ഹിമാചൽപ്രദേശിലെ ആരോഗ്യപ്രവർത്തകർ വലിയ ആശ്വാസത്തിലാണ്. കാടും മലയും നടന്നു കയറേണ്ടി വന്നെങ്കിലും അവർ പൂർത്തിയാക്കിയതു വലിയൊരു ദൗത്യമാണ്. കോമിക് ഗ്രാമത്തിലെ ഗോത്രവർഗക്കാരിൽ 44 വയസ്സു കഴിഞ്ഞവരെയെല്ലാം കണ്ടെത്തി കോവിഡ് വാക്സിനേഷൻ നടത്തി. ഇതിലെന്താണു പുതുമയെന്നു ചോദിക്കാൻ വരട്ടെ. ലോകത്ത് ഏറ്റവും ഉയരമേറിയ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമാണു കോമിക്. ഹിമാചൽ പ്രദേശിലെ വനമേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലം. അങ്ങനെയൊരു ഗ്രാമത്തിൽ ആളുകളെ കണ്ടെത്തുക നിസ്സാര കാര്യമില്ല. തദ്ദേശ വാസികളെ കണ്ടെത്തിയാൽ തന്നെ കാര്യം പറഞ്ഞു മനസ്സിലാക്കി അവരുടെ ശരീരത്തിൽ സൂചി കുത്തുക കഠിന പ്രയത്നം ആവശ്യമുള്ള ജോലിയാണ്. എന്തായാലും, സാമൂഹികാരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ മെഡിക്കൽ സംഘം കോമിക് ഗ്രാമത്തിൽ എത്തി. അവിടെയുള്ള 44 വയസ്സു പൂർത്തിയാക്കിയ എല്ലാവർക്കും കോ വാക്സിൻ രണ്ടു ഡോസ് കുത്തിവച്ചു.
‘കോമിക് ’ എന്നാണു പേരെങ്കിലും ഗ്രാമത്തിലെ താമസക്കാർ തമാശക്കാരല്ല. ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ സ്പിതി വാലി സന്ദർശിച്ചിട്ടുള്ളവർ അതു തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം ഗ്രാമത്തിലുള്ളവരെയല്ലാതെ മറ്റാരെയും കോമിക് ഗ്രാമത്തിലുള്ളവർ വീട്ടിൽ കയറ്റില്ല. ഇതര ദേശക്കാരുമായി അടുത്ത് ഇടപഴകാനും അവർക്കു താൽപര്യമില്ല. അറുപതിലേറെ കുടുംബങ്ങളിലായി ആകെ ഇരുനൂറിൽ താഴെ ആളുകളേ അവിടെയുള്ളൂ. പക്ഷേ, ‘തെക്കോട്ടു പിടിച്ചാൽ വടക്കോട്ട് നടക്കുന്നവർ’ സ്വന്തം രീതികളിൽ നിന്നു മാറ്റാൻ കഴിയാത്ത വിധം ശീലങ്ങൾ പിൻതുടരുന്നവരാണ്. അവിടെ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കിയവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
ലാങ്സ പഞ്ചായത്ത് അംഗങ്ങളോടൊപ്പമാണ് ആരോഗ്യ പ്രവർത്തകർ കോമിക് ഗ്രാമത്തിൽ പോയത്. സാമൂഹിക പ്രവർത്തകരും കൂടെയുണ്ടായിരുന്നു. കോമിക് ഗ്രാമത്തിൽ ഇന്റർനെറ്റ് കവറേജ് ഇല്ലാത്തതിനാൽ ലാങ്സയിൽ നിന്നു പുറപ്പെടുന്നതിനു മുൻപ് കോവിൻ പോർട്ടലിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്തു. വാക്സിൻ സുരക്ഷിതമായി പായ്ക്ക് ചെയ്ത ശേഷം ‘ലോകത്ത് എറ്റവും ഉയരമേറിയ വാഹന പാത’യിലേക്കു നീങ്ങി. കോമിക് ഗ്രാമത്തിലെ റോഡുകൾ 14400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും ഉയരമേറിയ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് കോമിക് ഗ്രാമത്തിലാണ്. 44 – 50 വയസ്സുള്ള നൂറ്റൻപതു പേർ കോമിക് ഗ്രാമത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അവരെയെല്ലാം തിരഞ്ഞു കണ്ടെത്തി കുത്തിവയ്പു നടത്തി. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് ലാങ്സയിലെ സാമൂഹിക പ്രവർത്തക പദ്മ പറയുന്നു. കോമിക് പോലെ തന്നെയുള്ള മറ്റൊരു ഗ്രാമമായ ഹിക്കിമിൽ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായിരുന്നു പദ്മ. മുതിർന്നവർ വാക്സിനേഷൻ നടത്താൻ തയാറായതോടെ യുവാക്കളും കുത്തിവയ്പ്പിനു തയാറായെന്നു പദ്മ പറയുന്നു.
ഹിമാചൽപ്രദേശ് സന്ദർശകരുടെ പ്രിയപ്പെട്ട സ്ഥലമാണു സ്പിതി വാലി. സ്പിതിയിൽ നിന്നു പുറപ്പെടുന്ന പാതകൾ മലഞ്ചെരിവിലെ ഗ്രാമങ്ങളിലാണ് അവസാനിക്കുന്നത്. അതിൽ ഏറ്റവും മനോഹരമായ സ്ഥലമാണു കോമിക്. വർഷം മുഴുവൻ മഞ്ഞു വീഴുന്ന താഴ്‌വര സ്വപ്നലോകം പോലെയാണ്. അവിടെയുള്ളവർ ആശുപത്രിയിൽ പോകാറില്ല. അഥവാ, അവിടെ ആരെയെങ്കിലും ആശുപത്രിയിൽ എത്തിക്കണമെങ്കിൽ കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ലാങ്സയിൽ എത്തണം.