Tuesday 17 November 2020 04:20 PM IST

ജാക്കിനെ റോസ് പ്രേമിച്ച പഴയ ടൈറ്റാനിക്കിലേക്ക് ടൂർ: ഒരു വർഷം മുൻപ് ബുക്ക് ചെയ്യണം

Baiju Govind

Sub Editor Manorama Traveller

titanic-tour445

ആദ്യ യാത്രയുടെ ആരവം അടങ്ങുന്നതിനു മുൻപ് ആഴക്കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാൻ കടലിന്റെ അടിത്തട്ടിലേക്ക് സാഹസിക യാത്ര. വാഷിങ്ടൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് എക്സ്പെഡീഷനാണ് vനോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സന്ദർശകരെ കൊണ്ടു പോകുന്നത്. അഞ്ചു പേരുള്ള സംഘങ്ങളായാണ് യാത്ര. ഓരോ സംഘത്തിനുമൊപ്പം വഴികാട്ടി ഉണ്ടാകും. ഇന്റർവ്യൂ ജയിക്കുന്നവർക്കു മാത്രമാണ് അവസരം. രജിസ്ട്രേഷൻ ആരംഭിച്ചു. മുപ്പത്താറു പേർ രജിസ്റ്റർ ചെയ്തെന്ന് ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷൻ പ്രസിഡന്റ് േസ്റ്റാക്ടൻ റഷ് അറിയിച്ചു. 2021, 2022 വർഷങ്ങളിലാണ് യാത്ര നടത്തുക.

കാനഡയിൽ നിന്നു 370 കി.മീ. കടലിലൂടെ യാത്ര ചെയ്താൽ ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് എത്താം. സമുദ്രത്തിൽ മൂവായിരത്തി എണ്ണൂറ് അടി ആഴത്തിലാണ് പൊളിഞ്ഞ കപ്പൽ കിടക്കുന്നത്. 1985ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. പിന്നീട് നൂറ്റി നാൽപതു പേർ കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചു. അവരെല്ലാം ഗവേഷകരാണ്.

സതാംപ്റ്റണിൽ നിന്നു ന്യൂയോർക്കിലേക്കു പുറപ്പെട്ട ആഡംബര കപ്പൽ 1912 ലാണ് മഞ്ഞുകട്ടയിൽ ഇടിച്ച് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നത്. 2224 യാത്രക്കാരുമായി ആഡംബര കപ്പലിന്റെ കന്നി യാത്രയിൽ 2224 യാത്രക്കരുണ്ടായിരുന്നു. ഇതിൽ 1517 പേർ മുങ്ങി മരിച്ചു.

titanictour55

കപ്പൽ മുങ്ങിയതിന്റെ ‘സെന്റിനറി’ ഓർമകളുമായാണ് കടലിന്റെ അടിത്തട്ടിലേക്ക് സംഘം ചേർന്നു യാത്ര ഒരുക്കിയിട്ടുള്ളത്. ഗവേഷകർ ഉപയോഗിക്കുന്ന ‘സൈക്ലോപ്സ് ക്ലാസ് സബ്മെർസിബിൾ’ ഉപയോഗിച്ചാണ് യാത്ര. സമുദ്രാന്തർ യാത്രയ്ക്ക് ഗവേഷകർ ഉപയോഗിക്കുന്ന ‘ചെറു അന്തർവാഹിനിയാണ് സബ്മെർസിബിൾ. ടൈറ്റാനിക് കാണാൻ ആളുകളെ കൊണ്ടു പോകുന്ന സബ്മെർസിബിളിന്റെ പേര് ‘ടൈറ്റൻ’. കപ്പൽ തകർന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ കഥയ്ക്കു പശ്ചാത്തലമായ ‘സ്മൃതികൂടിരം’ സന്ദർശിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്തുമെന്നാണ് ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷന്റെ പ്രതീക്ഷ. ഒരാൾക്ക് യാത്രാ ചെലവ് 95 ലക്ഷം രൂപ.

ജയിംസ് കാമണറൺ ഒരുക്കിയ ടൈറ്റാനിക് സിനിമയിലൂടെയാണ് ടൈറ്റാനിക് ലോകമനസാക്ഷിയിൽ മറക്കാനാവാത്ത ചിത്രമായി പതിഞ്ഞത്. ലിയനാർഡോ ഡികാപ്രിയോ, കെയ്റ്റ് വിൻസ് ലെറ്റ് എന്നിവരുടെ അഭിനയ മികവിൽ ജാക്ക്, റോസ് എന്നീ കഥാപാത്രങ്ങളിലൂടെ വലിയ ദുരന്തം കണ്ണീർകഥയായി.

titanic-1
Tags:
  • Manorama Traveller