Thursday 29 October 2020 10:55 AM IST

കേരളം സമരം ചെയ്തു ചിറകരിഞ്ഞ ജലവിമാനം ഗുജറാത്തിൽ പറക്കും: പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

Baiju Govind

Sub Editor Manorama Traveller

seaplane 1

ഏഴു വർഷം മുൻപ് കേരളം സ്വപ്നം കണ്ട ജലവിമാനം ഇതാ ഗുജറാത്തിൽ പറന്നുയരാൻ ഒരുങ്ങുന്നു. മാലദ്വീപിൽ നിന്നു കൊച്ചി വഴി ഗോവ സന്ദർശിച്ച് ഇന്ത്യയുടെ സീ പ്ലെയിൻ ഗുജറാത്തിലെ സബർമതിയിൽ ഇറങ്ങി. രാജ്യത്തെ ആദ്യ സീ പ്ലെയിൻ ഒക്ടോബർ മുപ്പത്തൊന്നിന് അഹമ്മദാബാദിൽ നിന്നു പറന്നുയരും. ഗുജറാത്തിന്റെ ടൂറിസം മേഖലയെ കോർത്തിണക്കി പറക്കുന്ന ജലവിമാനം സ്പൈസ് ജെറ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക.

സബർമതിനദിയിൽ നിന്നു പുറപ്പെട്ട് കെവാദിയയിലെ സർദാർ സരോവർ നർമദ ഡാം വരെയാണ് ആദ്യ സർവീസ്. കെവാദിയ – അഹമ്മദാബാദ് പറക്കാൻ ഉദ്ദേശം ഒരു മണിക്കൂർ (200 കി.മീ). ഒരാൾക്ക് ടിക്കറ്റ് 4800 രൂപ. കെവാദിയയിലെ പാഞ്ച്മുലി തടാകത്തിലാണ് പ്രധാന ടെർമിനൽ നിർമിച്ചുള്ളത്. ടിക്കറ്റ് കൗണ്ടർ, ചെക്ക് ഇൻ കൗണ്ടർ, വിശ്രമസ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് ടെർമിനൽ. വിമാനം പുറപ്പെടുന്നതോടെ കെവാദിയ – അഹമ്മദാബാദ് യാത്ര ഒരു മണിക്കൂറായി കുറയും. നാലു മണിക്കൂറാണ് റോഡ് യാത്രയ്ക്ക് ആവശ്യമായ സമയം.

കനേഡിയൻ കമ്പനി നിർമിച്ച ട്വിൻ ഓട്ടർ 300 വിമാനം മാലദ്വീപിൽ നിന്നാണു കൊണ്ടു വന്നത്. കൊച്ചി, ഗോവ എന്നിവിടങ്ങളിൽ ഇറക്കി ഇന്ധനം നിറച്ച ശേഷമാണ് അഹമ്മദാബാദിൽ എത്തിച്ചത്. പത്തൊൻപതു സീറ്റുകളിൽ പതിനാലെണ്ണമാണു യാത്രക്കാർക്ക് നീക്കിവച്ചിട്ടുള്ളത്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ പറക്കുന്ന വിമാനമാണു ട്വിൻ ഓട്ടർ 300. കുറ‍ഞ്ഞ വേഗതയിൽ നാലു മണിക്കൂർ പറക്കും. ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള യാത്രയിൽ രണ്ടു മണിക്കൂർ പറക്കലിനു ശേഷം അൽപ നേരം വിശ്രത്തിനായി മാറ്റിവയ്ക്കും.

പ്രാദേശിക വ്യോമയാന വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന സീ പ്ലെയിൻ സർവീസ് രാജ്യത്തിന്റെ വിനോദസഞ്ചാര രംഗത്തു വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ഗുജറാത്ത് ടൂറിസം അധികൃതർ ചൂണ്ടിക്കാട്ടി. പതിനാറു സർവീസുകളാണ് സ്പൈസ് ജെറ്റ് പ്ലാൻ ചെയ്തിട്ടുള്ളത്. കൂടുതൽ എയറോഡ്രോമുകൾ നിർമിച്ചതിനു ശേഷം ജലവിമാനം ഇറങ്ങുന്ന സ്ഥലങ്ങളുടെ വിശദവിവരം പുറത്തുവിടും. രാജ്യത്ത് നിലവിൽ പത്ത് വാട്ടർ എയറോഡ്രോമുകൾ ഉണ്ട്.

seaplane 2

ചിറകറ്റു വീണ കേരളത്തിന്റെ ജലവിമാനം

സമരം ചെയ്തും പ്രതിഷേധിച്ചും നീറ്റിലിറങ്ങാൻ അനുവദിക്കാതെ വട്ടം ചുറ്റിച്ചതിനെ തുടർന്ന് ചിറകറ്റു പോയ കേരളത്തിന്റെ ജലവിമാന പദ്ധതിയാണ് ഗുജറാത്തിൽ കുതിക്കാൻ ഒരുങ്ങുന്നത്. 2013ലാണ് കേരളത്തിന്റെ ജലവിമാന പദ്ധതിക്കായുള്ള ശ്രമം പൂർത്തിയായത്. അഷ്ടമുടിക്കായൽ, പുന്നമടക്കായൽ, മൂന്നാർ, ബോൾഗാട്ടി, ബേക്കൽ എന്നിവിടങ്ങളിൽ വാട്ടർ എയറോഡ്രോം ഒരുക്കി സർക്യൂട്ട് ടൂർ ആയിരുന്നു പദ്ധതി. അഷ്ടമുടിക്കായലിൽ വച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. എയർഡ്രോം, ഫ്ളോട്ടിങ് ജെട്ടി എന്നിവ ആലപ്പുഴയിലെ പുന്നമടക്കായലിൽ നിർമിച്ചു. അഷ്ടുടിയിൽ നിന്ന് പറക്കലിന് ഒരുങ്ങിയപ്പോൾ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. ബോട്ടുകൾ കായലിൽ നിരത്തിയിട്ട് സമരം നടത്തി. കൊല്ലത്തു നിന്നു പറന്നു പൊങ്ങിയ വിമാനം ഇറക്കാനാവാതെ ആകാശത്തു വട്ടംചുറ്റി.

സീപ്ലെയിൻ ടെർമിനലിനു ചുറ്റും നിശ്ചിത സ്ഥലം സുരക്ഷിതപ്രദേശമായി പ്രഖ്യാപിക്കുമ്പോൾ മീൻപിടുത്തക്കാരുടെ ബോട്ടുകൾക്ക് പ്രവേശിക്കാനാവില്ലെന്നും വല വിരിക്കാൻ പറ്റാതെ വരുമെന്നും മത്സ്യബന്ധന തൊഴിലാളികൾ ചൂണ്ടിക്കാട്ടി. അഷ്ടമുടിക്കായലും വേമ്പനാട്ടുകായലും രാജ്യാന്തര തണ്ണീർത്തട പ്രദേശങ്ങളായതിനാൽ പരിസ്ഥിതിക്കു ദോഷം വരുമെന്നു പറഞ്ഞ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിച്ചു. സമരം ശക്തിപ്പെട്ടതോടെ സീ ബേഡ് ഡ്രീംസ് എന്ന കമ്പനിക്ക് ജലവിമാനപദ്ധതി നടപ്പാക്കാൻ സാധിക്കാതായി.

പദ്ധതി നിലച്ചപ്പോൾ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കായലിനു നടുവിൽ കെട്ടിയുണ്ടായ സാധനങ്ങളെല്ലാം ഡിടിപിസിക്കു കൈമാറി. പദ്ധതിക്കുവേണ്ടി വാങ്ങിയ സ്പീഡ് ബോട്ടുകളും ഡിടിപിസി ഏറ്റെടുത്തു. ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധന സാമഗ്രികൾ പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു വഞ്ചിവീടുകളിലേക്കു മാറ്റി. ജലവിമാനമെന്ന കേരളത്തിന്റെ സ്വപ്നപദ്ധതി അനാഥമായി.

Tags:
  • Manorama Traveller
  • Kerala Travel