Monday 29 March 2021 02:44 PM IST

ഓഫറുകൾ മുതലാക്കി മലയാളികൾ മാലദ്വീപിൽ: ഫെബ്രുവരിയിൽ ഇറങ്ങിയത് 44,039 ഇന്ത്യക്കാർ

Baiju Govind

Sub Editor Manorama Traveller

maldives1

ഇന്ത്യക്കാരുടെ വരവിൽ സന്തോഷം പ്രകടിപ്പിക്കുന്നു മാലദ്വീപ്. കോവിഡ് വ്യാപനത്തിനു ശേഷം മാലദ്വീപിൽ വിമാനമിറങ്ങിയ വിദേശികളേറെയും ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം വരെ മാലദ്വീപിൽ എത്തുന്ന വിദേശികളിൽ ഒന്നാം സ്ഥാനത്തു റഷ്യക്കാരാണ്. കോവിഡിനെ ഭയന്നു റഷ്യൻ സഞ്ചാരികൾ യാത്രകൾ ഒഴിവാക്കിയതു ടൂറിസം പാക്കേജുകളിൽ വൻ ഓഫറുകൾ‌ക്കു വഴിയൊരുക്കി. യാത്രാ ചെലവു കുറഞ്ഞതോടെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ മാലദ്വീപിലേക്ക് പറന്നു.

ഫെബ്രുവരിയിൽ 44,039 ഇന്ത്യക്കാർ മാലദ്വീപിൽ എത്തിയെന്ന് ടൂറിസം മന്ത്രി ഡോ. അബ്ദുള്ള മസൂം പറഞ്ഞു. ഡിസംബർ ആകുമ്പോഴേക്കും മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരു കോടി കടക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇന്ത്യയുടെ കോവിഡ് വാക്സീൻ ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു.

ഇന്ത്യയിൽ നിന്നുള്ള ബിസിനസുകാർ മാലദ്വീപിനെ നിക്ഷേപ സൗഹൃദ രാഷ്ട്രമായി വിശ്വസിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആൾവാസമില്ലാതെ കിടക്കുന്ന ഇരുപത്തെട്ടു ദ്വീപുകൾ വിനോദസഞ്ചാരത്തിനായി ഒരുക്കിയെടുക്കുകയാണ് മാലദ്വീപ്. ഇന്ത്യ – മാലദ്വീപ് വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. മാലദ്വീപിലെ ചെറുദ്വീപുകളെല്ലാം സ്വകാര്യ റിസോർട്ടുകളും വിനോദസഞ്ചാരികൾക്കായി ഒരുക്കിയ പാർക്കുകളുമാണ്. ലോകത്ത് ഏറ്റവും മനോഹരമായ ദ്വീപസമൂഹമാണു മാലദ്വീപ്. ചെറു ദ്വീപുകളും പാലങ്ങളും അതിമനോഹരമായ റിസോർട്ടുകളുമാണു മാലദ്വീപിന്റെ ഭംഗി. സ്വകാര്യ റിസോർട്ടുകളുടെ പശ്ചാത്തലം ഗംഭീരമാണ്. അവധിക്കാലം ചെലവിടാൻ അനുയോജ്യമായ സൗന്ദര്യ തീരങ്ങളാണ് അവയെല്ലാം. ജനവാസമുള്ള ദ്വീപുകളിലേക്ക് സർക്കാർ ബോട്ടുണ്ട്. എന്നാൽ സഞ്ചാരിയുടെ കണ്ണുകൾക്ക് കൗതുകം പകരുന്നതൊന്നും അത്തരം ദ്വീപുകളിൽ ഉണ്ടാകണമെന്നില്ല. മാലദ്വീപിലെ അനേകം ദ്വീപുകളിലൊന്നാണ് മാലി സിറ്റി. ഉദ്ദേശം ഒരു കിലോമീറ്റർ ചുറ്റളവുള്ള നഗരം. ഗവൺമെന്റ് ഓഫിസുകൾ, മാർക്കറ്റ്, വ്യവസായ സ്ഥാപനങ്ങൾ, ഷോപ്പിങ് സെന്റർ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് മാലി സിറ്റിയിലാണ്. മാലി സിറ്റിയിൽ നിന്ന് അൽപം ദൂരെയാണു സബ് മറൈൻ. യാത്രക്കാരെ ഒരു പേടകത്തിൽ കയറ്റി കടലിനടിയിലൂടെ ‘സബ് മറൈൻ ടൂർ’ നടത്തുന്നുണ്ട്. സമുദ്രത്തിൽ നൂറടി ആഴത്തിൽ ചെന്ന് കോറൽ റീഫ് കാണാം.

maldives2

സിറ്റിയിൽ നിന്ന് അകലെയുള്ള ഏകാന്ത ദ്വീപുകൾ സ്വകാര്യ റിസോർട്ടുകളാണ്. അതിഥികളെ കൊണ്ടു പോകാൻ അവരുടെ ബോട്ട് സിറ്റിയിലെ ബോട്ട് ജെട്ടിയിലെത്തും. ചില റിസോർട്ടുകൾക്ക് സ്വന്തമായി സീ പ്ലെയിൻ ഉണ്ട്. ജനവാസമുള്ള ദ്വീപുകളിലേക്ക് സർക്കാർ ബോട്ടുണ്ട്.

ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാക്കിയത് കടലിനു നടുവിലാണ്. പാലങ്ങൾ, കെട്ടിടങ്ങൾ, വിമാനത്താവളം, മൈതാനം, റോഡുകൾ തുടങ്ങി എല്ലാ നിർമിതികളും നിലനിൽക്കുന്നതു മണൽപരപ്പിലാണ്. 2018 കണക്കെടുപ്പു പ്രകാരം അഞ്ചരലക്ഷമാണ് ആകെ ജനസംഖ്യ. 2004ലെ സുനാമിയിൽ നൂറിലേറെ പേർ മരിച്ചു. അതിനാൽത്തന്നെ, കടൽക്ഷോഭങ്ങൾ മാലദ്വീപിനു പുതിയ അനുഭവമല്ല. കടൽ കരകയറുന്നതിനെ എങ്ങനെ അതിജീവിക്കുമെന്നതിനെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകർ. ജിയോ– ഗ്രീനിങ് എന്നൊരു പദ്ധതി എൻജിനിയർമാർ മുന്നോട്ടു വച്ചു. അതു പ്രായോഗികമെന്നു പിന്നീടു തെളിഞ്ഞു. ഇതുപ്രകാരമാണ് കോടിക്കണക്കിന് രൂപ ചെലവിട്ട് ‘ഹുലുമാലി ദ്വീപ്’ നിർമിച്ചത്. കടലിന്റെ അടിത്തട്ടിൽ നിന്നു മണൽ കോരിയെടുത്ത്, നിലവിലുള്ള ദ്വീപുകളെക്കാൾ ഉയരത്തിൽ നിർമിച്ച കൃത്രിമ ദ്വീപാണു ഹുലുമാലി. മണൽപ്പരപ്പിൽ വേരുകൾ ആഴ്ത്തുന്ന ചെടികൾ നട്ടു വളർത്തിയാണ് നിലം ബലപ്പെടുത്തിയിട്ടുള്ളത്. വീണ്ടും സമുദ്ര നിരപ്പ് ഉയർന്നാൽ ദ്വീപു വാസികളെ ഹുലുമാലി ഐലൻഡിലേക്ക് മാറ്റി പാർപ്പിക്കാമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

മാലദ്വീപിന്റെ തലസ്ഥാനമായ മാലിയിലെ വിമാനത്താവളത്തിൽ നിന്ന് ഹുലുമാലിയിലേക്ക് ഇരുപതു മിനിറ്റ് ബസ് യാത്ര. ഇരുകരകളേയും ബന്ധിപ്പിച്ച് പാലം നിർമിച്ചിട്ടുണ്ട്. കോവിഡ് പടരുന്നതിനു മുൻപ് മാലദ്വീപിൽ എത്തിയിരുന്ന വിനോദസഞ്ചാരികൾ കൗതുകത്തോടെ സന്ദർശിച്ചിരുന്ന സ്ഥലമാണു ഹുലുമാലി.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations