ഭംഗിയും സുഗന്ധവുമുള്ള വെളുത്ത പൂക്കളുടെ കുലകൾ, അവ കൊഴിഞ്ഞാൽ നിറയെ കായ്കൾ... അതാണ് ലെമൺ വൈൻ. കഴിഞ്ഞ ഒന്നുരണ്ട് വർഷത്തിനുള്ളിൽ ചെടിപ്രേമികൾ ഏറ്റവുമധികം വാങ്ങിക്കൂട്ടിയ ചെടികളിൽ ഒന്നാണിത്.
കുലകളായി വിരിയുന്ന പൂക്കൾ ഒരു ദിവസമേ നിൽക്കാറുള്ളൂ. വെളുത്ത നിറത്തിൽ, മുല്ലപ്പൂക്കളേക്കാൾ വലുപ്പമുള്ള പൂക്കളും പൂമൊട്ടുകളും കാണാൻ നല്ല ഭംഗിയാണ്. പൂക്കൾക്ക് സുഗന്ധവും ധാരാളം തേനും ഉള്ളതിനാൽ തേനീച്ചകളും വണ്ടുകളുമൊക്കെ എപ്പോഴും പൂക്കളുടെ ചുറ്റും മൂളിപ്പറക്കുന്നുണ്ടാകും.
പൂ കൊഴിഞ്ഞ് പിറ്റേന്നു മുതൽ കായ്കൾ ഉണ്ടായിത്തുടങ്ങും. മഞ്ഞ നിറത്തിൽ പഴുത്തു കുലയായി നിൽക്കുന്ന കായ്കളും പൂന്തോട്ടത്തിന്റെ മാറ്റുകൂട്ടാൻ സഹായിക്കും. മുന്തിരിയുടെ വലുപ്പമുള്ള കായ്കൾക്ക് പഴുത്താൽ പുളിപ്പ് കലർന്ന മധുരമാണ്. അച്ചാർ, ജ്യൂസ്, ജാം, വൈൻ എന്നിവയുടെയൊക്കെ നിർമാണത്തിനും കറികളിലും ഉപയോഗിക്കാറുണ്ട്. ‘ബാർബഡോർ ഗൂസ്ബെറി’ എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു.
ചെടിയുടെ തണ്ടിൽ മുള്ളുകൾ ഉണ്ട് എന്നത് ഓർത്തുവേണം നടാനുള്ള സ്ഥലം തിരഞ്ഞെടുക്കാൻ. പടർത്തി വള്ളിക്കുടിൽ ഉണ്ടാക്കാൻ മികച്ച ചെടിയാണിത്. പ്രൂൺ ചെയ്തു നിർത്തിയാൽ കുറ്റിച്ചെടിയായും വളരും. പ്രത്യേക പരിചരണം ഒന്നും തന്നെ ആവശ്യമില്ല ഈ ചെടിക്ക്. ദിവസേന നനയ്ക്കുകയും മാസത്തിൽ ഒരിക്കൽ വളം ചെയ്യുകയും മതി. വെയിൽ ഇഷ്ടമാണെങ്കിലും ചെറിയ ഷേഡിലും നന്നായി വളരും.
വേരു പിടിപ്പിച്ച തൈകൾ ആണ് പുതിയ ചെടി ഉത്‍പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. നാലോ അഞ്ചോ മാസങ്ങൾക്കുള്ളിൽ പൂക്കൾ വിടരും. കായ്കൾക്കുള്ളിലെ വിത്ത് നട്ടാലും ചെടിയുണ്ടാകുമെങ്കിലും അത്തരത്തിൽ ഉണ്ടാകുന്ന ചെടികളിൽ പൂക്കൾ ഉണ്ടാകാൻ കുറച്ചധികം കാലം പിടിക്കും.