ഒറ്റപ്പാലത്തിനു സമീപം മനിശ്ശീരി ഗ്രാമം പണ്ട് മനയെന്നു വിളിച്ചിരുന്ന വരിക്കാശേരി മന പിൽക്കാലത്ത് മലയാള സിനിമയ്ക്കു തറവാടായി. നൂറോളം സിനിമകൾക്കു പശ്ചാത്തലമായ നാലുകെട്ടിന്റെ വാസ്തുവും നിർമിതിയും പെരുന്തച്ചന്റെ ജാലവിദ്യയെന്നു ജനം കരുതി. വാസ്തുശാസ്ത്രത്തിൽ അഗ്രഗണ്യനായ വലനേഴി ജാതവേദൻ നമ്പൂതിരിയാണ് വരിക്കാശേരി മനയുടെ നാലുകെട്ട് രൂപകൽപ്പന ചെയ്തത്. രാജപ്രൗഢിയിൽ പൂമുഖം ഡിസൈൻ ചെയ്തത് കൃഷ്ണൻ നമ്പൂതിരിപ്പാടാണ്. ഏകദേശം നൂറ്റിമുപ്പതു വർഷം മുൻപാണ് മന നിർമിച്ചതെന്നാണ് വരിക്കാശേരി മനയുടെ ഇപ്പോഴത്തെ ട്രസ്റ്റിമാരിൽ ഒരാളായ വി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ അറിവ്. ഉണ്ണി തമ്പുരാൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നാരായണൻ നമ്പൂതിരിപ്പാടും സഹോദരന്മാരും അവരുടെ കുടുംബവും ഇരുപതു വർഷം മുൻപു വരെ വരിക്കാശേരി മനയിലായിരുന്നു താമസം.
നൂറു വർഷത്തിലേറെ പഴക്കമുള്ള മനയും ആയിരം വർഷം പാരമ്പര്യം അവകാശപ്പെടുന്ന കുടുംബവും ഭാരതപ്പുഴയുടെ തീരത്ത് ഒരു ദേശത്തിന്റെ ഉടമയായിരുന്നു. തമ്പുരാന്മാരും അവരുടെ അകത്തമ്മമാരും വേദമോതാൻ വന്ന നമ്പൂതിരിക്കുട്ടികളും ഭൃത്യരും വേലക്കാരുമായി നൂറിലേറെ പേർ വരിക്കാശേരി മനയിൽ പാർത്തു. പത്തായപ്പുരയിലും നടുമുറ്റത്തും വടക്കിനിയിലുമൊക്കെ ആൾപെരുമാറ്റമുണ്ടായിരുന്ന നാളുകൾ മനയുടെ ഇപ്പോഴത്തെ അവകാശികൾക്ക് ബാല്യകാല ഓർമയാണ്. വരിക്കാശേരി മനയെ ഐ.വി. ശശി അവതരിപ്പിച്ചതു തീർത്തും വ്യത്യസ്തമായൊരു കഥയിലൂടെ ആണെങ്കിലും പ്രേക്ഷകർ ആ തറവാടിനെ ഹീറോയിസത്തിന്റെ കൊട്ടാരമായാണ് സ്വീകരിച്ചത്. പ്രേക്ഷകർ ഒറ്റയ്ക്കും കൂട്ടമായും മന കാണാനെത്തിയതോടെ വരിക്കാശേരി സന്ദർശകരുടെ മനയായി.
മനിശ്ശീരി ഗ്രാമം
ഒറ്റപ്പാലം പട്ടണത്തിന്റെ കിഴക്കുഭാഗത്ത് വാണിയംകുളത്തിനടുത്താണ് മനിശ്ശീരി ഗ്രാമം. കാടു വെട്ടി തെളിക്കാത്ത പറമ്പുകളും തെളിനീരു നിറഞ്ഞ കുളങ്ങളും പാടവരമ്പും ചേർന്ന് ‘1990 മോഡൽ’ സീൻ. ആ വഴിക്ക് ഒരു കിലോമീറ്റർ നടന്നാൽ, പടിപ്പുര പൊളിച്ചു കളഞ്ഞ് ഇരുമ്പു ഗെയിറ്റ് സ്ഥാപിച്ച് വലിയ അക്ഷരത്തിൽ എഴുതിയതു കാണാം – വരിക്കാശേരി മന.
ദേവാസുരം, ആറാം തമ്പുരാൻ, രാപ്പകൽ, വല്യേട്ടൻ തുടങ്ങി സൂപ്പർഹിറ്റ് സിനിമകൾ ഷൂട്ട് ചെയ്ത വീടാണ് വരിക്കാശേരി മന. നാലു കെട്ട്, നടുമുറ്റം, രണ്ട് പത്തായപ്പുരകൾ, കുടുംബ ക്ഷേത്രം, കുളം – ഇത്രയുമാണ് മനയിലുള്ളത്. ഗെയിറ്റിൽ നിന്നാരംഭിച്ച് കുളപ്പുര വരെ നടന്നു കാണാൻ രണ്ടു മണിക്കൂർ പോരാ. വാതിലും ജനലും മേൽക്കൂരയും ഗോവണിപ്പടിയും ഇടനാഴിയും നിർമിച്ച വാസ്തുവിദ്യാ കൗതുകം നോക്കി നിന്നാൽ സമയം പോകുന്നതറിയില്ല. പൂമുഖമാണ് വരിക്കാശേരി മനയുടെ ഐശ്വര്യം. ഈട്ടിത്തടിയിൽ കടഞ്ഞെടുത്ത തൂണും മരത്തിൽ നിർമിച്ച മച്ചും കിരീടം അണിഞ്ഞതുപോലെ അലങ്കാരം ചാർത്തിയ ബാരിക്കേഡും പൂമുഖത്തിന് രാജകല ചാർത്തി. മണിച്ചിത്രത്താഴിനെക്കാൾ ഭംഗിയിൽ തള കെട്ടിയ പ്രധാന വാതിലിന്റെ മുന്നിൽ ചാരുകസേരയിട്ടാണ് ഐ.വി. ശശി ദേവാസുരത്തിലെ നീലകണ്ഠനെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ചത്.
നാലുകെട്ട്
പൂമുഖത്തെ പ്രധാന വാതിൽ സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്ര ശ്രീകോവിൽ പോലെ വാതിലിന്റെ ഇരുവശത്തും ചുമർചിത്രങ്ങൾ. മാടമ്പി കഥാപാത്രങ്ങളുടെ പശ്ചാത്തലം മിനുക്കാൻ സിനിമയ്ക്കു വേണ്ടി വരച്ചത്. ഇടതു വരാന്തയിൽ നിന്നാണ് നടുമുറ്റത്തേക്കുള്ള ഇടനാഴി. അൻപതു പേർക്ക് ചമ്രം പടിഞ്ഞിരിക്കാൻ സൗകര്യമുള്ള മേൽത്തട്ടും ചതുരക്കളം വരച്ചതു പോലെയുള്ള വരാന്തയും നടുമുറ്റത്തിന്റെ ഭംഗി കൂട്ടുന്നു. ‘ധാം ധിനക്ക ധില്ലം ധില്ലം’ പാടി നരസിംഹത്തിൽ ഇന്ദുചൂഡനും കൂട്ടുകാരും നൃത്തം ചെയ്ത സ്ഥലം ഓർമയില്ലേ? അത് ഈ നടുമുറ്റമാണ്.
നാലേക്കർ സ്ഥലത്താണ് വരിക്കാശേരി മന നിൽക്കുന്നത്. മൂന്നു നിലയുള്ള നാലുകെട്ട്. ചെങ്കല്ലിൽ കെട്ടിയ ചുമരും ആറടി ഉയരമുള്ള ജനലുകളും ഓടുമേഞ്ഞ മേൽക്കൂരയും. രണ്ടു പാളിയുള്ള വാതിലും ഇടനാഴിയും വിസ്താരമേറിയ ഹാളും കെട്ടിടത്തിന്റെ മൂന്നു നിലകളിലും സമാന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. മുകളിലത്തെ നിലയിൽ നിന്ന് താഴിട്ട് പൂട്ടാവുന്ന രീതിയിൽ ഗോവണിക്ക് വാതിൽ നിർമിച്ചിരിക്കുന്നു. ചുമരിന് പത്തടി ഉയരമുള്ളതിനാൽ തടി ഉപയോഗിച്ചു നിർമിച്ച മച്ചിനു താഴെ വേനൽച്ചൂടും തണുപ്പും ഏൽക്കില്ല.
നാലു വരാന്തകളെ ചതുരത്തിൽ ചേർത്ത് അനുബന്ധമായി മുറികളും ഇടനാഴിയും നിർമിച്ചാണ് വരിക്കാശേരി മനയുടെ നിർമാണം. നടുമുറ്റത്തിന്റെ നാലു ദിക്കുകളെ വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നു വിളിക്കുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്ത് നീളത്തിൽ അടുക്കള. സമീപത്ത് ഊട്ടുപുര. നൂറു പേർക്ക് വച്ചു വിളമ്പിയിരുന്ന തറവാടിന്റെ പെരുമ അടുക്കളയുടെ വലുപ്പം കണ്ടാൽ മനസ്സിലാകും.
പത്തായപ്പുര
പെരുന്തച്ചന്റെ മേൽനോട്ടത്തിലാണ് മനയ്ക്ക് അസ്ഥിവാരം കീറിയതെന്നൊരു കഥ നിലനിൽക്കുന്നുണ്ട്. അതിന്റെ വസ്തുത എന്തായാലും ജാതവേദൻ നമ്പൂതിരിയാണ് നാലു കെട്ട് രൂപകൽപ്പന ചെയ്തതെന്ന് മനയുടെ അവകാശികൾ വിശ്വസിക്കുന്നു. രണ്ടു നിലയുള്ള പത്തായപ്പുരയുടെ ഡിസൈനിലും പത്തായത്തിന്റെ നിർമാണ കണക്കിലും പുലർത്തിയ കൃത്യത ശിൽപ്പിയുടെ വൈദഗ്ധ്യം വ്യക്തമാക്കുന്നു. താഴെയും മുകളിലും നീളത്തിലുള്ള വരാന്തയും മുറികളും വലിയ ഹാളുമാണ് പത്തായപ്പുരയിലുള്ളത്. താഴെ നിലയിൽ ഒരു ഭാഗം നെല്ലു നിറച്ചിരുന്ന പത്തായമാണ്. മനയിലുള്ളവർക്ക് ഒരാണ്ടു മുഴുവൻ ഉണ്ണാനുള്ള ധാന്യം സൂക്ഷിക്കാൻ വലുപ്പമുള്ളതാണ് പത്തായം.
താഴത്തെ നിലയുടെ പടിഞ്ഞാററ്റത്തു നിന്നു മുകളിലേക്ക് പിരിയൻ ഗോവണിയാണ്. ഒന്നാം നിലയിലെ മുറികളിൽ ഒന്നിന്റെ നിലം ടൈൽസ് നിരത്തിയതാണ്. വീട് ജപ്തി ചെയ്തതിനു ശേഷം രണ്ടു പെൺമക്കളോടൊപ്പം മംഗലശ്ശേരിയിൽ അഭയം തേടിയ അപ്പു മാഷിനു താമസിക്കാൻ നീലകണ്ഠൻ തുറന്നു കൊടുക്കുന്ന മുറി ഈ പത്തായപ്പുരയിലാണ്.
വരിക്കാശ്ശേരി കുടുംബക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് മറ്റൊരു പത്തായപ്പുര. ആ കെട്ടിടം ഇപ്പോൾ ജോലിക്കാരുടെ താമസ സ്ഥലമാണ്. സന്ദർശകർക്ക് പ്രവേശനമില്ല. വരിക്കാശേരി മന വക ക്ഷേത്രത്തിൽ ശ്രീകൃഷ്ണനാണു പ്രതിഷ്ഠ. പരമശിവനാണ് മറ്റൊരു മൂർത്തി. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തു കുളം. കാലപ്പഴക്കത്തിൽ കുളപ്പുര പൊളിഞ്ഞു. കുളത്തിന്റെ മനോഹാരിത ആറാം തമ്പുരാനിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
മാടമ്പി, തൂവൽ കൊട്ടാരം, ദ്രോണ, സൂഫി പറഞ്ഞ കഥ, പ്രേതം, കാവലൻ, മാന്ത്രികൻ, സിംഹാസനം തുടങ്ങി നൂറോളം സിനിമകൾക്ക് വരിക്കാശേരി മന പശ്ചാത്തലമായി. മനിശ്ശീരിയിലെ തറവാട്ടു മുറ്റം ഭാഗ്യമുള്ള ലൊക്കേഷനാണെന്ന് ഒട്ടുമിക്ക സംവിധായകരും വിശ്വസിക്കുന്നു.
വരിക്കാശേരി മനയിലേക്ക് യാത്ര: വിനോദസഞ്ചാരികളുടെ മനസ്സുമായി കേരളത്തിന്റെ പലഭാഗത്തു നിന്നും മന കാണാൻ ആളുകൾ എത്തുന്നു. വിവാഹ ഫോട്ടൊഗ്രഫിയുടെ ഭാഗമായുള്ള ‘ലവ് സീൻ ഷൂട്ടിങ്ങിന്റെ’ പ്രൈം ലൊക്കേഷനാണ് വരിക്കാശ്ശേരി. പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് നഗരത്തിൽ നിന്ന് മനിശ്ശീരിയിലേക്ക് മുപ്പത്തഞ്ചു കിലോമീറ്റർ. ഒറ്റപ്പാലത്തു നിന്ന് നാലു കിലോ മീറ്റർ. സിനിമാ ഷൂട്ടിങ് സമയത്ത് മനയിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.