ഗൾഫിലേക്കുള്ള വിമാനം. ഭാര്യയും ഭർത്താവും രണ്ടു കുട്ടികളും ഒരുമിച്ചുള്ള യാത്ര. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കുട്ടികൾ രണ്ടാളും സ്വന്തം സീറ്റിൽ ഒരു വിധം ഇരിപ്പുറപ്പിച്ചു. ദമ്പതികൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സീറ്റിൽ ഇരിക്കാൻ സാധിച്ചില്ല. ക്യാബിൻ ക്രൂ സഹായത്തിന് ഓടിയെത്തി. പക്ഷേ, അമിതവണ്ണക്കാരായ യുവതിയെയും യുവാവിനെയും സീറ്റിൽ ഇരുത്താനുള്ള ശ്രമത്തിൽ അവരും പരാജയപ്പെട്ടു. ബിസിനസ് ക്ലാസിൽ ഒഴിവുള്ള സീറ്റുകളിൽ അവരെ ഇരുത്തിയ ശേഷമാണു വിമാനം ടേക്ക് ഓഫ് ചെയ്തത്. യാത്രക്കാരുടെ മുന്നിൽ ‘അപമാനിതരായ പോലെ’ രണ്ടുപേരുടേയും മുഖത്തു സങ്കടം നിഴലിച്ചു. എയർഹോസ്റ്റസുമാർ അവരെ സമാധാനിപ്പിച്ചു.
അമിതവണ്ണക്കാർ യാത്രയിൽ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. ഒട്ടുമിക്ക എയർലൈൻസും ‘ഒബിസിറ്റി പോളിസി’ ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ സീറ്റിൽ ഒതുങ്ങുന്നതിലും വണ്ണമുള്ള യാത്രക്കാർക്ക് സീറ്റ് ‘എക്സ്റ്റൻഷൻ’ ചെയ്തു നൽകും. എക്സ്ട്രാ സീറ്റിന്റെ യാത്രാക്കൂലി നൽകണം. ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ബിസിനസ് ക്ലാസ് സീറ്റിലേക്ക് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാം – ഇരട്ടി ചാർജ് നൽകണം. സാധാരണ സീറ്റിൽ ഒതുങ്ങില്ലെന്ന് ഉറപ്പുള്ള യാത്രക്കാർ വിമാനത്തിൽ കയറുന്നതിനു മുൻപ് ഒരു ടിക്കറ്റ് എക്സ്ട്രാ എടുക്കണമെന്നു നിർദേശിക്കുന്നു എയർലൈൻ കമ്പനികൾ.
വിമാനത്തിലെ യാത്രപോലെ ബസ് യാത്രയിലും അമിതവണ്ണം തടസ്സമാകുന്നവർ ഒട്ടേറെ. രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ അമിതവണ്ണമുള്ളവരോടൊപ്പം ശ്വാസം മുട്ടി ഇരിക്കുമ്പോൾ ഇരുവർക്കും യാത്ര ദുഷ്കരമാകുന്നു. അഞ്ചു പേർക്കു കയറാവുന്ന സെഡാൻ യൂബർ ടാക്സിയിൽ അമിതവണ്ണക്കാരായ രണ്ടു പേർ കയറിയാൽ ഡ്രൈവറുടെ മുഖം ചുവക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രണ്ടു പേർക്കു യാത്ര ചെയ്യാവുന്ന റോപ് കാറിൽ അമിതവണ്ണമുള്ളവർ രണ്ടു ടിക്കറ്റെടുത്ത് കയറേണ്ടി വരുന്നു. ട്രെക്കിങ്, സാഹസിക യാത്ര, വാഹനങ്ങൾക്കു പ്രവേശനം ഇല്ലാത്ത ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും അവർ മാറി നിൽക്കേണ്ടി വരുന്നു.
അമിതവണ്ണം ഉള്ളവർ സങ്കടം ഉള്ളിലൊതുക്കി യാത്ര ചെയ്യുമ്പോൾ ചിലർ പരിഹസിച്ചു ചിരിക്കുന്നു. രോഗത്തിന്റെ പാർശ്വഫലമായി ഉണ്ടാകുന്നതാണ് അമിതവണ്ണമെന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നില്ല. അമിത ഭക്ഷണം കഴിച്ചുണ്ടായതാണ് അമിത വണ്ണമെന്നതു തെറ്റിദ്ധാരണയാണ്. അമിതവണ്ണത്തിനു കാരണങ്ങൾ പലതാണ്. ഇന്ത്യയിൽ അമിതവണ്ണക്കാരിൽ മുപ്പതു ശതമാനം മാത്രമാണ് ‘ജങ്ക് ഫൂഡ്’ കഴിച്ച് അമിതവണ്ണക്കാരായി മാറിയതെന്നാണു സർവെ റിപ്പോർട്. ഇന്ത്യയിലെ നൂറു പേരുടെ കണക്കെടുത്താൽ അതിൽ മുപ്പതാളുകൾ ഫാസ്റ്റ് ഫൂഡ് കഴിച്ച് സ്വയം രോഗികളായി മാറിയെന്നും ഇതിനെ വിശദീകരിക്കാം. രാജ്യത്തു മുപ്പതു വയസ്സിനു താഴെയുള്ള ‘ഒബസിറ്റി’ക്കാരുടെ എണ്ണം വർധിക്കുന്നതു ആരോഗ്യരംഗത്തെ വിദഗ്ധർ വലിയ ആശങ്കയോടെയാണു നോക്കിക്കാണുന്നത്.
കേരളത്തിലെ ഏതൊരു ആശുപത്രിയിലും ചികിത്സയ്ക്കെത്തുന്ന മുതിര്‍ന്നവരില്‍ 50 ശതമാനവും ദുര്‍മേദസുള്ളവരാണ്. അവരില്‍ ഏറിയ പങ്കും പ്രമേഹബാധിതരും. പ്രമേഹപാരമ്പര്യം അമിതവണ്ണം വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു. അമിതവണ്ണം പ്രമേഹമുണ്ടാകുവാന്‍ ഉള്ള ഒരു കാരണമാണ്. അതോടൊപ്പം കുടുംബപാരമ്പര്യം കൂടി ഉണ്ടെങ്കില്‍ വളരെ ചെറുപ്പത്തില്‍ തന്നെ പ്രമേഹം ബാധിക്കും.
'നിശബ്ദ കൊലപാതകി എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിച്ചവരില്‍ 90%പേര്‍ക്കും പ്രത്യക്ഷരോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. പക്ഷാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്വാഭാവിക വിപത്തുകള്‍. രക്തസമ്മര്‍ദം ഉയരുന്നതിനു ശരീരഭാരം മുഖ്യ കാരണമാകാറുണ്ട്.
അമിതവണ്ണം മൂലമുണ്ടാകുന്ന ശ്വാസകോശരോഗങ്ങളും ശരീരഭാരം കുറയുന്നതോടെ പൂര്‍ണമായി ഭേദപ്പെടുന്നു. കയറ്റം കയറുകയോ ചവട്ടുപടി കയറുകയോ ചെയ്യുമ്പോള്‍ അമിതവണ്ണമുള്ളവര്‍ക്കു കിതപ്പ് അനുഭവപ്പെടുന്നു. പൊടുന്നനെ ക്ഷീണിതരാകുന്നു.
വീട്ടിൽ നിന്ന് ഓഫീസിലേക്കും തിരിച്ചും കാർ, ബൈക്ക് യാത്ര ശീലിച്ചതോടെ നടത്തത്തിന്റെ സാധ്യത ഇല്ലാതായി. ബസ് അല്ലെങ്കിൽ ട്രെയിൻ കിട്ടാൻ തിരക്കുപിടിച്ചുള്ള നടത്തം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണം കുറയ്ക്കാനുള്ള ആദ്യ ചികിത്സ വ്യായാമമാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. യാത്രയ്ക്കു മുൻപ് ഇക്കാര്യം സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുക.