Saturday 02 May 2020 03:26 PM IST : By Baiju Govind

റംസാൻ നോമ്പിന്റെ വിശുദ്ധിയിൽ താഴത്തങ്ങാടി പള്ളി; ‘മാളികപ്പുറം’ കാണാൻ ഒരു യാത്ര

masjid 1 Photo: Harikrishnan

വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്‌ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും താരതമ്യം ചെയ്യുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗിവിശേഷം ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ.

masjid 6

പുത്തൻ കെട്ടിട നിർമാണ രീതിയിൽ അളന്നാൽ ഏകദേശം ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങളാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം ഡിസൈൻ ചെയ്യുന്ന രീതിയിൽ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. പ്രധാന വാതിലിന് കരിങ്കല്ലിൽ നിർമിച്ച കട്ടിളയാണ്. കേരളത്തിൽ എണ്ണൂറു വർഷം പഴക്കമുള്ള മന്ദിരങ്ങളിലാണ് കരിങ്കല്ലിൽ വാതിലിന്റെ കട്ടിള (ഫ്രെയിം) ഉള്ളത്. പ്രധാനവാതിലിന്റെ ഇടതുഭാഗത്തുള്ള വരാന്തയിലെ തൂണുകൾ ദ്രവിച്ചപ്പോൾ മരത്തിന്റെ അഴിയിട്ട് പുതുക്കി.

masjid 2

കരിങ്കൽ കവാടം സ്ഥാപിച്ച മുറിയിൽ ഒറ്റക്കല്ലിൽ നിർമിച്ച വെള്ളത്തൊട്ടിയുണ്ട് (ഹൗള്). വലിയ കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്താണ് വെള്ളം നിറയ്ക്കാനുള്ള തൊട്ടി ഉണ്ടാക്കിയിട്ടുള്ളത്. ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്തുണ്ടാക്കിയ പാത്തിയിലൂടെയാണ് ഹൗളിൽ വെള്ളം നിറച്ചിരുന്നത്. വെള്ളം കോരാൻ മുളങ്കമ്പിൽ കെട്ടിയ ചിരട്ട ഉപയോഗിച്ചു. കാലം മാറിയപ്പോൾ പാത്തിക്കു പകരം പൈപ്പ് സ്ഥാപിച്ചു, ചിരട്ട മാറ്റി സ്റ്റീൽ കപ്പ്. കാൽ കഴുകി വൃത്തിയാക്കിയ ശേഷം പള്ളിയിൽ പ്രവേശിക്കണമെന്നാണു ചിട്ട.

ഹൗളിന്റെ അരികിൽ നിന്നു മുകളിലേക്കുള്ള ഗോവണി ഉസ്താദ് താമസിക്കുന്ന മുറിയിലേക്കാണ്. മരത്തിൽ നിർമിച്ച മേൽക്കൂരയും താഴെ നിലയിലെ ഹൗളിലെ വെള്ളവും ഉസ്താദിന്റെ കിടപ്പുമുറിയിയെ ശീതീകരിക്കുന്നു.

masjid 5


മുക്കൂറ്റി സാക്ഷ

പള്ളിയുടെ അകത്ത് പ്രാർഥനയ്ക്ക് ഇരിക്കാൻ രണ്ടു ഹാൾ – പുറംപള്ളി, അകംപള്ളി. ഹൗളിൽ നിന്നു വാതിൽ തുറക്കുന്നത് പുറം പള്ളിയിലേക്കാണ്. പള്ളി നിലനിൽക്കുന്ന എട്ടു തൂണുകളിൽ നാലെണ്ണം ഈ മുറിയിലുണ്ട്. തടിയിൽ അലങ്കരിച്ച മൂന്നു ചുമരുകളും പൂർണമായും തടിയിൽ നിർമിച്ച ഒരു ഭിത്തിയുമാണ് പുറംപള്ളിയുടെ ഭംഗി. പുറംപള്ളിയുടെയും അകംപള്ളിയുടെയും ഇടയിലുള്ള മരത്തിന്റെ ഭിത്തിയിൽ ആയത്ത്, ശെഅ്ഹർ, ഹദീസ് എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. ‘‘നിങ്ങൾ നന്മയിലും ഭക്തിയിലും പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക’’ ചുമരിൽ എഴുതിയ ഖുറാൻ വാക്യം (ആയത്ത്) പറയുന്നു. ആരാധനാലയം പരിപാലിക്കുന്നവർക്കുള്ള നിർദേശമാണ് കവിതയും നബിവചനവും വിവരിക്കുന്നത്. വിദഗ്ധരായ തച്ചന്മാരുടെ കൈത്തഴക്കത്തിൽ വിടർന്ന കൊത്തുവേലയ്ക്കു നടുവിലാണ് അറബിക് അക്ഷരങ്ങളുടെ ആലേഖനം.

പുറംപള്ളിയിൽ നിന്ന് അകംപള്ളിയിലേക്കു കയറാൻ രണ്ടു വാതിൽ. ‘മുക്കൂറ്റി സാക്ഷ’യാണ് ഇതിൽ ഒരു വാതിലിന്റെ പ്രത്യേകത. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ (മരപ്പൂട്ട്) തച്ചുശാസ്ത്രത്തിന്റെ തന്ത്രത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ അനുകരണമോ, ഇതുപോലെ വേറൊരെണ്ണമോ മറ്റൊരിടത്തും ഇല്ല. എടുത്തുകെട്ടിയും വാചനങ്ങളും ഘടിപ്പിച്ച് അലങ്കരിച്ച രണ്ടാമത്തെ വാതിലിന്റെ പൂട്ടിന് മണിച്ചിത്രത്താഴിന്റെ രൂപമാണ്. പന്തീരടി പൊക്കമുള്ള മേൽക്കൂരയിലെ കഴുക്കോൽ, ഉത്തരം, വളയം തുടങ്ങിയവയ്ക്ക് ഒന്നരയടി വീതിയുണ്ട്. ഇതളിലും വലുപ്പത്തിലും വ്യത്യാസം വരുത്തി എടുത്തുകെട്ടിയിൽ ഘടിപ്പിച്ചിട്ടുള്ള പൂക്കളാണ് മേൽക്കൂരയിലെ കൗതുകക്കാഴ്ച. പള്ളിയെ താങ്ങി നിർത്തുന്ന നാലു തൂണുകൾ അകംപള്ളിയിലാണ്. വിസ്താരമേറിയ അകംപള്ളിയുടെ പടിഞ്ഞാറുഭാഗത്താണ് ഇമാം നിൽക്കുന്ന സ്ഥലം (മിഹറാബ്). കമാനത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മിഹറാബിന്റെ ഇടതുവശത്ത് മിംബർ. പെരുന്നാളിനും വെള്ളിയാഴ്ച പ്രാർഥനയ്ക്കും (ഖുത്തുബ) ഇമാം പ്രസംഗിക്കാൻ നിൽക്കുന്ന പീഠമാണ് മിംബർ. മിഹറാബിന്റെ ഇരുവശത്തുമുള്ള ജനലുകളുടെ ഫ്രെയിം കരിങ്കല്ലിലാണ് നിർമിച്ചിട്ടുള്ളത്.

masjid 4


നിഴൽ ഘടികാരം

മാളികയുടെ മുകളിലേക്കുള്ള ഗോവണി പുറംപള്ളിയിലാണ്. അകംപള്ളിയും പുറം പള്ളിയും ചേർന്നത്രയും വലുപ്പമുള്ള ഹാളാണ് ‘മാളികപ്പുറം’. കിഴക്കും വടക്കുമായി പള്ളിയുടെ വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന മുഖാപ്പുകളും അവയുടെ അലങ്കാരങ്ങളും കൊത്തുപണികളാണ്. പുറംപള്ളിയിലും അകംപള്ളിയിലുമായി കാണുന്ന എട്ടു മരത്തൂണുകളുടെ മുകളറ്റം രണ്ടാം നിലയുടെ മേൽക്കൂര വരെ നീണ്ടു നിൽക്കുന്നു. തെക്കു പടിഞ്ഞാറ് കോണിൽ താഴേക്ക് ഒരു കിളിവാതിലുണ്ട്. അകംപള്ളിക്കും മാളികപ്പുറത്തിനുമിടയിലുള്ള രഹസ്യ അറയുടെ പ്രവേശന കവാടമാണിത്. പള്ളി നിർമിച്ച തച്ചന്റെ ബുദ്ധിയും തന്ത്രവും ഇതു വ്യക്തമാക്കുന്നു. കിളിവാതിൽ ചേർത്തടച്ചാൽ രണ്ടു നിലകളുടെ ഇടയിൽ മറ്റൊരു ഹാൾ ഉണ്ടെന്ന് തിരിച്ചറിയില്ല.

അംഗശുദ്ധി വരുത്താൻ പണ്ട് ഉപയോഗിച്ചിരുന്ന കുളമാണ് താഴത്തങ്ങാടി പള്ളിയുടെ മുറ്റത്തിന്റെ ഭംഗി. കുളത്തിന്റെ അടിത്തട്ടു വരെ കൽപ്പടവ് നിർമിച്ചിട്ടുള്ള സ്നാനകേന്ദ്രത്തിൽ കുളപ്പുരയുണ്ട്. പള്ളിയുടെയും കുളപ്പുരയുടെയും മുൻഭാഗത്ത് മുറ്റത്തിന്റെ മധ്യത്തിലുള്ള നിഴൽ ഘടികാരം താഴത്തങ്ങാടി മസ്ജിന്റെ പഴമയ്ക്കു നേർസാക്ഷ്യം. സൂചി ചലിക്കുന്ന ക്ലോക്ക് കണ്ടുപിടിക്കുന്നതിനു മുൻപ് നിഴൽ നോക്കിയാണ് പ്രാർഥനാ സമയം മനസ്സിലാക്കിയിരുന്നത്. ‘‘ഘടികാര സ്തൂപത്തിലെ ദ്വാരത്തിന്റെ മധ്യത്തിൽ നിഴൽ എത്തിയാൽ നട്ടുച്ച, ഇരുവശത്തേക്കും നിഴൽ ചായുന്നതിന്റെ സ്ഥാനം നോക്കി ളുഹർ, അസർ നിസ്കാരത്തിനു സമയം തിരിച്ചറിഞ്ഞ ഇമാമുമാർ ഉണ്ടായിരുന്നു’’ താഴത്തങ്ങാടി പള്ളിയിലെ ഇപ്പോഴത്തെ ഉസ്താദ് ഹാഫിസ് സിറാജുദ്ദീൻ ഹസനി പറഞ്ഞു.

masjid 3

കോട്ടയം നഗരത്തിന്റെ പുരാതന ചരിത്രത്തിന്റെ ഭാഗമാണ് താഴത്തങ്ങാടി പള്ളി. മുസ്‌ലിംകൾക്കായി തെക്കുംകൂർ രാജാവ് ആരാധനാലയം നിർമിച്ചു നൽകിയെന്നാണ് വിശ്വാസം. മാലിക് ദിനാറിന്റെ സന്തതി പരമ്പര കേരളത്തിൽ പത്ത് ആരാധനാലയങ്ങൾ സ്ഥാപിച്ചുവെന്നും അതിലൊന്നാണ് താഴത്തങ്ങാടി പള്ളിയെന്നും കരുതപ്പെടുന്നു. ഒരിക്കൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് താഴത്തങ്ങാടി പള്ളിയുടെ പെരുമയെന്ന് അറിയപ്പെട്ടു. കാലം അവശേഷിപ്പിച്ച വാസ്തു പൈതൃകം സന്ദർശകർക്കു വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്നു.