Wednesday 15 February 2023 04:12 PM IST : By സ്വന്തം ലേഖകൻ

‘ശ്ശോ... ആ പാട്ടിന്റെ വരി നാവിന്റെ തുമ്പത്തുണ്ടായിരുന്നു’: ഒന്നു വിളിച്ചാൽ മതി ഗൂഗിൾ പാട്ട് കൊണ്ടു തരും

music-app

ഇത്രയും നേരം വരെ ആ പാട്ടിന്റെ വരികൾ നാവിന്റെ തുമ്പത്തുണ്ടായിരുന്നു. പക്ഷേ, ആവശ്യം വന്നപ്പോൾ അതങ്ങു കിട്ടുന്നില്ല...’ വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ കാര്യം കൂട്ടുകാരോട് സംസാരിക്കുമ്പോൾ ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാകും മിക്കവർക്കും.

അതുപോലെ മറ്റൊരു കാര്യം കൂടിയുണ്ട്. ഏതെങ്കിലും ഒരു പാട്ട് കേള്‍ക്കുമ്പോൾ അതുപോലെ തന്നെയുള്ള മറ്റൊരു പാട്ട് എനിക്ക് അറിയാമെന്നു നമ്മൾ വീമ്പിളക്കും. പക്ഷേ, ആവശ്യം വരുന്ന സമയത്ത് അതിന്റെ വരികൾ ഓർത്തെടുക്കാനേ പറ്റില്ല. ഇതിനു രണ്ടിനും പരിഹാരം ഇതാ...

ഒന്നു ‘മൂളുവാ’നെന്തു രസം...

ഈ പ്രശ്നം പരിഹരിക്കാനുള്ള സഹായി നമ്മുടെ കയ്യിലുള്ള ആൻഡ്രോയ്ഡ് ഫോൺ തന്നെയാണ്. ഫോണില്‍ ഗൂഗിള്‍ അസ്സിസ്റ്റന്റ് ഉണ്ടെന്ന് നമുക്കറിയാം. ‘ഹേ ഗൂഗിള്‍’ (Hey Google) എന്നു വിളിച്ചാല്‍ മതി ഗൂഗിള്‍ നമ്മുടെ സഹായത്തിന് ഓടിയെത്തും. അപ്പോള്‍ ‘ഫൈൻഡ് ദ് മ്യൂസിക്’ (Find the Music) എന്നു പറയുക.

അപ്പോള്‍ ഗൂഗിള്‍ ചോദിക്കും. ‘ഒരു വരി പാട്ട് മൂളുമോ...’ അതു കേട്ടാലുടൻ നിങ്ങളുടെ നാവിന്റെ തുമ്പത്തു നില്‍ക്കുന്ന, എന്നാൽ വരികളറിയാതെ പുറത്തേക്കു വരാത്ത ആ വരികള്‍ ഒന്നു മൂളുക. മൂളല്‍ മാത്രം മതി, വരികളിലെ വാക്കുകളൊന്നും വേണ്ടേ, വേണ്ട.

അപ്പോഴേക്കും നിങ്ങൾ പാടിയ ഈണത്തിനു ചേരുന്ന രണ്ടോ മൂന്നോ പാട്ടുകള്‍ ഗൂഗിള്‍ ലിസ്റ്റ് ചെയ്തു കാണിക്കും. ഒപ്പമൊരു ചോദ്യവും, ‘ഇതിലേതെങ്കിലുമാണോ ആ പാട്ട് ?’ ലിസ്റ്റിലെ ഓരോ പാട്ടും നിങ്ങളുടെ ‘മൂളിപ്പാട്ടി’നോട് എത്ര ശതമാനം സാമ്യമുള്ളതാണ് എന്നും കാണിച്ചിട്ടുണ്ടാകും.

ലിസ്റ്റ് ചെയ്തു വരുന്ന പാട്ട് കേള്‍ക്കാനായി ലഭ്യമായ പ്ലാറ്റ്ഫോമുകള്‍ (യൂടൂബ്, സ്പോട്ടിഫൈ, ജിയോ സാവന്‍, ഗാന തുടങ്ങി) സെലക്ട് ചെയ്യാനുള്ള ഐക്കണുകളും ഒപ്പമുണ്ടാകും.

അതില്‍ നിന്ന് ഏതെങ്കിലും ഒന്നു സെലക്ട് ചെയ്താല്‍ നിങ്ങള്‍ മൂളിയ വരികളോട് സാമ്യമുള്ള ആ പാട്ട് കേള്‍ക്കാം. ഓരോന്നും കേട്ടാൽ ഏതാണ് നിങ്ങൾ ശരിക്കും ഉദ്ദേശിച്ച പാട്ടെന്നു മനസ്സിലാകും.

അരികിലെത്തും ‘കരോക്കെ

പാട്ടു പാടുന്നവര്‍ക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കരോക്കെ ട്രാക്ക്. പക്ഷേ, പലപ്പോഴും നമ്മള്‍ ആ ഗ്രഹിക്കുന്ന എല്ലാ പാട്ടുകളുടെയും കരോക്കെ ട്രാക്കുകള്‍ എത്ര തിരഞ്ഞാലും ലഭിക്കില്ല. ഇനി ടെന്‍ഷന്‍ വേണ്ട. ഏതു പാട്ടില്‍ നിന്നും അതിന്റെ കരോക്കെ ട്രാക്ക് ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ആപ്ലിക്കേഷനുണ്ട്, അതിന്റെ പേരാണു Moises. ആന്‍ഡ്രോയ്ഡിലും ഐഫോണിലും ഇതു വര്‍ക്ക് ചെയ്യും. ഈ ആപ്ലിക്കേഷന്‍ സ്മാർട് ഫോണിൽ ഇ ന്‍സ്റ്റാള്‍ ചെയ്ത ശേഷം നമ്മുടെ പേരിൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.

ഇനി ഈ ആപ്ലിക്കേഷന്റെ ഹോം പേജില്‍ കാണുന്ന പ്ലസ് (+) സിംബല്‍ അമര്‍ത്തിയ ശേഷം ഒരു MP3 പാട്ട് സെലക്ട് ചെയ്ത് കൊടുക്കുക.

അപ്പോള്‍ എത്ര ട്രാക്കുള്ളതാണു വേണ്ടതെന്നു ചോദിക്കും. അതില്‍ ഏറ്റവും കൂടുതല്‍ ട്രാക്കിന്റെ എണ്ണം കാണിക്കുന്നത് സെലക്ട് ചെയ്യുക. (ചിലത് പെയ്ഡ് സര്‍വീസ് ആയതിനാല്‍ അവ വേണ്ടെങ്കിൽ ഒഴിവാക്കാം.)

ഇനി സബ്മിറ്റ് ബട്ടൺ അമര്‍ത്തുക. തിരികെ ഹോം സ്ക്രീനില്‍ വന്നു നോക്കിയാല്‍ പ്രൊസസ്സിങ്ങ് എന്നു കാണാം. കുറച്ച് നേരം കഴിയുമ്പോൾ അതിനൊപ്പം തന്നെ ഒരു ക്ലൗഡിന്റെ (Cloud) ചിഹ്നം കാണാം.

ഇപ്പോൾ ആ ട്രാക്ക് സെലക്ട് ചെയ്താല്‍ നാലു അഡ്ജസ്റ്റ്മെന്റ് ബാറുകള്‍ വരും, ഒപ്പം പാട്ടും പ്ലേ ആകും. ഈ സമയത്ത് മൈക്കിന്റെ ചിഹ്നമുള്ള അഡ്ജസ്റ്റ്മെന്റ് ബാര്‍ ഇടത്തേക്ക് സ്വൈപ് (Swipe) ചെയ്ത് ‘0’ ആക്കിയാല്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ടില്‍ നിന്നു പാടിയ ആളുടെ ശബ്ദം ഇല്ലാതാകുന്നത് കേള്‍ക്കാം.

അതിനു ശേഷം താഴെയുള്ള എക്സ്പോര്‍ട്ട് (Export) എ ന്നത് അമര്‍ത്തി ‘സേവ് ടു ഡിവൈസ്’ (Save to device) എന്നത് സെലക്റ്റ് ചെയ്ത് MP3 ഫോര്‍മാറ്റ് ആക്കിയാല്‍ അതു കരോക്കെ ട്രാക്ക് ആയി ഫോണിലേക്ക് സേവ് ചെയ്തു കിട്ടും.

വിവരങ്ങൾക്ക് കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ