Wednesday 09 September 2020 05:28 PM IST

ടിക്കറ്റെടുത്താൽ ആനത്താവളത്തിൽ ഓൺലൈൻ ടൂർ, സൂം വിഡിയോ മീറ്റിങ്ങിൽ എലഫന്റ് സഫാരി

Baiju Govind

Sub Editor Manorama Traveller

zoom1

മാറിയ സാഹചര്യത്തിൽ ടൂറിസത്തിനു പുതിയമുഖം അവതരിപ്പിക്കുന്നു ആഫ്രിക്കയിലെ ഒരു ആനവളർത്തു കേന്ദ്രം. സൂം വിഡിയോ ആപിനെ വിനോദസഞ്ചാരത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ആന വളർത്തു കേന്ദ്രത്തിലൂടെ ‘ലൈവായി’ സഞ്ചരിക്കാം. ദി ആഫ്രിക്കൻ എലഫന്റ് സാങ്ചുറി എന്ന ആന വളർത്തു കേന്ദ്രമാണ് വിർച്വൽ റിയാലിറ്റിയുടെ ‘റിയലിസ്റ്റിക് വെർഷൻ’ അവതരിപ്പിച്ചത്.

വർഷംതോറും പതിനയ്യായിരം സന്ദർശകർ എത്തിയിരുന്ന ആനത്താവളം ഏപ്രിൽ ആദ്യ വാരം മുതൽ അടഞ്ഞു കിടക്കുകയാണ്. പന്ത്രണ്ട് ആനകളും പാപ്പാന്മാരും മറ്റു ജോലിക്കാരും താവളത്തിലുണ്ട്. ലോക്ഡൗണിന്റെ ആദ്യഘട്ടം രണ്ടു മാസം കഴിഞ്ഞപ്പോഴേയ്ക്കും ഉടമയുടെ വരുമാനത്തിലെ നീക്കിയിരിപ്പ് തീർന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയിട്ടും സാങ്ചുറി സന്ദർശനത്തിന് ആരും എത്തിയില്ല. ചെലവു നടത്തിപ്പിനു മറ്റു മാർഗങ്ങളില്ലാതായി. ഈ സാഹചര്യത്തിലാണ് സാങ്ചുറി ഉടമ സിയെൻ ഹെൻസ്മാൻ ഭാര്യ ജെന്ന എന്നിവർ ‘ ലൈവ് വിഡിയോ ടൂർ’ ആരംഭിച്ചത്.

zoom2

ദക്ഷിണാഫ്രിക്കൻ അഡ്വഞ്ചർ എലഫന്റ് സാങ്ചുറിയിൽ സന്ദർശകരിലേറെയും ബ്രിട്ടനിൽ നിന്നുള്ളവരാണ്. അതിനാൽത്തന്നെ യുകെയിലെ വിദ്യാർഥികളെയാണ് ആനകളെ കാണാനായി സൂം മീറ്റിങ്ങിനു ക്ഷണിച്ചത്. ആനത്താവളത്തിൽ നേരിട്ടു സന്ദർശനം നടത്തുന്നതിന്റെ അനുഭവം ഓൺലൈനിൽ ലഭ്യമാക്കുന്നു എന്നാണു പരസ്യം. ആനത്താവളത്തിലെ ജീവനക്കാർ ക്യാമറയുമായി സാങ്ചുറിയിലെ ആനകളോടൊപ്പം നടക്കും. സൂം മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് ഗൈഡുമായി തൽസമയം വർത്തമാനം പറയാം, സംശയ നിവാരണം നടത്താം. ആനയെ കുളിപ്പിക്കൽ, ആനയൂട്ട് എന്നിവയിൽ പങ്കെടുക്കാം. ആനയ്ക്ക് തീറ്റ സ്പോൺസർ ചെയ്യാനും അവസരമുണ്ട്. ‘‘ലോകത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇത് ആദ്യ സംരംഭമാണ്’’ – സിയെൻ ഹെൻസ്മാൻ പറയുന്നു.

പന്ത്രണ്ട് ആനകളെ തീറ്റിപ്പോറ്റാൻ കഷ്ടപ്പെടുകയാണ് സാങ്ചുറിയിലെ പാപ്പാന്മാർ. പ്രായപൂർത്തിയായ ഒരു ആനയ്ക്ക് പ്രതിദിനം 200 കിലോ തീറ്റ നൽകണം. എല്ലാ ആനകൾക്കുമായി ഒരു ദിവസം ഒരു ടൺ ഭക്ഷണം വേണം. പാപ്പാന്മാരുടെ ശമ്പളമാണ് ഹെൻസ്മാൻ നേരിടുന്ന മറ്റൊരു പ്രശ്നം. പ്രശ്നം ഗുരുതരമായപ്പോഴാണ് സൂം ആപിലൂടെ ആനത്താവളം പ്രദർശിപ്പിക്കാൻ ഉടമ തീരുമാനിച്ചത്.

zoom3

ആനത്താവളം ഓൺലൈനിൽ ആസ്വദിക്കാനായി സൂം മീറ്റിങ്ങിൽ ഒരേ സമയം 250 പേർക്ക് പങ്കെടുക്കാം. വിദ്യാർഥികൾക്ക് വന്യജീവികളെ കുറിച്ചു പഠിക്കാൻ ഉപകാരപ്പെടും വിധം ഒരു സിലബസ് ഹെൻസ് മാൻ തയാറാക്കിയിട്ടുണ്ട്. ‘ഓൺലൈൻ ടൂർ പാക്കേജ് ’ എൻട്രി നിരക്ക് ആയിരത്തഞ്ഞൂറു രൂപ. ലോകത്ത് എവിടെയിരുന്നും പങ്കെുക്കാം. പന്ത്രണ്ട് ആനകളുടെ ജീവന്റെ പ്രശ്നമാണെന്ന് ഹെൻസ്മാൻ പറഞ്ഞതോടെ സംഭാവനയുമായി ആളുകൾ മുന്നോട്ടു വന്നു.

കോവിഡ് വൈറസ് പ്രതിരോധത്തിനു ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് ഒരേസമയം നാൽപ്പതു പേർക്കാണ് എലഫന്റ് സഫാരി അനുവദിച്ചിരുന്നത്. സാമൂഹിക അകലം പാലിച്ച് പ്രവേശനം നിരോധിച്ചതോടെ ഇത് ഇരുപതായി ചുരുക്കി. എന്നാൽ, വൈറസ് വ്യാപിച്ചതോടെ പത്താൾ പോലും ആ വഴിക്ക് വന്നില്ല. സൂം സഫാരി ആരംഭിച്ച് നിത്യച്ചെലവിനു വഴി കണ്ടെത്താമെന്നാണ് ഹെൻസ്മാൻ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർഥികൾ ആനയെ കാണാനും വന്യജീവികളെ കുറിച്ച് പഠിക്കാനുമായി ആഫ്രിക്കൻ എലഫന്റ് സാങ്ചുറിയുടെ ടിക്കറ്റ് എടുക്കുന്നുണ്ട്. The African elephant sanctury ഗൂഗിളിൽ സെർച്ച് ചെയ്താൽ ‘ഓൺലൈൻ ആനസഫാരി’യുടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations