Monday 05 October 2020 10:14 AM IST

അലോയ് വീലിന് കൊല്ലുന്ന പിഴയോ? പണി വരുന്നത് ഈ മോഡിഫിക്കേഷനുകള്‍ക്ക്; അറിയേണ്ടതെല്ലാം

Binsha Muhammed

mvd-fine

മോട്ടോർ വാഹന വകുപ്പിന്റെ പിഴ കൊണ്ട് പൊറുതിമുട്ടിയെന്ന് വിലപിക്കുന്ന ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ പാറി നടക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥരെ സൂക്ഷിക്കണമെന്നായിരുന്നു ഓഡിയോ സന്ദേശത്തിന്റെ കാതൽ. സംഭവം കേട്ടപാതി കേൾക്കാത്ത പാതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് പാഞ്ഞു. വാഹനം കൊണ്ട് പുറത്തിറങ്ങാൻ പോലും പലരും മടിച്ചു. ഈ പിഴ ഞങ്ങൾക്ക് താങ്ങില്ലേയെന്ന സങ്കടം പറച്ചിലുകൾ കമന്റ് ബോക്സുകളിലും നിറഞ്ഞു. ഈ സാഹചര്യത്തിൽ പിഴയുടെ പൊരുളെന്തെന്നും പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തില്‍ സത്യമുണ്ടോയെന്നും വ്യക്തമാക്കുകയാണ് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം തോമസ്.

അകലെ നിന്ന് കാണും നിയമലംഘനം

കോവിഡ് പശ്ചാത്തലത്തിൽ ഫെബ്രുവരി അവസാനത്തോടെ വാഹന പരിശോധനയിൽ നിയന്ത്രണണങ്ങള്‍ ഏർപ്പെടുത്തേണ്ടി വന്നു. കോവിഡ് വ്യാപനം ശ്രദ്ധയിൽ പെട്ടതോടെ വാഹന പരിശോധന പൂർണമായി നിർത്തിവയ്ക്കണ്ട സാഹചര്യവുമുണ്ടായി, മാര്‍ച്ച് പകുതിയോടെ വാഹന പരിശോധനകൾ ഏറെക്കുറെ നിലച്ചു. കോവിഡ് സംഹാര താണ്ഡവം നടത്തിയ ഏപ്രിൽ–മേയ് മാസങ്ങളിൽ വാഹന പരിശോധന നടന്നതു പോലുമില്ല. അതിന്റെ ഫലം ഞെട്ടിപ്പിക്കുന്നൊരു കണക്കായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ജൂൺ–ജൂലൈ മാസങ്ങളിൽ വാഹനപാകടങ്ങളുടേയും മരണങ്ങളുടേയും കണക്കിൽ ഗണ്യമായ വർധനവുണ്ടായി.

കണക്കുകൾ പരിശോധിച്ചാൽ 2019 ജൂലൈയിൽ സംഭവിച്ച വാഹനാപകടങ്ങളേക്കാൾ... മരണങ്ങളേക്കാൾ 60 ശതമാനം വർധന. നിരവധി ജീവനുകൾ നിരത്തിൽ പൊലിഞ്ഞു. റോഡുകൾ ചോരക്കളമായി. വാഹനാപകടങ്ങൾ തുടർക്കഥയായി. സർക്കാർ ഇളവുകളോടെ പുറത്തിറങ്ങിയ പൊതുജനം സുരക്ഷാ മുൻകരുതലുകൾ പൂർണമായും അവഗണിച്ചു എന്നതായിരുന്നു സത്യം. മാസ്ക് മാത്രം ധരിച്ച് പുറത്തിറങ്ങിയാൽ ഹെൽമെറ്റ് എന്തിന് മട്ടിലായിരുന്നു ഇരുചക്ര വാഹന യാത്രികരുടെ ചീറിപ്പായൽ. നാലുചക്ര വാഹനങ്ങൾക്ക് സുരക്ഷ മുൻകരുതലുകൾ വെള്ളത്തിൽ വരച്ച വരപോലെയായിരുന്നു. ഈ സാഹചര്യം അപകടങ്ങൾ തുടർക്കഥയാക്കും എന്ന ഘട്ടം വന്നപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് പുതിയ മാർഗങ്ങൾ തേടിയത്.

ഇ–ചല്ലാൻ (https://echallan.parivahan.gov.in/ )എന്ന ഡിജിറ്റൽ സങ്കേതത്തിന്റെ സഹായത്തോടെ വാഹന പരിശോധന കാര്യക്ഷമമാക്കി. ക്യാമറ ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ നിയമം ലംഘിക്കുന്ന വാഹനങ്ങളെ നമ്പർ സഹിതം നിരീക്ഷിച്ചു. നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തി. ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്തെന്നാൽ‌ വാഹനങ്ങളെ തടഞ്ഞു നിർത്താതെ യാത്രികരെ ബുദ്ധിമുട്ടിക്കാതെ പരിശോധന നടത്താം എന്നതാണ്. മാറുന്ന സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ചു കൊണ്ടു തന്നെ വാഹന പരിശോധന നടത്താനായി. അതിന് ഫലമുണ്ടായി ഓഗസ്റ്റോടെ വാഹനാപകട കണക്കില്‍ 50 ശതമാനം വരെ കുറവുണ്ടായി. കാര്യക്ഷമമായ ഈ പ്രവർത്തനത്തെയാണ് മോട്ടോർ വാഹന വകുപ്പിന്റെ കൊള്ള എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതെങ്കിൽ അതിനും മറുപടിയുണ്ട്.

പിഴയിൽ പിഴവില്ല

മോട്ടോർ വാഹന വകുപ്പ് തൊട്ടതിനും പിടിച്ചതിനും പിഴ ചുമത്തുന്നു എന്നതാണ് പ്രധാനമായുമുള്ള പരാതി. അലോയ് വീൽ‌ ഉപയോഗിക്കുന്നവർക്ക് കൂട്ടത്തോടെ പിഴ ചുമത്തുന്നു എന്ന ആരോപണങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. വാഹനത്തിന്റെ ബോഡി ലെവലും കഴിഞ്ഞ് നിൽക്കുന്ന മോഡിപിടിപ്പിച്ച അലോയ് വീലുകൾക്കാണ് പിഴ ചുമത്തുന്നത്. നാല് വീലിനും ചേര്‍ത്ത് 20000 രൂപ പിഴ എന്ന പരാതിയിൽ കഴമ്പില്ല. മോഡിഫിക്കേഷൻ ചെയ്യുന്ന വാഹനങ്ങൾക്ക് ചുമത്തുന്ന 5000 രൂപ പിഴമാത്രമാണ് അലോയ് വീൽ നിയമവിരുദ്ധമായി ഘടിപ്പിക്കുന്നവർക്കും ചുമത്തുന്നത്. പിന്നെ ഗിയർ നോബ്, സൺഫിലിം, സൗണ്ട് സിസ്റ്റം എന്നിവയ്ക്ക് പിഴ ചുമത്തുന്നു എന്ന പ്രചരണം തെറ്റാണ്. ഗിയർ നോബ് ഘടിപ്പിച്ചിരിക്കുന്നത് വാഹനത്തിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നില്ലെങ്കിൽ സുരക്ഷാ ഭീഷണി ഇല്ലെങ്കിൽ അവിടെ പ്രശ്നം ഉദിക്കുന്നില്ല. അടുത്തിടെ മോഡിഫിക്കേഷനിൽ പൊതിഞ്ഞ രാക്ഷസ വണ്ടിയുടെ വാർത്ത വാഹനപ്രേമികളുടെ ശ്രദ്ധയിൽപെട്ടു കാണുമല്ലോ? ടയറു മുതൽ ബോഡി വരെ മോഡിഫിക്കേഷൻ ചെയ്ത വണ്ടിക്ക് 40,500 രൂപയാണ് പിഴയിട്ടത്. വണ്ടിയുടെ ഓരോ ഭാഗത്തും അനാവശ്യ വച്ചുപിടിപ്പിക്കലുകൾ, മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന വലുപ്പം, നിയമങ്ങളുമായി ഒത്തുപോകാത്ത രൂപമാറ്റം അതെല്ലാം കൂടി ചേർത്താണ് അത്രയും തുക. പിന്നെ വാഹനങ്ങളിലെ സൺഫിലിം ഉപയോഗത്തിന് സുപ്രീംകോടതി വിധിപ്രകാരമുള്ള 250 രൂപയാണ് പിഴയായി ചുമത്തുന്നത്.

ഹെൽമെറ്റ് ഇല്ലാത്ത യാത്രക്കാർക്ക് പിഴ ചുമത്തുമെന്നത് പുതിയ അറിവല്ല എന്ന് കരുതുന്നു. അതേസമയം സൈലൻസർ, ഹാൻഡിലുകൾ എന്നിവകളിൽ മോഡിഫിക്കേഷന്‍ പരീക്ഷണത്തിന് ഇറങ്ങിയാലും 5000 രൂപ തന്നെ പിഴ ലഭിക്കും. ഇനി പിഴ അന്യായമായി ഈടാക്കി എന്ന പരാതികളുണ്ടെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വാഹന ഉടമകൾക്ക് നേരിട്ട് ബന്ധപ്പെടാനും അവസരമുണ്ട്. അതല്ലാതെ പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ല. വണ്ടിയുമായി റോഡിൽ ഇറങ്ങുന്നവരെ കൊള്ളയടിക്കാനല്ല മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നത്. മറിച്ച് റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥരുടെ പരിശ്രമം. –ടോജോ എം തോമസ് പറയുന്നു.