Monday 12 July 2021 04:48 PM IST

ദേശീയ തലത്തില്‍ മികച്ച വീടിനുള്ള അവാർഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുടയിലെ വീട്, പരമ്പരാഗതവും സമകാലിക ശൈലിയും ഉൾചേർത്ത ഡിസൈൻ

Sona Thampi

Senior Editorial Coordinator

inesh

ആറാട്ടുപുഴയിലെ സുനിലിനും രാഖിക്കുമായി  സവിശേഷമായൊരു ആശയത്തിലാണ് ആർക്കിടെക്ട് ഇനേഷ് വീട് വിഭാവനം ചെയ്തത്: ‘ഉൽസവങ്ങളുടെ വീട്’. ദേശീയ തലത്തിൽ മികച്ച വീടിനുള്ള അവാർഡും നേടി.

inesh 7

പ്രശസ്തമായ ആറാട്ടുപുഴ ക്ഷേത്രത്തിനടുത്താണ് വീട്. അവിടത്തെ പൂരത്തിന് കുടുംബാംഗങ്ങൾ മുഴുവൻ സുനിലിന്റെയും രാഖിയുടെയും ഇൗ വീട്ടിൽ ഒത്തുകൂടുക പതിവാണ്, വലിയൊരു കൂട്ടുകുടുംബമായി. അവർ പല സ്ഥലങ്ങളിൽ നിന്നുള്ളവരാണ്, വ്യത്യസ്ത പ്രായത്തിൽപെട്ടവരാണ്... പക്ഷേ, ഒരേ മനസ്സായി എല്ലാവരുമെത്തുമ്പോൾ അവരുടെ ഇരിപ്പിനും കിടപ്പിനും ഭക്ഷണത്തിനും കളിചിരികൾക്കുമുള്ള സൗകര്യങ്ങൾ വേണ്ടതുണ്ട്. പരമ്പരാഗത സത്ത ഉൾക്കൊണ്ട് സമകാലിക ശൈലിയിൽ ആണ് ഇൗ സൗകര്യങ്ങൾ ഒരുക്കിയെടുത്തത്. അതും ചുറ്റുപാടുകളുമായി ഇണങ്ങിക്കിടക്കുന്ന രീതിയിൽ. ഒന്നരയേക്കർ പറമ്പിൽ 6250 ചതുരശ്രയടിയിൽ ഒറ്റനിലയുള്ള വീട് എല്ലാവരെയും ചേർത്തുപിടിക്കുന്നു.

inesh 4

ധാരാളം പ്ലോട്ട് ഏരിയ ഉണ്ടായിരുന്നതിനാൽ, എല്ലാ മുറികളും പുറത്തെ ലാൻഡ്സ്കേപുമായി ഇണങ്ങുന്ന രീതിയിലുള്ള ഒറ്റനില സാധ്യമാണിവിടെ. വീടിന് പല മുറ്റങ്ങളുണ്ട്, അതിൽ കുറഞ്ഞത് ഒരു മരമെങ്കിലും ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പത്തിന് ഒറ്റനില കൂടുതൽ സഹായകമാണെന്നുള്ള ഗുണവുമുണ്ട്. ലാൻഡ്സ്കേപ്പുമായി ചേർന്നുനിൽക്കുന്ന ഭിത്തികൾ ചരിച്ചു കൊടുത്തതിനാൽ ലാൻഡ്സ്കേപ്പിൽനിന്ന് ഉയർന്നുവന്ന വീട് എന്നും തോന്നിക്കും.

inesh 5

പാരമ്പര്യസത്തയിൽ ഉരുത്തിരിഞ്ഞതാണെങ്കിലും പുറമേക്ക് വീടിന് സമകാലിക ശൈലിയാണുള്ളത്. ഉദാഹരണത്തിന്, പഴയ പൂമുഖത്തിനു പകരം സിറ്റ്ഔട്ട്, പഴയ വീടുകളിലെ നടുമുറ്റത്തിനു പകരം സൂര്യവെളിച്ചം വീഴുന്ന ഇടങ്ങൾ തുടങ്ങിയവ. പഴയ വീടുകളിൽ മുൻഭാഗത്തും വശങ്ങളിലും വരാന്ത കാണുമല്ലോ... അതുപോലെ, 40 അടി നീളമുള്ള മുൻവശത്തെ വരാന്ത ഇവിടെ സിറ്റ്ഒൗട്ടിനെയും കാർപോർച്ചിനെയും ആധുനിക ശൈലിയിൽ ബന്ധിപ്പിക്കുന്നു. ഇതു കൂടാതെ, ലിവിങ്ങിനും ഡൈനിങ്ങിനും ഫാമിലി റൂമിനും പ്രത്യേകമായ വരാന്തകൾ കൊടുത്തിട്ടുണ്ട്. കുടുംബം ഒത്തുകൂടുമ്പോൾ ഇൗ വരാന്തകൾ സന്തോഷ സമാഗമങ്ങൾക്ക് വേദിയാവുന്നു.

inesh 2

ഒാപൻ ഹാൾ, ഡൈനിങ്, ഫാമിലി സ്പേസ് എന്നീയിടങ്ങളിൽ അകത്ത് ബീം ഇല്ലാതിരിക്കാൻ നിർമാണത്തിൽ തന്നെ ബലപ്പെടുത്തിയെടുത്തു. റൂഫിന്റെ ഉയരം 12 അടി കൊടുത്തത് മുറിയുടെ വിസ്തൃതി വർധിപ്പിക്കാനും അങ്ങനെ ഇൗർപം കുറയ്ക്കാനുമാണ്. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുന്ന രീതിയിലാണ് ജനാലകളുടെ സ്ഥാനം. കുടുംബകൂട്ടായ്മകൾക്കും ക്ഷേത്ര ഉൽസവത്തിനും തുടങ്ങി വീട്ടുകാർ ഒരുമിക്കുന്ന സന്ദർഭങ്ങളിലേക്കുള്ള സൗകര്യങ്ങൾ എങ്ങനെ കൊടുത്തു?

inesh 1

പരമാവധി മരങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് വീടിന് സ്ഥാനം കണ്ടത്. തെങ്ങും ജാതിയും നിറഞ്ഞ തോപ്പിനു നടുവിലൂടെയാണ് ഡ്രൈവ്‌വേ. പുറംഭാഗത്തുനിന്നു നോക്കുമ്പോൾ കാണുന്ന ചുമരിലെ പ്രൊജക്‌ഷനുകൾ, ചുറ്റുപാടുള്ള പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ ചരിച്ചാണ് കൊടുത്തിരിക്കുന്നത്. നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങിയതും അധികം പരിപാലനം വേണ്ടാത്തതുമായ മരങ്ങളാണ് ലാൻഡ്സ്കേപ്പിൽ കൊടുത്തിരിക്കുന്നത്. ലാൻഡ്സ്കേപ്പിനു നടുവിലായി പഴയ രീതിയിൽ ഒരു മണ്ഡപവും ഒരുക്കിയിട്ടുണ്ട്. കാറ്റിന്റെയും സൂര്യന്റെയും ദിശ നോക്കിയാണ് ജനാലകൾ ക്രമീകരിച്ചത്. തെക്കുപടിഞ്ഞാറുനിന്ന് വടക്കുകിഴക്കോട്ടാണ് കാറ്റിന്റെ ഗതി. മഴവെള്ളസംഭരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തു.

inesh 3

പ്രാദേശികമായി ലഭിക്കുന്ന നിർമാണസാമഗ്രികളാണ് തിരഞ്ഞെടുത്തത്. വീടിന്റെ പിറകിലെ നടുമുറ്റത്തു കൊടുത്തിരിക്കുന്ന ‘പൂരം’ മ്യൂറൽ ചിത്രമാണ് വീടിന്റെ ഏറ്റവും രസമുള്ള കാര്യം. വീടിനകത്തുകൂടി നടന്നുവരുമ്പോൾ ഒരു സർപ്രൈസ് പോലെയാണ് പിറകിലുള്ള ഇൗ മ്യൂറൽ. ഇവിടെ അമ്പതോളം പേർക്ക് ഒത്തുചേരാനും പറ്റും. വീടിന്റെ അകംഭിത്തികൾക്ക് പച്ചയുടെ ഇളംഷേഡുകൾ ആണ് കൊടുത്തത്. ടിവിയുടെ പിറകുവശത്ത് വലിയൊരു വോൾപേപ്പറും കൊടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മാനസികോല്ലാസം ഉറപ്പുവരുത്തുന്ന കളർ സൈക്കോളജിയും കൊടുത്തിട്ടുണ്ട്.

inesh 6

ഡിസൈൻ: ഇനേഷ് വി. ആചാരി

ഇനേഷ് ഡിസൈൻസ്, കൊച്ചി

mail.architectinesh@gmail.com

Tags:
  • Vanitha Veedu