വാദം ഒന്ന്: ദുരന്തത്തിന് ഇരയായി മരിച്ചവർക്കു സ്മാരകം നിർമിക്കുന്നതു തെറ്റാണോ? വാദം രണ്ട്: രക്തസാക്ഷികളെ കാഴ്ച വസ്തുവായി പ്രദർശിപ്പിക്കുന്നതു ശരിയാണോ? മറുപടി അർഹിക്കുന്ന ചോദ്യങ്ങളാണ് രണ്ടും. സുനാമിയിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടി സുനാമി സ്മാരകം നിർമിച്ചു. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരവായി സ്മൃതികുടീരങ്ങൾ ഉണ്ടാക്കി. ഇത്തരം സ്മാരകങ്ങൾ സന്ദർശകർക്കു തുറന്നു നൽകി വിനോദസഞ്ചാര കേന്ദ്രമാക്കിയതിന്റെ ‘ശരി–തെറ്റുകളെ’ കുറിച്ചു ചർച്ച നടക്കുന്നു അമേരിക്കയിൽ. ദുരന്തങ്ങളും കൂട്ടക്കുരുതികളും പിൽക്കാലത്ത് സ്മൃതികുടീരങ്ങളായി വിനോദസഞ്ചാരികളെ ആകർഷിച്ചത് അവർ ചൂണ്ടിക്കാട്ടി.
വംശവെറിയിൽ കൊന്നൊടുക്കപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ തലയോട്ടികൾ ജർമനിയിലെ ബർലിനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ അമേരിക്കയിൽ തകർന്നു വീണ ട്വിൻ ടവർ നില നിന്ന സ്ഥലം ‘ഗ്രൗണ്ട് സീറോ’ എന്ന പേരിൽ വിനോദസഞ്ചാരികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ആണവദുരന്തമുണ്ടായ ചെർണോബിൽ, അണുബോംബ് വീണു തകർന്ന നാഗസാക്കി, അഗ്നിപർവത സ്ഫോടനമുണ്ടായ ബാലിയിലെ മലനിര... ടൂറിസം ഡെസ്റ്റിനേഷനായി മാറിയ ദുരന്ത സ്ഥലങ്ങൾ ഒട്ടേറെയുണ്ട്. ‘ഡാർക്ക് ടൂറിസം’ എന്നാണ് ഇത്തരം സ്ഥലങ്ങളിലെ വിനോദസഞ്ചാരം അറിയപ്പെടുന്നത്.
2020 ജനുവരി മുതൽ കോവിഡ് ബാധിച്ചു മരിച്ചവരെ അടക്കം ചെയ്ത സെമിത്തേരികൾ ഭാവിയിൽ ‘ഡാർക്ക് ഡെസ്റ്റിനേഷൻ’ ആയി മാറുമെന്നു പറയുന്നു പാശ്ചാത്യ ഗവേഷകർ. അമേരിക്കയിലും യൂറോപ്പിലും കോവിഡ് ബാധിച്ചു മരിച്ച പതിനായിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ അടക്കം ചെയ്ത സെമിത്തേരികൾ മനസാക്ഷിയെ നടുക്കുന്ന ചിത്രങ്ങളായി പുറത്തു വന്നു.
‘സ്മാൾ പോക്സ്’ ബാധിച്ചു മരിച്ച ലക്ഷക്കണക്കിനാളുകളെ ചികിത്സിച്ച അമേരിക്കയിലെ ‘സ്മാൾ പോക്സ് മെമ്മോറിയൽ ഹോസ്പിറ്റൽ’ പിൽക്കാലത്ത് മഹാമാരിയുടെ സ്മാരകമായി. എയ്ഡ്സ് ബാധിച്ചു മരിച്ചവർക്കായി ആഫ്രിക്കയിൽ പലയിടത്തും സ്മാരകങ്ങൾ നിർമിക്കപ്പെട്ടു. സാർസ് രോഗം ബാധിച്ചവരെ ചികിത്സിച്ച ആശുപത്രിയെ സ്മരിക്കാനായി ഹോങ്കോങ് പാർക്കിൽ സ്മാരകം ഉണ്ട്. സ്പാനിഷ് ഫ്ലൂ വരുത്തിവച്ച മനുഷ്യനാശത്തിന്റെ ഓർമ പുതുക്കാനായി ലണ്ടൻ നഗരത്തിലെ നൈറ്റിംഗേൽ മ്യൂസിയത്തിൽ എക്സിബിഷൻ നടത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകൾ ഈ സ്ഥലങ്ങളിൽ സന്ദർശകരായി എത്തി.
ഹിറ്റ്ലറുടെ കാലത്തു നിർമിക്കപ്പെട്ട നാസി കോൺസൻട്രേഷൻ ക്യാംപുകളിൽ മനുഷ്യരെ കൂട്ടക്കുരുതി നടത്തിയിരുന്നതു ഗ്യാസ് ചേംബറുകളിലായിരുന്നു. ചാരമായി മാറിയ മനുഷ്യരുടെ തലയോട്ടികളും അസ്ഥിയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി, ലോകത്ത് കൂട്ടമരണം ആദ്യമല്ലെന്ന് ഓർമപ്പെടുത്തുന്നു ലോകസഞ്ചാരികൾ. കോവിഡ് വ്യാപനം ചരിത്രത്തിലെ ചെറിയ അധ്യായമെന്ന് അവർ പറയുന്നു. പ്ലേഗ്, സ്പാനിഷ് ഫ്ളൂ, കോളറ, മലേറിയ, കുഷ്ഠരോഗം എന്നിങ്ങനെ ഒട്ടേറെ മഹാമാരികളെ മറികടന്നാണു ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയത്. മരിച്ചവരുടെ ബന്ധുക്കൾ പോലും ആ ദുരന്തം ചരിത്രമായി അംഗീകരിച്ചു കഴിഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന്റെയും അണുബോംബിന്റെയും ദുരന്തസാക്ഷ്യങ്ങളായി ജപ്പാനിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെ സാക്ഷിയാക്കിയാണ് ചില രാജ്യങ്ങളിൽ ഇപ്പോഴും അണ്വായുധങ്ങളുടെ ഗവേഷണം നടക്കുന്നത് ! അതിനാൽത്തന്നെ, മുൻകാല ദുരന്തങ്ങൾ പുതുതലമുറയ്ക്കു മുന്നറിയിപ്പു നൽകുന്ന ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനായി മാറണം – സഞ്ചാരികൾ പറയുന്നു.
‘മെമ്മോറിയൽ മാനിയ’ പ്രചരിക്കുമെന്നാണ് എതിരഭിപ്രായം. നഷ്ടത്തിന്റെ വേദന വിസ്മരിക്കപ്പെടും. രക്തസാക്ഷിത്വം കാഴ്ച വസ്തുവായി മാറും. കൂട്ടക്കുരുതിക്കു സാക്ഷ്യം വഹിച്ച സ്ഥലങ്ങൾ പണം സമ്പാദിക്കാനുള്ള കേന്ദ്രങ്ങളായി മാറും. അതു ന്യായീകരിക്കാനാവില്ല – ഹെറിറ്റേജ് ടൂറിസം സ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. പോരാട്ടങ്ങളിൽ ജീവൻ ത്യജിച്ചവരുടെ സ്മൃതികുടീരങ്ങൾ എക്കാലത്തും മനുഷ്യ മനസ്സാക്ഷികളിൽ നിലനിൽക്കണം. അവ സന്ദർശകർക്കു തുറന്നു നൽകണം. സ്ഥലത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തെളിവുകൾ പ്രദർശിപ്പിക്കണം. അതു പുതുതലമുറയുടെ ചരിത്രബോധം വളർത്തും – വിയോജിപ്പു പ്രകടിപ്പിക്കുന്നവരും ഡാർക്ക് ടൂറിസത്തിന്റെ സാധ്യത വിശദീകരിച്ചു.