നാണം മറയ്ക്കാതെ ലോകം ചുറ്റുന്ന ദമ്പതികൾ കോവിഡ് ലോക്ഡൗണിൽ മെക്സിക്കോയിൽ കുടുങ്ങി. പ്രായപൂർത്തിയായ ഒരാണും പെണ്ണും ‘പിറന്നപടി’ നടക്കുന്നതു കണ്ട് ആളുകൾ അന്തംവിട്ടു. ഉടുതുണിക്ക് മറുതുണിയില്ലതെ അന്യനാട്ടിൽ വന്നു പെട്ടതാണെന്നു കരുതിയവർ വിവരം തിരക്കി.
‘‘ഞങ്ങൾ നേചുറിസ്റ്റുകളാണ്. വസ്ത്രം ധരിക്കാറില്ല. നഗ്നരായി ലോകം ചുറ്റാൻ താൽപര്യമുള്ളവർക്കു പ്രോത്സാഹനം നൽകുകയാണ് ഞങ്ങളുടെ യാത്രാ ലക്ഷ്യം ’’ – ദമ്പതികൾ സ്വയം പരിചയപ്പെടുത്തി, യുവതിയുടെ പേര് ലിൻസ് ഡെ കോർട്, യുവാവ് നിക്. രണ്ടാൾക്കും പ്രായം മുപ്പതു വയസ്സ്. ബെൽജിയത്തിലെ ഗെന്റാണ് ഇരുവരുടേയും സ്വദേശം.
മെക്സിക്കോയിൽ നൂഡ് ബീച്ച് ഉണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ തീരുന്നതുവരെ ലിൻസും നിക്കും നഗ്നരുടെ ബീച്ചിൽ താമസിച്ചു. മൂന്നു മാസം കഴിഞ്ഞാണ് അവർക്കു യൂറോപ്പിലേക്കു വിമാനം കിട്ടിയത്. ഫ്രാൻസിലേക്കു പോകാമെന്നു ലിൻസ് നേരത്തേ തീരുമാനിച്ചിരുന്നു. നഗ്നരായവർക്കു മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള ഒട്ടേറെ ബീച്ചുകൾ ഫ്രാൻസിലുണ്ട്.
അവിടെ ശേഷം ലോക്ഡൗൺ ദിനങ്ങളെ കുറിച്ച് ലിൻസ് സ്വന്തം ബ്ലോഗിൽ കുറിച്ചു. മെക്സിക്കോയിലെ ബീച്ചിൽ നിന്നുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ വൈറലായി. നേരത്തോടു നേരം തികയും മുൻപേ ‘നഗ്നതാ പ്രദർശനം’ വിശദീകരിച്ച് ലിൻസിന്റെ അക്കൗണ്ട് ഇൻസ്റ്റഗ്രാം പൂട്ടിച്ചു. ലിൻസും നിക്കും നിരാശപ്പെട്ടില്ല. ഫേസ്ബുക്കിലേക്കു കളം മാറ്റി. ‘കാണിക്കാൻ പാടില്ലാത്തതു’ മാത്രം മറച്ചുകൊണ്ട് ഫേസ് ബുക്കിൽ ഫോട്ടോ പങ്കുവച്ചു. nakedwanderings.com വെബ്സൈറ്റിലേക്ക് ജനം തള്ളിക്കയറി. കമന്റും ലൈക്കുകളും നിറഞ്ഞു. ലിൻസും നിക്കും പുളകിതരായി. ഫോട്ടോയ്ക്കു താഴെ മറുപടി കാത്തു നിൽക്കുന്നവർ നാചുറിസ്റ്റാവാൻ താൽപര്യമുള്ളവരാണെന്ന് ദമ്പതികൾ കരുതുന്നു.
തുണിയഴിക്കുന്നത് ‘ഒരു കാര്യത്തിനു’ മാത്രമല്ല
നിക്കിന്റെയും ലിൻസിന്റെയും നഗ്നയാത്രകളെ കുറിച്ച് യൂറോപ്പിലെ ഇംഗ്ലിഷ് മാധ്യമങ്ങൾ ഫീച്ചറുകൾ തയാറാക്കി. നഗ്നതാ പ്രദർശനത്തിന് കേസ് വരില്ലെന്ന് ഉറപ്പുള്ള ഫോട്ടോകളും പ്രസിദ്ധീകരിക്കപ്പെട്ടു. ലോകം മുഴുവൻ അതു കണ്ടു. ലോകത്ത് എവിടെയെങ്കിലും ഇനി നല്ലൊരു ജോലി കിട്ടുമോ എന്നു നിക്കിനോടും ലിൻസിനോടും സുഹൃത്തുക്കൾ ചോദിച്ചു. ‘‘ഞങ്ങളുടെ നഗ്നമേനി കണ്ട് ജോലി തരാൻ തയാറല്ലാത്ത കമ്പനികളിൽ ജോലി ചെയ്യാൻ ഞങ്ങൾ തയാറല്ല’’ നിക്കും ലിൻസും മറുപടി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന അഭിനന്ദനങ്ങളിലാണ് നിക് – ലിൻസ് ദമ്പതികളുടെ സംതൃപ്തി !
തുണി ഉടുക്കുന്നതിനെ പറ്റി ആളുകൾ ആവശ്യമില്ലാത്ത കുറേ ധാരണ ഉണ്ടാക്കി വച്ചിട്ടുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. ‘‘വസ്ത്രം അഴിക്കുന്നതു ലൈംഗിക ബന്ധത്തിനു വേണ്ടി മാത്രമാണെന്ന് ഒരു വിഭാഗം ആളുകൾ വിചാരിക്കുന്നു. വസ്ത്രമില്ലാതെ നടക്കുന്നവർ ശിലായുഗത്തിലെ മനുഷ്യരാണെന്നു മറ്റു ചിലർ കരുതുന്നു. സെക്സിനു വേണ്ടിയല്ലാതെയും തുണിയഴിക്കാം. മുൻവിധി തിരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ...’’ നഗ്നസഞ്ചാരികൾ പറയുന്നു.
മറ്റുള്ളവരെ പോലെ നാണം മറച്ചാണ് നിക്കും ലിൻസും ജീവിച്ചിരുന്നത്. പന്ത്രണ്ടു വർഷം മുൻപ് പ്രണയത്തിലായ ശേഷമാണ് ഇരുവർക്കും വസ്ത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയത്. ബെൽജിയത്തിലെ ഒരു മസാജ് സെന്റർ (സ്പാ) സന്ദർശനമാണ് വഴിത്തിരിവ് ഉണ്ടാക്കിയ സംഭവമെന്നു നിക്ക് പറയുന്നു. ‘‘സ്പാ ചെയ്യണമെങ്കിൽ നഗ്നരാവണം. ആദ്യത്തെ തവണ മസാജ് കഴിഞ്ഞപ്പോൾ വീണ്ടും അവിടെ പോകാൻ തോന്നി. പിന്നീട് ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ തവണ സ്പാ ചെയ്യാൻ പോയി. മുറിക്കുള്ളിൽ മാത്രം ഒതുങ്ങേണ്ടതല്ല നഗ്നതയെന്നു ഞങ്ങൾ രണ്ടാളും തിരിച്ചറിഞ്ഞു. സോഷ്യൽ നൂഡിറ്റി, നാചുറിസം എന്നിങ്ങനെ രണ്ടു സങ്കൽപങ്ങളിൽ എത്തി ചേർന്നു. നഗ്നരായി ആളുകൾക്ക് ഒത്തുകൂടാൻ അവസരം സൃഷ്ടിക്കണമെന്നു ഞങ്ങൾ തീരുമാനിച്ചു. നാചുറിസ്റ്റ് ക്ലബ്ബ്, ക്യാംപ് ഗ്രൗണ്ട്, ആക്ടിവിറ്റി, ഇവന്റ് എന്നിവയിലൂടെ നഗ്നത പ്രോത്സാഹിപ്പിക്കാനുള്ള ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ’’ നിക് വിശദീകരിച്ചു.
നൂൽബന്ധമില്ലാതെ ആമസോൺ മഴക്കാടുകളിൽ താമസിച്ചു. നാണം മറയ്ക്കാതെ ദ്വീപുകളിൽ കഴിഞ്ഞു. ഹോണ്ടുറാസിലെ ബീച്ചുകളിൽ നഗ്നരായി അലഞ്ഞു തിരിഞ്ഞു. തുണിയുടുക്കാതെ പോർച്ചുഗലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങി. ഫ്രാൻസിലെ നൂഡ് ബീച്ചുകളിൽ സ്ഥിരം സന്ദർശകരാണ്. ഇത്രയും സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം, നഗ്നരായി ജീവിക്കാൻ ഏറ്റവും നല്ല സ്ഥലം ഏതാണെന്നു ചോദിച്ചപ്പോൾ ‘കൊളംബിയ’ എന്നാണു ലിൻസിന്റെ മറുപടി. ‘ടെയ്റോന നാഷനൽ പാർക്ക് അതിമനോഹരം. വിനോദസഞ്ചാരികൾക്കു കാണാൻ പ്രത്യേകിച്ചൊന്നും അവിടെയില്ല. എന്നാൽ, പകലും രാത്രിയും നഗ്നർക്കു സ്വതന്ത്രരായി നടക്കാം. തുണിയുടുക്കാതെ മല കയറാം, കടൽത്തീരത്തു വിശ്രമിക്കാം. ലോകത്ത് ഏറ്റവും മനോഹരമായ സ്ഥലമാണു ടെയ്റോന’ ലിൻസ് പറഞ്ഞു.
ആരാധകരിൽ മലയാളികളും!
നാണം മറയ്ക്കാതെ നടന്നതു കൊണ്ട് എന്താണു നേട്ടമെന്നു ചോദിച്ചാൽ വസ്ത്രത്തെ കുറിച്ചുള്ള സങ്കൽപം മാറണമെന്നു നഗ്നദമ്പതികളുടെ മറുപടി. നാചുറിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനായി ഫണ്ട് ശേഖരിക്കുമെന്നും അവർ പറയുന്നു. നഗ്നരുടെ ബീച്ചുകൾ, തുണിയുടുക്കാതെ നടക്കാൻ പറ്റിയ സ്ഥലങ്ങൾ, നഗ്നർക്ക് താമസിക്കാൻ അനുമതിയുള്ള റിസോർട് തുടങ്ങിയ കാര്യങ്ങൾ ‘നേക്കഡ് വാണ്ടറിങ്സ്’ വെബ്സൈറ്റിലൂടെ ഇവർ പരിചയപ്പെടുത്തുന്നു.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്ത നഗ്നചിത്രങ്ങൾക്കു പിന്നാലെ പാഞ്ഞു കയറിയ ജനക്കൂട്ടമാണ് നിക്കിനും ലിൻസിനും പ്രോത്സാഹനം. സമൂഹമാധ്യമങ്ങളിൽ ഇവരെ പിൻതുടരുന്ന നൂറിലേറെ പേർ മലയാളികളാണ്. ‘‘നാചുറിസ്റ്റാവാൻ ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ല. നഗ്നത ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്’’ – ലിൻസ് നയം വ്യക്തമാക്കി.
ബ്രിട്ടനിലും ഫ്രാൻസിലും മെക്സിക്കോയിലും അമേരിക്കയിലും നാചുറിസ്റ്റ് സംഘടനകളുണ്ട്. കോവിഡ് വൈറസ് വ്യാപനത്തിനു ശേഷം കൂടുതൽ ആളുകൾ നാചുറിസ്റ്റാവാൻ എത്തുന്നതായി ബ്രിട്ടിഷ് നാചുറിസം കൊമേഴ്സ്യൽ മാനേജർ ആൻഡ്രൂ വെൽഷ് പറയുന്നു. ഫ്രാൻസിലെ നഗ്നത പ്രദർശിപ്പിക്കുന്നവരുടെ സംഘടനയിൽ കഴിഞ്ഞ ആറുമാസത്തിനിടെ പുതുതായി ഒട്ടേറെ പേർ ചേർന്നതായി അസോസിയേഷൻ ഡെസ് നാചുറിസ്റ്റസ് ഡെ പാരിസ് പ്രസിഡന്റ് ലോറന്റ് ലെഫ്റ്റ് പറഞ്ഞു. അതേസമയം, കോവിഡ് നിയന്ത്രണം നഗ്നരുടെ യാത്രയ്ക്ക് തടസ്സമായെന്ന് നിക്ക് – ലിൻസ് ദമ്പതികളുടെ അനുഭവം. ബീച്ചുകൾ അടച്ചു. റിസോർട്ടുകളിൽ ബുക്കിങ് കിട്ടുന്നില്ല. യാത്രാ വിമാനങ്ങൾ നിലച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സാമൂഹിക അകലം നിർബന്ധം. ‘‘സംഘം ചേർന്നു നിൽക്കുമ്പോഴാണ് നാചുറിസ്റ്റുകൾക്ക് ശക്തിപ്രകടനത്തിന് അവസരം ലഭിക്കൂ. നഗ്നരാവാൻ കൂടുതൽ ആളുകൾ തയാറാവുമ്പോഴേ പിൻതുടരാൻ ആളുണ്ടാവൂ.’’ ലിൻസ് പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് പൂർണ ഇളവു പ്രഖ്യാപിച്ചതിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ്, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് നഗ്നസഞ്ചാരികൾ.