Wednesday 04 November 2020 12:57 PM IST

കേരളത്തി‍നു സ്വന്തമായി സോളാർ ട്രെയിൻ: സ്ഥലങ്ങൾ കാണാം വൈദ്യുതിയും ഉൽപാദിപ്പിക്കും

Baiju Govind

Sub Editor Manorama Traveller

solar2

തിരുവനന്തപുരത്ത് വേളി ടൂറിസ്റ്റ് വില്ലേജിൽ സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ടോയ് ട്രെയിൻ ഓടി തുടങ്ങുന്നു. രണ്ടു ബോഗികളുള്ള ട്രെയിനിൽ നാൽപത്തഞ്ചു പേർക്ക് യാത്ര ചെയ്യാം. വേളിയിലും പരിസരത്തുമായി രണ്ടു കിലോമീറ്ററാണ് ടോയ് ട്രെയിൻ സഞ്ചരിക്കുക. അനുബന്ധമായി മിനിയേച്ചർ സോളാർ റെയിൽവേ േസ്റ്റഷൻ നിർമിച്ചിട്ടുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബിക്ക് കൈമാറാനാണു തീരുമാനം. അറുപതു കോടി രൂപ ചെലവിൽ വേളിയിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമാണു സൗർജ ട്രെയിൻ. രാജ്യത്തെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ ട്രെയിനാണ് ഇതെന്നു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അര്‍ബന്‍ പാര്‍ക്ക്, നീന്തല്‍ക്കുളം എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന്‍ സെന്റര്‍, ആര്‍ട് കഫേ, അര്‍ബന്‍ വെറ്റ്ലാന്‍ഡ് നാചുറല്‍ പാര്‍ക്ക് എന്നിവ ഉൾപ്പെടുന്നതാണ് വേളി ടൂറിസം വില്ലേജ് പദ്ധതി.

solar1

ടോയ് ട്രെയ്ന്‍, റെയിൽവേ ട്രാക്ക്, േസ്റ്റഷന്‍, സ്റ്റീല്‍ ബ്രിഡ്ജ് എന്നിവ സോളാർ എനർജിയിലാണ് പ്രവർത്തിക്കുക. പത്തുകോടി രൂപ ചെലവിലാണ് മിനിയേച്ചര്‍ റെയില്‍വേ നിർമിച്ചതെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വേളിയെ രാജ്യാന്തര നിലവാരമുള്ള ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കുന്നതാണ് പുതിയ പദ്ധതി. അതിന്റെ ഭാഗമായി വേളി ടൂറിസ്റ്റ് വില്ലേജ്  പ്രവേശന കവാടത്തിനു സമീപം ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റർ സ്ഥാപിക്കും.

അര്‍ബന്‍ പാര്‍ക്കാണ് മറ്റൊരു നിർമിതി. പ്രവേശന കവാടം, ആംഫി തിയേറ്റര്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, സ്ട്രീറ്റ് ലൈറ്റ്, സ്ട്രീറ്റ് ഫര്‍ണിച്ചര്‍, വൈദ്യുതീകരണം, ചുറ്റുമതില്‍, ലാന്‍ഡ്സ്കേപ്പിംഗ്, കുട്ടികളുടെ കളിസ്ഥലം എന്നിവയാണ് അർബൻ പാർക്കിലുള്ളത്.