Tuesday 12 November 2019 12:34 PM IST : By സ്വന്തം ലേഖകൻ

വേനൽച്ചൂടിൽ നിന്ന് ആശ്വാസം വേണോ? നേരെ പൊൻമുടിക്ക് വിട്ടോ...

shutterstock_384941617
Photo: Tibin Augustin

പണ്ടു പണ്ട്, സഹ്യപർവതനിരകളിൽ ആരാരും ചെന്നെത്താത്ത മലനിരകളുണ്ടായിരുന്നു. മലദൈവങ്ങൾ ആ കുന്നുകളിൽ അവരുടെ ‘പൊന്ന്’ സൂക്ഷിച്ചു. ആരും കാണാതിരിക്കാൻ പുൽമേടുകൾ കൊണ്ടു മൂടിവച്ചു. ചോലവനങ്ങൾ കൊണ്ട് അതിരു തീർത്തു. വെയിലു തട്ടി പൊന്നിന്റെ തിളക്കം മങ്ങാതിരിക്കാൻ കോടമഞ്ഞിന്റെ പുതപ്പണയിച്ചു. നാട്ടുകാർ ആ മലനിരകള്‍ക്കൊരു പേരിട്ടു–‘പൊന്മുടി’

കാലം കടന്നു പോയി. വേനൽച്ചൂടിന്റെ പൊള്ളലിൽ കോടമഞ്ഞിന്റെ പുതപ്പിലൊളിക്കാനും പ്രകൃതിയുടെ മായാജാലങ്ങൾ തൊട്ടറിയാനും സഞ്ചാരികൾ കുന്നുകയറി. തേയിലത്തോട്ടങ്ങളെച്ചുറ്റി, കാടിനു നടുവിലൂടെയുള്ള പാത പിന്നിട്ടു പൊന്മുടിയിലെത്തി. വന്നെത്തിയവരുടെയെല്ലാം മനസ്സും ശരീരവും കുളിരണിഞ്ഞു. കാടിന്റെ സംഗീതത്തിൽ അവർ നിശ്ശബ്ദതയുടെ താളം കേട്ടു. പുറംലോകത്തിന്റെ തിരക്കുകളിൽ നിന്നടർന്നു പൊന്മുടി കാഴ്ചയുടെ ഏഴാം സ്വർഗമൊരുക്കി.

IMG_0002

വേനൽച്ചൂടിന്റെ പൊള്ളലിൽ മനം മടുത്തിരിക്കുകയാണോ? എങ്കിൽ വരൂ, വാച് ടവറിൽ നിന്ന് മേഘങ്ങളോടു കിന്നാരം ചൊല്ലി, കോടമഞ്ഞിൽ മുഖം കഴുകി, പുൽമേടുകൾക്കിടയിലൂടെ ചോലവനങ്ങളിലേക്കു നടന്ന്, കാട്ടരുവിയുടെ കുളിരു തൊട്ടറിഞ്ഞ്, മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന പൊന്മുടിയിലൂടെ ചുറ്റിയടിക്കാം.

കല്ലാറിന്റെ ഒാരം ചേർന്ന് ഗോൾഡൻ വാലിയിലേക്ക്

തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ ദൂരത്തിലാണു മഞ്ഞിന്റെ തലപ്പാവണി‍ഞ്ഞ പൊന്മുടി. നഗരത്തിന്റെ തിരക്കിൽ നിന്നു കുറച്ചു ദൂരം പിന്നിടുമ്പോൾ വിതുര ടൗണ്‍. ഇവിടെ നിന്നു വലത്തോട്ടു പോയാൽ പേപ്പാറ ഡാം. 53 കിലോമീറ്റർ ചുറ്റളവിൽ പച്ചപ്പിന്റെ കാഴ്ചകളൊരുക്കുന്ന വന്യജീവി സങ്കേതം. വാഴ്‌വന്തോൾ വെള്ളച്ചാട്ടവും അറുമുഖം കുന്നുമെല്ലാം കാഴ്ചയാകുന്ന പേപ്പാറ ഫൊട്ടോഗ്രാഫർമാരുടെ പ്രിയ ലൊക്കേഷനാണ്.

IMG_0031

യാത്ര തുടർന്നു കല്ലാറിലെത്തുമ്പോൾ ദൂരെയായി പൊന്മുടിക്കാഴ്ചകളുടെ പൊൻവെയിൽ കാണാം. റോഡിനു സമാന്തരമായി ഒഴുകുന്ന കല്ലാർ അരുവിയുടെ കൈപിടിച്ചാണു യാത്ര. സഹ്യപർവത നിരകളിലെ ‘ചെനുമഞ്ചി’ൽ നിന്ന് ആരംഭിക്കുന്നുവെന്നു കരുതപ്പെടുന്ന കല്ലാറിൽ നിന്നാണു വാമനപുരം നദിയുടെ തുടക്കം. ഉരുളൻക്കല്ലുകളിൽ തട്ടിച്ചിതറി ഒഴുകുന്ന കല്ലാറിന്റെ താളം മുന്നോട്ടു ചെല്ലുന്നതിനനുസരിച്ചു മുറുകുന്നു.

പൊന്മുടിയിലേക്കുള്ള പ്രവേശനകവാടമായ സുവർണ താഴ്‌വര(ഗോൾഡൻ വാലി)യിലാണ് ചെന്നെത്തുന്നത്. വന സുരക്ഷാസമിതി പ്രവർത്തകരുടെ അനുവാദത്തോടെ മാത്രമേ ഇനി യാത്ര തുടരാനാവൂ. കുന്നുകയറിച്ചെല്ലുന്നവർ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും സമിതി പ്രവർത്തകർ കൃത്യമായി പറഞ്ഞു തരും. മദ്യലഹരിയിൽ ആഘോഷിക്കാനെത്തുന്നവർ ഓർക്കുക – നിങ്ങൾക്കു മുൻപിൽ ഈ കവാടം തുറക്കില്ല.

IMG_0023

കാഴ്ചകൾക്കായി മനസ്സിനെ ഒരുക്കിയെടുക്കാനും വിശ്രമിക്കാനും ഗോൾഡൻ വാലിയിൽ സൗകര്യമുണ്ട്. റോഡിൽ നിന്നു പടവുകളിറങ്ങിച്ചെല്ലുന്നത് കല്ലാറിന്റെ മറ്റൊരു കാഴ്ചയിലേക്കാണ്. കാലം കടഞ്ഞെടുത്ത മിനുസമേറിയ വലിയ പാറക്കെട്ടുകൾക്കിടയിലൂടെ ചിന്നിച്ചിതറുന്ന അരുവി. മരം കോച്ചുന്ന തണുപ്പുള്ള വെള്ളത്തിൽ നീരാടാം. മലവെള്ളപ്പാച്ചിൽ കൊണ്ടുവന്ന് അരുവിക്ക് കുറുകെയിട്ട വലിയ മരങ്ങളും ദാഹമകറ്റാനെത്തിയ കാട്ടുകുരുവികളും ഗോൾഡൻ വാലിയിലെ കാഴ്ചകൾക്കു മാറ്റു കൂട്ടുന്നു.

നമുക്ക് ചുരം കയറാം

ഗോൾഡൻ വാലിയിൽ നിന്നു കുന്നു ചുറ്റിയുള്ള യാത്രകൾ ആരംഭിക്കുകയാണ്. 22 ഹെയർപിൻ വളവുകൾ പിന്നിട്ടു വേണം പൊന്മുടിയിലെത്താൻ. ഓരോ വളവു കഴിയുമ്പോഴും കാടിന്റെ കാഴ്ചകൾക്കു കട്ടിയേറുന്നു. പച്ചപുതച്ചു നിൽക്കുന്ന വൻമരങ്ങൾ. തുള്ളിച്ചിതറിയൊഴുകുന്ന അരുവിയുടെ സംഗീതം. റോഡിനിരുവശത്തും അലങ്കാരപ്പണികൾ പോലെ പൊഴിഞ്ഞുവീണ കരിയിലകൾ. ഒരു വലിയ വനത്തിനുള്ളിലൂടെ മറ്റേതോ ലോകത്തേക്കു സഞ്ചരിക്കുന്ന പ്രതീതി.

IMG_0014

ചിലയിടങ്ങളിൽ റോഡിനോടു ചേർന്നാണ് അരുവി. പാറക്കെട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ പാകത്തിലുള്ള നടവഴികൾ. പക്ഷേ, അതിനടുത്തായി അപകട മുന്നറിയിപ്പുകളുണ്ട്. ഏതു നിമിഷവും മലവെള്ളം പാഞ്ഞെത്താമെന്നും അനുവാദമില്ലാതെ വെള്ളത്തിലിറങ്ങരുതെന്നും ഓർമപ്പെടുത്തുന്ന ബോർഡുകൾ.

കാടിനു നടുവിലൂടെയുള്ള പാതയിലൂടെ യാത്ര തുടർന്നു. ഇരുവശത്തുമുള്ള മരങ്ങൾ ശിഖരങ്ങൾക്കൊണ്ടു പരസ്പരം കെട്ടിപ്പിടിക്കുന്നു. ഇടയ്ക്കിടെ പച്ചപ്പിന്റെ നിഴൽ തുളച്ചെത്തുന്ന വെളിച്ചത്തിന്റെ ചിത്രപ്പണികൾ.

IMG_0199

വളുകൾ ഓരോന്നായി പിന്നിട്ടു മുകളിലെത്തിയപ്പോൾ വൻമരങ്ങൾ അപ്രത്യക്ഷമായി. കുട്ടിച്ചിത്രങ്ങളിലെ ഭാവന പോലെ ഒരുവശത്ത് ആഴമേറിയ താഴ്‌വരയും മറുവശത്തു മനോഹരമായ തേയിലത്തോട്ടങ്ങളും. താഴേക്കു നോക്കുമ്പോൾ ഒന്നും കാണാൻ വയ്യ. കോടമഞ്ഞു കാഴ്ചകളെ മറച്ചുപിടിക്കുന്നു. തണുപ്പേറിയ കാറ്റു മുഖത്തു തലോടി സ്വാഗതം ചെയ്തു – പൊന്മുടിയുടെ ഉയരത്തിലേക്ക്.

കോടമഞ്ഞു പുതച്ച കാഴ്ചകൾ

നിമിഷനേരം കൊണ്ടു കൺമുന്നിൽ കവിതയെഴുതുന്ന കോടമഞ്ഞിന്റെ കാഴ്ചകളാണ് പൊന്മുടിയുടെ ഉയരത്തിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത്. മൊട്ടക്കുന്നുകളെ തലോടി പുൽമേടുകളിൽ തട്ടിത്തടഞ്ഞു കാറ്റിനൊപ്പം ഒഴുകി നീങ്ങുന്ന മഞ്ഞ്. അതിനിടയിലൂടെ ദൂരെ ചോലവനങ്ങൾ കാണാം. കിളിക്കൊഞ്ചലുകൾ കേൾക്കാം. മഞ്ഞുകാലത്തിന്റെ ഭാവമുള്ള പൊന്മുടിയിലെ മായാജാലത്തിനു വേനലിലും മങ്ങലേറ്റിട്ടില്ല. വേനലിൽ ഇത്രയും സൗന്ദര്യമെങ്കിൽ മഴക്കാലത്തെ കാഴ്ചകൾ എത്രത്തോളം സുന്ദരമായിരിക്കും... മനസ്സിലോർത്തു.

IMG_0246

സഞ്ചാരികൾക്കു വിശ്രമിക്കാനായി പൊന്മുടിയിൽ കൂടാരങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് ‘പൊന്മുടി’യെന്ന ബോർഡു വച്ച്, നെടുമങ്ങാടും വിതുരം കല്ലാറും താണ്ടി, മഞ്ഞും മഴയും തൊട്ടറിഞ്ഞ് കുന്നു കയറിവരുന്ന ആനവണ്ടി കാത്തിരിക്കാൻ ഒരു ബസ് േസ്റ്റാപ്പും. അതിനോടു ചേർന്നാണ് വാച് ടവറിലേക്കു നീളുന്ന നടപ്പാത.

പടവുകൾ പിന്നിട്ടു വാച് ടവറിന്റെ മുകളിലെത്തുമ്പോൾ പൊന്മുടിക്കാഴ്ചകൾക്കു ഭംഗിയേറുന്നു. നിമിഷനേരം കൊണ്ടാണ് എവിടെ നിന്നാണെന്നറിയാതെ കോടമഞ്ഞ് കടന്നു വരുന്നത്. മേഘപ്പാളികൾ പോലെ കൺമുന്നിലൂടെ കാറ്റിനൊപ്പം നീങ്ങുന്ന കോടയുടെ ദൃശ്യം വിവരണങ്ങൾക്കതീതമാണ്. മഞ്ഞിന്റെ നനവു വിട്ടുമാറാത്ത പുൽമേടുകളുടെ ഇളംപച്ച നിറത്തിലുള്ള പശ്ചാത്തലം കൂടിയാവുമ്പോൾ പിന്നെ പറയണ്ട. കോട പരക്കുന്നതോടെ ദൂരെ നിർത്തിയിട്ട വാഹനങ്ങളും ചോലവനങ്ങളുമെല്ലാം കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാവുന്നു. എങ്ങും വെള്ളപ്പുതപ്പുകൾ മാത്രം. കാറ്റിന്റെ തണുപ്പ് സിരകളെ ചുംബിക്കുമ്പോൾ മേഘങ്ങൾക്കിടയിലൂടെ സ്വപ്നങ്ങളിലേക്കു പറന്നുയരുന്നതു പോലെ...

shutterstock_385886881

ചോലവനത്തിനുള്ളിലേക്ക്

വാച് ടവറിൽ നിന്നിറങ്ങുമ്പോൾ ചെറിയൊരു വഴി കാണാം. ഒരാൾക്കു നടന്നുപോകാൻ മാത്രം വീതിയുള്ള വഴി കുന്നിന്റെ അറ്റത്തു ചെന്നവസാനിക്കുന്നു. മൂന്നുവശത്തും ആഴത്തിലുള്ള പുൽമേടുകൾ. പറയുന്ന വാക്കുകൾ മറ്റേതോ കുന്നിൽ തട്ടി പ്രതിധ്വനിച്ചു. താഴെ ദൂരെയായി ഇടതൂർന്ന ചോലവനം കടുംപച്ചയണിഞ്ഞു നിൽക്കുന്നു. അതിനുള്ളിലെ കിളികളുടെ പാട്ട് താഴ്‌വാരം താണ്ടി കുന്നിനു മുകളിലേക്കെത്തി. ഏതു കിളിയാണത്? അറിയാൻ ആകാംക്ഷയായി. തിരികെ നടന്നു പുൽമേടുകൾക്കിടയിലൂടെ വനത്തിലേക്കിറങ്ങി. കുത്തനെയുള്ള ഇറക്കമിറങ്ങുമ്പോൾ സൂക്ഷിക്കണം. കാലൊന്നു തെറ്റിയാൽ കാട്ടിലേക്ക് ഉരുണ്ടുതെറിച്ചു വീഴും.

കാടിനു നടുവിലുള്ള മൺവഴിയിലേക്കാണ് ഇറങ്ങിച്ചെന്നത്. ഇളംപച്ച പുതച്ച കാഴ്ചകൾക്കു പകരം കാടിന്റെ നിഴലുള്ള കടുംപച്ച കാഴ്ചകൾ ചുറ്റിലും നിറഞ്ഞു. ഇളകിക്കിടക്കുന്ന കല്ലുകളും ചരിവുകളും കടന്നു മുന്നോട്ടു പോയി. ഇടയ്ക്ക് വഴിക്കു കുറുകെ വീണുകിടക്കുന്ന വൻമരങ്ങൾ. കണ്ടാൽ നിസ്സാരക്കാരാണെന്നു തോന്നുമെങ്കിലും ഒന്നുതട്ടിയാൽ ചോരപൊടിക്കുന്ന മുൾചെടികൾ വഴിയിലേക്കു തലനീട്ടി നിൽക്കുന്നുണ്ട്.

amenity-center-at-ponmudi

കാടിന്റെ ഉള്ളറിഞ്ഞുള്ള നടത്തം അവസാനിക്കുന്നതു മറ്റൊരു അരുവിയുടെ ഓരത്താണ്. ശങ്കിലിയാറിന്റെ കൈവഴികളിലൊന്നാണ് ഈ കാട്ടരുവി. ആനയും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങളുടെയം കാട്ടുപക്ഷികളുടെയും ദാഹമകറ്റാനായി വേനലിലും ഈ അരുവി തന്നാലാകും വിധമൊഴുകുന്നു. കാടിനു കുളിരേകുന്നു. അരുവിയിലെ ജലം തൊടാനാഞ്ഞപ്പോൾ മുന്നിലെ കുറ്റിക്കാടിൽ നിന്നു കാട്ടുപക്ഷികൾ പറന്നുയർന്നു. പാട്ടുപാടിയത് ഇവരായിരിക്കണം...

സീതാതീർഥത്തിലെ കുളിർജലം

പൊന്മുടിയിൽ നിന്നും രണ്ടര കിലോമീറ്റർ നടന്നാൽ കഥകളുറങ്ങിക്കിടക്കുന്ന ‘സീതാതീർഥ’ത്തിലെത്താം. വിശ്രമകേന്ദ്രത്തിനടുത്തു നിന്നാണ് ഇവിടേക്കുള്ള വഴിയുടെ ആരംഭം. കുറച്ചു ദൂരം ചെല്ലുമ്പോഴേക്കും കാഴ്ചയുടെ ഭാവം മാറുന്നു. വേരുകൾ ചുറ്റിപ്പിണഞ്ഞ വൻമരങ്ങള്‍ക്കും ഔഷധസസ്യങ്ങള്‍ക്കുമിടയിലൂടെയാണ് മൺവഴി മുന്നോട്ടുപോകുന്നത്.

IMG_0233

‘‘പുലിയും കടുവയുമടക്കമുള്ള മൃഗങ്ങള്‍ ഈ കാട്ടിലുണ്ട്. ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും ഇടയ്ക്കിടെ വഴിയിലിറങ്ങും. അവരെ കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്താൽ വഴിമാറി നടക്കണം. കാടിനുള്ളിൽ സാഹസികത കാണിക്കാനായി അവരെ ശല്യം ചെയ്യരുത്. അവർ നമ്മളെയും ശല്യം ചെയ്യും. പിന്നെ തിരിച്ചു കാടിറങ്ങാനായെന്നു വരില്ല’’ – വഴികാണിച്ചു കൂടെ വന്ന ഗൈഡ് തോമസ് പറഞ്ഞു. ചെറുപ്പം തൊട്ടേ പൊന്മുടിയിൽ താമസിക്കുന്ന തോമസിനു കാട്ടുവഴികളെല്ലാം സുപരിചിതം. കാടിനുള്ളിലൂടെ ഒറ്റയ്ക്കുള്ള നടത്തമാണ് തോമസിന്റെ ഇഷ്ടവിനോദം.

‘‘ചെറുപ്പം തൊട്ടേ കാടൊരു ഹരമായിരുന്നു. അന്നൊക്കെ രാവിലെ ഭക്ഷണം കഴിച്ചു വീട്ടിൽ നിന്നിറങ്ങും. പിന്നെ കാട്ടുപഴങ്ങൾ കഴിച്ച്, അരുവിയിൽ കുളിച്ചു വെറുതേ കാട്ടിലൂടെയിങ്ങനെ ചുറ്റിയടിച്ചു നടക്കും. നേരമിരുട്ടുമ്പോഴാണു വീട്ടിൽ ചെന്നുകയറുന്നത്. അപ്പോഴേക്കും പൊന്മുടി കോടമഞ്ഞു കൊണ്ടു മൂടിയിട്ടുണ്ടാവും’’– സീതാതീർഥത്തിലേക്കു നടക്കുമ്പോൾ തോമസിന്റെ കഥകൾ കൂട്ടായി.

IMG_0263

വഴി അവസാനിക്കുന്നതു വിശാലമായ കുന്നിൻമുകളിലാണ്. ചുറ്റിലും പച്ചപ്പും പാറക്കെട്ടുകളും ഇടവിട്ടുള്ള മനോഹര കാഴ്ചകൾ. പച്ചപ്പിനിടയിലെ പാറയ്ക്കു മുകളിലൂടെയാണ് മുന്നോട്ടുള്ള വഴി. അതിന്റെ ഓരത്തായി പുൽമേടിൽ ഒരു ചെറിയ കുളം. തൊട്ടപ്പുറത്തു പാറയുടെ മുകളിൽ ആഴത്തിൽ പതിഞ്ഞ ഒരു കാൽപ്പാദത്തിന്റെ അടയാളം കാണാം. അതിനു ചുറ്റും സംരക്ഷണത്തിനായി ചെറിയ വേലി കെട്ടിയിട്ടുണ്ട്. കുളത്തിനടുത്തു നിന്നു കുറച്ചുമാറി ഓലമേഞ്ഞ ചെറിയൊരു അമ്പലം.

സീതയെ തട്ടിക്കൊണ്ടുപോവുന്നതിനിടയിൽ രാവണൻ ഈ താഴ്‌വരയിൽ വിശ്രമിച്ചെന്നും ആ സമയത്ത് സീത കുളത്തിൽ നിന്നു വെള്ളം കുടിച്ചു ദാഹമകറ്റിയെന്നുമാണു ഈ കുളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യം. വനവാസ കാലത്തു രാമലക്ഷ്മണന്മാർ സീതയോടൊപ്പം ഇവിടെ താമസിച്ചിരുന്നുവെന്നും സീത ഈ കുളത്തിൽ കുളിച്ചുവെന്നും മറ്റൊന്ന്. അന്നു പതിഞ്ഞ കാൽപ്പാദമാണ് ഇപ്പോഴും ഇവിടെ കാണുന്നതെന്നാണു വിശ്വാസം.

ponmudi_hill_station_520

‘‘മുൻപു വലിയ കുളമായിരുന്നു സീതാതീർഥം. ആനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ വെള്ളം കുടിക്കാൻ വന്നു വന്ന് മണ്ണിടിഞ്ഞു കുളം മൂടിപ്പോയതാണ്. ഇവിടെയാണ് സീതാദേവിയുടെ കാൽപ്പാദം പതിഞ്ഞത്. എല്ലാ വർഷവും ജനുവരി പതിനാലിനു പൊങ്കാലയിടാൻ വിശ്വാസികൾ വരാറുണ്ട്’’ – തോമസ് ഓരോ കാഴ്ചയും വിശദീകരിച്ചു.

ഐതിഹ്യമേതായാലും സീതാതീർഥത്തിലെ കുളിരുള്ള വെള്ളം കൊണ്ടു മുഖം കഴുകുമ്പോൾ ആരുടെ ഉള്ളുമൊന്നു കുളിരും. കാട്ടുവഴികളിലൂടെ തിരികെയിറങ്ങി. അപ്പോഴും പുൽമേടുകളെ തഴുകി മഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉച്ചവെയിൽ കടന്നുപോയതൊന്നും പൊന്മുടി അറിഞ്ഞിട്ടില്ല. തണുത്ത കാറ്റും കാടിന്റെ കഥകളും ഐതിഹ്യങ്ങളും പൊന്മുടിയിലെത്തുന്ന സഞ്ചാരികളെ പുറംലോകത്തിൽ നിന്നുമൊളിപ്പിച്ചു നിർത്തുന്നു.

IMG_0277

മഞ്ഞിന്റെ കവിതകളോടു യാത്ര പറഞ്ഞു തേയിലത്തോട്ടങ്ങൾക്കിടയിലൂടെ താഴേക്കിറങ്ങുമ്പോൾ തണുത്ത കാറ്റു കൂട്ടു വന്നു. വീട്ടിലെത്തിയ അതിഥിയെ യാത്രയാക്കാൻ പടിവാതിലു വരെ കൂടെ വരുന്ന ആതിഥേയനെപ്പോലെ ആ സാമീപ്യം ഗോൾഡൻ വാലി വരെ തൊട്ടറിയാമായിരുന്നു. ഹെയർപിൻ വളവുകൾ പിന്നിട്ട് മരങ്ങൾ ചുംബിച്ച വഴികളിലൂടെ ഗോൾഡന്‍ വാലി കടന്നു സമതലങ്ങളിലേക്കെത്തിയപ്പോൾ സിരകളിൽ മെല്ലേ വിയർപ്പു പൊടിയാൻ തുടങ്ങി. ‘ഹൊ, എന്തൊരു ചൂട് ! 

How To Reach

തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ ദൂരമുണ്ട് പൊന്മുടിയിലേക്ക്. നഗരത്തിൽ നിന്ന് നെടുമങ്ങാട് –വിതുര–കല്ലാർ വഴി പൊന്മുടിയിലെത്താം. തിരുവനന്തപുരം സെൻട്രൽ, നെടുമങ്ങാട്, വിതുര ബസ് സ്റ്റാൻഡുകളിൽ നിന്നു പകൽ ബസുകളുണ്ട്. തിരുവനന്തപുരം സെൻട്രലാണ് ഏറ്റവും അടുത്തുള്ള റയിൽവേ േസ്റ്റഷൻ.   

What to See

koyikkal_palace_514

പൊന്മുടിക്കാഴ്ചകൾ പോലെത്തന്നെ ആകർഷകമായ കാഴ്ചകള്‍ പൊന്മുടിയിലേക്കുള്ള വഴിയിലുമുണ്ട്.

കോയിക്കൽ കൊട്ടാരം – വേണാട് ഭരിച്ചിരുന്ന ഉമയമ്മ മഹാറാണിയുടെ നാലുകെട്ട്. ചരിത്രഗന്ധിയായ കാഴ്ചകളും അപൂർവമായ പുരാവസ്തുക്കളും സഞ്ചാരികളെ ഗൃഹാതുരതയിലേക്കു കൈപിടിച്ചു നടത്തുന്നു. നെടുമങ്ങാടു കെഎസ്ആർടിസി സ്റ്റാൻഡിനടുത്താണു കൊട്ടാരം. തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ. പ്രവേശനം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

പേപ്പാറ ഡാം – 53 കിലോമീറ്റർ വിസ്തൃതിയിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന വന്യജീവി സങ്കേതം. നഗരത്തിൽ നിന്നു 53 കിലോമീറ്റർ ദൂരം. വിതുരയിൽ നിന്നുള്ള പിഡബ്‌ള്യുഡി റോഡാണു പ്രധാനവഴി. വന്യജീവി സങ്കേതത്തിൽ സന്ദർശകർക്കു നിയന്ത്രണമുണ്ട്.

മീൻമുട്ടി വെള്ളച്ചാട്ടം – കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്ന്. മഴക്കാലത്താണ് കൂടുതൽ ഭംഗി. രാവിലെ 10 മണി മുതൽ കല്ലാറിൽ നിന്നു മീൻമുട്ടിയിലേക്കു കാടുകയറാം. രാവിലെയാണ് ഉചിത സമയം. കാടിനുള്ളിൽ പ്രവേശിക്കാൻ പ്രത്യേകഫീസ് കൊടുക്കണം. ഏകദേശം ഒരു കിലോമീറ്റർ മാത്രമേ വാഹനം പോവുകയുള്ളൂ. ബാക്കി രണ്ടു കിലോമീറ്റർ ദൂരം നടക്കണം.

Tags:
  • Manorama Traveller
  • Kerala Travel