Friday 18 September 2020 02:49 PM IST

വത്തിക്കാൻ തീർഥാടകർക്ക് ഇനി കോവിഡ് ഭീതി വേണ്ട; വൈറസ് പ്രതിരോധത്തിൽ റോമിലെ വിമാനത്താവളത്തിന് ഫൈവ് സ്റ്റാർ റേറ്റിങ്

Baiju Govind

Sub Editor Manorama Traveller

rome-vatican

കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനം നേടിയിരിക്കുന്നു റോമിലെ ഫുമിസിനോ എയർപോർട്ട്. വൈറസ് പ്രതിരോധിക്കുന്നതിലെ മികവു പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. ലണ്ടനിലെ ഹീത്രു, മലാഗ ഗോസ്റ്റ് ഡെൽ സോൾ എന്നീ വിമാനത്താവളങ്ങൾക്കാണ് രണ്ടും മൂന്നും സ്ഥാനം. ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്കൈട്രാക്സ് എന്ന ഏജൻസിയാണ് വിമാനത്താവളങ്ങളിൽ പരിശോധന നടത്തി അംഗീകാരം പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് വിദേശ സഞ്ചാരികൾ വന്നിറങ്ങിയിരുന്ന വിമാനത്താവളമാണ് റോമിലെ ഫുമിസിനോ.

കൊറോണ വ്യാപനം കനത്ത ആഘാതം ഏൽപിച്ച നഗരമാണ് ഇറ്റലിയിലെ റോം. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകൾ എത്തുന്ന സ്ഥലമായതിനാൽ വൈറസ് പടർച്ചയുടെ കേന്ദ്രമായി റോം മാറി. ആയിരക്കണക്കിന് പേർ മരണത്തിനു കീഴടങ്ങി. വത്തിക്കാനിലെ പ്രധാന ആരാധനാലയം ഉൾപ്പെടെ തീർഥാടന കേന്ദ്രവും അനുബന്ധ പ്രദേശങ്ങളുമെല്ലാം അടച്ചു. ഈസ്റ്ററിന് വത്തിക്കാൻ ബസലിക്കയിൽ മാർപാപ്പ ഒറ്റയ്ക്കാണ് കുർബാന നടത്തിയത്. ലോകം മുഴുവൻ വിശുദ്ധ ചടങ്ങ് വിഡിയോയിലൂടെ കണ്ടു. 

അഞ്ചു മാസങ്ങൾക്കു ശേഷം സെപ്റ്റംബറിൽ, കോവിഡ് ബാധയുടെ തോത് കുറഞ്ഞു. പക്ഷേ, തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്തപ്പോൾ 50 ശതമാനം കുറവ്. വിദേശ സന്ദർശകരിൽ 30 ശതമാനം ഇടിവ്.  കോവിഡ് നിയന്ത്രണ വിധേയമെന്നു പരസ്യങ്ങൾ വന്നെങ്കിലും സന്ദർശകരുടെ എണ്ണം ഉയർന്നില്ല. വിദേശ സഞ്ചാരികളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയെല്ലാം ഇതു പ്രതികൂലമായി ബാധിച്ചു. 

ഈ സാഹചര്യത്തിൽ പരസ്യത്തേക്കാൾ സഞ്ചാരികൾ സുരക്ഷിതരാണെന്നുള്ള ബോധ്യമുണ്ടാക്കമെന്നു നഗരഭരണകൂടം തീരുമാനിച്ചു. അതിനെ തുടർന്നാണ് വിമാനത്താവളം ‘ഹൈജീനിക്’ ആക്കിയത്. എലവേറ്റർ, കസേര എന്നിവ ഉൾപ്പെടെ അതിഥികൾ സ്പർശിക്കുന്ന സ്ഥലങ്ങളെല്ലാം അൾട്രാവയലറ്റ് (യുവി) സാനിറ്റൈസേഷൻ നടത്തിയാണ് സുരക്ഷിതമാക്കിയത്. രോഗ പ്രതിരോധത്തിൽ 99 ശതമാനം സുരക്ഷിതമെന്ന് സ്കൈട്രാക്സിന്റെ ‘സർഫേസ് ക്ലീൻലിനെസ് അനാലിസിസ്’ സംഘം അംഗീകരിച്ചു. മൂന്നു ദിവസത്തെ പരിശോധനയ്ക്കൊടുവിലാണ് പരിശോധനാ സംഘം പ്രതിരോധശേഷി വിലയിരുത്തിയത്. വൈറസ് നിയന്ത്രിക്കാനായി അവർ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. 

Rome-Fiumicino-Airport-2

ഒരേ സമയം നാൽപതു ജോലിക്കാരാണ് വിമാനത്താവളത്തിൽ ഉണ്ടാവുക. സാമൂഹിക അകലം, മാസ്ക് എന്നിവ ധരിച്ചാണ് ജോലി ചെയ്യുക. യാത്രക്കാരെ ബോധവത്കരണത്തിനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  അതിഥികൾക്കിടയിൽ രോഗം പടരാതെ നോക്കുന്നതിനും യാത്രക്കാരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ വൈറസ് ‘ഇടംപിടിക്കാതെ’ പ്രതിരോധ പ്രവർത്തനം നടത്തുന്നതിലും എയർപോർട്ട് ജോലിക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.  ബയോ സേഫ്റ്റി ടീം എന്നാണ് സുരക്ഷാ ചുമതലയുള്ള സംഘത്തിന്റെ പേര്. 

ഫുമിസിനോ എയർപോർട്ട് ടെർമിനൽ 3 മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. വിമാനം ഇറങ്ങുന്നവരും കയറുന്നവരും തമ്മിൽ സമ്പർക്ക  സാധ്യകളെല്ലാം ഒഴിവാക്കി. ഇരിപ്പിടം, വീസാ പരിശോധനാ കേന്ദ്രം, ലഗേജ് ഏരിയ, വാഷ് റൂം, എസ്കലേറ്റർ തുടങ്ങി ആളുകളുടെ വിരൽ സ്പർശം ഏൽക്കുന്ന സ്ഥലങ്ങളെല്ലാം ഹൈജീനിക് ആക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഫുമിസിനോ നടപ്പാക്കിയ പ്രതിരോധ മാർഗങ്ങൾ മാതൃകാപരമെന്ന് സെട്രോക്സ് വിലയിരുത്തി. റോം ഫുമിസിനോ എയർപോർട്ടിന് ഇപ്പോൾ ‘കോവിഡ് 19 ഫൈവ് സ്റ്റാർ എയർപോർട്ട് റേറ്റിങ് ’.  വൈറസ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിൽ ഫുമിസിനിനോ എയർപോർട്ട് സിഇഒ മാർക്കോ ട്രോകോൺ സന്തോഷം പ്രകടിപ്പിച്ചു. ലോകത്തിന്റെ തീർഥാടന കേന്ദ്രത്തിലേക്ക് അദ്ദേഹം സഞ്ചാരികളെ സ്വാഗതം ചെയ്തു. 

Rome-Fiumicino-Airport--1
Tags:
  • World Escapes
  • Manorama Traveller