ഒരു വർഷത്തെ പ്രതിന്ധിയിൽ നിന്നു കരകയറാനുള്ള ശ്രമത്തിനിടെ ടൂറിസം മേഖലയ്ക്ക് കോവിഡ് രണ്ടാം തരംഗം കനത്ത തിരിച്ചടിയായി. മൂന്നാർ, ആലപ്പുഴ ഉൾപ്പെടെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ആളില്ലാതെ ആഘോഷിച്ച തൃശൂർ പൂരത്തിനു പിന്നാലെ നെഹ്‌റു ട്രോഫി വള്ളംകളി ഇക്കുറിയും തടസ്സപ്പെടുമെന്ന് ആശങ്ക. മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങി ഉത്തരേന്ത്യയിലെ പ്രശസ്ത ഡെസ്റ്റിനേഷനുകളും താൽക്കാലികമായി താഴിട്ടു. പതിനൊന്നു വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി. കേരളം വിനോദസഞ്ചാരികളെ വരവേറ്റിരുന്ന സമ്മർ – മൺസൂൺ സീസൺ ഇത്തവണയും നഷ്ടപ്പെടുമെന്ന് ആശങ്ക.
ജനിതക വകഭേദം സംഭവിച്ച വൈറസ് വ്യാപനത്തെ തുടർന്നു ബ്രിട്ടനിലും ബ്രസീലിലും കോവിഡ് രണ്ടാം തരംഗത്തിൽ ടൂറിസം മേഖല ആറു മാസം പൂർണമായും അടച്ചിട്ടു. കോവിഡ് 19ദക്ഷിണാഫ്രിക്കൻ വകഭേദം, പാലക്കാട് ജില്ലയിലും യുകെ വകഭേദം കോട്ടയത്തും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചതോടെ പ്രതീക്ഷകൾക്കു മീതെ നിഴൽ വീഴുന്നു. കേരളത്തിലെ പതിമൂന്നു ജില്ലകളിലും ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
കേരളത്തിൽ വള്ളംകളിയെ നെഞ്ചോടുചേർത്ത ആയിരക്കണക്കിനു ജലോത്സവ പ്രേമികളെ നിരാശരാക്കികൊണ്ടാണു 2020 കടന്നുപോയത്. മത്സരങ്ങൾ മുടങ്ങിയതിനാൽ വള്ളം ഉടമകളും ബോട്ട് ക്ലബ്ബുകളും സംഘാടകരും പ്രതിസന്ധിയിലായി. ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അടക്കമുള്ള മത്സര വള്ളംകളികൾക്കായി ടീമിനെ ഒരുക്കിയ ക്ലബുകൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. കുമരകത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരും മറ്റു ജോലികളിലേക്കു തിരിഞ്ഞു. 120 വഞ്ചിവീടുകളാണ് കുമരകത്ത് ഉള്ളത്. രണ്ടാം തരംഗം കോവിഡിനെ തുടർന്ന് പുതുതായി ലഭിച്ച 78 ബുക്കിങ് റദ്ദാക്കിയെന്നു കുമരകത്തെ റിസോർട്ടുകൾ അറിയിച്ചു.
സാഹചര്യം തീർത്തും പ്രതികൂലമായതോടെ ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പ്രഖ്യാപിച്ച ബസ് യാത്രയും അനിശ്ചിതത്വത്തിലായി. 2020 ഓഗസ്റ്റിലാണു ഗുരുഗ്രാം ആസ്ഥാനമായ അഡ്വഞ്ചേഴ്സ് ഓവർലാൻഡ് കമ്പനി റോഡ് മാർഗം ലണ്ടൻ യാത്ര പ്രഖ്യാപിച്ചത്. 2021 മേയിൽ ഡൽഹിയിൽ നിന്നു ലണ്ടനിലേക്ക് ബസ് പുറപ്പെടുമെന്നാണു കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ കേവിഡ് രണ്ടാം തരംഗത്തെ തുടർന്നു ഡൽഹി–ലണ്ടൻ ബസ് യാത്രയുടെ ആദ്യ പതിപ്പ് 2022 ഏപ്രിലിലേക്കു നീട്ടിവയ്ക്കുകയാണെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻ അറിയിച്ചു.