Monday 25 July 2022 12:40 PM IST : By സ്വന്തം ലേഖകൻ

മാസം 80 രൂപ ചെലവിടുന്ന ആർക്കും ഡാന്‍സും മ്യൂസിക്കും പഠിക്കാം; മൊബൈൽ ആപ്പുമായി നടി ആശ ശരത്

asha-dance44666

ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കു കലാപഠനം നടത്താനുതകുന്ന മൊബൈൽ ആപ്പുമായി നടി ആശ ശരത്. സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ ആരംഭിച്ച പ്രാണ–ആശാ ശരത് കൾചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രാണ ഇൻസൈറ്റ് എന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. മാസം 80 രൂപ ചെലവിടുന്ന ആർക്കും കലാരൂപങ്ങൾ അടിസ്ഥാന പാഠങ്ങൾ മുതൽ അഭ്യസിക്കാൻ കഴിയും വിധമാണ് ആപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, ഗിറ്റാർ, വയലിൻ തുടങ്ങി 21 കലകളുടെ പഠനമാണ് ആപ്പിലൂടെ സാധ്യമാവുക. കലയെ കൂടുതൽ ജനകീയമാക്കാൻ ഉദ്ദേശിച്ചുള്ളതാണു പ്രാണ ഇൻസൈറ്റെന്ന് ആശ ശരത് പറഞ്ഞു. 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സൗജന്യ പഠനത്തിന് അവസരമൊരുക്കുമെന്നും കലോത്സവങ്ങളിലുൾപ്പെടെ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും മത്സരവേദിയിൽ കലാപ്രകടനം നടത്താൻ സഹായിക്കുന്ന മ്യൂസിക് ട്രാക്കുമടക്കം ആപ്പിലൂടെ വിദ്യാർഥികൾക്കു ലഭിക്കുമെന്നും ആശ പറഞ്ഞു. കലാ മത്സരങ്ങൾക്കു വേണ്ടി വരുന്ന വലിയ സാമ്പത്തികഭാരം വഹിക്കാൻ കഴിയാത്തവർക്ക് ഇത് ഉപകാരപ്പെടും. തിയറി, പ്രാക്ടിക്കൽ എന്നിവയുൾപ്പെടെ ബിരുദാനന്തര ബിരുദ സിലബസിനു തുല്യമായ പാഠ്യപദ്ധതിയാണ് ഒരുക്കിയിട്ടുള്ളതെന്നും ആശ പറഞ്ഞു.

പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. കുട്ടികൾക്കു മാജിക്കിന്റെ സഹായത്തോടെ കണക്കും സയൻസും പഠിക്കാൻ സഹായിക്കുന്ന എം ക്യൂബ് എന്ന കോഴ്സും ആപ്പിലൂടെ നൽകും. കലാപഠനത്തിനു പുറമെ അക്കാദമിക് കോഴ്സുകളും ആപ്പിലൂടെ വിജയകരമായി നൽകുന്നുണ്ടെന്നു സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എൻ.ആർ.ജയ്മോൻ പറഞ്ഞു.

പ്രാണ– ആശ ശരത് കൾചറൽ സെന്ററിന്റെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാടും എം ക്യൂബ് കോഴ്സിന്റെ ഉദ്ഘാടനം ആശ ശരത്തും നിർവഹിച്ചു. സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ ഇ–കൊമേഴ്സ് വിഭാഗമായ പ്രാണ സ്റ്റോറിന് 500 ഫ്രാഞ്ചൈസികൾ പൂർത്തിയായതിന്റെ ആഘോഷം ഉദ്ഘാടനവും പ്രാണ സ്റ്റോർ ആപ്പിന്റെ ലോഞ്ചിങ്ങും മന്ത്രി പി. രാജീവ് നിർവഹിച്ചു. പ്രാണ ജി ഫൗണ്ടേഷന്റെ ഉദ്ഘാടനം കോർപറേഷൻ മേയർ എം.അനിൽകുമാർ നിർവഹിച്ചു. ലോഞ്ചിങ്ങിനോടനുബന്ധിച്ച് ആശാ ശരത്തിന്റെ നേതൃത്വത്തിൽ 41 നർത്തകർ അണിനിരന്ന ദേവഭൂമിക എന്ന നൃത്തപരിപാടിയും മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും അരങ്ങേറി.