Tuesday 14 May 2019 04:03 PM IST

സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, ഒത്തൊരുമയുടെ ഇടത്താവളം; എളമ്പിലേരി മലയിലെ ടെന്റ് ക്യാംപ് വിശേഷങ്ങൾ

Baiju Govind

Sub Editor Manorama Traveller

_ONS4162 Photo : Tibin Augustine

എളമ്പിലേരി മലയുടെ നെറുകയിൽ ചാലിയാർ ഒഴുകുന്നതു കാണാൻ  ഭംഗിയാണ്. വയനാടൻ കാടിന്റെ തനിമ ചാലിച്ച പുഴയിൽ മുങ്ങി കുളിച്ചാൽ ‘സ്വർഗം കാണാം’. മനസ്സും ശരീരവും ഉന്മേഷപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതുപോലൊരു സുഖചികിത്സ വേറെയില്ല. പഴശ്ശിരാജാവിന്റെ അങ്കപ്പാടു പതിഞ്ഞ കാട്ടാറും കാനനവും സഞ്ചാരികൾക്ക് മറക്കാത്ത അനുഭവം സമ്മാനിക്കുന്നു.

_ONS4114

ഓഫ് റോ‍ഡ് ട്രെക്കിങ്ങിനു പേരു കേട്ട മലയാണ് എളമ്പിലേരി. താമരശ്ശേരി ചുരം താണ്ടി മേപ്പാടി കടന്നു ചുണ്ടേൽ ജംക്‌ഷനിൽ നിന്നു വലത്തോട്ടു തിരിയുന്ന റോഡ് എളമ്പിലേരി മലയിലേക്കാണ്. ഗ്രാമപഞ്ചായത്തിന്റെ വിശ്രമ കേന്ദ്രത്തിനരികിലൂടെ മുകളിലേക്കു കാണുന്നതാണ് ‘ഓഫ് റോഡ്.’ റോയൽ എൻഫീൽഡ് ഇക്കുറി ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് റൈഡർമാരുടെ ക്യാംപ് നടത്തിയത് എളമ്പിലേരിയിലാണ്. ചാലിയാറിന്റെ പാറക്കെട്ടിനരികിലുള്ള ‘റെയിൻ ഫോറസ്റ്റാ’ണ് ആഘോഷങ്ങൾക്കു വേദിയായത്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് നൂറ്റിയിരുപതു പേർ എത്തി.

_ONS4511

ഓഫ് റോഡ്

കുഴിയേത് റോഡേതെന്നു തിരിച്ചറിയാൻ പറ്റാത്ത കല്ലിളകിയ വഴിയിലൂടെ ജീപ്പ് നീങ്ങി. ഒരു കല്ലിൽ നിന്നു മറ്റൊരു കല്ലിലേക്കു ചാടി എന്നു പറയുന്നതാണു ശരി. ആദ്യത്തെ ഒരു കിലോമീറ്റർ കല്ലിളകിയ കുഴിയാണ്. പിന്നെയുള്ള രണ്ടു കിലോമീറ്റർ നിറയെ കല്ല്. ജീപ്പും ബുള്ളറ്റുമൊഴികെ വാഹനങ്ങൾക്കു യോജിച്ചതല്ല ക്യാംപ് സൈറ്റിലേക്കുള്ള കാട്ടുപാത. ‘‘സമുദ്ര നിരപ്പിൽ നിന്ന് 6800 അടി ഉയരത്തിലാണ് എളമ്പിലേരി മല’’ ജീപ്പിന്റെ വളയം പിടിച്ച റാഫി ഗൈഡായി. വെള്ളച്ചാട്ടത്തിന്റെ ഓരം ചേർന്നുള്ള പാതയിലൂടെ ജീപ്പ് കുന്നിറങ്ങി. പതിപ്പാലത്തിന്റെ കരയിൽ മരച്ചില്ലകൾ ചേർത്തെഴുതിയ പേരു കണ്ടു – ‘റെയിൻ ഫോറസ്റ്റ് ’.

ഉരുളൻ പാറകൾ അടുക്കുകളായി നിൽക്കുന്ന കുന്നിൻ ചെരിവു നിറയെ മരങ്ങൾ. അവയുടെ തണലിൽ കുട കമഴ്ത്തിയ പോലെ ടെന്റുകൾ. വെട്ടിത്തെളിച്ച വഴിയും കരിയില മൂടിയ വൃത്തിയുള്ള മണ്ണും. ഭക്ഷണശാലയും ശുചിമുറിയുമൊഴികെ മറ്റു നിർമിതികളില്ല.

_ONS4444

അടിവാരത്തുള്ള ഇടവഴിയിൽ ബുള്ളറ്റുകളൊതുക്കി റൈഡർമാർ ക്യാംപിലേക്ക് എത്തിത്തുടങ്ങി.  അവർക്കു കട്ടൻ ചായയും പരിപ്പു വടയും നൽകി സൽക്കരിക്കുകയാണ് ക്യാംപിന്റെ സംഘാടകനായ ഉണ്ണി കൃഷ്ണൻ. ലൊക്കേഷന്റെ സൗന്ദര്യത്തിൽ മയങ്ങിയവരോടു ഭൂമിശാസ്ത്രവും ചരിത്രവും ചേർത്ത് അദ്ദേഹം കഥ പറഞ്ഞു.

_ONS4156

പണ്ടു വയനാട്ടിലെത്തിയിരുന്ന യാത്രികർ താമരശ്ശേരി ചുരം കയറിയതു ചെമ്പ്ര മല കാണാനായിരുന്നു. മേപ്പാടിയായിരുന്നു താവളം. തോട്ടം പണിക്കാർ താമസിക്കുന്ന വീടിന്റെ നാട്ടുപേരാണു പാടി. ‘മേലേ പാടികൾ’ ചേർന്നു മേപ്പാടിയായി. എളമ്പിലേരി മലയിലും വെള്ളർമലയിലും സ്വർണ അയിരുകളുടെ നിക്ഷേപം ഉണ്ടെന്നു കണ്ടെത്തിയ മേപ്പാടി ദേശം തൊഴിലാളികളെക്കൊണ്ടു നിറഞ്ഞു. പിൽക്കാലത്ത് തോട്ടങ്ങളിൽ തേയിലയും കാപ്പിയും ഏലവും നട്ടു പിടിപ്പിച്ചപ്പോൾ സ്ഥിര താമസത്തിന് ആളുകളെത്തി. അവരാണ് എളമ്പിലേരിയിലേക്കു വഴി വെട്ടിയത്.   ആ വഴിയിലൂടെയാണ് സാഹസിക സഞ്ചാരികൾ ഇപ്പോൾ ഓഫ് റോഡ് ട്രെക്കിങ് നടത്തുന്നത്.

_ONS4469

എളമ്പിലേരി മലയുടെ പ്രത്യേകത അറിയണമെങ്കിൽ വയനാടിന്റെ അതിർത്തിയിലെ മറ്റു മലകളെ കുറിച്ചൊരു ധാരണ വേണം. പഴശ്ശിരാജാവ് ഗോത്രവാസികളെ യോദ്ധാക്കളാക്കി ഒളിപ്പോരിനു കളമൊരുക്കിയ കഥ ഓർത്താൽ അതിരുകൾ പെട്ടെന്നു മനസ്സിലാകും. വ യനാടിന്റെ വടക്ക് ബ്രഹ്മഗിരി. പേരിയ, തൊണ്ടാർമുടി, വാളാട്, പക്രംതളം, കണ്ണവം കാടുകൾ വടക്കു പടിഞ്ഞാറു ഭാഗം. പടിഞ്ഞാറു വശം ബാണാസുര, പൊഴിച്ചന. തെക്കു ഭാഗത്ത് ചെമ്പ്രയും എളമ്പിലേരിയും. ചാലിയാറിന്റെ സാന്നിധ്യമാണ് എളമ്പിലേരിയുടെ മനോഹാരിത. തെളിനീരൊഴുകുന്ന ആഴമില്ലാത്ത കടവുകളാണ് ആകർഷണം. അതിൽ ഏറ്റവും ഭംഗിയുള്ള സ്ഥലത്താണു റെയിൻ ഫോറസ്റ്റ്.

_ONS4335-1

പുഴയോരത്തെ രാത്രി

ബുള്ളറ്റ് റൈഡർമാർ ടെന്റുകളിൽ പ്രവേശിച്ചു. രണ്ടു പേർക്ക് ഒരു ടെന്റ്. ടെന്റിനുള്ളിൽ സ്ലീപ്പേഴ്സ് ബാഗും തലയിണയും. ബാഗുകൾ ടെന്റിനുള്ളിൽ‌ വച്ച് റൈഡർമാർ കന്റീനിൽ നിരന്നു. അസ്തമയത്തിന്റെ തണുപ്പ് കട്ടൻ ചായയുടെ ചൂടിലൊതുക്കി അവർ പരസ്പരം പരിചയപ്പെട്ടു. ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും വന്നവർ നിമിഷങ്ങൾക്കുള്ളിൽ സുഹൃത്തുക്കളായി. കോട്ടയത്തു നിന്നും തൃശൂരിൽ നിന്നുമുള്ളവർ വട്ടംകൂടി വിശേഷം പറഞ്ഞു. ക്യാംപുകളും റൈഡുമാണ് സംസാര വിഷയം. ബുള്ളറ്റും ഹിമാലയനും തമ്മിലുള്ള വ്യത്യാസവും 350 സിസിയും 500 സിസിയും നൽകുന്ന പെർഫെക്‌ഷനുമൊക്കെ അനുഭവ സഹിതം കഥകളിറങ്ങി. ഓപ്പൺ എയർ സ്റ്റേജിൽ സംഗീതം ഉയർന്നതോടെ അവർ പുഴയരികിലേക്ക് ഒഴുകി.

_ONS4353

‘‘മുളയും കാട്ടുകൂവയും നായക്കരിമ്പും കൈതയും ഓടയും വളരുന്നതിനാലാണ് ചാലിയാറ്റിൽ നീരൊഴുക്കു വറ്റാത്തത്. ഈ വെള്ളമാണ് അടിവാരത്തിന്റെ ദാഹമകറ്റുന്നത്.’’ ചാലിയാറിന്റെയും തീരത്തിന്റെയും പരിശുദ്ധി പാലിക്കണമെന്ന് ഉണ്ണികൃഷ്ണൻ നിർദേശം നൽകി.

_ONS4383

ക്യാംപ് ഫയറിനു ചുറ്റും വട്ടമിരുന്നവർക്കു മുന്നിൽ ബാർബി ക്യൂ ചിക്കനും ചപ്പാത്തിയും നിരന്നു. തൊട്ടു പുറകെ ‘അധോലോകം’ മ്യൂസിക് ബാൻഡ് സംഗീത നിശ ആരംഭിച്ചു. മഞ്ഞു പെയ്യുന്ന രാത്രിയുടെ പകുതിയിൽ എല്ലാവരും ടെന്റുകളിലേക്കു മടങ്ങും വരെ പുഴയോരം സംഗീതസാന്ദ്രമായി.

_ONS4376

സൂര്യോദയം കാണാൻ

എളമ്പിലേരി പുഴയുടെ തീരത്തെ ഏലത്തോട്ടത്തിലൂടെ മലയുടെ മുകളിൽ കയറിയാൽ വെള്ളിയുരുക്കിയ പോലെ സൂര്യോദയം കാണാം. കാട്ടു പക്ഷികളുടെ പാട്ടു കേട്ട് ഒറ്റയടിപ്പാതയിലൂടെയുള്ള നടത്തമാണ് സൂര്യോദയം കാണാനുള്ള യാത്രയുടെ സുഖം. ചുവന്നു കലങ്ങിയ മാനത്തു പ്രഭാതസൂര്യന്റെ വെള്ളിക്കിണ്ണം തിളങ്ങി. വെയിൽ തലയ്ക്കു പിടിച്ചതോടെ ക്യാമറകൾ ഓഫ് ചെയ്ത് പുഴക്കരയിലേക്ക്. കാട്ടു ചെടികളെ തലോടിയെത്തുന്ന തെളിനീരിൽ മതിവരുവോളം നീന്തിത്തുടിച്ചൊരു കുളി. കുളിര് വിട്ടു മാറി പുട്ടും കടലയും കഴിച്ച് മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോൾ എല്ലാവരുടെയും മുഖത്ത് തികഞ്ഞ ഗൗരവം; ഒരൊറ്റ യാത്രയിൽ ഒരുപാട് അങ്കങ്ങൾക്കുള്ള ബാല്യം വരമായി കിട്ടിയ പോലെ... 

unni-wynad2113 ക്യാംപിന്റെ സംഘാടകൻ ഉണ്ണി കൃഷ്ണൻ