Monday 27 January 2020 02:11 PM IST : By ഈശ്വരൻ ശീരവള്ളി

ഏഷ്യയിലെ ഏറ്റവും വലിയ ബൗദ്ധസ്തൂപം നിലനിന്നിരുന്ന സ്ഥലം, തുറമുഖ നഗരം; ശ്രീകാകുളത്തിനടുത്ത് സാലിഹുണ്ഡത്തിന്റെ കഥയും കാഴ്ചകളും ചെറുതല്ല!

_O6A8718
Photo: Nirmal Roy

ഏഷ്യയിലെ ഏറ്റവും വലിയ ബൗദ്ധസ്തൂപം നിലനിന്നിരുന്ന സ്ഥലം, ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കു പിടിച്ച തുറമുഖ നഗരങ്ങളിലൊന്ന്... ശ്രീകാകുളത്തിനടുത്ത് സാലിഹുണ്ഡത്തിന്റെയും കഥയും കാഴ്ചകളും ചെറുതല്ല!

സാലിഹുണ്ഡത്തിന്റെ കഥ

തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ഒക്കെ ബുദ്ധന്റെ സാരോപദേശങ്ങൾ പടർന്ന കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബൗദ്ധകേന്ദ്രമായിരുന്നു സാലിഹുണ്ഡം. ഒട്ടേറെ ബുദ്ധസന്യാസിമാർ കപ്പൽ കയറിയ കലിംഗപട്ടണം തുറമുഖത്തിന്റെ സാമീപ്യവും ഇതിനു തെളിവാണ്.  ഏഷ്യയിലെ ഏറ്റവും വലിയ ബൗദ്ധസ്തൂപവും ഇവിടെ ആയിരുന്നു എന്നു കരുതുന്നു. സാലിഹുണ്ഡം കുന്നുകളിലെ ഉദ്ഖനനത്തിൽ ലഭിച്ച അവശേഷിപ്പുകളിൽ നിന്ന് അനുമാനിക്കുന്നതാണ് ഇത്. 

ശ്രീകാകുളം ടൗണിൽനിന്നും ഇരുപത്തി ഒന്നു കി മീ അകലെയാണ് സാലിഹുണ്ഡം കുന്നുകൾ. കലിംഗപട്ടണം പാതയിൽ പത്തൊമ്പതു കി മീ സഞ്ചരിക്കുമ്പോൾ ഗാര എന്ന സ്ഥലമെത്തും. അവിടെനിന്നും ഗാര–ചിന്ദഡ റോഡിൽ രണ്ട് കി മീ സഞ്ചരിച്ച് ചരിത്രമുറങ്ങുന്ന ഈ മലയുടെ അടിവാരത്തെത്താം. 

_O6A8795

മരത്തലപ്പുകൾ തണൽവിരിച്ച കോൺക്രീറ്റ് പാതയിലൂടെ മുകളിലേക്കു കയറുമ്പോൾ ചുടുകട്ടയുടെ ചുവപ്പ് രാശി പടർന്നുകയറുന്ന സ്തൂപാവശിഷ്ടങ്ങളുടെ കാഴ്ച തെളിഞ്ഞുതുടങ്ങി. പ്രധാനമായും ഇഷ്ടികയിലായിരുന്നു സാലിഹുണ്ഡത്തെ നിർമാണങ്ങളെല്ലാം. പ്രധാന കവാടത്തിലൂടെ ആ സമുച്ചയത്തിനുള്ളിലേക്കു കടക്കുമ്പോൾ ഇരുവശവും വിശാലമായ, പുല്ലു പടർന്നുകിടക്കുന്ന തിട്ടകളാണ് ഇപ്പോൾ. തുടർന്ന് കോട്ടപോലെ ഉയർന്നു നിൽക്കുന്ന, ചുടകട്ടയിൽ പണിത ഒരു ഭിത്തിക്കപ്പുറത്ത് രണ്ടാമത്തെയും മൂന്നാമത്തെയും തലങ്ങൾ. അതിനും മുകളിൽ, കുന്നിന്റെ ഉച്ചിയിൽ ഏഷ്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ബൗദ്ധസ്തൂപത്തിന്റെ അടിസ്ഥാനം. 

ചൈത്യഗൃഹവും സ്തൂപങ്ങളും

മുകളിലേക്ക് കയറുമ്പോൾ രണ്ടാമത്തെ തലത്തിൽ വലതുവശത്ത് ചൈത്യഗൃഹത്തിന്റെ അവശിഷ്ടം കാണാൻ സാധിക്കും. ബൗദ്ധഭിക്ഷുക്കൾ ഒരുമിച്ചുകൂടിയുള്ള പ്രാർത്ഥനകൾക്കും പഠനത്തിനും ചർച്ചകൾക്കും വിനയോഗിച്ചിരുന്ന നീളത്തിലുള്ള, ഹാളുകൾ ആണ് ചൈത്യകൾ അഥവാ ചൈത്യഗൃഹങ്ങൾ. നീളത്തിലുള്ള ഒരു മുറിയും അതിന്റെ ഒരറ്റത്ത് ഒരു സ്തംഭവുമാണ് ചൈത്യഗൃഹങ്ങളുടെ പൊതുരൂപം. ഉദ്ദേശം ആറ്, എഴ് അടി നീളമുള്ള ഹാളും അതിന്റെ ഒരു അറ്റത്ത് മൂന്നടിയോളം പൊക്കമുള്ള ഒരു സ്തംഭവുമാണ് ഉള്ളത്.  ഏറ്റവും മുകളിലത്തെ തലത്തിനു തൊട്ടുതാഴെയും ഒരു ചെറിയ ചൈത്യഗൃഹത്തിന്റെ ശേഷിപ്പുണ്ട്.  

_O6A8759

മുകളിലേക്ക് കയറുന്തോറും പലവലിപ്പത്തിലുള്ള ബൗദ്ധസ്തൂപങ്ങൾ നിലനിന്നിരുന്നു എന്ന് കാണിക്കുന്ന അവശിഷ്ടങ്ങൾ ദൃശ്യമാകും. ബുദ്ധസന്ന്യാസിമാരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുള്ള അർദ്ധവൃത്താകൃതിയിലുള്ള അടിത്തറയോടുകൂടിയ സ്തംഭങ്ങളാണ് ബൗദ്ധസ്തൂപങ്ങൾ. വിശുദ്ധമായ ഭാഗത്തെ മധ്യത്തിലൊരു സ്തംഭത്തിൽ പ്രതിഷ്ഠിച്ച് ചുറ്റും വട്ടത്തിൽ ഭിത്തികെട്ടി, അതിലേക്ക് ഒന്നോ രണ്ടോ നാലോ പ്രവേശനദ്വാരങ്ങളും പണിതീർക്കുന്നതാണ് പൊതുവെ ബൗദ്ധസ്തൂപങ്ങൾ.   

ചെറുതും വലുതുമായ ഒട്ടേറെ സ്തൂപങ്ങളുടെ അടിത്തറകൾ ഇവിടെക്കാണാം.  ഏറ്റവും മുകളിലത്തെ സ്തൂപത്തിനു തൊട്ടുതാഴെ കാണുന്ന ഒന്ന് ഇരട്ടഭിത്തികൾ ഉള്ളതായിരുന്നുവത്രേ.  ചില പഠനങ്ങളിൽ ശ്രീലങ്കയിലെ അപൂർവം ചൈത്യഗൃഹങ്ങളിൽ മാത്രമാണ് ബൗദ്ധനിർമാണകലയിൽ ഇരട്ടഭിത്തികൾ കണ്ടിട്ടുള്ളത് എന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്.  സമാനമായ മറ്റൊന്ന് കേരളത്തിലെ ഇരട്ട ഭിത്തികളോട് കൂടിയ ക്ഷേത്രശ്രീകോവിലുകൾ മാത്രമാണത്രെ.  

_O6A8669

ഇതിനും മുകളിലാണ് സാലിഹുണ്ഡം മലയുടെ ഏറ്റവും ഉയർന്ന പോയിന്റ് എന്ന് പറയാവുന്ന സ്ഥലം. ഇവിടെയാണ് ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ ബൗദ്ധസ്തൂപം എന്ന വിശേഷിപ്പിക്കുന്ന സ്തൂപത്തിന്റെ അവശിഷ്ടങ്ങൾ. ഇപ്പോൾ ബാക്കിയുള്ളത് ഒരു എട്ടടി ഉയരത്തിലുള്ള പുറംഭിത്തിയും അകത്തേക്കുള്ള പ്രവേശനദ്വാരത്തിന്റെ ചിലഭാഗങ്ങളും മാത്രം. അടിത്തറയുടെ വ്യാസത്തിൽനിന്നും ആണ് ഇതിന്റെ ഉയരത്തെപ്പറ്റിയുള്ള നിഗമനങ്ങളിലെത്തിയിട്ടുള്ളത്. 

സാലിഹുണ്ഡക്കാഴ്ചകൾ

സാലിഹുണ്ഡത്തിന്റെ മുകളിൽനിന്നു നോക്കുമ്പോൾ വളരെ മനോഹരമായ താഴ്‌വരക്കാഴ്ചകളാണ് കണ്ണിൽപ്പെടുന്നത്. വലതുവശത്ത് അകലെയല്ലാതെതന്നെ വംശധാരനദി ഒഴുകുന്നു. നദിക്കരയിലെങ്ങും പൂത്തുലഞ്ഞ് നിൽക്കുന്ന ആനപ്പുല്ല്. ഇടതുവശത്ത് പച്ചപ്പട്ടു വിരിച്ചതുപോലെ നെൽപ്പാടങ്ങൾ. അവയെ വകഞ്ഞുമാറ്റി കരികൊണ്ടു വരച്ച വരപോലെ കിടക്കുന്ന റോഡ്.

_O6A8736

പാർകിങ് ഗ്രൗണ്ടിനു സമീപം ഒരു മ്യൂസിയം ഉണ്ട്. സാലിഹുണ്ഡം കുന്നിൽ പുരാവസ്തുവകുപ്പ് നടത്തിയ പര്യവേഷണങ്ങളിൽ കിട്ടിയ വിഗ്രഹങ്ങളും മറ്റുമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ കാലങ്ങളിൽ ബുദ്ധമതത്തിന്റെ  വ്യത്യസ്തശാഖകൾക്കുണ്ടായ വികാസപരിണാമങ്ങളുടെ പ്രകടമായ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നവയാണത്രെ ഈ വിഗ്രഹങ്ങൾ. അവയിൽ ഏറ്റവും ശ്രദ്ധേയം ബൗദ്ധതാന്ത്രിക ദേവതയായ താരയുടെ ഒരു പടുകൂറ്റൻ വിഗ്രഹമാണ്. 

കലിംഗപട്ടണം ബീച്ച്

രാജ്യത്തെ വലിപ്പമേറിയ സംസ്ഥാനങ്ങളിലൊന്നായ ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്ക് ഭാഗത്താണ് ശ്രീകാകുളം. ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ പലപ്പോഴായി പല രാജവംശങ്ങളും ഭരിച്ച ഇവിടം ജനാധിപത്യ ഇന്ത്യയിൽ ചുവപ്പൻ വിപ്ലവപ്രസ്ഥാനങ്ങളുടെ ശക്തമായ വേരോട്ടത്താൽ കുപ്രസിദ്ധി ആർജ്ജിച്ചിരുന്നു. അതിൽനിന്നൊക്കെ മോചനം നേടി, വികസനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പുതിയമേച്ചിൽപ്പുറങ്ങൾ തേടുകയാണിപ്പോൾ ശ്രീകാകുളം. പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ ബീച്ചുകളും ചരിത്രസ്മാരകങ്ങളും പൗരാണികമായ ക്ഷേത്രങ്ങളും എല്ലാം ഇവിടെയുണ്ട്.

_O6A9006

ഒരു കാലത്ത് ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരങ്ങളിലെ തിരക്കുപിടിച്ച തുറമുഖങ്ങളിലൊന്നായിരുന്നു കലിംഗപട്ടണം. സാലിഹുണ്ഡത്തുനിന്നും കലിംഗപട്ടണത്തിലേക്ക് വംശധാര നദിയുടെ ഓരം പറ്റിവേണം യാത്ര ചെയ്യാൻ.  നദിയും ബീച്ചിലേക്കുതന്നെയാണ് ഒഴുകുന്നത്. കലിംഗപട്ടണം ബീച്ചിന്റെ പ്രവേശനകവാടത്തിൽനിന്നും ഏതാനം അടി വടക്കോട്ട് നടന്നാൽ വംശധാരാനദി ബംഗാൾ ഉൾക്കടലിലേക്ക് അലിഞ്ഞില്ലാതാകുന്നത് കാണാം. കുത്തിമറിഞ്ഞ് കലങ്ങി ഒഴുകുന്ന നദിയുടെ മൺനിറം കടലിന്റെ നീലയുടെ ആഴത്തിലേക്ക് അലിയുന്നു.  സായാഹ്നമാകുന്നതോടെ ആളുകളുടെയും കച്ചവടക്കാരുടെയും  ബഹളം തുടങ്ങുകയായി. കുട്ടികൾക്ക് കളിക്കാൻ ആനയുടെയും ദിനോസറിന്റെയും ഒക്കെ ചില രൂപങ്ങൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. സാലിഹുണ്ഡത്തെ അഭിമുഖീകരിച്ചെന്നോണം ഒരു ബുദ്ധവിഗ്രഹവും. 

സായന്തനക്കാറ്റിൽ തണുപ്പു നിറയുമ്പോൾ പ്രകൃതിയുടെ ഭാവങ്ങൾ മാറി മറിയുന്നു. പടിഞ്ഞാറൻ മാനത്ത് അന്തിച്ചോപ്പ് വീശി മറയുന്ന കതിരോനും കിഴക്കൻ മാനത്ത് ഇരുണ്ട മേഘങ്ങൾക്കിടയിൽനിന്നു പ്രത്യക്ഷപ്പെട്ട് നിലാവു പരത്തിയ പൂർണചന്ദ്രനും... 

_O6A8739
Tags:
  • Manorama Traveller
  • Travel India