കോവിഡ് വ്യാപനം കുറഞ്ഞതിനു ശേഷം സുരക്ഷിതമായി യാത്ര ചെയ്യാ വുന്ന സ്ഥലങ്ങളെ കുറിച്ചു നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്തു വന്നു. ഇരുപത്തഞ്ചു രാജ്യങ്ങളിലെ ടൂറിസം ഡെസ്റ്റിനേഷനുകളാണ് പട്ടികയിലുള്ളത്. കുടുംബത്തോടൊപ്പം പോകാവുന്ന സ്ഥലം, എല്ലാ പ്രായക്കാർക്കും പോകാവുന്ന സ്ഥലം, സാഹസികയാത്ര, വനയാത്ര, സാംസ്കാരിക–ചരിത്ര യാത്ര എന്നിങ്ങനെ ടൂറിസം കേന്ദ്രങ്ങളെ തരംതിരിച്ചാണ് ലിസ്റ്റ് ഒരുക്കിയിട്ടുള്ളത്. ലോകം മുഴുവൻ സുരക്ഷിത സ്ഥലം നിർദേശിക്കുന്നത് നാഷനൽ ജ്യോഗ്രഫിക്, ലോൺലി പ്ലാനറ്റ് എന്നീ സ്ഥാപനങ്ങളാണ്. ‘ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിത സ്ഥലം ഏതെന്നു പറയുക അസാധ്യം. ഭാവിയിൽ യാത്രയ്ക്കായി ശ്രമം തുടങ്ങാം’ – പ്രകൃതിയെ അടുത്തറിയാൻ അവസരം ഒരുങ്ങുമെന്നു റിപ്പോർട്ട് വിശദീകരിച്ചു.
ഇരുപത്തഞ്ചു സ്ഥലങ്ങൾ ‘ബെസ്റ്റ് ഓഫ് ദി വേൾഡ് 2021’ പട്ടികയിൽ ഇടംപിടിച്ചു. സംരക്ഷിത കേന്ദ്രങ്ങൾ, സാംസ്കാരികമായ പൈതൃകം, സാമൂഹിക സവിശേഷത എന്നിവയാണ് ഭാവി യാത്രകളിൽ നിർണായകമാവുക. ഇത്രയും കാര്യങ്ങൾ പഠിച്ചതിനു ശേഷം മാത്രമേ സഞ്ചാരികൾ യാത്രയ്ക്കുള്ള സ്ഥലം തിരഞ്ഞെടുക്കൂ. കോവിഡ് വ്യാപനത്തിനു ശേഷം മാറ്റങ്ങൾ സംഭവിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യപ്പെടും. പുതുമയുള്ള ടൂറിസം കേന്ദ്രങ്ങൾക്കു സഞ്ചാരികൾ മുൻഗണന നൽകും.
ഗ്രീസിലെ ‘അണ്ടർ വാട്ടർ മ്യൂസിയം’ ശ്രദ്ധയാകർഷിക്കും. രണ്ടായിരത്തഞ്ഞൂറു വർഷം മുൻപ് കടലിൽ മുങ്ങിയ കപ്പൽ കാണാൻ കടലിന് അടിയിലേക്ക് യാത്രയൊരുക്കുന്നു ഗ്രീസ്. ഫ്രാൻസിലെ ന്യൂ കലെഡോണിയ ‘മറൈൻ പാർക്ക് ’ മറ്റൊരു പുതുമ. ഫ്ളോറിഡയിലെ ‘സ്പെയ്സ് കോസ്റ്റ് കുടുംബങ്ങളുടെ പുതിയ ഡെസ്റ്റിനേഷനാകും. നാലിയിരത്തി അഞ്ഞൂറ് കി. മീ. കടൽത്തീരത്തു കൂടി നടക്കുന്ന അനുഭവം പകരുന്നു ഇംഗ്ലണ്ടിലെ ‘കോസ്റ്റൽ പാത്ത്’. ജോർജിയയ്ക്കും അർമേനിയയ്ക്കും ഇടയിൽ ഹൈക്കിങ്, അലാസ്കയിലെ കാട്മായ് നാഷനൽ പാർക്ക് തുടങ്ങിയവ ലോകസഞ്ചാരികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം പിടിക്കും.
പ്രായഭേദമില്ലാതെ എല്ലാവർക്കും യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ: ഗ്രീസിലെ അലോനിസോസ്, ഡെന്മാർക്കിലെ കൊപൻഹേഗൻ, ഫ്രാൻസിലെ ന്യൂ കലെഡോണിയ, ജർമനിയിലെ ഫ്രെയ്ബർഗ്, സെൻട്രൽ ആഫ്രിക്കയിലെ ഗാബൻ, കൊളറാഡോയിലെ ഡെൻവർ.
ഫാമിലി ഡെസ്റ്റിനേഷൻ: ഇംഗ്ലണ്ടിലെ കോസ്റ്റൽ പാത്ത്, റുമാനിയയിലെ ട്രാൻസിൽവാനിയ, ഫ്ളോറിഡയിലെ സ്പെയ്സ് കോസ്റ്റ്, ഹംഗറിയിലെ ഹോർടോബാഗി, കാനഡയിലെ ഇൻഡിജനസ് ബ്രിട്ടിഷ് കൊളംബിയ.
സാഹസികയാത്ര: ജോർജിയയിലെ സുവാനെറ്റി, അർജന്റീനിയിലെ ലോസ് ഗ്രേഷ്യേഴ്സ് നാഷനൽ പാർക്ക്, അലാസ്കയിലെ കാട്മായ് നാഷനൽ പാർക്ക്.
വനയാത്ര: മിഷിഗനിലെ ഐൽ റോയൽ, കാനഡയിലെ യോലോ നൈഫ്, ബ്രസീലിലെ സെറാഡോ സാവന്ന, ഓസ്ട്രേലിയയിലെ ലോഡ് ഹോവ് ഐലൻഡ്.
സാംസ്കാരിക–ചരിത്ര യാത്ര: ന്യൂ മെക്സിക്കോയിലെ റോഡ് ട്രിപ്പ്, സ്പെയിനിലെ ബാസ്ക്യു കൺട്രി, ദക്ഷിണ കൊറിയയിലെ ജിയോങ്ജിയു, ചൈനയിലെ സെജിയാങ് പ്രവിശ്യ.
‘‘കോവിഡ് മഹാമാരിയിൽ സഞ്ചാരം മരവിച്ചു. എന്നാൽ, സഞ്ചാരികളുടെ മനസ്സ് നിശ്ചലമായിട്ടില്ല. എത്തിച്ചേരുക ബുദ്ധിമുട്ടെങ്കിലും ലോകാത്ഭുതങ്ങൾ ഇനിയും ഏറെയുണ്ട്.’’ പഠന സംഘത്തിന്റെ മേധാവി പറഞ്ഞു.