മറൈൻഡ്രൈവ്... ഉദയാസ്തമയങ്ങളും കപ്പലുകളുടെ വരവും പോക്കുമെല്ലാം തെളിഞ്ഞുകാണാവുന്ന സുന്ദരതീരം; കേരളത്തിലെ പ്രൈം ലൊേക്കഷൻ. അവിടേക്ക് മിഴിതുറക്കുന്നൊരു ഉഗ്രൻ ഫ്ലാറ്റ് സ്വന്തമാക്കിയ ആന്റണി പെരുമ്പാവൂർ ഡിൈസൻ ടീമിനോട് ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ. ‘മികച്ചതല്ല, ഏറ്റവും മികച്ച രീതിയിലാകണം ഇന്റീരിയർ’.
മലയാളത്തിലെ സ്റ്റാർ പ്രൊഡ്യൂസറുടെ പഞ്ച് ഡയലോഗ് ഹിറ്റല്ല, സൂപ്പർഹിറ്റായി. ആശിർവാദ് പ്രൊഡക്‌ഷൻസിന്റെ സിനിമ പോലെ തന്നെയാണ് ‘ആശിർവാദ്’ എന്നു പേരിട്ടിരിക്കുന്ന ഫ്ലാറ്റിന്റെ ഇന്റീരിയറും– ഒന്നിനും ഒരു കുറവില്ല; കണ്ണെടുക്കാതെ നോക്കിയിരുന്നുപോകും.
ആദ്യ ടേക്ക് തന്നെ ഒാക്കെ എന്നതുപോലെയായിരുന്നു ഇന്റീരിയർ ഡിസൈനിന്റെ കാര്യം. ഡിലൈഫ് ഹോം ഇന്റീരിയേഴ്സ് നൽകിയ ആദ്യ ത്രീഡി ഡിസൈൻ തന്നെ ആന്റണിക്കും ഭാര്യ ശാന്തിക്കും നന്നേ ഇഷ്ടപ്പെട്ടു. രണ്ടുപേരും ഒരു തിരുത്തു പോലും പറഞ്ഞില്ല. ഫ്ലാറ്റ് പൂർത്തിയായാൽ എങ്ങനെയായിരിക്കുമോ അതേപോലെ തന്നെയായിരുന്നു ത്രീഡി. ഓരോന്നിന്റെയും മെറ്റീരിയൽ, നിറം, ഫിനിഷ് തുടങ്ങിയ വിശദാംശങ്ങളെല്ലാം ഇതിൽ വ്യക്തമാക്കിയിരുന്നു.
ജോലികളെല്ലാം പൂർത്തിയാക്കി താക്കോൽ കൈമാറിയ സമയത്ത് ആന്റണിയുടെയും ഭാര്യ ശാന്തിയുടെയും കമന്റ് ഇതായിരുന്നു–
‘‘കൊള്ളാം. ഒരു മാറ്റവുമില്ല ‘ആദ്യം’ കണ്ടതുപോലെ തന്നെയുണ്ട്.’’
ചില്ലുജാലകത്തിനപ്പുറത്തെ കടൽക്കാഴ്ചകൾ പോലെ മനോഹരമാണ് ഫ്ലാറ്റിന്റെ അകത്തളം. കന്റെംപ്രറി ശൈലിയുടെ മുഴുവൻ ഗരിമയും ഇന്റീരിയറിൽ നിറയുന്നു.
‘ആശിർവാദ്’ എന്ന പേര് പതിപ്പിച്ച വാതിൽപ്പടി കടന്നെത്തുന്നത് വിശാലമായ ഫോയറിലേക്കാണ്. അവിടെയാണ് പ്രാർഥനായിടം. ഫോയറിൽ നിന്ന് അതിവിശാലമായ ലിവിങ്–ഡൈനിങ്–കിച്ചൻ ഏരിയയിലേക്കെത്താം. കടലിന് അഭിമുഖമായി വരുന്ന ഭാഗം മുഴുവൻ ഗ്ലാസ് ഭിത്തിയാണ്. അടുക്കളയിൽ നിന്നാലും കടൽ കാണാം.
ശാന്തിയുടെ ആഗ്രഹപ്രകാരമാണ് അടുക്കള ഓപൻ ശൈലിയിലേക്ക് മാറ്റിയത്. ലിവിങ്– ഡൈനിങ്–കിച്ചൻ എന്നിവ ഒരുമിച്ചതോടെ വീട്ടകം അതിവിശാലമായി. സുഹൃത്തുക്കൾക്കെല്ലാം ഒത്തുകൂടാൻ ഇഷ്ടംപോലെ ഇടവും.
പെയിന്റ് കാണുന്നതുപോലെ ഒഴിച്ചിട്ടിരിക്കുന്ന ഒരുതുണ്ട് സ്ഥലം പോലുമില്ല ഭിത്തിയിലും സീലിങ്ങിലും. ഇണക്കമുള്ള കുപ്പായങ്ങളും ചമയങ്ങളും അണിഞ്ഞാണ് ഓരോ ഇടത്തിന്റെയും നിൽപ്. മറ്റെങ്ങും കാണാത്തവയാണ് ഇതിലധികവും. ലിവിങ്–ഡൈനിങ് ഏരിയയിലെ സീലിങ്ങിൽ പതിപ്പിച്ചിരിക്കുന്ന ഹൈ ഗ്ലോസി ലാമിനേറ്റഡ് ഗ്ലാസ് ഒരു ഉദാഹരണം മാത്രം. കറുപ്പുനിറത്തിലുള്ള ഈ സീലിങ്ങിൽ കാഴ്ചകൾ കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കും. ഡബിൾഹൈറ്റ് രീതിയിലാണ് ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നതെന്ന് പെട്ടെന്ന് തോന്നിപ്പോകും. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ ലാമിനേറ്റ്.
അടുക്കളയിലും ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിലും പാനലിങ്ങിന് ഉപയോഗിച്ചിരിക്കുന്ന ഫ്ലൂട്ടഡ് ചാർക്കോൾ പാനൽ, മാറ്റ് ഫിനിഷ് മാർബിൾ ലാമിനേറ്റ് തുടങ്ങിയവയും ആരിലും കൗതുകമുണർത്തും.
കസ്റ്റംമെയ്ഡ് രീതിയിൽ ഡിലൈഫിന്റെ ഫാക്ടറിയിൽ തന്നെ നിർമിച്ചെടുത്തതാണ് മുഴുവൻ ഫർണിച്ചറും. ഊണുമേശയ്ക്കു പിന്നിലെ മൂവി ക്യാമറയുടെ പെയിന്റിങ് അടക്കം മുഴുവൻ അലങ്കാരങ്ങളിലും തെളിയുന്നത് വീട്ടുകാരുടെ ഇഷ്ടങ്ങൾ തന്നെ. യാത്രകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ചതാണ് ക്യൂരിയോസ് ഓരോന്നും.
ടച്ച് സ്ക്രീനിൽ വിരൽ തൊട്ടാൽ ബാർകൗണ്ടർ മുകളിലേക്ക് ഉയർന്നുവരും. ഡൈനിങ് സ്പേസിലുള്ള കൗണ്ടറിലാണ് ഇതു സജ്ജീകരിച്ചിട്ടുള്ളത്. ‘ബിൽറ്റ് ഇൻ’ രീതിയിൽ പുറത്ത് കാണാത്ത രീതിയിലാണ് അടുക്കളയിലെ ഉപകരണങ്ങളെല്ലാം. വീട്ടിലെ ലൈറ്റ്, എസി, സെക്യൂരിറ്റി ക്യാമറ, മൾട്ടിമീഡിയ സിസ്റ്റം എന്നിവയെല്ലാം ഹോം ഓട്ടമേഷൻ സംവിധാനം വഴി എവിടെയിരുന്നും നിയന്ത്രിക്കാനാകും.
‘‘തിരക്കിനിടയിലാകും ഓടിയെത്തുക. വീട്ടിലെത്തുമ്പോൾ അവിടെ എല്ലാം റെഡി ആയിരിക്കണം,’’ ഇതായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. വീട്ടിലെത്തും മുൻപ് മൊബൈൽ ആപ് വഴി ലൈറ്റും എസിയുമെല്ലാം ഒാണാക്കാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
സിനിമ വിട്ടൊരു കളിയില്ല ആന്റണിക്കും കുടുംബത്തിനും. 3000 സ്ക്വയർഫീറ്റ് വലുപ്പമുള്ള ഫ്ലാറ്റിൽ മൂന്ന് കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം ഹോംതിയറ്ററാക്കി മാറ്റണമെന്ന് മകൻ ആശിഷ് ആവശ്യപ്പെട്ടപ്പോൾ എല്ലാവരും കട്ടയ്ക്കു കൂടെ നിന്നു.
ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് സംവിധാനം ഏർപ്പെടുത്തിയാണ് കിടപ്പുമുറിയെ ഹോംതിയറ്ററാക്കിയത്. തിയറ്ററിലിരിക്കുന്ന അതേ പ്രതീതിയിൽ സിനിമ കാണാനാകും. സ്മാർട് ടിവി, സൗണ്ട് സിസ്റ്റം എന്നിവയും ഏറ്റവും മികച്ചതു തന്നെ.
അവധി ദിവസങ്ങളിൽ താമസിക്കാനുള്ള ‘വീക്കെൻഡ് ഹോം’ എന്ന നിലയിലാണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. പക്ഷേ, ഇപ്പോൾ കൂടുതൽ സമയവും ഇവിടെത്തന്നെയാണ് താമസം.
അതേപ്പറ്റി ആന്റണിയും ശാന്തിയും പറയുന്നതിങ്ങനെ– ‘‘പ്രതീക്ഷിച്ചതിലും മനോഹരമാണിവിടം. ആരായാലും ഇഷ്ടപ്പെട്ടുപോകും.’’
ചിത്രങ്ങൾക്കു കടപ്പാട്: ഡിലൈഫ് ഇന്റീരിയേഴ്സ്