Saturday 18 December 2021 03:02 PM IST

ഇരിപ്പിനു മാത്രമല്ല, കണ്ണിനുകൂടി സുഖം പകരുന്നവയാകണം ഇരിപ്പിടങ്ങൾ; ഓരോ മുറിയിലെയും ഇരിപ്പിടങ്ങൾക്ക് ഇണങ്ങും നിറങ്ങൾ അറിയാം

Lakshmi Premkumar

Sub Editor

shutterstock_1141757027_1

കാലുകൾ നീട്ടി വച്ച് കണ്ണുകളടച്ച് റിലാക്സ് ചെയ്ത് കിടക്കാൻ വീടിന്റെ ഉമ്മറത്തൊരു ചാരുകസേര. അതായിരുന്നു ഒരുകാലത്ത് വീട്ടിലെ ഏറ്റവും പ്രൗഢമായ ഇരിപ്പിടം.

എന്നാലിപ്പോൾ മിനിമലിസലത്തിന്റെ ക്യൂട്ട് ലുക്കിലേക്ക് ഇരിപ്പിടങ്ങൾ മാറി. മെറൂൺ, ബ്രൗൺ, ബെയ്ജ്  നിറങ്ങൾ വിട്ട് ഏതു നിറത്തിലും വീട്ടിലെ സോഫയെ സുന്ദരമാക്കാം എന്നായി.  ഒരിക്കലും ഇരിപ്പിടത്തിൽ സ്ഥാനം കിട്ടില്ല എന്നു കരുതിയ ബ്ലാക് ആൻഡ് വൈറ്റ് പോലും ഇപ്പോൾ സ്വീകരണമുറിയിൽ ചിരിച്ചു കൊണ്ടു നിൽക്കുന്നു.

വരാന്തയും സ്വീകരണമുറിയും ഡൈനിങ് റൂമും ബെഡ് റൂമും എന്നുവേണ്ട അടുക്കള വരെ അഴകായ് മാറ്റാൻ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഇരിപ്പടങ്ങൾ മതി.

അതിഥി മുറിക്ക് ഇളം നിറങ്ങൾ

ലിവിങ് ഏരിയയ്ക്ക് സോഫ തിരഞ്ഞെടുക്കുമ്പോ ൾ ലൈറ്റ് ഷേഡുകൾക്കാണ് ഇപ്പോൾ ഏറ്റവും പ്രിയം. ബെയ്ജ്, സിൽവർ, വൈറ്റ്, ഗ്രേ ഏതു തീമിലുള്ള മുറികളിലും ഇണങ്ങിച്ചേരും. മിക്സ് ആൻഡ് മാച്ച് ആയി കർട്ടന്റെയോ, ഡെക്കോറുകളുടേയോ മാച്ചിങ് കുഷ്യനുകളും നൽകാം.

വീട്ടുകാർക്കും അതിഥികൾക്കും മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഫ്ലോറൽ ഫർണിച്ചറിനു കഴിയും. ലിവിങ് റൂമിലോ ഡ്രോയിങ് റൂമിലോ മിനിമലിസം ഇഷ്ടപ്പെടുന്നവർക്ക് ലൈറ്റ് ഷേഡ് ഫ്ലോറൽ പ്രിന്റുകൾ തിരഞ്ഞെടുക്കാം.

പ്ലെയിൻ നിറങ്ങളിലുള്ള പഴയ ഫർണിച്ചർ ഫ്ലോറൽ ഔട്ട്ലുക്ക് നൽകി പുതിയതാക്കി മാറ്റാം. ഫ്ലോറൽ കുഷ്യൻസ് നൽകിയും മേക്കോവർ നടത്താം.

ഡൈനിങ് റൂമിൽ മിക്സഡ് ഷേഡ്

മുറിയുടെ വലുപ്പത്തിനും വെളിച്ചത്തിനും അനുസരിച്ചു വേണം ഡൈനിങ് റൂമിലെ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കാൻ. സിംഗിൾ നിറങ്ങളേക്കാൾ രണ്ട് മൂന്ന് നിറങ്ങളിലുള്ള ‍ഡിസൈനോടു കൂടിയ ഇരിപ്പിടങ്ങളാണ് ഇപ്പോൾ ട്രെൻഡ്. വുഡൻ ഫ്രെയിമിൽ സ്ട്രോങ് നിറങ്ങളായ ഓറഞ്ച്, മജന്ത എന്നിവയുടെ കുഷ്യൻ സീറ്റിങ് നൽകുന്നുണ്ട്. ഡൈനിങ് ടേബിളിന്റെ ഒരു വശത്ത് ഇരിപ്പിടമായി ബഞ്ചും ബാക്കി കസേരകളും ഇടുന്ന സ്റ്റൈൽ ഇപ്പോഴും ഉണ്ട്.

ബാർ ഏരിയയിൽ ബ്ലാക് ആണ് താരം. ഏത് ക ളർ തീമിന്റെ കൂടെയും മിക്സ് ചെയ്യാമെന്നതും കറുപ്പ് നിറത്തിന്റെ മെച്ചമാണ്.

IMG-20211013-WA0103

ഫോക്കൽ പോയിന്റായി ഫ്ലൂറസെന്റ്

പിങ്ക്, പച്ച, മഞ്ഞ തുടങ്ങിയ ഫ്ലൂറസെന്റ് നിറങ്ങളിലുള്ള ചെയറുകളെ ഫോക്കൽ പോയിന്റായി ഉപയോഗിക്കാം. അതായത് മുറിക്കുള്ളിലെ ഏതെങ്കിലും ഒരു കോർണർ അൽപം മുന്നിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അവിടെ ഫ്ലൂറസെന്റ് നിറത്തിലുള്ള ചെയർ നൽകാം.

വെളിച്ചം കുറവുള്ളതോ, കുറച്ച് ഇരുണ്ട ഫ്ലോറിങ് ഉള്ളതോ ആയ റൂം ആണെങ്കിൽ ഫ്ലൂറസെന്റ് നിറത്തിലുള്ള ഒന്നോ രണ്ടോ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കാം. പഴയ മരത്തിന്റെ കടഞ്ഞെടുത്ത കസേരകൾക്ക് മോഡേൺ ഫ്ലൂറസെന്റ് ലുക്ക് നൽകിയും മേക്കോവർ നടത്താം. ഫ്ലൂറസെന്റ് ഇരിപ്പിടങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അവയുടെ എണ്ണം മിനിമൽ ആയിരിക്കണം എന്നതാണ്

ബെഡ്റൂമിലെ നിറങ്ങൾ

കർട്ടൻ, ലൈറ്റ്സ്, വാൾ ഡെക്കോറുകൾ എന്നിവയോടെല്ലാം ചേർന്നു നിൽക്കുന്ന ഫർണിച്ചർ വേണം ബെഡ്‌റൂമുകൾക്കായി തിരഞ്ഞെടുക്കാൻ.

കിടപ്പു‌മുറികൾ വൈബ്രന്റ് ആകണമെങ്കിൽ ബ്രൈറ്റ് നിറത്തിലുള്ള ഇരിപ്പിടം നൽകാം. ചുമരുകളുടെ നിറത്തിനു കോൺട്രാസ്റ്റ് ആയ നിറങ്ങൾ വേണം ഇരിപ്പിടത്തിനായി തിരഞ്ഞെടുക്കാൻ. ഇരുണ്ട നിറങ്ങളാണ് ചുമരുകൾക്കെങ്കിൽ ലൈറ്റ് ഷേഡിലുള്ള ഇരിപ്പിടം നൽകി മിക്സ് മാച്ച് കോംബോ ആക്കാം. മുറിയിലെ ഇരിപ്പിടത്തിന്റെ ചെറിയൊരു കണക്‌ഷൻ കട്ടിലിന്റെ ഹെഡ്ബോഡിലും നൽകാം. ടീൽ, ഗ്രീൻ, യെല്ലോ കോമ്പിനേഷൻസ് എപ്പോഴും ക്ലാസിക് ലുക് നൽകും. കിഡ്സ് ബെഡ്റൂമിന് പിങ്ക്, പർപ്പിൾ, നിയോൺ ഗ്രീൻ എന്നിവ നൽകാം.

ഒാഫിസ് റൂം സൂപ്പറാകട്ടെ

ഭംഗിയേക്കാൾ കംഫർട്ടിന് പ്രാധാന്യം നൽകേണ്ട ഇരിപ്പിടങ്ങളാണ് ഒാഫിസ് റൂമിൽ വേണ്ടത്. ബ്ലാക്, ബ്ലൂ തുടങ്ങിയ സ്ഥിരം നിറങ്ങൾ വിട്ട് ഏതു നിറമുള്ള കുഷ്യനുകളും നൽകി ഒാഫിസ് റൂമിലെ കസേരകൾ ആകർഷകമാക്കാം.

റെക്സിൻ പോലുള്ള മെറ്റീരിയലുകൾ കുഷ്യനുകൾക്ക് ചൂടു കൂട്ടാൻ ഇടയുണ്ട്. ചാരിയിരിക്കുമ്പോ ൾ വേഗത്തിൽ വിയർക്കുകയും നിറം മങ്ങുകയും ചെയ്യും. പകരം ലെതർ ഫോമുകൾ കുഷ്യൻ കവർ ആയി ഉപയോഗിക്കാം. പല നിറമുള്ള ലെതർ നൽകി മുകൾഭാഗത്ത് ഫൈബർ എയർ പാസിങ് ഹോൾസ് ഉള്ള പാറ്റേൺ നന്നായിരിക്കും.

ബാൽക്കണിയിൽ ശ്രദ്ധ വേണം

IMG-20211013-WA0012

വെയിലും മഞ്ഞും മഴയും മാറി വരുന്ന ബാൽക്കണിയിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കൂടുത ൽ ശ്രദ്ധ വേണം. മെറ്റൽ സ്ട്രക്ച്ചറുകളാണ് കൂടുതലായും ഔട്ട്‌ഡോർ ഫർണിച്ചറിനായി ഉപയോഗിക്കുന്നത്.

ഇഷ്ടമുള്ള ഡിസൈനിൽ പുറംചട്ട ഉണ്ടാക്കിയ ശേഷം പിവിസി ബാന്റുകളോ, സ്ട്രിങ്ങുകളോ നെയ്തെടുക്കുകയാണ് പുതിയ ട്രെൻഡ്.  ബ്രൗൺ, ബ്ലാക്, കോഫി ബ്രൗൺ നിറങ്ങളാണ് ഔട്ട് ഡോർ ഫർണിച്ചറിന് ഏറ്റവും ഉചിതം. ലൈറ്റ് ഷേഡുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

വിൻഡോ സീറ്റിന് ഇണങ്ങും നിറം

ജനലിനോടു ചേർന്നു വരുന്ന ഇരിപ്പിടമാണല്ലോ വിന്‍ഡോ സീറ്റ്. അപ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വിൻഡോ ഫ്രെയിമിന്റെ നിറത്തിനോടു കൂടി ഇണങ്ങുന്നതാകണം ഇരിപ്പിടം  എന്നതാണ്. സ്റ്റൈലും നിറവുമൊക്കെ പരസ്പരം കൂട്ടു കൂടി നിൽക്കണം. ഓരോ മുറിയുടെയും ഇന്റീരിയർ തീമും വിൻഡോ സീറ്റ് തിരഞ്ഞെടുക്കുന്നതിൽ പ്രധാനമാണ്. എല്ലാ തീമിനും ഒരുപോലെ ഉപയോഗിക്കാവുന്ന നിറങ്ങളാണ് ബെയ്ജ്, ബ്ലാക്, ഗ്രേ എന്നിവ. ‌

വായിച്ചിരിക്കാനുള്ള ഇടമാണ് വിൻഡോ സീറ്റ് എങ്കിൽ ജനലിനോടു ചേർന്നു വരുന്ന ഭിത്തിൽ ബുക് ഷെൽഫിനു കൂടി ഇടം നൽകും. ചാരിയിരിക്കുന്ന ഭിത്തിൽ ഹെഡ് ബോർഡ് തന്നെ വയ്ക്കാം. വായന സുഖകരമാകും.

IMG-20211013-WA0017

കളർഫുൾ സ്റ്റൂളുകൾ

മരത്തിന്റെ ഫ്രെയിമിൽ കളർഫുൾ സീറ്റ് ആണ് ഇ പ്പോൾ സ്റ്റൂളിലെ താരം. ബാർ , ഡൈനിങ് ഏരിയയിൽ സ്റ്റൂൾ ട്രെൻഡിങ്ങിലുണ്ട്. കസേരയേക്കാൾ സ്ഥലലാഭം ഉണ്ടെന്നതും മെച്ചമാണ്.  

മരത്തിന്റെ കാലുകൾ നൽകി, മുകൾ വശം ലെതർ സീറ്റുകൾ നൽകാം. ഏതു നിറങ്ങളിലും സീറ്റുകൾ നൽകാം എന്നതാണ് സ്റ്റൂളിന്റെ ഏറ്റവും പുതിയ ഫാഷൻ. ചുമപ്പ്, മഞ്ഞ, പച്ച നിറങ്ങൾ കുട്ടികൾക്കുൾപ്പെടെ പ്രിയപ്പെട്ടതാണ്.  സീറ്റ് കവറിലെ കലംകാരി, അജ്‌റക് പോലുള്ള ദേശി പ്രിന്റ്സ് വീടിന് അ ഴകു കൂട്ടും. വെൽവെറ്റും ജൂട്ടും ട്രെൻഡിങ്ങിൽ മുൻപന്തിയിൽ തന്നെയുണ്ട്.

വിവരങ്ങൾക്കു കടപ്പാട് : രഞ്ജിത് പുത്തൻപുരയിൽ, ഇന്റീരിയർ ഡിസൈനർ,രഞ്ജിത് അസോഷ്യേറ്റ്സ്, കൊച്ചി

Tags:
  • Vanitha Veedu