Saturday 22 April 2023 12:34 PM IST : By സ്വന്തം ലേഖകൻ

മഴമറയ്ക്കുള്ളിൽ വളർത്താം ചൈനീസ് കാബേജ്; ബോക്‌ചോയ് കൃഷിരീതി അറിയാം

agrrrbnm0976g

ചൈനീസ് കാബേജ് ഇനത്തിൽപ്പെടുന്ന ബോക്േചായ് ഇലകൾ ഉരുണ്ടു വരില്ല. പച്ചയും വയലറ്റും നിറമുള്ളതുമുണ്ട്. ഇലത്തണ്ടിനു വെള്ളയും പച്ചയും നിറമുള്ളതുണ്ട്.  പാകം ചെയ്തും പച്ചയായും ഇതു കഴിക്കാം. തണുപ്പ് ഇഷ്ടപ്പെടുന്ന വിളയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ കേരളത്തിലെ കാലാവസ്ഥയിലും വളർത്താം.

∙ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് അനുയോജ്യമെങ്കിലും മഴമറയ്ക്കുള്ളിൽ വർഷം മുഴുവൻ കൃഷി ചെയ്യാം. അക്വാപോണിക്സ് കൃഷിയിലും നന്നായി വളരും. വിത്തുകൾ വിപണിയിൽ നിന്നു വാങ്ങുമ്പോൾ കാലാവധി പരിശോധിക്കുക.  

∙ ചട്ടികളിൽ നടുമ്പോൾ 1:1:1 അനുപാതത്തിൽ മണ്ണ്, മണൽ/ ചകിരിച്ചോറ്/ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം എന്നിവ ചേർത്തൊരുക്കണം.  വിത്തുകൾ അര ഇഞ്ച് ആഴത്തിൽ 20 സെ. മീ. അകലത്തിൽ പാകണം.

∙ വരികൾക്ക് ഇടയിൽ 25 സെ. മീ. അകലം വേണം. പത്ത് ബോക്ചോയ് തൈകൾക്ക് ഒരു ബന്ദി തൈ (മാരിഗോൾഡ്) നട്ടാൽ കീടങ്ങൾ കുറയും. വേനൽക്കാലത്ത് രാവിലെയും വൈകിട്ടും നനയ്ക്കണം. നന കുറഞ്ഞാൽ വേഗം പൂത്തുപോകും. വെള്ളം അമിതമാകരുത്.

∙ ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു മില്ലി ഫിഷ് അമിനോ ആസിഡ് ചേർത്ത് തളിച്ചാൽ കീടങ്ങളെ തുരത്താം. 10 ദിവസത്തിലൊരിക്കൽ ഗോമൂത്രം ആറിരട്ടി വെള്ളം ചേർത്തു നേർപ്പിച്ചു നൽകാം.  

∙ ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ്  ചേർത്തു നേർപ്പിച്ചു രണ്ടാഴ്ചയിലൊരിക്കൽ നൽകാം.

∙ 35 ദിവസത്തിനുള്ളിൽ വിളവെടുക്കാം. മണ്ണിനോടു ചേർന്നു നിൽക്കുന്ന ഇലകൾ മുറിച്ചു നീക്കണം.

∙ വിളവെടുപ്പിനു ശേഷം അൽപം വേപ്പെണ്ണ തളിക്കാം. നന്നായി പരിപാലിച്ചാൽ രണ്ടു വർഷം വരെ വിളവ് കിട്ടും.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Vanitha Veedu