Friday 02 September 2022 12:36 PM IST : By സ്വന്തം ലേഖകൻ

അണിനിരന്ന് നാല് മേൽക്കൂരകൾ; ഈ വീടിന്റെ തലയെടുപ്പിന് നൂറിൽ നൂറ് മാർക്ക്

abdu 2

പൊന്നാനി - ഗുരുവായൂർ മെയിൻ റോഡിൽ നിന്ന് രണ്ടാമത്തെ പ്ലോട്ട്. അവിടെ പണിയുന്ന വീടിന് നല്ല തലയെടുപ്പുള്ള ഡിസൈൻ ആണെങ്കിൽ സംഗതി പൊളിക്കും! വീട്ടുകാരായ ഷഹീലിന്റെയും ജംഷീനയുടെയും മനസ്സറിഞ്ഞു തന്നെയാണ് ആർക്കിടെക്ട് അബ്ദുൾ റൗഫും കൂട്ടരും വീടൊരുക്കി നൽകിയത്. ഇപ്പോൾ മെയിൻ റോഡിൽ കൂടി പോകുന്നവരുടെ പോലും നോട്ടം വീട്ടിലേക്കെത്തും. അത്രയ്ക്കാണ് മേൽക്കൂരയുടെ ഗാംഭീര്യം!

abdu 5

ഒന്നല്ല, നിരനിരയായി നാല് മേൽക്കൂരകൾ വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഒന്നിന്റെ തുടർച്ചയാണ് മറ്റൊന്ന് എന്നു തോന്നും. തറനിരപ്പിൽ നിന്ന് മേൽക്കൂരയുടെ അഗ്രത്തിലേക്ക് പത്ത് മീറ്റർ പൊക്കം വരും. അതിനാൽ വീടിന് നല്ല തലപ്പൊക്കം തോന്നിക്കും. ദൂരെ നിന്നു തന്നെ വീട് കണ്ണിൽപ്പെടും.

abdu 3

കേരളീയ ശൈലിയും കൊളോണിയൽ ശൈലിയും സമന്വയിപ്പിച്ചാണ് അബ്ദുൾ റൗഫ് മേൽക്കൂര രൂപകൽപന ചെയ്തത്. ചെരിച്ചു വാർത്ത ശേഷം ഓടു മേയുന്ന രീതിയിലായിരുന്നു നിർമാണം. 40 ഡിഗ്രിയാണ് എല്ലാത്തിന്റെയും െചരിവ്. നീല കലർന്ന ചാര നിറത്തിലുള്ള ഓടാണ് എല്ലാത്തിലും. ഭിത്തിയുടെ തൂവെള്ള ,ചെങ്കൽ നിറങ്ങൾക്കൊപ്പം മുകളിൽ ഈ നിറം കൂടി വരുന്നതോടെ വീടിന്റെ പകിട്ട് ഇരട്ടിയാകുന്നു.

abdu 6 ഷഹീലും ജംഷീനയും മക്കളോടൊപ്പം

വീടിനുളളിൽ വെളിച്ചമെത്തിക്കാനുള്ള സംവിധാനങ്ങളും മേൽക്കൂരയിലുണ്ട്. ഇവിടെ നൽകിയിരിക്കുന്ന സ്കൈലൈറ്റ് ഓപനിങ്ങുകളിലൂടെ ആവശ്യത്തിനു സൂര്യപ്രകാശം വീടിനുള്ളിലെത്തും.

വീടിൽ നിന്നു മാറിയുള്ള കാർപോർച്ചിന്റെ മേൽക്കൂര നിർമിച്ചിരിക്കുന്നതും ഇതേ രീതിയിൽ തന്നെയാണ്.

ഏതായാലും മേൽക്കൂര വീടിന്റെ മേൽവിലാസമായതിന്റെ സന്തോഷത്തിലാണ് ഷഹീലും ജംഷീനയും.

abdu 7 ഡിസൈൻ ടീം

ഡിസൈൻ: ആർക്കിടെക്ട് അബ്ദുൾ റൗഫ്, ഗ്രീൻ ആൻഡ് ഗ്രേ ആർക്കിടെക്ട്സ് അവന്യൂ, ചങ്ങരംകുളം, മലപ്പുറം ഫോൺ 9656498729, ഉടമ: ഷഹീൽ & ജംഷീന, ചോഴിയാട്ടേൽ,‌‌ സ്ഥലം: പനമ്പാട്, പൊന്നാനി, മലപ്പുറം,വിസ്തീർണം: 3850 ചതുരശ്രയടി

Tags:
  • Architecture