Saturday 10 July 2021 05:13 PM IST

ചുറ്റുപാടിനോട് ചേർന്ന് വീടൊരുക്കുന്നെങ്കിൽ ഇങ്ങനെ വേണം, പ്രകൃതിയിലലിഞ്ഞ് ആലുവയിലെ 2500 സ്‌ക്വയർഫീറ്റ് വീട്

Sreedevi

Sr. Subeditor, Vanitha veedu

tropical 3 new

 ചുറ്റുപാടുകളോടു ചേരുന്ന മനോഹരമായ വീട് എന്ന ഡിമാൻഡേ വീട്ടുകാരായ രഹനേഷിനും നീതുവിനും  ഉണ്ടായിരുന്നുള്ളൂ. അർബൻ ഐവിയിലെ നാലംഗ ആർക്കിടെക്‌ട് ടീം ആണ് വീടൊരുക്കിയത്. 

tropical 8

‘‘ആലുവയ്ക്കടുത്ത് എടയപ്പുറം എന്ന ഗ്രാമത്തിലാണ് ഈ വീടിരിക്കുന്നത്. സൈറ്റ് കാണാൻ പോയപ്പോൾ ആദ്യം ശ്രദ്ധിച്ചത് പ്ലോട്ടിനോടു ചേർന്നുകിടക്കുന്ന പാടമാണ്. വീടു വയ്ക്കാൻ ഏറ്റവും അനുയോജ്യമായ പ്ലോട്ടിൽ പോലും ഇത്ര മനോഹരമായ ചുറ്റുപാട് ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ആ സുന്ദരദൃശ്യം വിട്ടുകളയാൻ തോന്നിയില്ല. വീതി കുറഞ്ഞ് പിറകിലേക്കു നീണ്ട പ്ലോട്ട് ഏഴര സെന്റ് ഉണ്ട്. എല്ലാ മുറികളിൽ നിന്നും പ്ലോട്ടിനു പിറകിലെ പാടത്തിന്റെ കാഴ്ച കിട്ടില്ല. പാടം കാണുന്ന മുറികളിൽ നിന്ന് ഏറ്റവും മനോഹരമായി ആ കാഴ്ച ആസ്വദിക്കാൻ എങ്ങനെ സാഹചര്യമൊരുക്കാം എന്നായി ചിന്ത. ചുരുക്കത്തിൽ വീടിനു പിറകിലെ ബാൽക്കണി കേന്ദ്രീകരിച്ചായി മറ്റു മുറികളുടെ ക്രമീകരണം. പുറത്തെ പച്ചപ്പിന്റെ തുടർച്ച വീടിനകത്തും നൽകിയിട്ടുണ്ട്.

tropical 5

സൗകര്യങ്ങൾ കൊണ്ടു മാത്രമല്ല, കാഴ്ചയിലും വീട് മോഡേൺ ആയിരിക്കണം എന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഗ്രാമക്കാഴ്ചകളോട്, പ്രത്യേകിച്ച് പാടത്തിന്റെ അന്തരീക്ഷവുമായി ചേർന്നു നിൽക്കുന്ന ഡിസൈനുമാകണം. ട്രോപ്പിക്കൽ ശൈലിയോടാണ് ഞങ്ങൾക്കു പൊതുവേ താൽപര്യം. ഇവിടെ ക്ലൈന്റിന്റെ ഇഷ്ടങ്ങൾ കൂടി കണക്കിലെടുത്തു. അതുകൊണ്ടുതന്നെ മുന്നിൽ നിന്നുള്ള കാഴ്ച മോഡേൺ ആക്കി. പാടവുമായി അടുത്തു വരുന്ന ഭാഗത്ത് ബാൽക്കണിയിൽ ട്രസ്സിട്ട് ഓട് മേഞ്ഞ് ട്രെഡീഷനൽ ഛായ വരുത്തി.

tropical 4

മുകളിലെ ലിവിങ് ഏരിയയുടെ തുടർച്ച തന്നെയാണ് ബാൽക്കണി. ഫ്ലോറിങ്ങിൽ പോലും വ്യത്യാസം വരുത്തിയില്ല. ലിവിങ്ങിനും ബാൽക്കണിക്കും ഇടയിൽ സൈഡിങ് വാതിലും ഓട്ടമാറ്റിക് ബ്ലൈൻഡും ഇട്ട് സുരക്ഷിതമാക്കി. ഞങ്ങൾ വളരെയധികം ആസ്വദിച്ചു ചെയ്ത പ്രോജക്ട് ആണിത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ അവിടെ പോകുമായിരുന്നു. പ്ലാൻ നേരത്തേ തയാറായിരുന്നെങ്കിലും വീടിന്റെ മറ്റുവിശദാംശങ്ങൾ പലതും അതതു സമയത്ത് സൈറ്റിൽ തന്നെ തീരുമാനിച്ചവയാണ്. ഭിത്തികളുടെ എണ്ണം കുറച്ച് തുറന്ന പ്ലാൻ ആണ് സ്വീകരിച്ചത്. മുറികൾ തമ്മിലുള്ള പരസ്പര ബന്ധത്തിന് ഊന്നൽ കൊടുത്തു.

tropical 2

വ്യത്യസ്തമായ നിർമാണവസ്തുക്കൾ ഈ വീട്ടിൽ പരീക്ഷിച്ചിട്ടുണ്ട്. എന്ത് പരീക്ഷണങ്ങളും പ്രോത്സാഹിപ്പിച്ച വീട്ടുകാർക്കാണ് അതിന്റെ ക്രെഡിറ്റ് മുഴുവനും. എക്സ്പോസ്ഡ് ബ്രിക്കും എക്സ്പോസ്ഡ് കോൺക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്. ‘ഹൗസ് ഓഫ് എർത്തി ഹ്യൂസ്’ എന്ന ഈ പേര്, ഇവിടെ ഉപയോഗിച്ച നിർമാണ വസ്തുക്കളോടുള്ള ഞങ്ങളുടെ മനോഭാവം തുറന്നുകാട്ടുന്നു. ഗ്ലാസ് ഫ്ലോറും ഇവിടെ പരീക്ഷിച്ചിട്ടുണ്ട്. രണ്ടു നിലകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ മുകളിലെ ലിവിങ്ങിലെ ഗ്ലാസ് ഫ്ലോർ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

tropical 6

വീടിനു നൽകേണ്ട കളർ പാലറ്റ് ആദ്യമേ തീരുമാനിച്ചിരുന്നു. പച്ചപ്പിന് വീടിന്റെ ഡിസൈനിൽ പ്രധാന റോൾ ഉണ്ട് എന്ന തിരിച്ചറിവായപ്പോൾ ഗ്രീൻ ഇന്റീരിയറിലും വേണം എന്ന തീരുമാനം വന്നു. അങ്ങനെയാണ് ഫർണിച്ചറിന് ഗ്രീൻ ഷേഡ് വന്നത്. ഫർണിച്ചർ എല്ലാം പ്രത്യേകം ‍ഡിസൈൻ ചെയ്തു നിർമിച്ചതാണ്. ടെറാക്കോട്ട, ഗ്രേ, വൈറ്റ്, ഗ്രീൻ Ð ആദ്യം മുതൽ അവസാനം വരെ ഈ നാല് നിറങ്ങളെ പിൻതുടർന്നു. ശാന്തമായ അന്തരീക്ഷമാണ് ഈ വീടിന്റെ പ്രധാന പ്രത്യേകത എന്നത് ഞങ്ങൾക്കു മാത്രമല്ല, അവിടെ കുറച്ചു സമയം ചെലവഴിക്കുന്ന ആർക്കും തോന്നും‘‘ ആർക്കിടെക്ട് ടീം പറയുന്നു. 

tropical 7

ഡിസൈൻ: എ. ആർ. വിഷ്‌ണു, നാൻസി മേരി ആൻ, എ. എസ്. നിഖിൽ, ആനന്ദ് രവീന്ദ്രൻ

അർബൻ ഐവി, കൊച്ചി

urbaneivy@gmail.com

Tags:
  • Vanitha Veedu