Monday 01 February 2021 04:39 PM IST

തായ്‌ലൻഡിൽ നിശാപാർട്ടിയിൽ പങ്കെടുത്ത 109 പേർ അറസ്റ്റിൽ; ഒരു മാസം വിശ്രമത്തിനു ശേഷം മടങ്ങാമെന്നു പൊലീസ് മേധാവി

Baiju Govind

Sub Editor Manorama Traveller

thailand ar

ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു സഞ്ചാരികൾ വീണ്ടും എത്തിയതോടെ തായ്‌ലൻ‌‍ഡ് സർക്കാർ നിയന്ത്രണം കർശനമാക്കി. നിശാക്ലബ്ബുകളിലും പബ്ബുകളിലും റെയ്ഡ് ശക്തമാക്കി. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലമായ കൊഫാങ്നാനിലെ റെയ്ഡിൽ നൂറ്റിയൊൻപതു പേർ അറസ്റ്റിലായി. ഇതിൽ എൺപത്തൊൻപതു പേർ വിദേശികളാണ്. അമേരിക്ക, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, ഡെന്മാർക്ക് തുടങ്ങി പത്തു രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ബാറിൽ അനധികൃതമായി ഒത്തുചേർന്നവരാണ് അറസ്റ്റിലായതെന്നു വാർത്താ ഏജൻസി റിപ്പോർട് ചെയ്തു. കോവിഡ് നിയന്ത്രണ നിയമം ലംഘിച്ചതിന് ഇവർ 130 ഡോളർ പിഴയും ഒരു മാസം ജയിൽ ശിക്ഷയും അനുഭവിക്കണം. ബാറിന്റെ ഉടമയും ജോലിക്കാരും അറസ്റ്റിലായിവരിൽ ഉൾപ്പെടുന്നു. ദേശീയ ആരോഗ്യ നയം ലംഘിച്ചതിന് രണ്ടു വർഷം ജയിൽ ശിക്ഷയാണ് ഇവർക്കു വിധിച്ചിട്ടുള്ളത്. ഒരു വർഷത്തേക്ക് ബാറിന്റെ ലൈസൻസ് റദ്ദാക്കി. ജയിലിലേക്കു കൊണ്ടു പോകുന്നതിനു മുൻപു നടത്തിയ കോവിഡ് പരിശോധനയിൽ അറസ്റ്റിലായവരുടെ ടെസ്റ്റ് റിസൽട്ട് നെഗറ്റിവാണെന്ന് ബാങ്കോക് പോസ്റ്റ് റിപ്പോർട് ചെയ്തു.

കൊഫാങ്നാനിലെ ‘ത്രി സിക്സ്റ്റി ബാർ’ ആണ് അടച്ചു പൂട്ടിയത്. ബാർ വാർഷികം പ്രമാണിച്ച് പാർട്ടി നടത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണു പ്രവേശന ടിക്കറ്റ് വിതരണം ചെയ്തത്. ഇതു കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണത്തിനൊടുവിൽ റെയ്ഡ് നടത്തി. അപ്പോഴാണ് പങ്കെടുത്തവർ വിദേശികളാണെന്നു വ്യക്തമായത്. പാർട്ടി അനധികൃതമാണെന്നു തായ്‌ലൻഡ‍് പൊലീസ് വിശദീകരിച്ചു. ‘‘വിദേശികൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു എന്നതു ശരിയാണ്. പക്ഷേ ജനക്കൂട്ടം അനുവദിക്കില്ല. അതിഥികൾ കുറച്ചു ദിവസം വിശ്രമിച്ച ശേഷം നാട്ടിലേക്കു മടങ്ങും’’ കൊഫാങ്നാൻ പൊലീസ് കേണൽ പന്യ നിരെയ്ടിമെനോൻ അറിയിച്ചു.

thailand arst

അറസ്റ്റിനെ തുടർന്നു ബാറുടമ സമൂഹ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞു. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലത്താണു ബാർ പ്രവർത്തിക്കുന്നതെന്നും പാർടി നടത്തുന്നതിനു തടസ്സമില്ലെന്നും തെറ്റിദ്ധരിച്ചതായി ബാർ ഉടമ വിശദീകരിച്ചു.

പതിനാലു ദിവസത്തെ നിർബന്ധിത ക്വാറന്റീനു ശേഷം വിദേശികൾക്ക് തായ്‌ലൻഡിൽ പ്രവേശനം അനുവദിച്ചിട്ട് ഒരു മാസം തികയുന്നേയുള്ളൂ. വിമാനം ഇറങ്ങുന്നതിനു 72 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം. അതിനാൽത്തന്നെ ഇപ്പോൾ തായ്‌ലൻഡ് സന്ദർശനത്തിന് ഒരു മാസം വേണം. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇതിനിടെയാണ് ടൂറിസ്റ്റുകളെ അറസ്റ്റ് ചെയ്ത വാർത്ത പുറത്തു വന്നത്. ടൂറിസം മേഖലയ്ക്ക് ഇതു ഇരുട്ടടിയാണെന്നു ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടി.