Friday 22 July 2022 02:24 PM IST : By സ്വന്തം ലേഖകൻ

‘ഇഎംഐ മുടങ്ങുന്ന പക്ഷം ഭീഷണിയും വിളിച്ചു ശല്യം ചെയ്യലും..’; ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികൾ അറിയാം, കുറിപ്പ്

online-loan990

സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളുമായി യാതൊരു കാരണവശാലും  ബന്ധപ്പെടാൻ പാടുള്ളതല്ല. അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നൽകുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ലിസ്റ്റുകളും ആണ്. ലോൺ കൈപറ്റിയ ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകൾ മോർഫ് ചെയ്തു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞാകും  ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. 

അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രം പണമിടപാടുകൾ നടത്തുവാൻ ശ്രദ്ധിക്കുക. ഇത്തരം ലോൺ ആപ്പുകൾ സന്ദർശിക്കുന്നത് പോലും നിങ്ങളെ ചതിക്കുഴിയിൽ വീഴ്ത്താവുന്ന ഒന്നാണ്. കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും, സാമ്പത്തിക ദുരിതവും പലരെയും എളുപ്പത്തിൽ ലോൺ കിട്ടുന്ന, ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ ചെന്ന് ചാടാൻ പ്രേരിപ്പിക്കുന്നു. 

പ്ലേ സ്റ്റോര്‍ വഴിയും അല്ലാതെ ഓൺലൈൻ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാദാതാക്കൾക്കും RBI യുടെ NBFC (Non-Banking Financial Company ) ലൈസൻസ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും 10 - 25 % പ്രോസസ്സിംഗ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും, പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂ. 

ഇഎംഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങുകയും ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പിൻ പ്രകാരം വായ്പയ്ക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി, അവരുടെ സുഹൃത്തുക്കളുടെ  നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക മാത്രമല്ല, വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തിരിച്ചടവ് വീഴ്ചയ്ക്ക് 1 മുതൽ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും  ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്.  

തട്ടിപ്പിനിരയാവുന്നവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്‌പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുന്നു. ഇതുവഴി സ്വകാര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കുന്നു. അതിനാൽ സാധാരണക്കാരുടെ ഡിജിറ്റൽ നിരക്ഷരത മുതലെടുത്ത് വൻതട്ടിപ്പ് നടത്തുന്ന ഇത്തരം ലോൺ സംഘങ്ങളുടെ കെണിയിൽ പെടാതെ സൂക്ഷിക്കുക.

കടപ്പാട്: കേരളാ പൊലീസ്