സിറ്റിയിലെ തിരക്കിൽ നിന്നൊഴിഞ്ഞുനിൽക്കുന്ന ഗ്രാൻഡ് സെൻട്രൽ ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ ചുരുണ്ടുകൂടിയ കമ്പിളിച്ചൂടിൽ നിന്നും കൈകൾ പതുക്കെ പുറത്തേക്ക് നീണ്ടു. നിലയ്ക്കാതെ ചിലയ്ക്കുന്ന ടെലഫോൺ റിസീവർ ചെവിയോട് ചേർത്തു പിടിച്ചപ്പോഴാണ് ഹോട്ടലിന്റെ വക തട്ടിയുണർത്താലാണെന്നു മനസിലായത്. എന്തൊക്കെയോ പിറുപിറുത്ത് ചാടിയെണീറ്റു. നേരം 7 മണിയായിരുന്നു. വെയിൽ സവാരിക്കിറങ്ങിത്തുടങ്ങി. തെരുവിലേക്ക് തുറക്കുന്ന ജാലകവിരികൾ നീക്കി. താഴെ, രാത്രിയിൽ മാത്രം ഉണരുന്ന യൂറോപ്യൻ ഭക്ഷണശാല നിശബ്ദമായ് ഉറങ്ങിക്കിടക്കുന്നു. ആവിപറക്കുന്ന ചായയുമായി ഭാര്യ മുന്നിലെത്തി. ഒപ്പമിരുന്ന് ചൂടുചായ മൊത്തിക്കുടിക്കുമ്പോഴേക്കും മനസ് ചില്ലുഗ്ലാസ്സിനപ്പുറം തെരുവിലേക്ക് ഇറങ്ങിനടന്നു.
ഒൻപതരയ്ക്കാണ് ഇന്നത്തെ യാത്ര തുടങ്ങേണ്ടത്. വേഗത്തിൽ റെഡിയായി. രണ്ടാം നിലയിലെ റസ്റ്റോറന്റിൽ നല്ല തിരക്ക്. ശരാശരി മലയാളിയെ പോലെ ഒഴിഞ്ഞമൂലയിൽ സീറ്റുപിടിച്ചിരുന്നു. ഇന്ത്യൻ രുചിക്കൂട്ടുകൾ മുങ്ങിത്തപ്പിയെടുത്തു. പിന്നെ ഫോർക്കും സ്പൂണുമായി കുത്തിമറിഞ്ഞു. ഒൻപതിന് തന്നെ ഹോട്ടൽ ലോബിയിലെത്തി. സിംഗപ്പൂർ ഫ്ളയറിലേക്കാണ് ആദ്യത്തെ യാത്ര. വൈകുന്നേരത്തെ സിറ്റിടൂറിൽ കണ്ടിരുന്നു, പലനിലകളുടെ പൊക്കത്തിൽ, കടൽക്കരയിൽ മനോഹരമായ സ്കൈവീൽ. നിരവധി കാബിനുകൾ ഘടിപ്പിച്ച് നിശ്ചലം നിൽക്കുന്നതായിട്ടാകും ദൂരക്കാഴ്ചയിൽ തോന്നുക. അടുത്തെത്തിയപ്പോൾ മനസിലായി, അത് ചലിക്കുന്നുണ്ട്. ഗ്ലാസ്സിട്ട മനോഹരമായ കാബിനിൽ നിന്ന് 45 മിനുട്ട് നഗരത്തിലേക്ക് നോട്ടമെത്തുന്ന ഒരു പ്രദക്ഷിണം. കണ്ണാടിച്ചില്ലിനപ്പുറം സുതാര്യമായ കാഴ്ചകൾ. മനോഹരം. ഉയരം കൂടുംതോറും കാഴ്ചയുടെ സുഖവും കൂടുന്നു. നഗരത്തിന്റെ, ഉൾക്കടലിന്റെ നിരവധി മുഖങ്ങൾ തുറന്നുവയ്ക്കുന്നു. നീലക്കടലിൽ പൊട്ടുകൾ പോലെ ചെറുദ്വീപുകൾ, കപ്പലുകൾ. അകലെ മലേഷ്യയും ഇന്തോനേഷ്യയും. വീണ്ടും കാഴ്ചകൾ ചെറുതാകുന്നു. ചിറകുകൾ വിരിച്ച ആകാശപ്പറക്കലുകളിൽ നിന്ന് താഴേക്ക്....
മെർലിയോൺ പാർക്കിലേക്കായിരുന്നു അടുത്തത്. സിംഹവും മത്സ്യവും ചേർന്ന സിംഗപ്പൂരിന്റെ ഭാഗ്യചിഹ്നം, MERLION. ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഉൾക്കടലിന്റെ കരയിൽ വിദൂരതയിലേക്ക് നോക്കി ജലം തുപ്പി മെർലിയോൺ. പാർക്കിൽ നിറയെ ഫോട്ടോഷൂട്ടിന്റെ തിരക്ക്. പലനിറങ്ങൾ , പലമുഖങ്ങൾ. സെൽഫിസ്റ്റിക്കുകൾ കൂട്ടിമുട്ടാതെ അവർ ബുദ്ധിമുട്ടുന്നുണ്ട്. ഒഴിവുള്ള ഇടങ്ങൾ നോക്കി പലഭാവങ്ങളെ ക്യാമറയ്ക്കുള്ളിലാക്കി വെയിൽച്ചൂടിൽനിന്നും വണ്ടിയിലേക്ക് ഓടിക്കയറി.


വെയിലൊതുങ്ങിയിട്ടാണ് സെന്റോസാ ദ്വീപിലേക്കുള്ള യാത്ര തുടങ്ങിയത്. കുന്നിന്റെ നെറുകയിൽ നിന്നും സെന്റോസയിൽ അവസാനിക്കുന്ന കേബിൾകാറിന്റെ സ്റ്റേഷൻ. ചെറിയൊരു ക്യൂ. ഇടയ്ക്ക് നുഴഞ്ഞുകയറുന്ന ഹിന്ദിക്കാരനെ തുരത്തി ടൂർ മാനേജർ ഹരി മലയാളികളുടെ കരുത്തുതെളിയിച്ചു. ഒരു വരിക്കപ്പുറം സിംഗപ്പൂർ കേബിൾകാർ....!!! ചെറിയൊരു ഭയം പിടികൂടുന്നു. എട്ടുപേർക്കിരിക്കാവുന്ന, സോപ്പുപെട്ടിക്കൂടുപോലെ, ഗ്ലാസ്സുകൾ ഘടിപ്പിച്ച കാബിൻ. കടലിനുകുറുകെ സെന്റോസയിലേക്ക് നീളുന്ന കേബിളുകൾ. മനോഹരമായ കാഴ്ചകളായിരുന്നു യാത്ര മുഴുവൻ. താഴെ, നീലക്കടലിൽ നിറയെ ചെറുതും വലുതുമായ കപ്പലുകൾ. ഇരുട്ടുമൂടിത്തുടങ്ങിയ ആകാശം നീലക്കടലിനെ കൂടുതൽ സുന്ദരമാക്കുന്നു ഹൃദയത്തിലേക്ക് പകർത്തിയെടുത്ത അതിന്റെ ചിത്രങ്ങൾ എന്നെന്നും ഓർമ്മപ്പെടും.


സെന്റോസ ദ്വീപ് മറ്റൊരു ലോകമായിരുന്നു.. യൂണിവേഴ്സൽ സ്റ്റുഡിയോ, അമ്മ്യൂസ്മെന്റ് പാർക്ക്,ബീച്ചുകൾ, ഷോപ്പിംഗ് സെന്ററുകൾ, കോഫീഷോപ്പുകൾ, സീ അക്വേറിയം... അങ്ങനെയങ്ങനെ നീളുന്നു. കടൽക്കരയിൽ ലേസർഷോയ്ക്കൊടുവിൽ മോണോറെയിലിൽ ബസ്വേയിലേക്ക്... നഗരത്തിലെ ലിറ്റിൽ ഇന്ത്യയിൽ ആലപ്പുഴക്കാരൻ നടത്തുന്ന ഇന്ത്യൻ റസ്റ്റോറന്റിൽ നിന്നും കുടംപുളിയിട്ട മീൻകറിയുൾപ്പെടെ അത്താഴവും കഴിച്ച് പാതി മയങ്ങി ഹോട്ടലിലെത്തി. താഴെ, തെരുവിൽ യൂറോപ്യന്മാരുടെ ഭക്ഷണശാല ഉണർന്നുകഴിഞ്ഞു. മരക്കസേരകളിൽ ബിയർ നുണഞ്ഞിരിക്കുന്നവരുടെ ഒച്ച ഉയരങ്ങളിലേക്ക് നേർത്തുവരുന്നു...