Thursday 01 September 2022 03:58 PM IST : By സ്വന്തം ലേഖകൻ

‘ഇടുങ്ങിയ സ്ഥലമെന്ന തോന്നൽ ഒഴിവാക്കാനും കൂടുതൽ മിഴിവേകാനും കണ്ണാടി’; കൗതുകത്തിന്റെ ചെപ്പ് തുറന്ന് പുതിയകാല ഫോയർ

foyer656gvbbuhh

നിമിഷങ്ങൾ മാത്രമാകും ചില ഇടങ്ങളിൽ ചെലവഴിക്കുക. എന്നിട്ടും മടങ്ങുമ്പോൾ മനസ്സിലേറി കൂടെപ്പോരും ആ ഇടങ്ങൾ. അത്തരം ഇടമാകണം ഫോയർ. കുറഞ്ഞനേരം െകാണ്ട് മനസ്സ് കീഴടക്കുന്ന ഇടമായാണ് പുതുതലമുറ വീടുകളിലും ഫ്ലാറ്റുകളിലും ഫോയർ ഒരുങ്ങുന്നത്. വീടിന്റെ ടീസറാണ് ഫോയർ എന്ന് തന്നെ പറയാം. ക്രിയേറ്റീവിറ്റി കൊണ്ട് വീടിനകത്ത് എന്താകും ഉള്ളതെന്ന കൗതുകത്തിന്റെ ചെപ്പ് തുറന്ന് വയ്ക്കുകയാണ് പുതിയകാല ഫോയർ. വീടിനും ഫ്ലാറ്റിനും മാത്രമല്ല, സ്ഥാപനങ്ങൾക്കും ഫോയർ അത്യാവശ്യമുള്ള ഭാഗമായി മാറുകയാണ്.

പൂമുഖത്തിന്റെ പുതുരൂപം

പഴയകാല വീടുകളിലെ പൂമുഖത്തിന്റെ പുതിയകാലരൂപമാണ് ഫോയർ. വീടിനുള്ളിലേക്ക് കയറി ലിവിങ് റൂമിലേക്ക് നടക്കുന്ന ഭാഗത്തായാണ് ഫോയർ ഒരുക്കുക. ഇടുങ്ങിയ ഭാഗമാകും ഇത്. അതിഥിയായെത്തുന്ന ആൾക്ക് തങ്ങളെ പരിചയപ്പെടുത്താനും കുട ഒതുക്കി വയ്ക്കാനുമെല്ലാം ഈ സ്ഥലം ഉപയോഗിക്കാനാകും. ആതിഥേയർക്ക് സൺഗ്ലാസ്, താക്കോൽ തുടങ്ങിയവയൊക്കെ പുറത്ത് കാണാത്ത തരത്തിലൊരുക്കിയ സ്റ്റോറേജിൽ സൂക്ഷിക്കാനുള്ള ഇടമാക്കാം. പല കാര്യങ്ങൾക്കു വേണ്ടി ഫോയർ പ്രയോജനപ്പെടുത്താം. കോവിഡ് പടർന്നു പിടിച്ചതിന് ശേഷം ഏത് വീടിനും ആവശ്യമുള്ള ഫോർമൽ ഇടമായി ഫോയർ മാറി. വീടിനുള്ളിലേക്ക് കയറും മുൻപ് മാസ്ക് മാറ്റി വയ്ക്കാനും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാനുമെല്ലാം ഫോയർ പ്രയോജനപ്പെടുത്താം.

വീട് നിർമിക്കുന്ന സമയത്ത് പ്രത്യേകമായി സ്ഥലം നീക്കി വച്ചില്ലെങ്കിലും ഇന്റീരിയർ െചയ്യുമ്പോൾ കുറച്ചു സ്ഥലം  ഫോയർ ആക്കിയെടുക്കാനാകും. പാർട്ടീഷൻ ഒരുക്കിയും ഫോൾസ് സീലിങ് താഴേക്ക് നൽകിയുമെല്ലാം  ഫോയർ ഒരുക്കാം.

വീടിനെ പരിചയപ്പെടുത്തുന്ന ഇടം കൂടിയാണ് ഫോയ ർ. വീടിനുള്ളിൽ എന്താണ് ഉള്ളതെന്ന് പറയാൻ ഫോയർ സഹായിക്കും. ഫോർമലായിത്തന്നെ വീടിന്റെ സ്വഭാവമെന്തെന്ന് ഇന്റീരിയറിലൂടെയും അലങ്കാരങ്ങളിലൂടെയും പ്രകടമാക്കാനാകും.  ക്രിയേറ്റീവ് തീമിലും ഫോയർ ഒരുക്കാം. വീടിന്റെ അതേ തീമിൽത്തന്നെ ഫോയർ രൂപപ്പെടുത്താം. പരമ്പരാഗത രീതിയിലാണ് വീടിന്റെ തീമെങ്കിൽ ഫോയർ മാത്രം മോഡേൺ ആയി ഒരുക്കി വേറിട്ട ഭംഗി നൽകാം.

മിഴിവേകും മിനിമലിസവും ആഡംബരവും

ഫോയറിന് മിഴിവേകാൻ  ചില കാര്യങ്ങൾ ആവശ്യമാണ്. കൺസോൾ ടേബിൾ വളരെ പ്രധാനമാണ്. ട്രഡീഷനൽ ലുക്കുള്ള കൺസോൾ േടബിൾ ഫോയറിന് ആകർഷണീയതയേകും. പുറത്തേക്ക് പോകുമ്പോൾ കയ്യിലെടുക്കേണ്ട സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്‌റ്റോറേജ് സൗകര്യമുളള ടേബിളാണെങ്കിൽ നല്ലത്. വാച്ച്, കീചെയിൻ, സൺഗ്ലാസ് തുടങ്ങിയവ ഈ സ്റ്റോറേജിൽ സൂക്ഷിക്കാം.

മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഒരു ട്രേയിലാക്കി കൺസോൾ ടേബിളിൽ വയ്ക്കാം. മുന്നിൽ അലങ്കാരമെഴുകുതിരികളും ഭംഗിയുള്ള ബൗളിൽ പോട്ട്പൂരിയും വച്ച് പിന്നിൽ സാനിറ്റൈസർ വച്ചാൽ അഭംഗി തോന്നുന്നത് ഒഴിവാക്കാം.

കൺസോൾ ടേബിളിന് മുകളിലുള്ള ചുവർ ആകർഷകമാക്കാൻ‍ വേണ്ടി പലതരം വസ്തുക്കൾ ഉപയോഗിക്കാം. വലിയ ആർട്‌വർക്ക്, ഫാമിലി കൊളാഷ് ചിത്രങ്ങൾ, ഭംഗിയുള്ള കണ്ണാടികൾ ഇവ ഫോയറിന് മിഴിവേകും. ഇടുങ്ങിയ സ്ഥലമെന്ന തോന്നൽ ഒഴിവാക്കാൻ ഭംഗിയുള്ള വലിയ കണ്ണാടികൾ സഹായിക്കും. ഓപൺ സ്പേസ് എന്ന തോന്നൽ ഉളവാക്കുന്നതിനും പുറത്തേക്കിറങ്ങും മുൻപ് ‘യു ആർ സ്മാർട് ’എന്ന് സ്വയം പറഞ്ഞ് കോൺഫിഡൻസ് കൂട്ടുന്നതിനും കണ്ണാടി പ്രയോജനപ്പെടുത്തുകയുമാകാം.

ഈ ഭാഗത്ത് ജനൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്. പ്ലാനിന്റെ ഭാഗമായി ഫോയറിൽ ജനലുണ്ടെങ്കിൽ റോമൻ ബ്ലൈൻഡ്സ് ഇട്ട് ആകർഷകമാക്കാം.

ഹാങ്ങിങ് ലൈറ്റ് ഫോയറിന് കൂടുതൽ ഭംഗിയേകും. അധികം വലുപ്പമില്ലാത്തതും ഒത്തിരി താഴ്ന്നു കിടക്കാത്തതുമായ ഹാങ്ങിങ് ലൈറ്റ് വേണം ഉപയോഗിക്കേണ്ടത്.

വലിയ ഫ്ലവർവേസ്, വലിയ ചെടിച്ചട്ടിയിൽ വയ്ക്കാവുന്ന ഇൻഡോർ പ്ലാന്റ്സ് ഇവ ഫോയറിന്റെ ഭംഗി കൂട്ടും. ഫോയറിനെ കൂടുതൽ ആകർഷമാക്കാനായി കളർ തീമിന് ഇണങ്ങുന്ന റഗ് ഉപയോഗിക്കാം.

മിനിമലിസമാണ് വേണ്ടതെങ്കിൽ ഡ്രോയേഴ്സ് ഇല്ലാത്ത ഒരു ഫ്ലോട്ടിങ് ഷെൽഫ് സ്ഥാപിച്ച് അതിന് മീതെയുള്ള ഭിത്തിയിൽ ഭംഗിയുള്ള ആർട് വർക്കോ മിററോ ഒരുക്കാം. മുകളിലൊരു ലാംപും നൽകാം. ഇത്രയുമായാൽ മിനിമൽ ഭംഗിയുള്ള ഫോയർ തയാറായി.

ഫോയറിന് ആഡംബരഭംഗി നൽകണമെങ്കിൽ കൺസോൾ ടേബിളിന് ഗ്രാൻഡ് ലുക്ക് നൽകാം. വ്യത്യസ്തമായ കാലുകളുള്ള കൺസോൾ ടേബിൾ ഉപയോഗിക്കാം. മോഡേൺ ഡിസൈൻ നൽകാം. ഭംഗിയുള്ള വലിയ കണ്ണാടികൾ ഉപയോഗിക്കാം. ചുവരിൽ പാനലിങ്, ക്ലാ‍ഡിങ് ഇവ ചെയ്യാം. കൺസോൾ ടേബിളിന്റെ താഴെ തറയിൽ പാനലിങ് ചെയ്യാം. അലങ്കാരങ്ങളിലൂടെയുള്ള ആഡംബരം കാഴ്ചക്കാരുടെ മനസ്സിലിടം പിടിക്കുമെന്നുറപ്പ്.  

ഒട്ടും കുറയേണ്ട സൗകര്യം

∙ ലിവിങ് ഏരിയയിലേക്ക് കയറാതെ തന്നെ മടങ്ങണം എന്ന് കരുതി എത്തുന്ന അതിഥികൾക്ക് വേണ്ടി ഫോയറിൽ സൗകര്യമൊരുക്കാം. അൽപനേരം ഇരിക്കാൻ വേണ്ടി തീമിനോട് ഇണങ്ങുന്ന നിറമുള്ള ബെഞ്ച് സ്ഥാപിക്കാം.

∙ പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലും എടുക്കുന്നതിന് വേണ്ടി കയ്യിലുള്ള ബാഗ് അൽപനേരത്തേക്ക് വയ്ക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സ്റ്റോറേജുള്ള സീറ്റ് നൽകാറുണ്ട്. ഔട്ട്േഡാർ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾക്ക് തിരികെ വരുമ്പോൾ ബാസ്കറ്റ് ബോൾ  പോലെയുള്ള സ്പോർട്സ് സാമഗ്രികൾ വയ്ക്കാനും മറ്റും ഈ സ്റ്റോറേജ് സ്പേസ് പ്രയോജനപ്പെടുത്താം.

∙ കുട വയ്ക്കാൻ വേണ്ടിയുള്ള സ്റ്റോറേജിനും ഫോയറിൽ ഇടം നൽകാം. അംബ്രല്ല ബക്കറ്റ് അഥവാ അംബ്രല്ല ബിൻ എന്നീ പേരുകളിലുള്ള ഭംഗിയുള്ള സ്റ്റോറേജ് സൗകര്യം ഈ സ്ഥലത്ത് നൽകാം. ചെരുപ്പുകൾ സൂക്ഷിക്കാനുള്ള സ്റ്റോറേജ് ഇവിടെ സ്ഥാപിക്കാതിരിക്കുന്നതാണ് നല്ലത്.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: സുമി റാണി, ഇന്റീരിയർ ഡിസൈനർ,100 കളേഴ്സ്100, കൊച്ചി

Tags:
  • Vanitha Veedu