ലോക്ഡൗൺ കഴിഞ്ഞ് ഓരോ ദിവസം പിന്നിടുമ്പോഴും കോവിഡിന്റെ ‘സൈഡ് ഇഫക്ട്സ്’ സഞ്ചാരികളുടെ സാമ്പത്തിക നില തെറ്റിക്കുന്നു. ഏപ്രിൽ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വർഷം വിമാനയാത്രാ കൂലിയിൽ വലിയ വർധന. ‘എയർ സെക്യൂരിറ്റി ഫീസ്’ (എഎസ്എഫ്) വർധന നടപ്പാക്കിയത് വിമാന യാത്രക്കാർക്ക് അമിതഭാരം ഏൽപ്പിക്കുന്നു. ഇന്ത്യയിലെ യാത്രയ്ക്ക് നാൽപതു രൂപയും രാജ്യാന്തര യാത്രയ്ക്ക് 114.38 രൂപയും വീതം എഎസ്എഫ് വർധിപ്പിക്കാനാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് നിർദേശം.
നിലവിലെ തുകയിൽ നാൽപതു രൂപ വർധിപ്പിച്ചതോടെ ഇന്ത്യയിൽ വിമാനയാത്രയ്ക്ക് ഇനി മുതൽ 200 രൂപ സെക്യൂരിറ്റി ഫീസ് നൽകേണ്ടി വരും. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനു യാത്രക്കാരിൽ നിന്നു ശേഖരിക്കുന്ന ഫണ്ടാണ് എയർ സെക്യൂരിറ്റി ഫീസ്. യാത്രാ ടിക്കറ്റിലാണ് ഇത് ഈടാക്കുക.
സെക്യൂരിറ്റി ഫീസിൽ നിന്ന് ഒഴിവാക്കിയ ടിക്കറ്റുകൾ: രണ്ടു വയസ്സിൽ താഴെയുള്ളവർ, ഡിപ്ലൊമാറ്റിക് പാസ്പോർട് ഉടമകൾ, എയർലൈൻസ് ജോലിക്കാർ, ഇന്ത്യൻ വ്യോമസേനയുടെ പ്രതിനിധികൾ, യുഎൻ ചുമതലയുള്ളവർ, ട്രാൻസ്ഫർ, നാടുകടത്തലിനു വിധേയർ – ബുക്കിങ് സമയത്ത് വിശദവിവരങ്ങൾ നൽകിയാൽ ഇവർക്ക് എയർ സെക്യൂരിറ്റി ഫീസ് ഇളവ് ലഭിക്കും.
കോവിഡ് ലോക്ഡൗണിനു ശേഷം രാജ്യാന്തര സർവീസുകൾ പൂർണമായും ആരംഭിക്കുന്നതിനു മുൻപാണ് ടിക്കറ്റ് നിരക്കിൽ അമിതഭാരം വരുന്നത്. സർവീസ് നടത്തുന്ന വിമാനങ്ങളിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇരുപതു ശതമാനം സീറ്റുകൾ ഒഴിവാക്കിയാണ് ബുക്കിങ്. അതേസമയം, കോവിഡ് രണ്ടാം ഘട്ടം വ്യാപനത്തിനുള്ള സാധ്യതയുള്ളതിനാൽ വിമാന സർവീസ് ഉടൻ ലാഭകരമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.