ഏഴു ലോകാദ്ഭുതങ്ങളില്‍ ഫ്രാന്‍സിന്റെ പ്രതീകമായ ഐഫല്‍ ടവര്‍ സന്ദര്‍ശനത്തിനു മുന്‍പ് നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇരുമ്പു കമ്പി ചേര്‍ത്തു വച്ച് ആകാശത്തേക്കു കെട്ടിപ്പൊക്കിയ വെറും ഗോപുരമല്ല ഐഫല്‍. സെയിന്‍ നദിയുടെ തീരത്ത് ഐഫല്‍ നിര്‍മിക്കുമ്പോള്‍ ലോകത്തിന് അദ്ഭുതം പകരുന്ന കാഴ്ചയാകും അതെന്ന കാര്യം ശില്‍പി പോലും ഓര്‍ത്തിരുന്നില്ല. ലോകാദ്ഭുതമായി പരിണമിച്ച ഐഫലിന്റെ നിര്‍മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 1887ല്‍ ആരംഭിച്ചു, 1889ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. ഐഫല്‍ ടവറിന്റെ ശില്‍പിയുടെ പേര് ഗുസ്‌തെവ് ഐഫല്‍. ഗുസ്‌തെവിന്റെ എന്‍ജിനിയറിങ് വൈദഗ്ധ്യത്തെ മാനിച്ച് ഐഫല്‍ ടവര്‍ എന്നു പേരിട്ടു. ഐഫല്‍ ടവറിന്റെ വടക്കു വശത്തുള്ള പില്ലറിനു താഴെ വിശദവിവരം ആലേഖനം ചെയ്തിട്ടുണ്ട്.
324 മീറ്റര്‍ ഉയരമുള്ള ഐഫല്‍ ടവര്‍ ലോകത്ത് ഏറ്റവും ഉയരമേറിയ നിര്‍മിതിയായിരുന്നു, 1930 വരെ. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ക്രിസ്ലര്‍ ബില്‍ഡിങ് നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ ഐഫലിന് ഉയരത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായി. തണുപ്പിലും വെയിലത്തും ഇരുമ്പിനു സംഭവിക്കുന്ന ചുരുക്കവും വികാസവും അനുസരിച്ച് ഐഫലിന് ഋതുഭേദങ്ങളില്‍ ആറ് ഇഞ്ച് നീളം വ്യത്യാസം സംഭവിക്കും. ശൈത്യകാലത്ത് ഐഫലിന്റെ ഉയരം ആറ് ഇഞ്ച് കുറയുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
ലോകത്ത് ഏറ്റവുമധികം സഞ്ചാരികള്‍ സന്ദര്‍ശിച്ചിക്കുന്ന പൊതു നിര്‍മിതിയാണ് ഐഫല്‍. പ്രതിദിനം 20,000 ആളുകള്‍. ടിക്കറ്റ് ബുക്ക് ചെയ്താലും ലിഫ്റ്റില്‍ കയറാന്‍ മണിക്കൂറിലേറെ ക്യൂ നില്‍ക്കേണ്ടി വരും. രാവിലെ 9 മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. ജൂണ്‍ - സെപ്റ്റംബര്‍ മാസങ്ങളില്‍ സമയത്തില്‍ വ്യത്യാസം വരും.
സന്ദര്‍ശകര്‍ക്കു കയറിയിറങ്ങാനായി തുറന്നു വച്ചിട്ടുള്ള ലോഹനിര്‍മിതിയല്ല ഐഫല്‍. പാരിസിന്റെ ടെലിഗ്രാഫ് ട്രാന്‍സ്മിറ്റര്‍ ഐഫലിനു മുകളിലാണ് പ്രവര്‍ത്തിക്കുന്നത്. റേഡിയോ, ടിവി നെറ്റ് വര്‍ക്കുകള്‍ ഇതിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നു.
ഏഴു വര്‍ഷത്തിലൊരിക്കല്‍ ഐഫല്‍ പെയിന്റ് ചെയ്യുന്നു. ടവര്‍ മുഴുവന്‍ നിറം ചാര്‍ത്താന്‍ അറുപത് ടണ്‍ പെയിന്റ് വേണം. മൂന്നു നിറങ്ങളാണ് ഉപയോഗിക്കാറുള്ളത്. നിര്‍മാണത്തിനു ശേഷം പത്തൊന്‍പതു തവണ പെയിന്റ് ചെയ്തിട്ടുണ്ട്.
ഐഫല്‍ ടവറിന്റെ ഒന്ന്, രണ്ട് നിലകളില്‍ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നാം നിലയിലേക്കും അതിനു മുകളിലേക്കും യാത്ര ചെയ്യണമെങ്കില്‍ പ്രത്യേകം ടിക്കറ്റ് എടുക്കണം. രണ്ടാം നിലയില്‍ നിന്നു പ്രത്യേകം ലിഫ്റ്റുണ്ട്. ഒന്ന്, രണ്ട് നിലകള്‍ മാത്രം സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് ലഭ്യമാണ്.
ശൈത്യകാലത്ത് ഒന്നാം നിലയില്‍ ഐസ് സ്‌കേറ്റിങ് നടത്താറുണ്ട്. ഐഫലിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ഷാംപെയിന്‍ ബാര്‍. അവിടെ നിന്നാല്‍ പാരിസ് നഗരം മുഴുവന്‍ കാണാം. ഐഫല്‍ ടവര്‍ പൊതു നിര്‍മിതി ആണെങ്കിലും രാത്രി വൈദ്യുത ദീപങ്ങള്‍ അലങ്കരിക്കുമ്പോള്‍ ഫോട്ടോഗ്രഫിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇല്യൂമിനേറ്റഡ് ടവറിന്റെ ഫോട്ടോ കോപ്പിറൈറ്റ് നിയമത്തിനു വിധേയമാണ്.
ഐഫലിന്റെ ഏറ്റവും മുകളില്‍ ഗുസ്താവ് ഐഫലിന്റേതായി ഒരു അപ്പാര്‍ട്‌മെന്റ് ഉണ്ട്. അപ്പാര്‍ട്‌മെന്റിനുള്ളില്‍ ടവര്‍ നിര്‍മാതാവിന്റെ മെഴുകു ശില്‍പം ഉണ്ട് . ഗുസ്താവിന്റെ മകള്‍ ക്ലെയറാണ് അപ്പാര്‍ട്‌മെന്റിന്റെ ഉടമ. രണ്ടാം ലോകമഹായുദ്ധ കാലത്ത് ടവര്‍ ഇടിച്ചു നിരത്താന്‍ നാസി ജര്‍മനിയുടെ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലര്‍ ഉത്തരവിട്ടെങ്കിലും പാരീസ് ഗവര്‍ണര്‍ ഉത്തരവു നടപ്പാക്കിയില്ല.