Wednesday 08 September 2021 11:15 AM IST

സ്ഥല പരിമിതിയുടെ വെല്ലുവിളികൾ മറികടന്ന ഡിസൈൻ; ‘മഞ്ചാടി’യെന്ന സ്വപ്നക്കൂട് ഒരുക്കിയത് ഇങ്ങനെ!

Sreedevi

Sr. Subeditor, Vanitha veedu

manjadi1

മണ്ണും മരവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമുറപ്പിക്കുന്ന കണ്ണിയാണ് വീട് എന്ന് വിശ്വസിക്കുന്ന ആർക്കിടെക്ടുമാരായ ഹരികൃഷ്ണൻ ശശിധരനും നീനു എലിസബത്തും ഡിസൈൻ ചെയ്ത വീടാണ് മഞ്ചാടി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ 12 സെന്റിലാണ് വീട്. വീതി കുറഞ്ഞ്, പിറകിലേക്ക് നീണ്ടു കിടക്കുന്ന സ്ഥലത്തിന്റെ പരിമിതികൾ അതിജീവിക്കുന്ന പ്ലാൻ തയാറാക്കൽ ഡിസൈൻ ടീമിന് വെല്ലുവിളി ആയിരുന്നു. 

manjadi2

ഏകദേശം 30 മീറ്റർ നീളത്തിൽ ഒറ്റ ബ്ലോക്ക് ആയാണ് വീടിന്റെ അടിസ്ഥാന ആകൃതി രൂപപ്പെടുത്തിയത്. എന്നാൽ, ഇത്തരത്തിൽ ഡിസൈൻ ചെയ്യുമ്പോൾ മുറികളിൽ ആവശ്യത്തിന് കാറ്റോ വെളിച്ചമോ ലഭിക്കില്ല. മാത്രമല്ല, വീടിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്ത് എത്താൻ ഒരുപാട് നടക്കേണ്ടിവരും. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വീടിനെ രണ്ട് വ്യത്യസ്ത ബ്ലോക്കുകളാക്കുകയാണ് ചെയ്തത്. ഒരു കോർട്‌യാർഡ് കൊണ്ട് രണ്ട് ഭാഗങ്ങളെയും ചേർത്തുവച്ചു. 

manjadi3

‘ഇന്ത്യൻ ട്രോപ്പിക്കൽ ഹൗസ്’ എന്നാണ് ആർക്കിടെക്ടുമാർ ഈ വീടിനെ വിശേഷിപ്പിക്കുന്നത്. അതായത്, പുതിയ ജീവിതശൈലിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതോടൊപ്പം ട്രോപ്പിക്കൽ കാലാവസ്ഥയുടെ തീക്ഷ്ണമായ ഘടകങ്ങളെ നേരിടാൻ സന്നദ്ധവുമായ കെട്ടിടം. ലളിതമായ നേർരേഖകൾ തന്നെയാണ് വീടിന്റെ ഡിസൈനിൽ മുൻതൂക്കം നേടിയത്. രണ്ട് നിലകൾ ഉൾപ്പെടെയുള്ള രണ്ട് ബോക്‌സുകളായി ഡിസൈൻ ചെയ്ത വീടിന്റെ, ശ്വാസകോശമായാണ് കോർട്‌യാർഡ് പ്രവർത്തിക്കുന്നത്. 

manjadi4

വീടിലൂടെയുള്ള നടപ്പ് കൂടുതലായി അനുഭവപ്പെടാതിരിക്കാൻ ചില തിരിവുകൾ ബോധപൂർവം തന്നെ നൽകി. ഫോർമൽ ലിവിങ് റൂമിൽ നിന്ന് ഫാമിലി ലിവിങ്ങിലേക്കുള്ള പ്രവേശനത്തിനിടയിൽ ഒരു ഇടനാഴിയും കോർട്‌യാർഡും നൽകിയതും അവിടെ നിന്ന് ഡൈനിങ്ങിൽ നിന്ന് മറ്റൊരു കോർട്‌യാർഡിനു ശേഷം അടുക്കളയുടെ ബ്ലോക്ക് ക്രമീകരിച്ചതും നടപ്പ് ലഘൂകരിക്കാനാണ്.

manjadi5

ഏതു കാലാവസ്ഥയിലും മികച്ച വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാണ് എയർഹോളുകളുടെ ക്രമീകരണം. സാധാരണ ദിവസങ്ങളിൽ ലഭിക്കുന്ന വടക്ക് പടിഞ്ഞാറൻ കാറ്റിനെ സ്വീകരിക്കാൻ ആ ഭാഗത്ത് വലിയൊരു ജനൽ നൽകിയിരിക്കുന്നു. ഈ കാറ്റ് അകത്തു കയറി ചൂടായി കോർട്‌യാർഡിനു മുകളിലെ ഓപനിങ്ങുകളിലൂടെ പുറത്തു പോകും. 

manjadi6

ജൂൺ മുതൽ സെപ്റ്റംബർ വരെ കിട്ടുന്ന തെക്ക് പടിഞ്ഞാറൻ കാറ്റ് ഡബിൾ ഹൈറ്റുളള കോർട്‌യാർഡ് ജാലകത്തിലൂടെ കയറിവരും. ഒക്ടോബർ-നവംബർ സമയത്തെ തണുത്ത കാറ്റിനെ വരവേൽക്കാനാണ് കിടപ്പുമുറികളിലെ വലിയ ജനാലകൾ. അകത്തളത്തിലെ ചൂട് കുറയ്ക്കാൻ നേരിട്ടുള്ള സൂര്യപ്രകാശത്തെ തടഞ്ഞുനിർത്തിയിട്ടുമുണ്ട്. പടിഞ്ഞാട്ട് തിരിഞ്ഞ വീട് ആയതിനാൽ വീടിന്റെ മൂൻവശത്താണ് വൈകിട്ട് വെയിൽ അടിക്കുക. പൊതുവായ മുറികളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ മുറികളെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഏതെങ്കിലും തരത്തിൽ ഇരട്ട ഭിത്തി നിർമിച്ചിട്ടുണ്ട്‌. വലിയ കാർപോർച്ചും കിടപ്പുമുറിയോടു ചേർന്ന ബാൽക്കണിയുമെല്ലാം ഇത്തരം അധിക ഭിത്തികളാണ്.

manjadi7

ഇന്ത്യൻ കാലാവസ്ഥ മാത്രമല്ല സംസ്കാരവും മനസ്സിൽ വച്ചാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വിദേശ വാസ്തു കലയുടെ സ്വാധീനം കൊണ്ട് വെള്ളയും ഇളം നിറങ്ങളും മാത്രമായി മാറിയിരിക്കുന്നു നമ്മുടെ അകത്തളങ്ങൾ. ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന പ്രകൃതിയുടെ വർണങ്ങൾ കൂടി ഉണ്ടെങ്കിലേ വീട് പൂർണമാകൂ എന്ന് ആർക്കിടെക്ടുമാർ വിശ്വസിക്കുന്നു. 

manjadi8

ഇന്ത്യൻ സാംസ്കാരിക തനിമയ്ക്കൊപ്പം ജപ്പാനിലെ വാബി- സാബി ആശയങ്ങളും ഇവിടെ കാണാം. സീലിങ്ങും ചില ഭിത്തികളും കോൺക്രീറ്റിന്റെ പരുപരുത്ത ഫിനിഷിൽ തുടരുമ്പോൾ തന്നെ നീല, വയലറ്റ് നിറങ്ങളുടെ വ്യത്യസ്ത രാശികൾ ഇന്റീരിയറിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഉപയോഗിച്ച് പഴകിയതെന്നു തോന്നിക്കുന്ന രീതിയിൽ ഡിസ്ട്രെസ്സ്ഡ് പെയിന്റ് ചെയ്ത തടി, സ്റ്റീൽ ജാളികൾ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.

അയൽക്കാരും നാട്ടുകാരുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്ന വീട്ടുകാർക്ക് പുറത്തു നിൽക്കുന്നവരുമായി ആശയവിനിമയം എളുപ്പമാക്കാൻ പഴയ കയ്യാലയുടെ ആകൃതിയിലാണ് മതിലിന്റെ നിർമാണം. വീട്ടുകാർ എപ്പോഴും വീട്ടിൽ ഉണ്ടാകാത്തതിനാൽ പരിചരണം കുറഞ്ഞ, എന്നാൽ ട്രോപ്പിക്കൽ കാലാവസ്ഥയോടു യോജിക്കുന്ന ചെടികളാണ് ലാൻഡ്‌സ്കേപ്പിൽ. മുറ്റത്തെ മഞ്ചാടി കളഞ്ഞില്ലെന്നു മാത്രമല്ല, അതിന്റെ പവിത്രത ഈ വീടിലൂടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. 

Tags:
  • Vanitha Veedu