വളർത്തു മൃഗങ്ങളിൽ ഉണ്ടാകുന്ന ഒട്ടുമിക്ക വയറുവേദനകളും മരുന്നിലൂടെയോ ഒന്നോരണ്ടോ നേരം ഭക്ഷണം ഒഴിവാക്കിയോ മാറ്റാൻ കഴിയുന്നതാണ്. എങ്കിലും ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഉദരരോഗങ്ങളുമുണ്ട്.
ചെറിയ പ്രായത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണാറുള്ളത്. അതിൽ പ്രധാനപ്പെട്ടതാണ് കുരുങ്ങുന്ന കുടൽ അഥവാ Intussusception.
കുടലിന്റെ ഒരുഭാഗം തൊട്ടടുത്ത കുടലിലേക്കു കയറി കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഇത്. ചെറിയ നായക്കുട്ടികളിലും പൂച്ചക്കുഞ്ഞുങ്ങളിലും കാണപ്പെടുന്ന ഈ അവസ്ഥ അമിതമായ വിരബാധ കൊണ്ടോ പുതിയ ഭക്ഷണം കൊടുത്തു തുടങ്ങുമ്പോഴുള്ള ദഹനപ്രശ്നങ്ങൾ കൊണ്ടോ കുടലിന്റെ അണുബാധ കൊണ്ടോ ആണ് സംഭവിക്കാറുള്ളത്.
ഇടവിട്ടുള്ള ശക്തമായ വയറുവേദനയും ഛർദിയും ലക്ഷണങ്ങളാണ്. തക്കസമയത്തു ശസ്ത്രക്രിയ ചെയ്യാതെയിരുന്നാൽ കുടലിനുള്ളിൽ രക്‌തസ്രവം ഉണ്ടാകുകയും കുടൽപൊട്ടി മരണം സംഭവിക്കുകയും ചെയ്യാം.
∙ വിരയെ പ്രതിരോധിക്കാൻ വളർത്തു മൃഗങ്ങളെ മലം തിന്നാൻ അനുവദിക്കാതിരിക്കുക.
∙ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം. വീട്ടിൽ എലി പോലെപുഴുക്കളെ വഹിക്കുന്ന ജീവികളെ ഒഴിവാക്കണം.
∙ ആറു മാസത്തിലൊരിക്കൽ വിര മരുന്നു നൽകണം.
കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ
എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ
വെറ്ററിനറി സർജൻ