Wednesday 14 August 2024 02:29 PM IST : By സ്വന്തം ലേഖകൻ

ഇഞ്ചിയല്ല, ഇതു ഗലങ്കൽ; രോഗപ്രതിരോധശക്തി വർധിപ്പിക്കും അലർജി തടയും, ഗലങ്കൽ വീട്ടില്‍ നട്ടുവളർത്താം

agri-ginger

ഇഞ്ചിയോടു രൂപസാദൃശ്യമുള്ളതും അതേ കുടുംബത്തിൽപ്പെട്ടതുമായ ഗലങ്കലിനു തായ് ഇഞ്ചി എന്നും  പേരുണ്ട്. കാര്യമായ പരിപാലനമില്ലെങ്കിലും വളരും. നട്ടാൽ സാധാരണ നശിച്ചു പോകാറില്ല. മണ്ണിനടിയിലെ ഭാഗം, ഇല, പൂക്കൾ, കായ്കൾ ഇവ സൂപ്പ്, സ്റ്റ്യൂ, കറികൾ എന്നിവയിൽ ചേർക്കാം. രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും അലർജി തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

∙ ഉഷ്ണ മേഖല വിളയായ ഗലങ്കൽ  തുറസ്സായ സൂര്യപ്രകാശം ലഭിക്കുന്നിടത്തും ഭാഗിക തണലിലും വളരും. മൂന്നു മണിക്കൂർ രാവിലെയുള്ള വെയിൽ അനുയോജ്യം. നല്ല ജൈവാംശവും ഈർപ്പവും നീർവാർച്ചയുമുള്ള മണ്ണാണു നല്ലത്. വെള്ളക്കെട്ട് പാടില്ല. 

∙ മണ്ണിനടിയിലെ ഭാഗം പത്തു സെ. മീ. താഴ്ചയിൽ മുകളിലേക്കു നാമ്പുകൾ നിൽക്കത്തക്ക വിധം നടുക. ചെറിയ ഇനമാണെങ്കിൽ ഒരു അടി അകലത്തിൽ നടാം. മണ്ണിൽ ഈർപ്പം അധികമാകരുത്. വലിയ ഇനമാണെങ്കിൽ അകലം കൂട്ടാം. 

∙ അഞ്ച് – ആറു മാസം മുതൽ മണ്ണു മാറ്റി ആവശ്യത്തിന് വിളവെടുക്കാം. കാണ്ഡത്തിനു മുറിവു പറ്റാതെ സൂക്ഷിച്ചു വിളവെടുക്കണം. പച്ചയായും ഉണക്കി പൊടിച്ചും ഉപയോഗിക്കാം. ഉണക്കിയ കഷണങ്ങളോ പൊടിയോ വായു കടക്കാത്ത കുപ്പികളിൽ സൂക്ഷിക്കാം. 

∙ മാസത്തിലൊരിക്കൽ മണ്ണ് ഇളക്കി ട്രൈക്കോഡെർമ സമ്പുഷ്ടചാണകം േചർത്തു പുതയിട്ടു കൊടുക്കണം. േരാഗകീടങ്ങൾ കാണാറില്ല. ഉണങ്ങിയതും മഞ്ഞ നിറമായതുമായ ഇലകൾ മുറിച്ചു മാറ്റുക. 

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Vanitha Veedu