Wednesday 24 February 2021 12:42 PM IST

ശാന്തം , സുന്ദരം ; ജാനകിക്കാട്

Akhila Sreedhar

Sub Editor

Janaki 1

ഭൂമിയ്ക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു,

ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ’...

ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന സൂര്യരശ്മികളെ മറച്ചുകൊണ്ട് ഇലകൾ ഒരു പ്രണയത്തിന് കൂട്ടുനിൽക്കുകയാണ്. കർക്കശക്കാരനായ അച്ഛനെ പോലെ മുഖം ചുവപ്പിക്കുന്ന സൂര്യൻ. അനുസരണയില്ലാത്ത കൗമാരം പേറി പേരറിയാത്ത കാട്ടുമരങ്ങൾ പ്രണയത്തിലലിഞ്ഞ് വേരുകൾ കൊണ്ട് കെട്ടിപ്പുണരുന്നു. പരാതിയും പരിഭവവും ഏങ്ങലടക്കി കരയുന്ന അമ്മയെ പോലെ കാറ്റ്. കാലമാകുന്ന പുഴ എല്ലാം കണ്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു... ഈ കാഴ്ചകളാണ് ചവറമ്മുഴി പാലത്തിനപ്പുറമുള്ള ജാനകിക്കാട് സഞ്ചാരികൾക്കായി കാത്തുവയ്ക്കുന്നത്. കുറ്റ്യാടിപ്പുഴ പെറ്റിട്ട കാടിന്റെ തണുപ്പിലേക്കാണ് യാത്ര. കോഴിക്കോട് നഗരത്തിൽ നിന്ന് ഉദ്ദേശം 54 കിലോമീറ്റർ അകലെ മരുതോങ്കര ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്യമൃഗങ്ങളില്ലാത്തതിനാൽ പേടികൂടാതെ ഏവർക്കും കാടിന്റെ തനത് ഭംഗി ആസ്വദിക്കാം.

Janaki 5

പ്രകൃതിയുടെ കാൻവാസ്

കോഴിക്കോട് നിന്ന് പേരാമ്പ്ര– കടിയങ്ങാട് – പാലേരി റൂട്ടിൽ ജാനകിക്കാട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. പാലേരി മാണിക്യം എന്ന സിനിമയിലൂടെ പരിചിതമായ പാലേരിയിൽ നിന്ന് അഞ്ച് കിലോമീറ്ററേയുള്ളൂ ജാനകിക്കാട്ടിലേക്ക്. വഴി അവസാനിക്കുന്നത്, കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ 100 മീറ്റർ നീളത്തിലുള്ള ചവറമ്മുഴി പാലത്തിലാണ്.പാലം കടന്ന് അപ്പുറമെത്തിയാൽ ഇടതുഭാഗത്തായി കൂറ്റനൊരു ചിതൽപ്പുറ്റ് കാണാം. ഒറിജിനൽ അല്ലെന്ന് മനസ്സിലാക്കാൻ ഒന്നു സൂക്ഷിച്ച് നോക്കേണ്ടി വരും. മുൻപ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്നത് ചിതൽപ്പുറ്റിന്റെ മാതൃകയിൽ ഉണ്ടാക്കിയ ഈ മുറിയിലായിരുന്നു. ഇപ്പോൾ ഉപയോഗശൂന്യമായി അടച്ചിട്ടിരിക്കുന്നു. കാടിന്റെ മിടിപ്പ് തൊട്ടറിയാൻ കാടിനെ പൂർണമായും അടുത്തറിഞ്ഞ ഒരാളുടെ സഹായം വേണം. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വച്ച് ഗൈഡ് രാജനെ പരിചയപ്പെട്ടു.

കല്ലുപാകിയ വഴി. ഉദ്ദേശം ഒന്നരകിലോമീറ്റർ നടക്കാനുണ്ട്. വഴിയോരം പല ഭാഗങ്ങളിലായി കാടിന്റെ തണുപ്പ് ആസ്വദിച്ചിരിക്കാൻ ഇരിപ്പിടങ്ങളുണ്ട്. കുളിക്കടവ് എന്ന് വിളിക്കുന്ന ഒരു ഭാഗത്ത് എത്തിയപ്പോൾ രാജൻ ജാനകിക്കാടിനെ കുറിച്ച് പറയാൻ തുടങ്ങി. ‘ 131 ഹെക്ടർ കാടുണ്ട്. മുൻ കേന്ദ്രമന്ത്രി വി.കെ കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകി അമ്മയുടെ പേരിലുള്ള എേസ്റ്ററ്റായിരുന്നു ഇത്. അങ്ങനെയാണ് ജാനകിക്കാട് എന്ന പേര് വന്നത്. കാലങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ ഭൂമി സർക്കാറിന്റേതായി. 2008 ലാണ് ഇവിടം ഇക്കോ ടൂറിസം സെന്റർ ആയി പ്രഖ്യാപിക്കുന്നത്. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപ്പെടുന്ന ഇടമാണ്. വന്യജീവികൾ ഇല്ല എന്നതാണ് ഈ കാടിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ പേടിക്കൂടാതെ സഞ്ചാരികൾക്ക് കാടിന്റെ ഭംഗി ആസ്വദിക്കാം.’

Janaki 3

മരങ്ങളെ കൊല്ലുന്ന കോളി

Janaki 4

പ്രധാനനടപ്പാതയിൽ നിന്ന് നോക്കിയാൽ ആരൊക്കെയോ നടന്നുനടന്ന് ഉണ്ടാക്കിയെടുത്ത കാട്ടുവഴികൾ കാണാം. അങ്ങനെ ഒരു വഴിയേ നടന്നു. പുഴയോട് ചേർന്ന ബീച്ച് പോലെ തോന്നിക്കുന്ന കരയിലേക്കാണ് എത്തിയത്. കണ്ടലും അതുപോലുള്ള നിരവധി മരങ്ങളും നിറഞ്ഞു നിൽക്കുന്ന വെള്ളമണൽ പ്രദേശം. ഇവിടെ പുഴയ്ക്ക് ആഴം കുറവാണ്. പ്രളയകാലത്ത് വെള്ളം ഉയർന്ന കണക്ക് മനസ്സിലാക്കി തരാൻ മരങ്ങൾക്ക് മുകളിലുള്ള പ്ലാസ്റ്റിക് കവറുകൾ ഗൈഡ് ചൂണ്ടിക്കാട്ടി. എത്രയധികം പ്ലാസ്റ്റിക്ക് കവറുകളാണ് മരങ്ങൾക്ക് മുകളിൽ! പുഴയൊന്ന് സ്വയം വൃത്തിയായതാകും.

തിരിച്ച് പ്രധാനനടപ്പാതയിലേക്കെത്തി. കുറച്ച് ദൂരം മുന്നോട്ട്. ഒരു മരത്തിനുമുകളിൽ ശിൽപം കൊത്തി വച്ച പോലെ പടര്‍ന്ന വള്ളിപ്പടർപ്പുകളിൽ കണ്ണുടക്കി. വലിയ വലകണ്ണികൾ പോലെ ഒരു മരം. കൗതുകത്തോടെ നോക്കുന്നത് കണ്ട് ഗൈഡ് ആ മരത്തെ കുറിച്ച് വിശദീകരിച്ചു. ‘ അവിടെയൊരു മരമുണ്ടായിരുന്നു. വണ്ണമുള്ള വർഷങ്ങൾ പഴക്കമുള്ള മരം. മനുഷ്യശരീരത്തിൽ കാൻസർ പിടിക്കില്ലേ. അതുപോലെ മരങ്ങളെ കൊല്ലുന്ന ഒരു ചെടിയാണ് കോളി. ആ മരത്തിൽ കോളി വളരാൻ തുടങ്ങി. അഭയം കൊടുത്ത വലിയമരത്തെ ചുറ്റിപിണഞ്ഞ് അതങ്ങനെ വളരും. വർഷങ്ങൾ കഴിയുമ്പോൾ അഭയം കൊടുത്ത മരം പാടെ നശിക്കും. കോളി മരത്തിന്റെ ആകൃതിയിൽ ബാക്കിയാകും. കാണാൻ നല്ല ഭംഗിയാണ് പക്ഷേ ആള് കഥയിലെ വില്ലനാണെന്ന് മാത്രം. ’

കാട് എന്ന മരുന്ന് കട

മണ്ണിൽ ചിത്രം വരച്ചതുപോലെ കെട്ടിപ്പിണഞ്ഞ് കിടക്കുന്ന മരത്തിന്റെ വേരുകൾ. കാടിന്റെ നിശബ്ദതയെ കീറിമുറിച്ചൊരു ശബ്ദം. കോഴിവേഴാമ്പൽ ഇണയെ വിളിക്കുകയാണ്. ഇലയനക്കം ശ്രദ്ധിച്ച് ആളെ കണ്ടെത്തി. സെക്കന്റുകളുടെ വ്യത്യസത്തിൽ പച്ചപ്പിനിടയിൽ മറഞ്ഞു. വീണ്ടു നടപ്പ് തുടങ്ങി. ‘മരുത്, വെൺതേക്ക്, ഇരൂൾ തുടങ്ങിയവയാണ് ഇവിടെ കൂടുതൽ കാണുന്ന മരങ്ങൾ. ഇതിൽ വെൺതേക്ക് ‘കാട്ടിലെ നഗ്നസുന്ദരി’ എന്നാണ് അറിയപ്പെടുന്നത്. അതിന്റെ തൊലി അടർന്ന് കഴിഞ്ഞാൽ പിന്നെ വെളുത്ത നിറമാണ് തടിയ്ക്ക്. 77 തരം പക്ഷികളെയും 120 ഇനം പൂമ്പാറ്റകളും ഇവിടെയുണ്ട്. ഡിസംബർ – മെയ് മാസമാണ് സഞ്ചാരികൾ കൂടുതലെത്തുന്ന സീസൺ’. ഗൈഡ് പറയുന്നു.

Janaki 2

ഇഞ്ചവള്ളികൾ നിറഞ്ഞ ഭാഗത്തെത്തിയപ്പോൾ കാടിനുള്ളിലെ ഔഷധസമ്പത്തിനെ കുറിച്ച് രാജൻ വാചാലനായി. ‘ഈ ഇഞ്ച തേച്ച് കുളിച്ചാൽ ത്വക്ക് സംബന്ധമായ രോഗങ്ങളെല്ലാം മാറും. ഓർമക്കുറവിന് കരിമുത്തിൾ, ഹെർണിയ എന്ന അസുഖമില്ലേ അതിന്റെ മരുന്നാണ് ഈ കഴഞ്ചിക്കായ, ശ്വാസകോശസംബന്ധിയായ അസുഖങ്ങൾക്ക് നീറ്റം, രക്തസമർദ്ദത്തന് സർപ്പഗന്ധി, കാല് വിണ്ട് കീരുന്നതിന് കരിനാരകത്തിന്റെ ഇല...അങ്ങനെ കുറേയുണ്ട്. വലിയൊരു മരത്തിന്റെ ചുവട്ടിൽ കുറച്ചുനേരം നിന്നു. ഇതാണ് കാഞ്ഞിരം. പണ്ടത്തെ ആളുകൾ പറയും കുട്ടിച്ചാത്തൻ ഇതിന്റെ മുകളിലാണ് വസിക്കുന്നത്. അതിനാൽ കാഞ്ഞിരം വെട്ടികളയരുതെന്ന്. എന്നാൽ അതിനു പിന്നിലെ ശാസ്ത്രം എന്താണെന്നോ. കാഞ്ഞിരത്തിന് അത് നിൽക്കുന്ന മണ്ണിലെ വിഷാംശം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കാഞ്ഞിരത്തിന്റെ കയ്പ്പിന് കാരണവും അതാണ്. 2000 വർഷം പഴക്കമുള്ള തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രമാണ് കാടിനുള്ളിലെ മറ്റൊരു കാഴ്ച. പച്ചപ്പിന്റെ തണുപ്പിൽ ഉദ്ദേശം ഒന്നര കിലോമീറ്റർ നടന്നു. ഇനി മടക്കം. കാടിനുള്ളിലെ പേരറിയാത്ത ശബ്ദങ്ങൾ പിന്നിലാകുന്നു. കുറ്റ്യാടിപ്പുഴ ഒഴുകുന്ന ശബ്ദം കേൾക്കാം. തിരിച്ച് ടിക്കറ്റ് കൗണ്ടറിനടുത്തെത്തി. കവാടം കടന്നതും അത്ര നേരം ആസ്വദിച്ച കാടിന്റെ തണുപ്പിനെ ഒറ്റ നിമിഷം കൊണ്ട് സൂര്യൻ ഉരുക്കിക്കളഞ്ഞു. വീണ്ടും കുടയുടെ തണലിലേക്ക്...