Thursday 18 February 2021 01:39 PM IST

കലങ്ങിയ മനസ്സിനു ശാന്തി തേടി കരുണാകര ഗുരുവിനു മുന്നിൽ: ഒ.വി വിജയന്റെ പാതയിലൂടെ...

Baiju Govind

Sub Editor Manorama Traveller

HERMAN-YUSUF-NAINING-IN-SANTHIGI

‘‘മഹിഷ പിതാമഹാ. ഞാൻ അങ്ങയെ ഓർക്കുന്നു. അങ്ങയുടെ മുതുകിൽ വിരിച്ച കരിന്തൊലി കൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാൻ ഓർക്കുന്നു. എന്നാൽ, ഇന്ന് അങ്ങെനിക്ക് പകർന്നു തന്ന പൊരുൾ എന്റെ അകങ്ങളെ നിറച്ചെങ്കിലും അത് എന്നെക്കവിഞ്ഞ് ഒഴുകി പരന്ന് എങ്ങോ ലയിച്ചു. അറിവില്ലാത്തവനായിത്തന്നെ ഞാൻ ഈ കാതങ്ങളത്രയും നടന്നെത്തി...’’

ഗുരുവിന്റെ മുഖത്ത് അറിവിന്റെ കടൽ അലയടിക്കുന്നതു നോക്കി ഒ.വി. വിജയൻ കുറിച്ചു. ഖസാഖിന്റെ കഥാകാരൻ പിന്നെയും പലകുറി ശ്രീകരുണാകര ഗുരുവിനെ കാണാൻ പോയി. കടംകൊണ്ട മൗനത്തിൽ എഴുത്തുകാരനും വാക്കുകളുടെ പ്രവാഹത്തിൽ ഗുരുവും മുഖാമുഖമിരുന്നു. അനാദിയായ കാലം സാഹിത്യകാരന്റെ തൂലികയിൽ ധർമപുരാണം സൃഷ്ടിച്ചു. ഒട്ടുംവൈകാതെ ഹൃദയപദ്മം ഗുരുസാഗരത്തിൽ സമർപ്പിച്ച് വിജയൻ ശിരസ്സു നമിച്ചു – വാക്കാണ് സത്യം, സത്യമാണു ദൈവം, ദൈവമാണു ഗുരു.

പാലക്കാട് മങ്കരയിൽ ഒാട്ടുപുലാക്കൽ വേലിക്കുട്ടിയുടെ മകനായി ജനിച്ച വിജയൻ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ എത്തിയതും ഗുരുവിനെ പിൻതുടർന്നതും പുതിയ കുറിപ്പല്ല. കുഗ്രാമത്തിന്റെ ചരിത്രം ഇതിഹാസമാക്കിയ കഥാകാരന്റെ എഴുത്തിലെ വെളിച്ചം ശ്രീകരുണാകര ഗുരുവാണെന്നതും രഹസ്യമല്ല. അധ്യാപക ജോലി രാജിവച്ച് പത്രപ്രവർത്തനം തുടങ്ങി ഒടുവിൽ നോവലിസ്റ്റായി മാറിയ വിജയന്റെ ജീവിതത്തിൽ ആരായിരുന്നു കരുണാകര ഗുരു? നേരിട്ടു സംശയ നിവാരണത്തിനു രണ്ടു പേരും ജീവിച്ചിരിപ്പില്ല. ഗുരുവിന്റെ പാത പിൻതുടരുന്നവർ ഒട്ടേറെയുണ്ട്, തിരുവനന്തപുരത്തിനടുത്തു ശാന്തിഗിരി ആശ്രമത്തിൽ. ലോകത്ത് ഏറ്റവും വലിയ താമരശിൽപത്തിന്റെ തണലിൽ ശരകൂടത്തിനരികെ അവർ പ്രാർഥനയിലാണ് – ഗുരുചരണം ശരണം നാഥാ തിരുവടി ശരണം...

SANTHIGIRI-ASHRAM,POTHANKODE(1)

പ്രാർഥനാ മന്ദിരം

ഉദ്യാനത്തിൽ എത്താനാണു സ്വാമി പറഞ്ഞത്. ആശ്രമത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഗുരുവിന്റെ പൂന്തോട്ടം. പുൽമേടയും നടപ്പാതയും അരുവിയും പീഠവുമൊരുക്കി അലങ്കരിച്ച മേടയിലേക്ക് സ്വാമി വന്നു. ‘‘മുൻപേ നടന്ന ചൈതന്യമാണു ഗുരു. ആദിയിൽ വിലയം പ്രാപിച്ചു. ശരീരം മാത്രമേ ഇല്ലാതായിട്ടുള്ളൂ. സാന്നിധ്യം അനുഭവിച്ചറിയാം. നടക്കൂ.’’ മുന്നോട്ടുള്ള നടത്തം പിന്നിൽ നിന്നു തുടങ്ങണമെന്നു സ്വാമി പറഞ്ഞു. കിഴക്കു ദർശനമാക്കിയ ആശ്രമത്തിലേക്കുള്ള യാത്ര പടിഞ്ഞാറു ഭാഗത്തെ ഉദ്യാനത്തിൽ നിന്ന് തുടങ്ങിയതിനു കാരണം പിടികിട്ടി; ചോദിക്കാതെ തന്നെ.

ചെരുപ്പും ബാഗും പ്രധാന കവാടത്തിന്റെ എതിർവശത്ത് ക്ലോക്ക് റൂമിൽ ഏൽപ്പിച്ചു. കാലുകൾ ശുദ്ധിവരുത്തി ആശ്രമത്തിന്റെ മുറ്റത്തേക്കു നടന്നു. ആകാശം കുടയാക്കി നിൽക്കുന്ന താമരയുടെ മുൻപിൽ കുറച്ചു സന്ദർശകരുണ്ട്. അവിടേക്കു പോകാൻ ഗുരുവാണികൾ പകർത്തിയ ഇടനാഴി താണ്ടണം. പ്രദർശനശാലകളുടെ നിരയാണ് ഇടനാഴി. അവിടെ ഒരിടത്ത് പഴയ ആശ്രമത്തിന്റെ ചെറുരൂപം ഒരുക്കിയിട്ടുണ്ട്. വർക്കലയിലെ ശിവഗിരിയുടെ സമീപത്തു കൊടിതൂക്കി മലയിൽ നിന്നു പോത്തൻകോട് എത്തിയ ശ്രീകരുണാകര ഗുരു 1964ൽ തെങ്ങോല കെട്ടിയുണ്ടാക്കിയ ആദ്യ ആശ്രമത്തിന്റെ പ്രതീകം.

കല്ലു പാകിയ മുറ്റത്തേക്കു കയറി. വെള്ളത്താമരയുടെ ഒരുഭാഗം പൂർണമായും കാണാം. ശാന്തിഗിരി ആശ്രമത്തിന്റെ പർണശാലയാണു വെണ്ണക്കല്ലിൽ നിർമിച്ച താമര. അതിനുള്ളിൽ താമര മൊട്ടിന്റെ രൂപത്തിലുള്ള ശരകൂടത്തിനു താഴെയാണ് ശ്രീകരുണാകര ഗുരുവിന്റെ സമാധി. അവിടെ സ്വർണത്തിൽ കൊത്തിയെടുത്ത ഗുരുവിന്റെ ശിൽപമുണ്ട്. ‘‘ആദ്യം പ്രാർഥനാ മന്ദിരം. അതു കഴിഞ്ഞ് ഗുരു ദർശനം.’’ സ്വാമി വഴി കാണിച്ചു. കാവിയും വെള്ളയും ധരിച്ചവർ ചമ്രം പടിഞ്ഞിരുന്നു പാർഥിക്കുന്ന സ്ഥലത്തു നിന്നാൽ ആരാധനാ മൂർത്തിയെ കാണാം. അവിടെ തൊഴാനെത്തിയ ആളുകൾക്കിടയിൽ ഗുരുസ്തുതി ആലപിക്കുന്ന ഒരു ജർമനിക്കാരനെ പരിചയപ്പെട്ടു – ഹെർമൻ യൂസഫ് നെനിങ്. ഹെർമൻ ശാന്തിഗിരിയിൽ എത്തിയിട്ട് ഇരുപത്തൊൻപതു വർഷമായി. ‘‘ഇവിടെ വന്ന് തിരികെ പോയെങ്കിലും നാട്ടിൽ മന:സമാധാനം കിട്ടിയില്ല. ഗുരുവിനൊപ്പം ആശ്രമത്തിൽ കഴിയാൻ തീരുമാനിച്ചു. ജീവനൊടുങ്ങും വരെ ഇവിടെ.’’ ഹെർമനെ പോലെ ജന്മബന്ധങ്ങൾ വിട്ടൊഴിഞ്ഞ് ശാന്തിഗിരിയിൽ സമർപ്പിതരായ ഒട്ടേറെ പേരെ കണ്ടു. ‘സദ്ഗുരുവേ ശരണം’ എന്നു മാത്രമേ അവർ പറഞ്ഞുള്ളൂ.

shanthi776543

ശരകൂടം

ശരകൂടത്തിന്റെ മുന്നിലെത്തിയപ്പോഴാണ് താമരയുടെ വലുപ്പം മനസ്സിലായത്. തൊണ്ണൂറ്റൊന്ന് അടി ഉയരവും എൺപത്തിനാല് അടി ചുറ്റളവുമുള്ള വലിയ മന്ദിരമാണു താമര. മുകളിലേക്ക് ഇതളുകൾ പന്ത്രണ്ട്. ഒൻപത് ഇതളുകൾ താഴേക്ക്. മുകളിലേക്ക് വിടർന്നു നിൽക്കുന്ന ഇതളുകൾക്കു നീളം നാൽപ്പത്തൊന്ന് അടി. താഴേക്കുള്ളതിന് നീളം മുപ്പത്തൊന്ന് അടി. തൊണ്ണൂറ്റൊന്ന് അടിയാണ് താമരയുടെ വിസ്തൃതി. മുകളിലേക്ക് ഉയർന്നു നിൽക്കുന്ന പന്ത്രണ്ട് ഇതളുകൾ പന്ത്രണ്ടു രാശികളെ സൂചിപ്പിക്കുന്നു. താഴെക്കുള്ള ഒൻപത് ഇതളുകൾ നവഗ്രഹങ്ങളുടെ പ്രതീകം. ഉൾഭാഗത്തെ ഒൻപതു തൂണുകളിലും പുറത്തെ പന്ത്രണ്ടു തൂണുകളിലും നിലനിൽക്കുന്ന താമരയ്ക്കുള്ളിലെ മൊട്ടിലാണ് ശ്രീകരുണാകര ഗുരുവിന്റെ സമാധിയും ശിൽപവും. ‘‘രാശിചക്രങ്ങളുടെയും നവഗ്രഹങ്ങളുടെയും മണ്ഡലത്തിനു നടുവിൽ ഗുരു വിലയം പ്രാപിച്ചുവെന്നു സങ്കൽപം’’ ഗുരുവിന്റെ പാഠങ്ങൾ ഉൾക്കൊണ്ടു രൂപകൽപന ചെയ്ത പർണശാലയുടെ എൻജിനിയറിങ് സ്വാമി വിശദീകരിച്ചു. സിനിമാ സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചലാണ് ഗുരുവിന്റെ സ്വർണ ശിൽപം ഡിസൈൻ ചെയ്തത്. ശാന്തിഗിരിയെ പശ്ചാത്തലമാക്കി ഗുരു എന്ന സിനിമയും രാജീവ് ചിട്ടപ്പെടുത്തി.

വിടർന്ന താമരയുടെ രൂപത്തിൽ ലോകത്ത് ഏറ്റവും വലിയ ശിൽപം ആരാധനയ്ക്കു തുറന്നു നൽകിയത് രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ്. 2010 സെപ്റ്റംബർ പന്ത്രണ്ട് അങ്ങനെ ശാന്തിഗിരിയിൽ പ്രകാശത്തിന്റെ ദിവസമായി. താമര സമർപ്പിതമായ ശേഷം ‘നവജ്യോതി ശ്രീകരുണാകര ഗുരു’വിന്റെ ശാന്തിഗിരി ആശ്രമത്തിലേക്ക് സന്ദർശകർ പ്രവഹിച്ചു. അപ്പോഴാണ് ഗുരുവിന്റെ ജീവിതത്തെ കുറിച്ചുള്ള ഹ്രസ്വചിത്ര പ്രദർശനം ആരംഭിച്ചത്. ചേർത്തലയ്ക്കടുത്തു ചന്തിരൂർ ചിറ്റേക്കാട്ട് വീട്ടിൽ ഗോവിന്ദന്റെയും കാർത്ത്യായനിയുടെയും മകൻ കരുണൻ ആദ്യം ശിവഗിരിയിലെത്തി. പ്രബോധനങ്ങളുമായുള്ള പ്രയാണം തിരുവനന്തപുരത്തിനു സമീപം പോത്തൻകോട് ആശ്രമമായി രൂപം പ്രാപിച്ചു. ‘‘ലോകം ചുറ്റിയവരും ശാസ്ത്രം പഠിച്ചവരും ഗുരുവിന്റെ വാക്കുകളിൽ പുതിയ വെളിച്ചം കണ്ടു. അതാണ് നവജ്യോതി.’’ ഹ്രസ്വചിത്രം കണ്ടിറങ്ങി സഹകരണ മന്ദിരത്തിലേക്കു പോകുമ്പോഴാണ് സ്വാമി ഇതു പറഞ്ഞത്. പർണശാലയോടു ചേർന്നു നിർമിച്ച വൃത്തരൂപത്തിലുള്ള മണ്ഡപമാണ് സഹകരണമന്ദിരം. സന്യാസിനികളും ബ്രഹ്മചാരികളും സന്ദർശകരും പ്രാർഥനാമന്ദിരം സജീവമാക്കുന്നു. ഗുരുവിന്റെ ചിത്രത്തിനു ചുറ്റും കീർത്തനങ്ങളുമായി അവർ പ്രദക്ഷിണം വയ്ക്കുന്നു. ഗുരു യാത്ര ചെയ്തിരുന്ന ടാറ്റ എേസ്റ്ററ്റ് കാറും കെഎസ്ആർടിസിയിൽ നിന്നു ലേലത്തിൽ വാങ്ങിയ പഴയ ബസ്സും സമീപത്തു നിർത്തിയിട്ടുണ്ട്.

SANTHIGIRI-ASHRAM,POTHANKODE

സഹകരണമന്ദിരം

‘‘ ഗുരുശിഷ്യ ബന്ധത്തിന്റെ സഹകരണം ഉറപ്പിക്കുന്ന സ്ഥലമാണ് സഹകരണമന്ദിരം. ജാതിയും മതവും പടിക്കു പുറത്തു വച്ച് പ്രവേശിക്കുക. ആശ്രമത്തിൽ വരുന്നതും വിശ്വസിക്കുന്നതും താമസിക്കുന്നതും ജീവിതം കൊണ്ടു പഠിക്കാനാണ്.’’ ഗുരുമുഖത്തു നിന്നു കിട്ടിയ വാക്കുകളുടെ സംതൃപ്തിയിൽ സ്വാമി പുഞ്ചിരിച്ചു. ‘‘മെഡിക്കൽ റെപ്രസന്റിന്റെ ജോലിയിൽ നിന്ന് സന്യാസത്തിലേക്ക് വഴി നടത്തിയതു ഗുരുവാണ്. ഗുരുരത്നം ജ്ഞാന തപസ്വിയെന്നു പേരു നൽകി.’’ ശാന്തിഗിരിയുടെ ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഒടുവിൽ സ്വയം പരിചയപ്പെടുത്തി. ആശ്രമം, സ്കൂൾ, ആയുർവേദ കോളജ്, സിദ്ധവൈദ്യ കോളജ്, ആയുർവേദ മരുന്നു നിർമാണശാല, ഡയറി ഫാം തുടങ്ങി ശാന്തിഗിരിയുടെ ശാഖകളിലൂടെ അദ്ദേഹം കൈപിടിച്ചു നടത്തി.

പണ്ട് ഗുരു സഞ്ചരിച്ച വീഥിയിലൂടെ ജനനിയെ കാണാൻ സ്വാമിയെ പിൻതുടർന്നു. ഗുരുവിനു ശേഷം ആശ്രമത്തിലെ ഗുരു സ്ഥാനീയയാണ് ശിഷ്യ പൂജിത അമൃത ജ്ഞാന തപസ്വിനി. എട്ടാം വയസ്സിൽ കരുണാകര ഗുരുവിനു ശിഷ്യപ്പെട്ട് കുടുംബജീവിതം ഉപേക്ഷിച്ച തപസ്വിനി ആശ്രമവാസികൾക്കു ‘ജനനി’യാണ്. ‘ആശ്രമത്തിൽ വരുന്നവർ ഗുരുവിന്റെ ശാന്തിചൈതന്യം ശിഷ്യപൂജിതയിൽ തിരിച്ചറിയുന്നു.’’ ജനനിയെ കാണാൻ കാത്തു നിൽക്കുന്നവരുടെ നിര ആശ്രമം പിആർഒ ദർശിൽ ഭട്ട് ചൂണ്ടിക്കാട്ടി.

ഒരു വശത്ത് മൺമറഞ്ഞ ഗുരുവിനെ കുറിച്ച് പറഞ്ഞു കേട്ട കഥകൾ. മറുഭാഗത്ത് വിശ്വാസത്തിന്റെ ദീപമുഴിഞ്ഞ് ഗുരുവിനെ പിൻതുടരുന്ന ആശ്രമ വാസികൾ. രണ്ടിനും നടുവിൽ ശിഥിലമായ ചിന്തകളുമായി അഭയം തേടുന്ന ആയിരങ്ങൾ. ദൈവമല്ല, ഗുരുവാണ് – ഇതിഹാസകാരന്റെ വാക്കുകളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു. ഗുരുസാഗരത്തിലെ കുഞ്ഞുണ്ണി മകൾക്ക് പറഞ്ഞു കൊടുത്ത കഥയിൽ അതിന്റെ പൊരുൾ തിരിച്ചറിയുന്നു.

‘‘നോക്കൂ അച്ഛാ.’’ കുഞ്ഞുണ്ണി പറഞ്ഞു. ‘‘ആ പോത്തിനെ അടിയ്ക്കണത് കണ്ട്വോ?’’

‘‘രണ്ട് പോത്തുകളെ ഉണ്ണി കണ്ടില്ല്യേ..?’’ അച്ഛൻ പറഞ്ഞു.

‘‘ശ്രദ്ധിച്ചോളൂ. വലത്തെ പോത്തിനാ അടി മുഴ്വോനും. വലത്തെ കയ്യിലല്ലെ വണ്ടിക്കാരന്റെ വടി.’’

‘‘വലത്ത് എന്നും ഒരേ പോത്തെന്ന്യാവ്വോ, അച്ഛാ?’’

‘‘അതങ്ങനേ വരൂ. അതിന്റെ കർമം ഏറ്റു വാങ്ങാൻ അതവിടെ തന്നെ വന്നല്ലേ പറ്റൂ...’’

Tags:
  • Manorama Traveller
  • Kerala Travel