Wednesday 17 March 2021 02:44 PM IST

ഓർമകളുടെ ‘കിലുക്കം’; ഊട്ടിപ്പട്ടണം പോട്ടി കട്ടണം സൊന്നാ വാടാ...

Baiju Govind

Sub Editor Manorama Traveller

TONS0598

ജോജിയുടെ ഉറക്കം കെടുത്താനായി നന്ദിനി തമ്പുരാട്ടി ഒരു സുപ്രഭാതത്തിൽ തീവണ്ടിയിറങ്ങിയ പ്ലാറ്റ്ഫോം. അഞ്ഞൂറു രൂപാ നോട്ടിൽ മയങ്ങിയ ജോജി സ്വന്തം കൂട്ടുകാരനും നിശ്ചല ഛായാഗ്രാഹകനുമായ നിശ്ചലിനെ തള്ളിപ്പറഞ്ഞ അതേ സ്ഥലം. മലയാളികളുടെ മനസ്സിലൂടെ ആവി പറത്തി കടന്നുപോയ തീവണ്ടി ഇതാ ചൂളമിട്ടു കൂകിപ്പാഞ്ഞു വരുന്നു. നീലഗിരിയിലെ മലനിരകളിലൂടെ ഊട്ടിയിലേക്കു പോകാൻ എത്തിയവർ ടിക്കറ്റുമായി തീവണ്ടിക്കു ചുറ്റും തിക്കിത്തിരക്കി. ഓർമകളുടെ കിലുക്കം ആസ്വദിക്കാൻ അവർ ഊട്ടിയിലേക്കു പുറപ്പെടുകയാണ്.

കരിപുരണ്ട എൻജിനു മീതെ ആവി പറത്തി മേട്ടുപ്പാളയത്തു നിന്നു പുറപ്പെട്ടു. ആദ്യത്തെ രണ്ടു കോച്ചുകൾ നിറയെ വിദേശികൾ. മൂന്നാമത്തേതിൽ മദാമ്മമാരും കുറച്ച് ഉത്തരേന്ത്യക്കാരും. ഏറ്റവും പിന്നിൽ, ആവിപ്പുക തുപ്പുന്ന എൻജിനു തൊട്ടു മുൻപിലുള്ള ജനറൽ കോച്ച് നിറയെ മലയാളികൾ – ടൈറ്റാനിക്കിലെ ലോവർ ക്ലാസ് പോലെ. നീട്ടിയുള്ള വിസിൽ മുഴങ്ങിയപ്പോൾ കാക്കിക്കുപ്പായമിട്ട ഗാർഡു വന്ന് കോച്ചുകളുടെ വാതിൽ പുറത്തു നിന്നു പൂട്ടി. അടുത്ത നിമിഷം തീവണ്ടി കൂവി, നൂറ്റിപ്പത്തു വർഷം പഴക്കമുള്ള ശബ്ദം...

TONS0238

തീവണ്ടി പിന്നെയും ചൂളമടിച്ചു. പൽചക്രം ട്രാക്കിൽ കൊളുത്തുന്ന ശബ്ദം പുകയിൽ കുതിർന്ന് ആകാശത്തേക്കുയർന്നു. തെങ്ങിൻ തോപ്പുകളും നിരപ്പായ പാടവും കടന്ന് കല്ലാർ േസ്റ്റഷനിൽ വണ്ടി നിന്നു. ഇരുമ്പു തൂണുകളിൽ കയറ്റി നിർത്തിയ നീളൻ കെട്ടിടത്തിനുള്ളിൽ നിന്നു ടിടിആർ പുറത്തേക്കു വന്നു. നീല സാരിയുടുത്ത ‘ഗാർഡ് ചേച്ചി’ തീവണ്ടിയിലെ കോച്ചുകളുടെ വാതിൽ തുറന്നു. കൂടു തുറന്നു കിട്ടിയ പക്ഷികളെ പോലെ യാത്രികർ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി. ടിടിആർ ഓരോരുത്തരുടെയും ടിക്കറ്റ് പരിശോധിച്ചു.

വേരുകൾ ട്രാക്കിലേക്കു നീണ്ട വലിയ മരങ്ങൾക്കിടയിലേക്ക് തീവണ്ടി നുഴഞ്ഞു കയറി. കാടിന്റെ നിശബ്ദതയിൽ എൻജിന്റെ ഒച്ചയ്ക്കു കനംകൂടി. കാട്ടുചോലയുടെ മുകളിൽ കെട്ടിപ്പൊക്കിയ വലിയ സിമന്റ് കാലുകൾക്കു മീതെക്കൂടി തീവണ്ടി കിതച്ചു. ഇടതു വശത്ത് അഗാധമായ കുഴി. വലതുഭാഗത്ത് മരങ്ങളും ചെടികളും നിറഞ്ഞ കാട്. മേട്ടുപ്പാളയത്തു നിന്ന് ഉതകമണ്ഡലം വരെ നാൽപ്പത്താറ് കിലോമീറ്റർ. അതിനിടയിൽ 250 പാലങ്ങൾ, 208 കൊടും വളവുകൾ, 16 തുരങ്കങ്ങൾ... നീലഗിരിക്കുന്നിനെ തീവണ്ടിപ്പാളം അണിയിച്ച് അരഞ്ഞാണമിടീച്ച ഇംഗ്ലിഷുകാരന്റെ എൻജിനീയറിങ് വൈദഗ്ധ്യം അപാരം.

TONS0374

വളഞ്ഞു പുളഞ്ഞ് മുകളിലേക്കു കിടക്കുന്ന പാത കുത്തനെയായപ്പോൾ ആവി എൻജിൻ പുകക്കൂടായി. മീറ്റർ ഗേജിന്റെ സിംഗിൾ ട്രാക്കിൽ തൂങ്ങി വലിഞ്ഞു കയറുന്ന തീവണ്ടിയിൽ നിന്നു ‘ടക് ടക്’ ശബ്ദം ഉയർന്നു. അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ പാമ്പ് മാളത്തിലേക്കു കയറുന്നതുപോലെ ആദ്യത്തെ കോച്ച് ഒരു തുരങ്കത്തിലേക്കു നുഴഞ്ഞു.

അഞ്ചു തൂണുകളുള്ള പാലം കടന്ന് കാടിന്റെ മറ്റൊരു താഴ്‌വരയും താണ്ടി ഹിൽഗ്രോവ് േസ്റ്റഷനിലെത്തി. നാലാൾ പൊക്കത്തിൽ കയറ്റി വച്ച ജലസംഭരണിയിൽ നിന്നൊരു പൈപ്പ് വണ്ടിയുടെ എൻജിനിലേക്കു തിരിച്ചു വച്ചു. മേട്ടുപ്പാളയം മുതൽ കൂനൂർ വരെ നാലു േസ്റ്റഷനുകളിൽ നിർത്തി ഇതുപോലെ വെള്ളം നിറയ്ക്കാറുണ്ട്. ഓരോ േസ്റ്റഷനുകളെത്തുമ്പോഴും എൻജിനിലും പൽചക്രങ്ങളിലും ഓയിലൊഴിക്കും. ഇന്ത്യയിൽ ആവി ഇന്ധനമാക്കി സർവീസ് നടത്തുന്ന ഒരേയൊരു ട്രെയിനാണ് ഊട്ടിയിലേത്. 1908ൽ പ്രവർത്തനം ആരംഭിച്ച തീവണ്ടി യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയതിന്റെ വിശേഷവും ഇതു തന്നെ.

ഹിൽഗ്രോവ് േസ്റ്റഷനിൽ രണ്ട് മീറ്റർഗേജ് ട്രാക്കുകളുണ്ട്. ‘ടോയ് ട്രെയിനിൽ’ ശുചിമുറി ഇല്ലെന്ന കുറവ് പരിഹരിക്കുന്നത് ഈ േസ്റ്റഷനാണ്. ഇവിടെയൊരു കോഫി ഷോപ്പുണ്ട്. ചൂടുള്ള പരിപ്പുവട വാങ്ങിയവരുടെ വായിൽ നോക്കി വാനര സംഘം ഓടിക്കൂടി. യാത്രികർ എറിഞ്ഞു കൊടുത്ത വടക്കഷണങ്ങൾക്കു വേണ്ടി കുരങ്ങന്മാർ ഗുസ്തി തുടങ്ങി.

നിരപ്പുകളിൽ കുതിച്ചും കയറ്റങ്ങളിൽ കിതച്ചും മുന്നോട്ടുള്ള യാത്രയിൽ കാഴ്ചകൾക്കു ഭംഗിയേറി. ഒൻപതു മണി കഴിഞ്ഞിട്ടും മഞ്ഞു വിട്ടുമാറാത്ത മലനിരകൾക്കു മീതെ വെയിലിന്റെ സ്വർണം നിറം പതിഞ്ഞു.

മേട്ടുപ്പാളയത്തു നിന്ന് ഉതകമണ്ഡലത്തിലേക്കു പോകുമ്പോൾ കൂനൂർ വരെ തീവണ്ടിയുടെ പിൻഭാഗത്താണ് ആവി എൻജിൻ. പച്ചവെള്ളം തിളച്ചുണ്ടാകുന്ന ആവിയിൽ പ്രവർത്തിക്കുന്ന എൻജിൻ നാലു കോച്ചുകളെ മലയുടെ മുകളിലേക്കു തള്ളിക്കയറ്റുന്നു. 10.30ന് കൂനൂർ േസ്റ്റഷനിൽ എത്തുമ്പോൾ ആവി എൻജിൻ മാറ്റി ഡീസൽ എൻജിൻ ഘടിപ്പിക്കും. അതോടെ ടോയ് ട്രെയിൻ പുതിയ രൂപത്തിലാകും. പ്രിയദർശന്റെ ‘കിലുക്കം’ ആരംഭിക്കുന്നതും അവസാനിക്കുന്നതും കൂനൂരിലെ ഈ മേക്കോവറിലാണ്. കളിപ്പാട്ടത്തിന്റെ രൂപത്തിലൊരു ട്രെയിൻ ഊട്ടിയിലുണ്ടെന്നും അതിൽ കയറിയാൽ നീലഗിരിയുടെ ഭംഗി ആസ്വദിക്കാമെന്നും കാണിച്ചു തന്നതിന് എക്കാലത്തും മലയാളികൾ പ്രിയദർശനോടു കടപ്പെട്ടിരിക്കുന്നു.

TONS0542

വെല്ലിങ്ടൺ, അറവൻകാട് േസ്റ്റഷനുകളിലൂടെ കേത്തിയിലെത്തി. വാഹനങ്ങൾ കടന്നു പോകുന്ന ചെറിയ പാതയും നാലു മുറികളുള്ള റെയിൽവെ ഓഫീസും നാലു ട്രാക്കുകളും ഉൾപ്പെടുന്നതാണ് കേത്തി േസ്റ്റഷൻ. പൈൻമരങ്ങൾ പന്തലിച്ച പാതയിലൂടെ കടന്നു വരുന്ന തീവണ്ടിയുടെ സിനിമാ സ്കോപ് പശ്ചാത്തലമാണ് കേത്തിയുടെ ഭംഗി. ‘സമ്മർ ഇൻ ബത്‌ലഹേം’ ചിത്രീകരിച്ചത് ഇവിടെയാണ്. അവിടെ നിന്നു മുകളിലേക്കുള്ള പാതയിൽ സഞ്ചാരികൾക്കു സ്വപ്ന തുല്യമായ പ്രകൃതിഭംഗി ആസ്വദിക്കാം. ‘മൂൻട്രാം പിറൈ’ എന്ന സിനിമയുടെ ക്ലൈമാക്സിനു പശ്ചാത്തലമായതു കേത്തിയാണ്. പഴയതെല്ലാം മറന്നു തീവണ്ടി കയറുന്ന ശ്രീദേവിയെ പ്രണയത്തിന്റെ നാളുകൾ ഓർമിപ്പിച്ച് കമൽഹാസൻ കുരങ്ങനെപ്പോലെ അഭിനയിക്കുന്ന രംഗം ആ പ്ലാറ്റ്ഫോമിനെ അനശ്വരമാക്കുന്നു. അവിടം മുതൽ ലൗ ഡെയ്ൽ വരെയുള്ള പ്രദേശങ്ങളിൽ നീലഗിരി വനമേഖലയുടെ സൗന്ദര്യം മൊത്തമായും ചില്ലറയായും തെളിഞ്ഞു നിൽക്കുന്നു. ലൗ ഡെയ്ൽ കഴിഞ്ഞുള്ള യാത്ര ഉതകമണ്ഡലത്തിലേക്കാണ് (ഊട്ടി). കേത്തിക്കും ഉതകമണ്ഡലത്തിനും ഇടയിലുള്ള നീളമേറിയ തുരങ്കവും റെയിൽപ്പാതയും ഷാരുഖ് ഖാൻ അഭിനയിച്ച ‘ദിൽസെ’ എന്ന സിനിമയിലെ ‘ഛയ്യ ഛയ്യ’ എന്ന പാട്ടിലൂടെ പ്രശസ്തമായി. ‘ഛയ്യ ഛയ്യ ട്രാക്ക്’ എന്ന പേരിലാണ് ഈ പാത അറിയപ്പെടുന്നത്.

നാലു മണിക്കൂർ അൻപതു മിനിറ്റു നേരത്തെ ടോയ് ട്രെയിൻ യാത്ര ‘ഉതകമണ്ഡലം’ േസ്റ്റഷനിലേക്ക് എത്തിച്ചേരുകയാണ്. പണ്ടു നീലഗിരിയിലെത്തിയ സായിപ്പും സംഘവും ഊട്ടിയെന്നു ചുരുക്കി വിളിച്ച ഉതകമണ്ഡലത്തിലെ ഉച്ചവെയിൽ സുഖം പകർന്നു തലോടി. ‘56136 മേട്ടുപ്പാളയം – ഉതകൈ’ തീവണ്ടി ഊട്ടി േസ്റ്റഷനിൽ എത്തിയെന്ന് പ്ലാറ്റ് ഫോമിലെ മൈക്കിൽ അനൗൺസ്മെന്റ് മുഴങ്ങി. അഭ്രപാളിയിൽ കണ്ടു മോഹിച്ച തീവണ്ടി യാത്രയുടെ സുഖമാസ്വദിച്ച് ആളുകൾ പുറത്തേക്കിറങ്ങി. മേട്ടുപ്പാളയത്തേക്കു പുറപ്പെടുന്ന ട്രെയിനിൽ കയറി നീലഗിരിയിലേക്ക് ഊളിയിടാൻ അക്ഷമയോടെ വേറൊരു കൂട്ടം അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു...

TONS0491
Tags:
  • Travel Stories
  • Manorama Traveller