Friday 20 November 2020 03:56 PM IST : By സ്വന്തം ലേഖകൻ

ഉയരം ഭയമുള്ളവർ മൗണ്ട് ഹുഅ എന്ന പേരു പോലും മറക്കുന്നതാണ് നല്ലത്. ലോകത്തെ ഏറ്റവും ഭയാനകമായ ട്രെക്കിങ്

mount 3

ഭൂമിയിൽ നിന്നുകൊണ്ട് ആകാശം തൊടണോ? ചൈനയിലെ ഹുഅ ഷാൻ മലനിരകളിൽ സൗത്ത് പീക്കിലെ 2,154 മീറ്റർ ഉയരത്തിലുള്ള തടിപ്പാലത്തിലൂടെ ജീവൻ പണയപ്പെടുത്തി ഒന്നു നടന്നാൽ മതി. സാഹസിക സഞ്ചാരികൾക്ക് ഇതിലും നല്ലൊരു അവസരം വേറെയുണ്ടാവില്ല. ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ ഹുയായിൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പർവതമാണ് മൗണ്ട് ഹുഅ.

മൂടൽമഞ്ഞ് പുതപ്പണിയിക്കുന്ന മനോഹരമായ ഹുഅ ഷാൻ മലനിരകൾ. ചൈനക്കാരുടെ വിശ്വാസപ്രകാരം അഞ്ചു വിശുദ്ധ മലനിരകളുടെ പട്ടികയിൽപ്പെട്ട ഒന്നാണിത്. സൗത്ത് പീക്ക്, വെസ്റ്റ് പീക്ക്, നോർത്ത് പീക്ക്, മിഡിൽ പീക്ക്, ഈസ്റ്റ് പീക്ക് എന്നിങ്ങനെ അഞ്ചുമലകൾ ചേർന്നതാണ് ഹുഅ ഷാൻ മലനിര. ഇതിൽ ഏറ്റവും നീളം കൂടിയ സൗത്ത് പീക്കിലാണ് ആകാശനടപ്പാത.

mount 2

മൗണ്ട് ഹുഅ ട്രെക്കിങിനു എത്ര ദിവസം ചെലവഴിക്കുന്നു എന്നുള്ളതനുസരിച്ചുള്ള ട്രെക്കിങ് പാത തെരഞ്ഞെടുക്കാം. കേബിൾകാർ സൗകര്യമുണ്ടെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി നടന്നും മല കയറാം. ഈ വഴിയിലൂടെയുള്ള ട്രെക്കിങിനു നല്ല കായികക്ഷമത ആവശ്യമാണ്. ട്രെക്കിങിനു പ്രാധാന്യം കൊടുത്തുവരുന്ന സഞ്ചാരികളും ഈ പാതയാണ് തെരഞ്ഞെടുക്കുക. രാത്രികാല ട്രെക്കിങിനും ഇവിടം പ്രശസ്തമാണ്. ഹുഅ ഷാൻ മലനിരകളില്‍ നിന്നും കാണുന്ന ഉദയാസ്തമയ ചിത്രം വളരെ സുന്ദരമാണ്. രാത്രി വൈകി ആരംഭിക്കുന്ന ട്രെക്കിങ് സൂര്യോദയത്തിനു മുൻപ് ഈസ്റ്റ് പീക്കിൽ അവസാനിക്കുന്നു. നടന്നുകയറാനായി രണ്ടു വഴികളാണുള്ളത്. ആദ്യത്തേത് വെസ്റ്റ് ഗേറ്റിൽ നിന്നു തുടങ്ങുന്ന ഹുഅ ഷാൻ യു (Huashan Yu) രണ്ടാമത്തേത് ഈസ്റ്റ് ഗേറ്റിൽ നിന്നു തുടങ്ങുന്ന ഹുആ ങ്പു യു (Huangpu Yu) റൂട്ടും. രണ്ടാമത്തെ ഹൈക്കിങ് റൂട്ടിലാണ് പ്രശസ്തമായ സോൾജിയേർസ് പാത്ത് (Soldiers Path)ഉള്ളത്. ഇതു വഴി അപകടം പിടിച്ച കുത്തനെയുള്ള പടികൾ താണ്ടി വേണം നോർത്ത് പീക്കിന്റെ മുകളിൽ എത്തുവാൻ. കാലാവസ്ഥയ്ക്കനുസരിച്ച് മാത്രമേ പോകേണ്ട വഴിയുടെ തെരഞ്ഞെടുപ്പ് നടക്കൂ. നോർത്ത് പീക്കിലെത്തിയാൽ പിന്നെ അവിടെ നിന്നും മറ്റു മലകളിലേക്കുള്ള ട്രെക്കിങ് നടത്താം. ഏറ്റവും എളുപ്പം കേബിൾ കാർ വഴി മുകളിലെത്തുകയാണ്. നോർത്ത് പീക്ക് കേബിൾ കാർ, വെസ്റ്റ് പീക്ക് കേബിൾ കാർ എന്നിങ്ങനെ മൗണ്ട് ഹുഅയിൽ രണ്ടു കേബിൾ കാർ സർവീസുകളുണ്ട്. വെസ്റ്റ് പീക്ക് കേബിൾ കാർ വഴി പോയാൽ മറ്റു മലനിരകളിലേക്കു പോകുന്നതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ ഹൈക്കുകളിലൊന്നായ മൗണ്ട് ഹുഅ ആകാശനടത്തവും, ചെസ് പവലിയൻ ഹൈക്കിങും ഒരു ദിവസം കൊണ്ടുതന്നെ കാണാൻ സാധിക്കും. മൗണ്ട് ഹുഅ പ്രവേശന നിരക്ക് അൽപം കടുപ്പം തന്നെയാണ്. 180 യുവാൻ (ഉദ്ദേശം 2029 രൂപ) ആണ് ഒരാൾക്കുള്ള പ്രവേശന ഫീസ്.

mount 1

സൗത്ത് പീക്കിലുള്ള പ്ലാങ്ക് വാക്കും (The plank walk in the sky), ഈസ്റ്റ് പീക്കിലുള്ള ചെസ്സ് പവലിയനും (Chess pavilion) ആണ് പ്രധാന സ്ഥലങ്ങൾ. കേബിൾ കാറിൽ നിന്നിറങ്ങി നടന്നു തുടങ്ങിയാൽ മുന്നിൽ ഓരോ പീക്കിലേക്കുമുള്ള വഴി വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ കാണാം. ഹുഅ ഷാൻ മലനിരകളിൽ ഏറ്റവും ഉയരം കൂടിയത് സൗത്ത് പീക്കാണ്. സാഹസിക യാത്രയായതുകൊണ്ടു തന്നെ കുട്ടികൾക്കോ പ്രായമായവർക്കോ ഈ പാതയിൽ പ്രവേശനമില്ല. ആകാശനടപ്പാതയിലേക്കുള്ള വഴിതാണ്ടാൻ നന്നേ ബുദ്ധിമുട്ടും. സേഫ്റ്റി ബെൽറ്റ് ഇല്ലാതെ മുന്നോട്ടുള്ള യാത്ര അസാധ്യം. ജീവൻ മലനിരകളുമായി കൂട്ടിമുട്ടിക്കുന്ന ഒരു നൂലാണ് ഇവിടെ സേഫ്റ്റി ബെൽറ്റ്. കുത്തനെയുള്ള ഇറക്കത്തോടെയാണ് ഹൈക്കിങ്ങിന്റെ ഒരു ഭാഗം ആരംഭിക്കുന്നത്. പാറ ഇടുക്കുകളിൽ ഇരുമ്പുദണ്ഡു ഘടിപ്പിച്ചുണ്ടാക്കിയ െസ്റ്റപ്പുകളിൽ കൂടി ഇറക്കം. ഈ വഴി കടന്നാൽ പിന്നെ തടികൊണ്ടുള്ള നടപ്പാതയാണ്. 60 മീറ്റർ നീളത്തില്‍ കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ പറ്റുന്ന രീതിയിലാണ് തടിപാതയുടെ നിർമാണം. ഭൂനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തില്‍ കൂടിയുള്ള നടത്തം ഒരു തരം ഞാണിൻ മേൽ കളി തന്നെ. എത്ര വലിയ ധൈര്യശാലി ആണെന്നു പറഞ്ഞാലും ഉള്ളിലൊരു ഭയമുണ്ടാകുമെന്നുറപ്പാണ്. സേഫ്റ്റി ബെൽറ്റ് സേഫ്റ്റി റോപ്പിൽ ലോക്ക് ചെയ്തു വേണം മുന്നോട്ട് നീങ്ങാൻ. ഈ സാഹസികതയ്ക്ക് തയ്യാറായാൽ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങളെ കാൽകീഴിലാക്കാം...കയ്യൊന്നുയർത്തിയാൽ ആകാശം കൈക്കുള്ളിലും.

ഉയരം ഭയമുള്ളവർ മൗണ്ട് ഹുഅ എന്ന പേരു പോലും മറക്കുന്നതാണ് നല്ലത്. ലോകത്തെ ഏറ്റവും ഭയാനകമായ ട്രെക്കിങുകൾ എടുത്താൽ മൗണ്ട് ഹുഅ ആകാശ നടത്തം നാലാം സ്ഥാനത്തുണ്ട്.