താഴേയ്ക്കു നോക്കുന്നവരുടെ ഹൃദയസ്പന്ദനം നിലയ്ക്കുന്നത്രയും ഉയരത്തില്‍ ഒരു പാലം. രണ്ടു മലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. തൂക്കുപാലമെന്നു വിശേഷിപ്പിക്കാം. താങ്ങി നിര്‍ത്താന്‍ തൂണുകള്‍ ഇല്ലാതെയുള്ള നിര്‍മാണമല്ല ഈ പാലത്തിന്റെ സവിശേഷത. 516 മീറ്ററാണ് (1693 അടി) പാലത്തിന്റെ നീളം. ലോകത്ത് ഏറ്റവും നീളമേറിയ പാലം ഇതാണെന്ന് യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ എഴുതി. പോര്‍ച്ചുഗലിന്റെ തെക്കുഭാഗത്തു അറൗക ഗ്രാമത്തിലാണ് വിനോദസഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഈ കൗതുകം.
പോര്‍ച്ചുഗലിലെ വടക്കന്‍ പ്രദേശത്തു 'മെട്രോപൊളിറ്റന്‍' എന്നു വിശേഷിപ്പിക്കാവുന്ന പട്ടണമാണ് അറൗക. യൂറോപ്യന്‍ ജിയോപാര്‍ക്‌സ് നെറ്റ്വര്‍ക്കിലും ഗ്ലോബല്‍ ജിയോപാര്‍ക്‌സ് നെറ്റ്വര്‍ക്കിലും അംഗത്വമുള്ള പ്രദേശമാണ് ഇവിടം. ഗ്രാമഭംഗി ആസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകള്‍ എത്തിയിരുന്നു. എന്നാല്‍, കോവിഡ് മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്നു സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ പുതിയ ഡെസ്റ്റിനേഷനുകള്‍ക്കു സാധിക്കുമെന്നു ടൂറിസം വിദഗ്ധര്‍ നിര്‍ദേശിച്ചു. പാലം ഉദ്ഘാടനം ചെയ്ത് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്രെച്ചനേയും സെര്‍മാട്ടിനേയും ബന്ധിപ്പിക്കുന്ന ചാള്‍സ് ക്വോനെന്‍ സസ്‌പെന്‍ഷന്‍ ബ്രിജിനെ പിന്‍തള്ളിയാണ് അറൗകയിലെ ബ്രിജ് നീളത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നദിയുടെ മുകള്‍ ഭാഗത്തായി രണ്ടു മലകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മിച്ചിട്ടുള്ളത്. നദിയില്‍ നിന്നു 175 മീറ്റര്‍ ഉയരത്തിലാണ് പാലം. ഒരു വശത്തു നിന്നു മറുകരയില്‍ എത്താന്‍ പത്തു മിനിറ്റു നടക്കണം.
രണ്ടു കോണ്‍ക്രീറ്റ് ടവറുകളില്‍ കുരുക്കിയ സ്റ്റീല്‍ കേബിളിലാണ് പാലം ഘടിപ്പിച്ചിട്ടുള്ളത്. കോണ്‍ക്രീറ്റ് ടവറുകള്‍ ഇംഗ്ലിഷ് അക്ഷരം വി (V)യുടെ രൂപത്തിലാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. പാലത്തില്‍ നിന്നാല്‍ പര്‍വതനിരയും താഴ്വരയും ആസ്വദിക്കാം. പൈവ നദി ഉള്‍പ്പെടുന്ന ഈ പ്രദേശം ജിയോ പാര്‍ക്ക് എന്നാണ് അറിയപ്പെടുന്നത്.