Thursday 19 October 2023 04:56 PM IST : By സ്വന്തം ലേഖകൻ

‘പലവിധ സൂത്രങ്ങൾ പ്രയോഗിച്ച് ഒടിപി കൈക്കലാക്കാൻ പലരും ശ്രമിക്കാം’; പണമിടപാടുകളുടെ ഈ രഹസ്യ താക്കോൽ ആർക്കും കൈമാറല്ലേ!

otp-ddffgf

പണമിടപാടുകളുടെ ഈ രഹസ്യതാക്കോൽ ആർക്കും കൈമാറല്ലേ..

കംപ്യൂട്ടറിലൂടെയും മൊബൈലിലൂടെയും പണമിടപാടുകൾ നടത്തുമ്പോൾ അതു പൂർത്തിയാക്കാൻ ഫോണിലേക്ക് ഒടിപി വരും. അധിക സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഒറ്റത്തവണ പാസ്‌വേഡ്  (One Time Password - OTP).

സാമ്പത്തിക ഇടപാടുകൾ ഓൺലൈനിലൂടെ നടത്തുമ്പോൾ അത് അക്കൗണ്ട് ഉടമ തന്നെ പൂർത്തിയാക്കുന്നു എന്നുറപ്പു വരുത്തുകയാണ് ഒടിപിയുടെ ഉദ്ദേശം.  റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഈ അക്ക- അക്ഷരക്കൂട്ടങ്ങൾ (ഒടിപി) ഏതു സാഹചര്യത്തിലും എന്തു പ്രലോഭനം ഉണ്ടായാലും  പങ്കുവയ്ക്കരുത്.

പലവിധ സൂത്രങ്ങൾ പ്രയോഗിച്ച് ഒടിപി കൈക്കലാക്കാൻ പലരും ശ്രമിക്കാം. ബാങ്കിൽ നിന്നോ ഔദ്യോഗിക ഏജൻസികളിൽ നിന്നോ എന്നൊക്കെ തെറ്റിധരിക്കപ്പെടുമ്പോൾ മറിച്ചൊന്നും ചിന്തിക്കാതെ ചിലർ ഒടിപി പങ്കു വയ്ക്കും. റിസർവ് ബാങ്ക് ഗവർണർ എന്നു പ റഞ്ഞ് വിളിച്ചാൽ പോലും  ഇത്തരം കെണിയിൽ വീഴരുതേ.

സാമ്പത്തികഇതര ആവശ്യം പറഞ്ഞും ഇത്തരം വിളി വന്നേക്കാം. ഉദാഹരണത്തിന് അക്കൗണ്ട് നിശ്ചിതകാലയളവ് കഴിഞ്ഞതിനാൽ പുതുക്കാനുള്ള രേഖകൾ- കെവൈസി- സമർപ്പിക്കേണ്ടതുണ്ട്, താങ്കൾ വിശേഷപ്പെട്ട അക്കൗണ്ട് ഉടമ ആയതിനാൽ ബാങ്കിലേക്കു വരേണ്ട, ദേ ഇപ്പോൾ മൊബൈലിൽ വന്ന ഒടിപി പറഞ്ഞുതന്നാൽ മാത്രം മതിയെന്നാകും അഭ്യർഥന.

മറ്റൊരു തന്ത്രം അക്കൗണ്ടും പാൻ/ ആധാർ/ വോട്ടേഴ്സ് ഐഡിയും ആയി ലിങ്ക് ചെയ്യാനുള്ള ഒടിപി ഇപ്പോൾ അയച്ചിട്ടുണ്ട്, അതൊന്നു പറഞ്ഞുതരൂ എന്നാകും. ഒരു സാഹചര്യത്തിലും ഒരു ബാങ്കും സർക്കാർ സ്ഥാപനങ്ങളും ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടില്ല.

എടിഎം കാർഡ് പിൻ, കാർഡിന്റെ മറുവശത്തുള്ള സിവിവി എന്നിവയും രഹസ്യമായും കരുതലോടെയും ഉപയോഗിച്ചാൽ വഞ്ചിതരാകാതിരിക്കാം.

കടപ്പാട് - വി.കെ. ആദർശ് 

ചീഫ് മാനേജർ 

ടെക്നിക്കൽ, 

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ