കോവിഡ് വ്യാപനത്തിനു ശേഷം ഉണ്ടായ ലോക്ഡൗൺ ലോകം മുഴുവൻ മനുഷ്യരെ പലവിധത്തിലാണു ബാധിച്ചിട്ടുള്ളത്. രോഗം ബാധിച്ചവർ ശാരീരികമായി തളർന്നപ്പോൾ വീട്ടിൽ അടച്ചിരുന്നവർ മാനസികമായി ‘തളർന്നു’. പലർക്കും ലക്ഷ്യത്തിൽ എത്താനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതായി ഗവേഷകർ വിലയിരുത്തുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ദിവസങ്ങളുടെ തനിയാവർത്തനം മനസ്സു മരവിപ്പിച്ചതായി നിങ്ങൾക്കു തോന്നിയോ? എങ്കിൽ വീടിനടുത്തുള്ള പുഴയിലോ തടാകത്തിലോ അൽപനേരം നീന്താൻ നിർദേശിക്കുന്നു ബ്രിട്ടിഷ് മെഡിക്കൽ ജേണൽ. പ്രകൃതി ഒരുക്കിയിട്ടുള്ള ‘സൗജന്യ ചികിത്സ’യാണത്രേ ഇത്. വെള്ളച്ചാട്ടം, തടാകം, കടൽ, പുഴ, തോട്, അരുവി... ഇത്തരം സ്ഥലങ്ങളിൽ നീന്തുന്നത് മാനസികാരോഗ്യം ശക്തിപ്പെടുത്തുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. നീന്തൽ അറിയാത്തവർ സുരക്ഷിതരമായി വെള്ളത്തിൽ ഇറങ്ങി ജലകേളികളിൽ ഏർപ്പെടുന്നതു മാനസികദൗർബല്യത്തിനു ചികിതിത്സയാണ്.
കോവിഡ് വ്യാപനത്തിനു ശേഷം പ്രദേശിക ടൂറിസത്തിന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടന 2020 മാർച്ചിൽ വിശദീകരിച്ചിരുന്നു. സുരക്ഷിതമായ രാജ്യാന്തര യാത്ര എപ്പോൾ സാധ്യമാകുമെന്നു പ്രവചിക്കാൻ 2021 ജൂണിലും സാധ്യമല്ല. ഉല്ലാസ യാത്രകൾ സ്വന്തം നാട്ടിൽ രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ ഒതുക്കേണ്ടി വരുന്നു. ഗ്രാമങ്ങളിൽ കുളങ്ങളുണ്ട്. നഗരങ്ങളിൽ നദിയും കുളിക്കടവുമുണ്ട്. മലയോരങ്ങളിൽ വെള്ളച്ചാട്ടമുണ്ട്. സുരക്ഷിതമായി നീന്താൻ സൗകര്യമുള്ള തടാകവും തോടുമുണ്ട്. ഈ സ്ഥലങ്ങൾ വിനോദയാത്രയ്ക്കു തിരഞ്ഞെടുക്കാം.
ചെലവു കുറഞ്ഞ വിനോദസഞ്ചാരമാണു നീന്തൽ. പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന വിനോദം. ഗാർഡിന്റെ നിയന്ത്രണവും മുന്നറിയിപ്പും ഇല്ലാതെ സുരക്ഷിതമായി നീന്താൻ അനുയോജ്യമായ സ്ഥലങ്ങളിലാണു നീന്തേണ്ടത്. മൺസൂൺ ആരംഭിച്ചു. വെള്ളക്ഷാമം ഇനിയില്ല. പ്രകൃതിയിലേക്ക് ഇറങ്ങുക. തണുത്ത വെള്ളത്തിൽ നീരാടുക – സ്വിമ്മിങ് സംഘങ്ങൾ പറയുന്നു. ആയിരക്കണക്കിന് ചിന്തകളിൽ ‘ചൂടു പിടിച്ച’ ശിരസ്സിനെ തണുത്തവെള്ളം തണുപ്പിക്കട്ടെ. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്വിമ്മിങ് സൊസൈറ്റികളുണ്ട്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ സംഘം ചേർന്നുള്ള യാത്രകൾ സാധ്യമാകും. അതിനു ശേഷം പ്രകൃതിയിലെ നീന്തൽക്കുളങ്ങളിലേക്കു നീങ്ങിക്കോളൂ. മനസ്സും ശിരസ്സും തണുക്കട്ടെ, പുതിയ തുടക്കത്തിന് ഉന്മേഷം ലഭിക്കട്ടെ...