സഞ്ചാരികളുടെ സ്വപ്നഭൂമിയാണു സ്പിതി. ഹിമാചൽപ്രദേശിലെ മനോഹരമായ മലഞ്ചെരിവുകളിൽ ഏറ്റവും ഭംഗിയുള്ള താഴ്‌വര. ലക്ഷത്തിലേറെ വിദേശികൾ ഓരോ വർഷവും സ്പിതി സന്ദർശിക്കാറുണ്ട്. ഇന്ത്യയിൽ നിന്നുള്ള ദശലക്ഷം സഞ്ചാരികൾ വേറെ. യാത്രാപ്രേമികളുടെ സ്വർഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പിതിയിൽ നിന്ന് ഇതാ നിരാശപ്പെടുത്തുന്ന വാർത്ത. 2020 ഡിസംബർ വരെ ടൂറിസം വാതിലുകൾ അടച്ചിടുന്നതായി ഹിമാചൽപ്രദേശ് സർക്കാർ അറിയിച്ചിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണു നിയന്ത്രണം. ജീപ്പ് സഫാരി, പാക്കേജ് ടൂർ, ട്രെക്കിങ്, ക്യാംപിങ് എന്നിവ നിരോധിച്ചതായി സ്പിതി വാലി ടൂറിസം സൊസൈറ്റി അറിയിച്ചു.
ഹിമാചൽപ്രദേശിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ഇ–പാസ് അനുവദിച്ചിട്ടുണ്ട്. അവിടങ്ങളിൽ നിരോധനം ബാധകമല്ലെന്ന് ടൂറിസം സൊസൈറ്റി അറിയിപ്പിൽ വ്യക്തമാക്കി. അന്തർസംസ്ഥാന ബസ് സർവീസ് നിയന്ത്രിച്ചിട്ടുണ്ട്. എങ്കിലും പാസ് നേടിയവർക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം.
ചികിത്സാ സൗകര്യങ്ങൾ കുറവുള്ള മേഖലയാണ് സ്പിതി. നിലവിലുള്ള ആശുപത്രികളിൽ ഒന്നോ രണ്ടോ ഐസിയു, വെന്റിലേറ്റർ മാത്രമാണുള്ളത്. സാധാരണ നിലയിൽ രോഗബാധ ഉണ്ടായാൽ പോലും കൃത്യസമയത്ത് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ബുദ്ധിമുട്ടാണ്. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും പതിവായതിനാൽ രാത്രിയിൽ ഗതാഗതം തടസ്സപ്പെടുന്നതു പതിവാണ്. ഈ സാഹചര്യത്തിൽ കോവിഡ് ബാധയുണ്ടായാൽ പ്രതിരോധവും ചികിത്സയും ഫലപ്രദമാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
2020 ഡിസംബർ വരെ ബുക്ക് ചെയ്തിട്ടുള്ള സ്പിതി ടൂറുകൾ റദ്ദാക്കണമെന്ന് മറ്റു സംസ്ഥാനങ്ങളിലെ ടൂറിസം ഏജന്റുമാരോടു സ്പിതി വാലി ടൂറിസം അഭ്യർഥിച്ചു. സ്പിതി താഴ്‌വരയിൽ നിലവിൽ ആർക്കും കോവിഡ് ബാധിച്ചിട്ടില്ല. സന്ദർശകരിൽ നിന്നു വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് ലോക്ഡൗൺ ഉദ്ദേശിക്കുന്നത്. അതേസമയം, വിനോദസഞ്ചാരമാണ് സ്പിതിയുടെ പ്രധാന വരുമാനം. ഹോം േസ്റ്റ, ഹോട്ടൽ, റസ്റ്ററന്റ്, വഴിയോരക്കച്ചവടം തുടങ്ങി തൊഴിൽ മേഖല ലോക്ഡൗണിൽ സ്തംഭിക്കും.
ഹോട്ടൽ ഉടമകൾ, ട്രാവൽ ഏജന്റുമാർ, പഞ്ചായത്ത് സമിതി, പ്രാദേശിക ഭരണകൂടം, മഹിള മണ്ഡൽ, വ്യാപാർ മണ്ഡൽ, യുവ മണ്ഡൽ എന്നിവയുടെ പ്രതിനിധികളുമായി ടൂറിസം സൊസൈറ്റി സംയുക്ത കൂടിക്കാഴ്ച നടത്തി. സ്പിതിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി നഷ്ടം സഹിക്കാൻ തയാറാണെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. 2020 ഡിസംബർ വരെ വിനോദസഞ്ചാരത്തിന്റെ വാതിലുകൾ അടച്ചിടാൻ തീരുമാനമെടുത്തു. 2021ൽ ടൂറിസം മികച്ച രീതിയിൽ നടപ്പാക്കാൻ കടുത്ത നടപടി സഹായിക്കുമെന്ന് സ്പിതി വാലി ടൂറിസം സമിതി വ്യക്തമാക്കി.