Tuesday 11 February 2020 02:31 PM IST

ചുട്ടുള്ളി മീൻ, വിന്താലൂ, റെയിൽവേ മട്ടൺ കറി... ഫോർട്ട്കൊച്ചിയിലല്ലാതെ ഇത്രേം വെറൈറ്റി ഭക്ഷണം വേറെവിടെ കിട്ടും?

V N Rakhi

Sub Editor

_BAP9977 Photo : Basil Paulo

ഊണിന് ‘നല്ല എരി’യുള്ള വിന്താലൂ ഉണ്ടെങ്കിൽ ബലേ ഭേഷ്! റോക്കറ്റ് പോലെ പായുന്നതു കാണാം രണ്ടു കിണ്ണം ചോറ്. നമ്മൾ മലയാളികളുടെ ഈ സങ്കൽപത്തെ ആകെ തകർത്തെറിയുന്നതാണ്  വിന്താലൂവിന്റെ  ‘യഥാർഥ മുഖം’. വെറുമൊരു ഡിഷ് അല്ല, വിന്താലൂ ഒരു സംസ്കാരം തന്നെയാണെന്ന് അറിയണമെങ്കിൽ അതുമാകാം. നേരെ നുമ്മടെ ഫോർട് കൊച്ചിക്ക് വിട്ടോട്ടാ...

അയ്യേ...ഫോർട്ട് കൊച്ചിയോന്നാ? ഒന്നും രണ്ടുമല്ല, മുപ്പത്തിരണ്ട് വിഭാഗത്തിൽപെട്ടവർ ഇത്രയും സ്നേഹത്തോടെ ജീവിക്കുന്ന വേറെ സ്ഥലമുണ്ടാ എന്റെ മച്ചാനേ? ഇത്രേം വെറൈറ്റി ഭക്ഷണം വേറെവിടെ കിട്ടും? പോർച്ചുഗീസ് വേണോ, ഡച്ച് വേണോ, ബ്രിട്ടിഷ് വേണോ, ജൂയിഷ് വേണോ... ലോകം മൊത്തം ഫോർട്ട്കൊച്ചിയിൽ കിട്ടുവല്ലാ. പിന്നെന്തിനാണ് പുച്ഛിക്കണത്?

_BAP0306

ചുട്ടുള്ളി മീൻ എന്ന ഡോണുമായും റെയിൽവേ മട്ടൺകറി പോലുള്ള അണ്ടർവേൾഡ് ഗൂണ്ടകളുമായും എവിടെയെങ്കിലും ‘ഏറ്റുമുട്ടി’യിട്ടുണ്ടെങ്കിൽ സുല്ല്. ഇവരെ ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലുമില്ല എന്നാണ് അനുഭവമെങ്കിൽ സംശയിക്കണ്ട, കൂടെക്കൂടിക്കോ. ഇതുപോലെ വേറെയും ചില റെയർ ഐറ്റംസ് പരിചയപ്പെടാം. സോറിയേ, ഹിസ്റ്ററി ക്ലാസിൽ ഇരുന്ന് ഉറക്കം തൂങ്ങിയവർ വേണ്ട കേട്ടോ. ഇവന്മാരൊക്കെ എവിടുന്നു വന്നപ്പാ എന്നറിയാനും, അത്ര ലോക്കൽ അല്ല നുമ്മടെഫോർട്ട് കൊച്ചി എന്നറിയാനും ഒരു പൊടിക്ക് ചരിത്രവും സഹിക്കേണ്ടി വരും. സമ്മതമെങ്കിൽ ബൈക്ക് എടുത്തോ, വെച്ചടിച്ചോ...

_BAP9863

വീനോ ഡോ ആലോസ്

പോർച്ചുഗീസ് ഭാഷയിൽ വൈനും ഗാർലിക്കും ചേർത്ത മാംസം എന്നർഥം വരുന്ന വാക്ക്, വീനോ ഡോ ആലോസ്. ഇതിൽ നിന്നാണ് വിന്താലൂവിന്റെ ജനനം. കപ്പൽയാത്രയിൽ കൊണ്ടു പോകാനായി പോർച്ചുഗീസുകാർ ഉണ്ടാക്കിയതാണ് വിന്താലൂ. വെളുത്തുള്ളിയും ൈവനും കുറച്ചേറെ ചേർത്താൽ  കൂടുതൽ മാംസം കുറെ കാലത്തേക്ക് കേടാകാതെ സൂക്ഷിക്കാമല്ലോ. കൊച്ചിയിലെത്തി, ഇവിടെ ലഭ്യമായ വൈനും മറ്റും ഉപയോഗിച്ചും അവർ വിന്താലൂ ഉണ്ടാക്കി. ഒറിജിനൽ രുചി അറിയാൻ ഭാഗ്യം കിട്ടിയില്ലെങ്കിലും അതിനോടു കട്ടയ്ക്കു നിൽക്കുന്ന വിന്താലൂവാണ് കൊച്ചിക്കാർ ആദ്യം രുചിച്ചത്. പിന്നീട് ഓരോ വിഭാഗക്കാരും അവരവരുടെ രീതിയിൽ വിന്താലൂവിനെ ‘പരിഷ്കാരി’ ആക്കി. ചിലർ മുളക് കൂട്ടിയിട്ടും വിനാഗിരിയും സവാളയുമൊക്കെ ചേർത്തും വിന്താലൂവിന്റെ പല വേർഷനുകൾ ഇറക്കി.

മുന്തിരിയിൽ നിന്നുണ്ടാക്കുന്ന കിടിലൻ റെഡ്‌വൈൻ ഒഴിച്ചാണ് പോർച്ചുഗീസുകാർ വിന്താലൂ ഉണ്ടാക്കിയത്. വൈനിന്റെ രുചി മുന്നിട്ടു നിൽക്കുന്ന ആ വിന്താലുവിന് ചെറിയൊരു മധുരം ഉണ്ടാകും. ആൽക്കഹോളിന്റെ അംശം നീക്കിയ മുന്തിരിയുടെ നല്ല സുഖമുള്ള മധുരം. അതേ രുചിയിൽ ഫോർട്ട് കൊച്ചിയിലും കിട്ടും വിന്താലൂ. പോട്ടേ വണ്ടി കൽവത്തി റോഡിലെ ബ്രണ്ടൻ ബോട്ട്‌യാഡിലേക്ക്... വിന്താലൂവിന്റെ മറ്റൊരു പതിപ്പ് ടവർ റോഡിലെ ഓൾഡ് ഹാർബറിലും കിട്ടും. മധുരത്തിനായി ഉണക്കമുന്തിരി അരച്ചു ചേർത്തുള്ള പ്രത്യേക റെസിപ്പിയാണിവിടെ.  

_BAP9969

അല്ലാ, സംഗതി കൊള്ളാല്ലാ... ഈ വിദേശികൾ കൊച്ചിക്ക് പിന്നെന്തൊക്കെ തന്നു എന്നറിയാൻ തോന്നുന്നുണ്ടെങ്കിൽ യാത്ര തുടരാം.

കൊച്ചി ഫോർട്ട്കൊച്ചിയായത്

447 വർഷം  തുടർച്ചയായി മൂന്ന് വിദേശരാജ്യങ്ങളുടെ കീഴിലായിരുന്ന മറ്റൊരു സ്ഥലവും ഇന്ത്യയിലില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പുതിയ സംസ്കാരങ്ങൾ, പുതിയ ജീവിതരീതികള്‍, അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തരം ഭക്ഷണങ്ങൾ എല്ലാം മറ്റാരെക്കാളും ക ണ്ടത് കൊച്ചിക്കാരാണ്. ബൈക്ക് ഇനി പുറകോട്ട് സഞ്ചരിക്കട്ടെ.1341ലെ ഒരു പെരുമഴക്കാലത്തിലേക്ക്... കിഴക്കു നിന്ന് പടിഞ്ഞാറേക്കും പെരിയാർ നദിയിൽ നിന്നും വേമ്പനാട്ട് കായലിൽ നിന്നുമുള്ള വെള്ളം ശക്തിയായി അടിച്ചുകൊണ്ടിരിക്കുന്ന ഒരു വേലിയേറ്റ സമയം. ഇപ്പോൾ ഫോർട്ട് കൊച്ചി എന്നറിയപ്പെടുന്ന പഴയ കൊച്ചിയെയും വൈപ്പിനെയും ബന്ധിപ്പിച്ചിരുന്ന പ്രദേശം ആ പ്രവാഹത്തിൽ ഒഴുകിപ്പോയി. അങ്ങനെ പ്രകൃതി തന്നെ ഒരു തുറമുഖം ഒരുക്കി. അ താണ് ഇന്നത്തെ കൊച്ചി തുറമുഖം.

_BAP9886

മുക്കുവ ഗ്രാമമായിരുന്നു അന്ന് കൊച്ചി.  ചൈനക്കാർ കൊച്ചിയിലെത്തിയപ്പോൾ മുക്കുവർക്കു നല്‍കിയ സമ്മാനമാണ് ചീനവല. 1500ൽ പോർച്ചുഗീസ്കാരനായ പെട്രോ അൽവാരിസ് കാബ്രാളും സംഘവും പത്തു കപ്പലുകളിൽ തുറമുഖത്ത് വന്നിറങ്ങിയതോടെയാണ് കൊച്ചിയിൽ ആദ്യമായി വിദേശപാദസ്പർശം ഉണ്ടായത്. കൊച്ചി കീഴടക്കാനെത്തിയ സാമൂതിരിയെയും പോരാളികളെയും അൽഫോൻസോ ആൽബുക്കറുടെ പോർച്ചുഗീസ് പടയാളികളും അവരുടെ ശക്തമായ പീരങ്കികളും ഉപയോഗിച്ച് കൊച്ചിരാജാവ് നേരിട്ടു. യുദ്ധത്തിൽ രാജാവ് ജയിച്ചു.

നന്ദിസൂചകമായി രാജാവ് പോർച്ചുഗീസുകാർക്ക് ഇമ്മാനുവൽ കോട്ട കെട്ടിക്കൊടുത്തു. ഇന്ത്യയിലെ ആദ്യത്തെ വിദേശ കോട്ടയാണിതെന്നു പറയപ്പെടുന്നു. പോർച്ചുഗീസുകാർ കൃത്യമായ പ്ലാനിങ്ങോടെ ഇവിടെ തെരുവുകൾ ഉണ്ടാക്കി. അവയുടെ രണ്ടുവശങ്ങളിലുമായി  കല്ലും കുമ്മായവും മരവും കൊണ്ട് ഭംഗിയുള്ള ബംഗ്ലാവുകൾ പണിതു. ആശുപത്രിയും ലൈബ്രറിയും പള്ളികളും സ്കൂളുകളും കമ്പനികളും അച്ചടിശാലയും കപ്പൽ നിർമാണശാലയും നിർമിച്ചു. കുറ്റമറ്റതായിരുന്നു അന്നത്തെ ഡ്രെയിനേജ് സംവിധാനങ്ങൾ. കടലിലേക്ക് തുറക്കുന്ന നാല് ടണലുകൾ ഭൂമിക്കടിയിലുണ്ടായിരുന്നു. മനോഹരമായൊരു മുനിസിപ്പാലിറ്റിയായി ഫോർട്ടുകൊച്ചി വളർന്നു. 1527ൽ പോർച്ചുഗൽ രാജാവ് ഡോം ജോൺ മൂന്നാമൻ രാജകീയ അവകാശപത്രത്തിലൂടെ, പോർച്ചുഗൽ രാജാവിന്റെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന എവോറ നഗരത്തിന് തുല്യമായ പദവിയും ഫോർട്ട് കൊച്ചിക്കു നൽകി. നൂറ്റിഅറുപത് വർഷത്തോളം അവർ ഇവിടെ ഭരിച്ചു.

_BAP9829

ബ്രൂഡർ ബണ്ണും ബർഗർ സ്ട്രീറ്റും

1663 ൽ ഡച്ച്കാർ കൊച്ചി കീഴടക്കി. ഖനികളിൽ നിന്ന് അവർ സ്വർണം കുഴിച്ചെടുത്തു എന്നു പറയപ്പെടുന്നു. കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ച് വിശദമായി പഠിച്ചതും ഔഷധരംഗത്തെ ആധികാരിക പുസ്തകമായി കരുതുന്ന ഹോർത്തൂസ് മലബാറിക്കൂസ് രചിച്ചതുമെല്ലാം ക്ലാസിൽ ഉറക്കംതൂങ്ങിയവർക്കു പോലും അറിയാം. തൃപ്പൂണിത്തുറ ഹിൽപാലസിലും മട്ടാഞ്ചേരി ഡച്ച് പാലസിലും ഇതിന്റെ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്.

ഡച്ച് ആചാരപ്രകാരം, മരണം നടന്ന് ഏഴാം ദിവസം വിളമ്പുന്ന ബൺ ആണ് ബ്രൂഡർ. വെണ്ണയും ബ്രൂഡർ ബ്രെഡുമാണ് ആ ദിവസത്തെ വിശിഷ്ടവിഭവം. ബ്രെഡ്ഡിന്റെ രൂപത്തിലും ചിലർ ബ്രൂഡർ ഉണ്ടാക്കും. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ബദാം, ടൂട്ടി ഫ്രൂട്ടി, ജാതിക്ക പോലുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾ, ഈന്തപ്പഴം പിന്നെ ഇത്തിരി വൈനുമാണ് ബ്രൂഡർ ബ്രെഡിന് പ്രത്യേക രുചി നൽകുന്നത്. ഡച്ച് പട്ടണത്തിലെ ബഹുമാന്യനായ പൗരനെ ബർഗർ എന്നാണ് വിളിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിലെ തെരുവുകളിലൊന്നിന് ബർഗർ സ്ട്രീറ്റ് എന്നു പേരിട്ടത് അവരാണ്. ഈ തെരുവിലെ എലൈറ്റ് ബേക്കറിയിൽ ഇന്നും ബ്രൂഡർ ബേക്ക് ചെയ്യുന്നുണ്ട്. പതിനൊന്നു മണിയോടെ ഇവിടെയെത്തിയാൽ നല്ല ചൂടോടെ ഡച്ച് കേക്ക് എന്നറിയപ്പെടുന്ന ബ്രൂഡർ ബണ്ണും ബ്രൂഡർ ബ്രെഡ്ഡും രുചിക്കാം.  

_BAP9896

ഫോർട്ട്കൊച്ചി കോട്ടയ്ക്ക് ഏഴു കൊത്തളങ്ങളായിരുന്നു. ആ കോട്ട തീരുന്ന സ്ഥലത്ത് ഇന്ന് എയ്ത്ത് ബാസ്റ്റ്യൻ റസ്റ്ററന്റ് ആണ്. എ യ്ത്ത് ബാസ്റ്റ്യനിൽ ബ്രേക്ക്ഫാസ്റ്റിലെ ഒരിനമായി ബ്രൂഡർ ബ്രെഡ് വിളമ്പുന്നുണ്ട്. ഡച്ച് ചരിത്രവുമായി ബന്ധമുള്ളതാണ് ഇവിടത്തെ മെനുവിലേറെയും.

റെയിൽവേയും മട്ടൺകറിയും

പിന്നീട് വന്ന ബ്രിട്ടിഷുകാരുടെ കാലത്താണ് ഫോർട്ട്കൊച്ചിയിലേക്കുള്ള വെണ്ടുരിത്തി പാലവും തോപ്പുംപടി പാലവും പണിതത്. റോബർട്ട് ബ്രിസ്റ്റോ എന്ന മിടുക്കനായ ബ്രിട്ടിഷ് എൻജിനീയറുടെ ബുദ്ധിയിൽ ഡിസൈൻ ചെയ്ത തോപ്പുംപടി പാലം കട്ടിയുള്ള മരത്തടിയിലാണ് പണിതത്. വലിയ കപ്പലുകൾക്ക് വഴിയൊരുക്കണമെങ്കിൽ  രണ്ടായി പിളർക്കാനാകുന്ന വിധത്തിലായിരുന്നു അന്നത്തെ പാലം. മനുഷ്യനിർമിതമായ വില്ലിങ്ഡന്‍ ഐലൻഡും ബ്രിട്ടിഷുകാര്‍ നമുക്കു നൽകി.  ഈ ബ്രിട്ടിഷുകാരും റെയിൽവേ മട്ടൺകറിയും തമ്മിലുള്ള ഒരു ഒരിത് എന്താവും?

_BAP9982

കുറച്ച് ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാർ ഒരിക്കൽ തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടിയിലെ ജോലിക്കാർ മട്ടൺ കറിയുണ്ടാക്കുന്നത് അവർ കണ്ടു. അടുത്തു ചെന്നു നോക്കിയപ്പോഴാണ് അതൊരു സാധാരണ കറിയല്ലെന്നു മനസ്സിലായത്. ആ അസാധാരണ കറിയെക്കുറിച്ച് ബ്രണ്ടൻ ബോട്ട്‌യാർഡിന്റെ ജനറൽ മാനേജർ മനോജ് നായർ പറഞ്ഞു. ‘കുറഞ്ഞ തീയിൽ‍ ആറു മണിക്കൂറെടുത്താണ് റെയിൽവേ മട്ടൺ കറിക്കായി മട്ടൺ വേവിക്കുന്നത്.  കുക്കിങ്ങിലുമുണ്ട് ചെറിയ ചില പ്രത്യേകതകൾ.  ബ്രിട്ടിഷുകാർ സാധാരണ മട്ടൺ കഷണങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഞങ്ങൾ മട്ടന്റെ കാൽമുട്ടിന്റെ ഭാഗം (shank) കൊണ്ടാണ് കറിയുണ്ടാക്കുന്നത്. ഇതിനൊപ്പം ചാട്ട് ബ്രെഡും സ്പിനാച് സ്വീറ്റ് കോൺ റൈസും സെർവ് ചെയ്യും.’

ബർഗർ സ്ട്രീറ്റിലെ കാശിആർട്സ് കഫേയിലും സ്പെഷൽ ആംഗ്ലോ ഇന്ത്യൻ ഡിഷുകൾ ലഭിക്കും. കാശിയിലെ റോസ്റ്റഡ് ചിക്കൻ സെർവ്ഡ് വിത്ത് പാർസ്‌ലി, പട്ടേറ്റോ ആൻഡ് കസ്കസ് പ്രത്യേക റെസിപി അനുസരിച്ചുണ്ടാക്കുന്ന ആംഗ്ലോ ഇന്ത്യൻ ഡിഷ് ആണ്. പാസ്തകൾ, ലെസാനിയ,സ്റ്റീക്സ്, മീൻ, ബീഫ്, ചിക്കൻ എന്നിവയുടെ ഗ്രിൽഡ് വേർഷനുകളും  കോണ്ടിനെന്റൽ, ഇറ്റാലിയൻ, അറബിക് സ്പെഷാലിറ്റികളും ഇവിടെ രുചിക്കാം.

_BAP9855

ചുട്ടുള്ളി മീനും സാമുവൽ കൊഡറും

ജൂതന്മാരുടെ ചരിത്രം തുടങ്ങുന്നത് 1345 ലാണ്. കൊടുങ്ങല്ലൂരിലും കേരളത്തിന്റെ മറ്റു ചില ഭാഗങ്ങളിലുമെത്തി താമസമാക്കിയിരുന്ന യഹൂദർ ആ വർഷം  കൊച്ചിയിലെത്തി. കച്ചവടം നടത്താനായി കൊച്ചങ്ങാടിയും പ്രാർഥിക്കാൻ കൊച്ചങ്ങാടി ജൂതപ്പള്ളിയും ഉണ്ടാക്കി. റബ്ബി അഥവാ പുരോഹിതൻ പ്രാർഥന ചൊല്ലി ശുദ്ധമാക്കിയ ഭക്ഷണമാണ് കോഷർ. അത്തരം ഭക്ഷണമേ ജൂതന്മാർ കഴിക്കൂ. ഭക്ഷണം സൂര്യസ്തമയത്തിനു മുൻപ്  പാകം ചെയ്തതുമാകണം. ചെതുമ്പലുള്ള മീൻ വേണമെന്നും ഇവർക്ക് നിർബന്ധമുണ്ട്.

_BAP9903

ജൂതന്മാരുടെ സ്പെഷൽ ഇനമായ ചുട്ടുള്ളി മീനിനെക്കുറിച്ച് പറഞ്ഞത് ഫൂഡ് ബ്ലോഗറായ ഒനീൽ സാബു ആണ്. ആ അന്വേഷണവും ചെന്നെത്തിയത് ബ്രണ്ടൻ ബോട്ട്‌യാഡിൽ തന്നെ. ചെറിയ ഉള്ളിയും പുളി യും കല്ലിലിട്ട് ചുട്ടെടുത്ത് അരച്ച് പേസ്റ്റ് ആക്കും. മള്ളറ്റ് അഥവാ തിരുതയിൽ ഈ പേസ്റ്റ് സ്റ്റഫ് ചെയ്ത് ഗ്രിൽ ചെയ്തെടുത്താൽ സംഗതി റെഡി. ആഹാ, രുചിച്ചാൽ പിന്നെ ജീവിതകാലത്ത് നാവിൽ നിന്ന് പോകില്ല ഇവന്റെ രുചി! പട്ടേറ്റോ സ്റ്റ്യൂ, കത്തിരിക്കയും വെണ്ടക്കയും ഇതേ രീതിയില്‍ സ്റ്റഫ് ചെയ്തെടുത്തത്, സാഫ്രൺ സോസ് തുടങ്ങിയ ഇനങ്ങളും ഇതിനൊപ്പം കിട്ടും.

_BAP9992

ബർഗർ സ്ട്രീറ്റിനു തൊട്ടടുത്ത് പ്രിൻസസ് സ്ട്രീറ്റിൽ ഡച്ച് വാസ്തുകലയിലുള്ള കൊഡർ ഹൗസ് കാണാം. ധനികനും ജൂതനുമായ സാമുവൽ കൊഡറുടെ ബംഗ്ലാവായിരുന്നു കൊഡർ ഹൗസ്. ഫോർട്ട് കൊച്ചിയിലേക്ക് വൈദ്യുതി കൊണ്ടുവന്നതും ഗവൺമെന്റിന്  വൈദ്യുതി നൽകിയിരുന്നതും അദ്ദേഹമാണ്. പിന്നീട് ആ അവകാശം ഗവൺമെന്റിനു കൈമാറുകയായിരുന്നു. ഗോദ്റെജിന്റെ ഹോൾസെയിൽ ഡീലർ ആയിരുന്ന അദ്ദേഹം ഡച്ചുകാരിൽ നിന്ന് വാങ്ങിയതാണ് കൊഡർ ഹൗസ്. മൂന്ന് കെട്ടിടങ്ങൾ ചേർന്ന കൊഡറുടെ ഈ കുടുംബവീട് മൂന്ന് വ്യത്യസ്ത ആളുകൾ സ്വന്തമാക്കി. ഇന്നത് ഹോട്ടലുകളാണ്.

_BAP9858

രണ്ടു നിലകളിലായി വിശാലമായ പൂമുഖവും അകത്തളവും ഇന്നത്തെക്കാലത്തെ വീടുകളിൽ കാണുന്ന കിടപ്പുമുറികളുടെ രണ്ടിരട്ടി വലിപ്പമുള്ള കിടപ്പുമുറികളും മട്ടുപ്പാവുമുള്ള പ്രധാന കെട്ടിടമാണ് ടവർ റോഡിലെ കൊഡർ ഹൗസ് എന്ന ബുട്ടീക് ഹോട്ടൽ. തൊട്ടു പുറകിലെ ഭാഗത്തുള്ള ‘ഫോർട്ടെ കൊച്ചി’ ഹോട്ടൽ കൊഡറുടെ ബിസിനസ് സ്ഥാപനം ആയിരുന്നു. പ്രിൻസസ് സ്ട്രീറ്റിനെ കിഴക്ക് ബർഗർ സ്ട്രീറ്റുമായും പടിഞ്ഞാറ് റോസ് സ്ട്രീറ്റുമായും ബന്ധിപ്പിക്കുന്ന രണ്ട് ഇടവീഥികളുണ്ട്. അതിലെ പടിഞ്ഞാറേ ഇടവീഥിക്കു മുകളിലൂടെ, കൊഡർ ഹൗസിന്റെ ഈ രണ്ടു കെട്ടിടങ്ങളെയും കൂട്ടിയിണക്കുന്ന ചെറിയൊരു മേൽപാലമുണ്ട്. അന്നത്തെ കൗതുകക്കാഴ്ചകളിലൊന്നായിരുന്ന ഈ പാലം ഇന്നും കാണാം.

_BAP9941

ജൂതരുചികൾ

സിനഗോഗുകളിൽ മാത്രമേ മിഖ്‌വ (mikveh) അതായത് വിശുദ്ധ ഉറവ കാണാറുള്ളൂ. മിഖ്‌വയിലെ വെള്ളത്തിലാണ് ചടങ്ങുകൾക്കു മുൻപ് ജൂതൻമാർ പരിശുദ്ധി വരുത്തിയിരുന്നത്. ആർത്തവത്തിനു ശേഷം സ്ത്രീകൾ ഈ വെള്ളത്തിൽ മുങ്ങി ശുദ്ധി വരുത്തും.  കുടുംബത്തിന് മാത്രമായി കൊ‍‍ഡർ ഹൗസിൽ മിഖ്‌വ ഉണ്ടായിരുന്നു. അതും, കൊഡർ കുടുംബം ഉപയോഗിച്ചിരുന്ന കിണറും ഇന്ന് ‘ഫോർട്ടെ കൊച്ചി’ നിൽക്കുന്നിടത്താണ്. മിഖ്‌വയോടു ചേർന്ന് ഫോർട്ടെ കൊച്ചിയുടെ പൂൾ ഏരിയയാണ്.

ഗ്രിൽഡ് ഫിഷ്, ബേക്ക്ഡ് ഫിഷ്, ബട്ടർ സോട്ടഡ് വെജിറ്റബ്ൾ, സോട്ടഡ് പട്ടേറ്റോ, തുടങ്ങി ജൂതന്മാരുടെ ഭക്ഷണമെല്ലാം ഒരു ദിവസം മുമ്പേ ഓർഡർ ചെയ്താൽ ഫോർട്ടെ കൊച്ചിയിൽ കിട്ടും. പരമ്പരാഗതമായ കൊച്ചിൻ ജൂത പാചകവിധിയനുസരിച്ചുള്ള വേറെയും ഐറ്റങ്ങളുണ്ടിവിടെ. പ്യൂലിപ് സാലഡ്, മറാക് സൂപ്പ്, പേസ്റ്റൽ, ഫിഷ് സദംബർ, ഇഞ്ചി,ഉള്ളി, വെജ് കോബ്ബ, തേങ്ങാപ്പാലിൽ വേവിച്ചെടുത്ത ചോറ് പ്ലേവ്,  മജ്ബൂസ് തുടങ്ങിയ പ്രത്യേക ഡിഷുകൾ അടങ്ങിയതാണ് ഇവിടത്തെ മെനു. സീഫൂഡ് പ്ലാറ്റർ ആണ് ഫോർട്ടെ കൊച്ചിയുടെ സിഗ്നേചർ ഡിഷ്. ഗ്രിൽഡ് ഐറ്റംസ്, ചെമ്മീൻ തുടങ്ങി വൈവിധ്യമുള്ള പ്രത്യേക സീഫൂഡ് മെനുവും ഇവിടെയുണ്ട്.  ജെട്ടി എന്ന പേരിൽ റസ്റ്ററൻറും ക്ലാസിക്, ഇംപീരിയൽ, സോവറിൻ എന്നീ വിഭാഗങ്ങളിൽ മുറികളും അടങ്ങിയതാണ് ഫോർട്ടെ കൊച്ചി ഹോട്ടൽ. പൂൾ സൈഡിൽ ബ്രേക്ക്ഫാസ്റ്റ്, ഡിന്നർ ഓപ്ഷനും ഉണ്ട്.

_BAP9877

പരിശുദ്ധിയുടെ പ്രതീകമായ ഏഴു മെഴുകുതിരിക്കാലുകൾ എന്നർഥമുള്ള മെനോറ ആണ് കൊഡർ ഹൗസ് ബുട്ടീക് ഹോട്ടലിലെ റസ്റ്ററന്റ്. കൊച്ചിക്കാരുടെയും ജൂതന്മാരുടെയും ഇഷ്ടരുചികൾ ചേർത്തിണക്കി തയാറാക്കിയ സ്പെഷൽ കൊഡർ കൊക്കോ ഡിലൈറ്റ് ഇവിടെയിരുന്നു നുണയാം.  വിശാലമായ ലൈബ്രറിയാണ് കൊഡർ ഹൗസിനെ വേറിട്ടു നിർത്തുന്നത്...

പ്രിൻസസ് സ്ട്രീറ്റും ലവ് സ്റ്റോറിയും

പ്രിൻസസ് സ്ട്രീറ്റ് പണ്ട് പ്രിൻസ് സ്ട്രീറ്റ് ആയിരുന്നു. ബ്രിട്ടിഷ്കാരനായ വില്യം കൈദ് എന്ന കടൽക്കൊള്ളക്കാരൻ 1698ൽ കൊച്ചിയിലെത്തി. അന്നത്തെ ഗവർണറായിരുന്ന വാൻ റീഡിന് അമൂല്യരത്നങ്ങൾ നൽകി കൈദ് സന്തോഷിപ്പിച്ചു. ഒന്നര വർഷത്തോളം കൊച്ചിയിൽ ഒരു രാജാവിനെപ്പോലെ ജീവിച്ച അദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് പ്രിൻസ് സ്ട്രീറ്റ് എന്നു പേരിട്ടത്. ബ്രിട്ടിഷുകാർ പിന്നീടതിനെ പ്രിൻസസ് സ്ട്രീറ്റ് എന്നാക്കി മാറ്റി. അങ്ങനെ രാജകുമാരൻ തെരുവ് രാജകുമാരിത്തെരുവായി.

fort66hjnjn

 ഈ തെരുവിനെ ചുറ്റിപ്പറ്റി ഒരു റൊമാന്റിക് കഥയുമുണ്ട്. തെരുവുകളുടെ കഥ പറയാൻ കൂടെ വന്ന ഗൈഡ് ആന്റണി തൊമ്മൻ ആ  കഥ പറഞ്ഞു. ‘ഹെയ്സൽ എന്ന സുന്ദരിയായ ജൂതപ്പെൺകുട്ടി താമസിച്ചിരുന്ന ബംഗ്ലാവ് ഈ തെരുവിലായിരുന്നു. അതിനു നേരെയുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന അതിസുന്ദരനായ സോളമനുമായി അവൾ പ്രണയത്തിലായി. ആരോടും പറയാതെ അവർ രജിസ്റ്റർ മാരേജ് ചെയ്തു. ഈ കാര്യമറിഞ്ഞ അവളുടെ അമ്മ ഇസ്രയേലിൽ റബ്ബിയായിരുന്ന അച്ഛനെ വിവരമറിയിച്ചു. വിവാഹം റജിസ്റ്റർ ചെയ്തത് മുപ്പതു ദിവസം തികയാൻ ഒരു ദിവസം ബാക്കി നിൽക്കെ അവളുടെ അച്ഛൻ കൊച്ചിയിലെത്തി. സോളമനെ വിളിച്ച് ശാസിച്ചു. ‘നീ തന്ന ഓർമകൾ ഞാൻ എന്നെന്നും സൂക്ഷിക്കും. നമുക്കു പിരിയാം ’എന്നു മാത്രം പറഞ്ഞ് അവർ പിരിഞ്ഞുവത്രേ.’

_BAP9908

കോട്ടപ്പള്ളി എന്ന് കൊച്ചിക്കാർ അടുപ്പത്തോടെ വിളിച്ചിരുന്ന പള്ളിയായിരുന്നു സാന്റാക്രൂസ് കത്തീഡ്രൽ. ഡച്ചുകാർ വന്നതോടെ അവിടത്തെ വലുതും ചെറുതുമായ പത്തോളം പള്ളികള്‍ തകർത്തു. സാന്റാക്രൂസ് കത്തീഡ്രലിനെ അവർ ഗോഡൗണാക്കി. അതിനെ ബ്രിട്ടിഷുകാർ പുതുക്കിപ്പണിതതാണ് ഇന്നത്തെ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്. ഇതിനടുത്തായി 113 വർഷം പഴക്കമുള്ള ആൽമരവും 500 വർഷമായി പ്രവർത്തിക്കുന്ന ഫോർട്ട്കൊച്ചിയിലെ ആദ്യ പോസ്റ്റ് ഓഫിസുമുണ്ട്.  ഹോർത്തൂസ് മലബാറിക്കൂസ്സിന്റെ രചന നടന്ന ഡേവിഡ് ഹാൾ മനോഹരമായ കോഫി ഷോപ്പാണിന്ന്.  

പീറ്റർസെല്ലി സ്ട്രീറ്റ്, ക്യൂറോ സ്ട്രീറ്റ്, ലില്ലി സ്ട്രീറ്റ്, നേപ്പിയർ സ്ട്രീറ്റ്, ആദ്യത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളായ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ നിൽക്കുന്ന ബാസ്റ്റ്യൻ സ്ട്രീറ്റ്... തെരുവുകൾ ഇനിയുമുണ്ട്.

_BAP9930

ഫോർട്ട് കൊച്ചിയിലെ ഏറ്റവും പ്രായമേറിയ ഹോട്ടൽ ‘എക്സ് എൽ’ റോസ് സ്ട്രീറ്റിലാണ്. റോസ് സ്ട്രീറ്റിന്റെ അങ്ങേയറ്റത്തു കാണാം ബിഗ് ബിയിലെ മേരിടീച്ചറുടെ വീടായ വാസ്കോ ഹൗസ്. അടുത്ത തെരുവിൽ നമ്മുടെ പ്രിയഗന്ധർവൻ വളർന്ന വീടും ഗന്ധർവന്റെ അ മ്മ നട്ട മുത്തശ്ശിമാവും പറയും കുറെ കഥകൾ. ഫോർട്ട് കൊച്ചിയിലെ ഓരോ തെരുവിലുമുണ്ട് ജീവിക്കുന്ന സ്മാരകങ്ങളും ഉറങ്ങുന്ന കുറേ കഥകളും.

Tags:
  • Food and Travel
  • Manorama Traveller
  • Kerala Travel