്പ് നൽകും. വിവിധ നിറങ്ങളിലുള്ള വാച്ച് അലുമിനിയം ഫിനിഷിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
വ്യായാമം ചെയ്യുമ്പോൾ ധരിക്കാനുള്ള വാച്ചെന്നാണ് കമ്പനിയുടെ പരസ്യം. കോവിഡ് സാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ വൈറസ് ബാധ തിരിച്ചറിയാൻ ഉപകാരപ്രദമെന്ന് അപ്പിൾ വിശദീകരിച്ചു. കൈത്തണ്ടയിലെ രക്തക്കുഴലുകളിലാണ് സെൻസർ റീഡിങ്. ബ്ലഡ് സെല്ലുകളിലെ ഓക്സിജൻ ലെവൽ അളക്കാൻ കഴിവുള്ളതാണ് സെൻസർ. ഹൃദയാരോഗ്യം കൃത്യമായി ഈ വിധം അളക്കാൻ സാധിക്കുമെന്ന് നേരത്തേ തെളിഞ്ഞിട്ടുള്ളതാണ്. കോവിഡ് 19 വൈറസ് ബാധിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഈ സംവിധാനം ഉപയോഗിച്ച് അളക്കാൻ സാധിക്കുമോ എന്നാണ് ആപ്പിൾ സീരീസ് 6 പരീക്ഷിച്ചത്.
ശ്വാസോച്ഛ്വാസത്തിന്റെ വേഗം അളക്കാനായിരുന്നു ശ്രമം. ആസ്തമയും ഹൃദ്രോഗ ലക്ഷണങ്ങളും ഇതിലൂടെ തിരിച്ചറിഞ്ഞു. ഇതിനു സമാനമായ പ്രതികരണങ്ങളാണ് കോവിഡ് വൈറസിനെതിരേ ശരീരം പ്രകടിപ്പിക്കുന്നത്. ഇതു കൃത്യമായി റീഡ് ചെയ്യാൻ ഐഫോൺ 11ൽ ഉപയോഗിച്ചിട്ടുള്ള ഡ്യുവൽ പ്രോസസറിന്റെ ചെറുരൂപം തയാറാക്കി. ഇതുവരെ ആരോഗ്യമേഖല റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ് രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സീരീസ് ആറിന് കഴിയുമെന്നാണ് പ്രതീക്ഷ.
ആരോഗ്യ കാര്യങ്ങളിൽ ആപ്പിൾ വാച്ച് വഴികാട്ടുമെന്ന് ആപ്പിൾ അവകാശപ്പെട്ടു. വാച്ചിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫിറ്റ്നസ് സർവീസ് പണം മുടക്കി സബ്സ്ക്രൈബ് ചെയ്യാം. ഒരു മാസത്തേക്കാണ് റീചാർജ്. ഐ ക്ലൗഡ് േസ്റ്റാറേജ്, ആപ്പിൾ മ്യൂസിക് എന്നിവയാണ് സബ്സ്ക്രിപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു സർവീസ്.