പ്രഭാതത്തിലും സായാഹ്നത്തിലും മാത്രമല്ല ക്ഷീണം തോന്നുമ്പോഴും ചായയിൽ ഉന്മേഷം കണ്ടെത്തുന്ന മലയാളികൾ ‘international tea day’ വീട്ടിലിരുന്ന് ചായ കുടിച്ച് ആഘോഷിച്ചു. കറുവാ പട്ട, ഇഞ്ചി, പുതിനയില, തുളസിയില, ചെറുനാരങ്ങ എന്നിങ്ങനെ ഫ്ളേവറുകൾ മാറി മാറി അവർ ചായ തയാറാക്കി. കടകൾ തുറക്കാത്തതിനാൽ, തമിഴ്നാട്ടുകാരുടെ മീറ്റർ ചായയും മലയാളികളുടെ പൊടിച്ചായയും ഇക്കുറി രാജ്യാന്തര ചായ ദിനത്തിൽ ‘മിസ്സായി’. ചേരുവയിലും ചായ തിളപ്പിക്കുന്ന രീതിയിലും വ്യത്യാസമുണ്ടെങ്കിലും പൊതുവെ ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരും ചായയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. ചെന്നിറങ്ങുന്ന സ്ഥലം ഏതാണെങ്കിലും ചായ അന്വേഷിക്കുന്നതാണ് പൊതു രീതി.
ചായ ദിനം ആഘോഷിച്ചവർ സമൂഹ മാധ്യമങ്ങളിൽ സ്വന്തം നാട്ടിലെ ചായയുടെ പെരുമ പ്രഘോഷിച്ച് മത്സരം നടത്തി. മൂന്നാറിലെ തേയില മുതൽ ഡാർജിലിങ്ങിലെ തേയില വരെ വാക്പോരിൽ മാറ്റുരച്ചു. രുചിയും കടുപ്പവും സുഗന്ധവും ഉന്മേഷവും പുകഴ്ത്തി ഓരോരുത്തരും സ്വന്തം ഇഷ്ടത്തിനു മാർക്ക് കൂട്ടാൻ ശ്രമിച്ചു.
കേരളത്തിൽ ഏറ്റവും നല്ല ചായ കിട്ടുന്ന ജില്ലയേത് ?
നല്ല ചായയുടെ ഗുണങ്ങൾ എന്തെല്ലാം?
കട്ടൻ ചായയാണോ പാലൊഴിച്ച ചായയാണോ രുചികരം?
നല്ല തേയില തിരിച്ചറിയുന്നത് എങ്ങനെ?
ചായ ലഹരിയാണോ? അതിനു തെളിവുണ്ടോ?
ഇങ്ങനെ ആളുകളെ വട്ടം കറക്കുന്ന ചോദ്യങ്ങളാണ് ചായ പ്രേമികൾ പര്സപം തൊടുത്തത്. എന്തായാലും, ഒപ്പത്തിനൊപ്പം മത്സരിച്ച് ഒടുവിൽ ഓരോ കട്ടൻചായ കുടിച്ച് അവർ തൽക്കാലം ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയം മൂന്നാറിലാണ്. ഇതു മാതൃകയാക്കി ഇതര സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങൾ പിൽക്കാലത്ത് പുരാതന വസ്തുക്കൾ പ്രദർശിപ്പിപ്പിച്ചു മ്യൂസിയം ഒരുക്കി. ബ്രിട്ടിഷുകാരുടെ ഉടമസ്ഥതയിലായിരുന്ന മൂന്നാറിലെ തോട്ടങ്ങളിൽ നിന്നു തേയില തമിഴ്നാട്ടിലെത്തിച്ച് കപ്പൽമാർഗമാണു വിദേശത്തേയ്ക്കു കയറ്റി അയച്ചിരുന്നത്. നൂറ്റാണ്ടു കഴിഞ്ഞിട്ടും മൂന്നാറിലെ തേയിലയുടെ പേരും പെരുമയും മാറിയില്ല. നല്ലതണ്ണി, കുണ്ടള, കണ്ണൻദേവൻ ഹിൽസ് തുടങ്ങി തേയിലത്തോട്ടങ്ങൾ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇപ്പോൾ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. വയനാട്ടിലേയും നിലമ്പൂരിനും തമിഴ്നാടിനുമിടയിൽ ദേവർചോലയിലേയും തേയിലത്തോട്ടങ്ങൾ പ്രശസ്തം. നല്ലയിനം കൊളുന്ത് ഇവിടങ്ങളിൽ നിന്നു കയറ്റുമതി ചെയ്യപ്പെടുന്നു.
ഊട്ടിപ്പട്ടണം സ്ഥിതി ചെയ്യുന്ന നീലഗിരി മലനിരയിലെ കൂനൂരാണ് നല്ലയിനം തേയില ലഭിക്കുന്ന മറ്റൊരു സ്ഥലം. കടുംപച്ച നിറമുള്ള തേയിലയാണ് കൂനൂരിലേത്. സുഗന്ധമുള്ളതെന്നു പ്രശസ്തി നേടിയതാണ് കൂനൂർ തേയില. ഹൈ ഫീൽഡ് ടീ ഫാക്ടറി, ട്രാൻക്വില ടീ ലോഞ്ച് എന്നിവിടങ്ങൾ ഊട്ടി സന്ദർശകർക്കു രുചികരമായ ചായ ആസ്വദിക്കാൻ അവസരം ഒരുക്കുന്നു.
മലയാളികൾക്കു പരിചമാണ് അസം തേയില. ബ്രഹ്മപുത്ര താഴ്‌വര ‘തേയിലയുടെ തലസ്ഥാനം’ എന്നാണ് അറിയപ്പെടുന്നത്. ജോർഘട്ട് എന്ന സ്ഥലത്താണ് അസമിൽ കൂടുതൽ തേയിലത്തോട്ടങ്ങളുള്ളത്. ഗാടൂംഗ ടീ എേസ്റ്ററ്റ് പ്രശസ്തം. തോട്ടങ്ങൾക്കു നടുവിൽ ബ്രിട്ടിഷുകാർ നിർമിച്ച മനോഹരമായ ബംഗ്ലാവുകൾ ഉണ്ട്. കാസിരംഗ വന്യജീവി സങ്കേതം സന്ദർശിക്കാൻ പോകുന്നവർ അസം ചായയുടെ രുചി പ്രകീർത്തിക്കാറുണ്ട്.
ഡാർജിലിങ് യാത്രികർ അവിടെ ലഭിക്കുന്ന തേയിലയെ ‘ഡാർലിങ്’ എന്നു വിളിക്കുന്നു. ഡാർജിലിങ് ചായയ്ക്ക് പൂക്കളുടെ സുഗന്ധമാണത്രേ. അവിടെ സുഖനിദ്രയ്ക്കായി ചായ കുടിക്കുന്നവരുണ്ട് ! ഡാർജിലിങ്ങിൽ വിനോദസഞ്ചാരത്തിന്റെ ഭാഗമാണു തേയിലത്തോട്ടം സന്ദർശനം.
ഹിമാലയത്തിൽ നിന്നുള്ള കാറ്റിന്റെ തണുപ്പിനെ ഏറ്റുവാങ്ങി തളിരിടുന്നു ഹിമാചൽ പ്രദേശിലെ തേയില. പ്രശസ്തമായ തേയിലത്തോട്ടമാണു ഭാരംഗ് ടീ എേസ്റ്ററ്റ്. തേയിലത്തോട്ടത്തിനു സമീപത്തുകൂടി ഒഴുകുന്ന ബിയാസ് നദിയിൽ സവാരി വിനോദസഞ്ചാരത്തിന്റെ ഭാഗമാണ്. തേയിലത്തോട്ടത്തിൽ ട്രെക്കിങ് അനുവദിച്ചിട്ടുണ്ട്. രുചികരമായ ചായ കുടിക്കാനുള്ള അവസരമാണിത്.