Thursday 23 March 2023 11:00 AM IST : By സ്വന്തം ലേഖകൻ

കേരളം സുരക്ഷിതമല്ലെന്നും നാടു വിടുകയാണെന്നും ആക്രമിക്കപ്പെട്ട സ്ത്രീ; പ്രതികൾ ഇപ്പോഴും കാണാമറയത്ത്

house-wife-attacked പേട്ടയിൽ ആക്രമിക്കപ്പെട്ട വീട്ടമ്മയെ മന്ത്രി വി.ശിവൻകുട്ടി സന്ദർശിക്കുന്നു

പാറ്റൂർ  മൂലവിളാകം ജംക്‌ഷനിൽ വീട്ടമ്മ(49) ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇനിയും പ്രതികളെ കണ്ടെത്താനായില്ല. പ്രതി രക്ഷപ്പെട്ട വഴിയിലെ 110 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരം കിട്ടിയില്ല. ബൈക്ക് വേഗത്തിൽ പോകുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നമ്പറും കിട്ടുന്നില്ല.  പ്രതി ഹെൽമറ്റ് വച്ചിരുന്നു. മെഡിക്കൽ കോളജ് വരെയുള്ള സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ അഞ്ച് സംഘമായി തിരിഞ്ഞ് പരിശോധിക്കുകയാണ് പൊലീസ്.

അതേസമയം,  ലഹരി ഉപയോഗം കൂടിയതോടെ കേരളം സ്ത്രീകൾക്കു സുരക്ഷിതമല്ലാതായെന്നും നാടു വിട്ട് ഡൽഹിയിലേക്കു പോകാൻ തയാറെടുക്കുകയാണെന്നും ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു. ‘ കേരളം സുരക്ഷിതമല്ല. ആറു മണി കഴിഞ്ഞാൽ സ്ത്രീകൾക്കു ഒറ്റയ്ക്കു വീട്ടിനു പുറത്തിറങ്ങാൻ കഴിയില്ല. ഞാൻ ഈ നാടു വിട്ടു പോവുകയാണ്.  എന്നെ ആക്രമിച്ചപ്പോൾ പ്രതികരിച്ചത് അക്രമിക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് തല പിടിച്ച് മതിലിൽ ഇടിച്ചത്’ – ആക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞു.

കഴിഞ്ഞ 13ന് രാത്രി 11ന് ആണ് മരുന്നു വാങ്ങാനിറങ്ങിയ വീട്ടമ്മ വീടിനു സമീപം ആക്രമിക്കപ്പെട്ടത് .സംഭവം ഉടൻ പൊലീസിൽ അറിയിച്ചെങ്കിലും ഒരു നടപടിയുമെടുത്തില്ല. നിരുത്തരവാദപരമായി പെരുമാറിയ രണ്ട് ഉദ്യോഗസ്ഥരെ  എട്ടാം ദിവസമാണ് സസ്പെൻഡ് ചെയ്തത്. 

പൊലീസ് അലംഭാവം കാണി‍ച്ചു: മന്ത്രി വീണ

തിരുവനന്തപുരം∙ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അലംഭാവം കാണി‍ച്ചെന്നു മന്ത്രി വീണാ ജോർജ്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഫോൺ സന്ദേശം അടിസ്ഥാനമാക്കി നടപടിയെടുക്കേണ്ട പൊലീസ് ഉത്തരവാ‍ദിത്തം നിർവഹിക്കാത്തത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഏതു സമയത്തും ഏതു സ്റ്റേഷനിലും പരാതി അറിയിക്കാൻ സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്വേഷണത്തിൽ പരാതിക്കാരിക്ക് ആക്ഷേപമില്ല: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം∙ വീട്ടമ്മ  അതിക്രമത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണം സംബന്ധിച്ചു പരാതിക്കാരിക്ക് ആക്ഷേപങ്ങളൊന്നുമില്ലെന്നു മന്ത്രി വി.ശിവൻകുട്ടി. വീട്ടമ്മയെ വീട്ടിൽ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.പ്രതിയെ പിടികൂടാനാകാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. വീട്ടമ്മ ആദ്യം പരാതി അറിയിച്ചപ്പോൾ വേണ്ട നടപടി സ്വീകരിക്കാത്തതിന് 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർന്ന് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സാധ്യമായ നടപടികളെല്ലാം എടുത്തിട്ടുണ്ട്.

More